രചന : സന്തോഷ് പെല്ലിശ്ശേരി*

ഉണരാൻ വേണ്ടിയൊരു
നിദ്ര കാത്തു വയ്ക്കേണമിനി…
പുണരാൻ വേണ്ടിയൊരു
പൂക്കുല കരുതേണമിനി …
ഇണങ്ങാൻ വേണ്ടി മാത്രം
പിണക്കങ്ങളാവാമിനി…
കണ്ണുകളിൽ തിളക്കമുള്ളൊരു
താരകമൊളിച്ചുവയ്ക്കാമിനി..
പ്രജ്ഞയിലാഴമുള്ളോരു
മുറിവു ചേർക്കേണമിനി..
ചുണ്ടിലൊരു നിസ്സംഗതയുടെ
പല്ലവി കരുതേണമിനി…
ഓർമ്മകളിൽ പരസ്പരം
മുഖങ്ങൾ പൂഴ്ത്തിടാമിനി…
കാലമിതു തീരാറായ് ,
ജനിമൃതികൾക്കിടയിലേയ്ക്ക് –

ആരോ വലിച്ചെറിയുന്നൂ
കാരസ്കരത്തിൻ മുള്ളുകൾ…!
കാലപുരി പൂകുവാനെത്രമേൽ
കാരണങ്ങൾ കൂടിടുന്നു…!!

By ivayana