കഥാരചന : സുനുവിജയൻ *

സമയം പുലർച്ചെ ആറുമണി ആകുന്നതേയുള്ളൂ ..ഞാൻ ഉണരുന്ന സമയം ആയി വരുന്നതേയുള്ളൂ ..ജനാല തുറന്നു പുറത്തേക്കു നോക്കി ..ഇന്നലെ രാത്രി മഴ പെയ്തതു കാരണം പുറത്തു നേരിയ മൂടൽ മഞ്ഞിന്റെ പ്രതീതി .ജാലകകാഴ്ചയിലെ ആകാശത്തിനു നേരിയ ചുവപ്പു നിറം കലർന്നു തുടങ്ങിയിരിക്കുന്നു ..ഇന്നലത്തെ മഴയിൽ നേരത്തെ അസ്തമിച്ച സൂര്യൻ ഇന്നു പരിഭവം തീർക്കാൻ നേരത്തെ വരാൻ ഒരുങ്ങുകയായിരിക്കാം .

ദൂരെ കൂത്താട്ടുകുളം പട്ടണത്തിന്റെ അപ്പുറത്തു ആകാശച്ചെരുവിൽ നീല നിറമാർന്ന വഴിത്തല മലനിരകൾ എന്നിൽ പശ്ചിമ ഘട്ടത്തെ ഓർമ്മിപ്പിച്ചു ..പണ്ട് സ്കൂളിൽ പഠിച്ച കവിത അതുകണ്ടപ്പോൾ അറിയാതെ ഓർമ്മവന്നു …
“കന്യാകുമാരി ക്ഷിതിയാതിയായ് ഗോ കർണ്ണാന്തമായ് തെക്കു വടക്കു നീളെ ….അന്യോന്യം അംബാശിവർ …… വേണ്ട കവിത ചൊല്ലി സമയം കളയുന്നില്ല ..
ഹായ് ..നല്ല കടലക്കറിയുടെ രാസനമേദിയായ സുഗന്ധം ജനാലയിലൂടെ ഒഴുകി വരുന്നു ..നല്ല വറുത്തരച്ച കടലക്കറിയുടെ മണം ..ആരാണു ഇത്ര രാവിലെ കടലക്കറി ഉണ്ടാക്കുന്നത് ..അതും വറുത്തരച്ച കടലക്കറി ..

വീടിനു പിന്നാമ്പുറത്തെ പൊക്കപ്പുറത്തു താമസിക്കുന്ന കുഞ്ഞുമോളു ചേച്ചിയായിരിക്കുമോ ഈ വെളുപ്പിന് കടലക്കറി വക്കുന്നത് ..ഏയ് ഒരിക്കലും ആയിരിക്കില്ല .ചാക്കോച്ചേട്ടനും കുഞ്ഞുമോളു ചേച്ചിയും ഉണരുന്നത് തന്നെ എട്ടുമണിക്കാണ് .അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാർ വിഷുവിനു കുഞ്ഞുമോളുടെ വളർത്തു പൂച്ചകളെ വിഷം കൊടുത്തു കൊന്നതിനു ശേഷം അവർ ആകെ സങ്കടത്തിൽ ആണ് ..തന്നെയുമല്ല കുഞ്ഞുമോള്ച്ചേച്ചി എന്തെങ്കിലും ഒരു കറി വയ്ക്കുന്ന സുഗന്ധം ഈ വീട്ടിൽ ഞാൻ താമസിക്കാൻ വന്നതിനു ശേഷം എനിക്കു കിട്ടിയിട്ടില്ല ..

ഓ ഒരു കാര്യം പറയാൻ മറന്നു ..ഞാൻ ഇവിടെ തനിച്ചാണ് താമസംരണ്ടു വര്ഷം മുൻപ് ഇവിടെ കൂത്താട്ടുകുളം പട്ടണത്തോടു ചേർന്നു ഒരു വീട്പണിതു ..പൂക്കളും ചെടികളും നിറഞ്ഞ സ്വസ്ഥ്മായി വായിക്കാനും സ്വപ്നം കാണാനും ,വീടിനോട് അടുത്തുള്ള അൽപ്പം സ്ഥലത്ത് കിളച്ചു മറിച്ചു കപ്പയും വാഴയും ചേനയും ഒക്കെ നടാനായി ഞാൻ പണിത സ്വപ്നകൂട് അതാണ്‌ ഈ വീട് ..ഇപ്പോൾ കൊറോണ ആയതിനാൽ വീട്ടിൽ ഇരുന്ന് ഓൺലൈൻ ആയി ജോലി ചെയ്യുകയാണ് ..തന്നെയുമല്ല മെയ്‌ രണ്ടാം തീയതി ഇലക്ഷൻ റിസൾട്ട് വന്നതിനു ശേഷം മെയ്‌ നാലുമുതൽ ഒരാഴ്ച കാലത്തേക്ക് ലോക്കഡൗണിനു സമാനമായ നിയന്ത്രണങ്ങൾ മുഖ്യ മന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ് .

അതുകൊണ്ട് പുറത്തേക്കു ഇറങ്ങി നടക്കാൻ സാധിക്കില്ല ..അല്ലങ്കിൽ ഈ കടലക്കറിയുടെ സുഗന്ധം ശ്വസിച്ചു ഉണർന്നതിനാൽ ഇന്ന് കൂത്താട്ടുകുളത്ത് ഹോട്ടലിൽ പോയി പുട്ടും കടലക്കറിയും ഹോട്ടൽ താജിൽ നിന്നും കഴിച്ചേനെ ..പക്ഷേ അവിടുത്തെ പുട്ടിന്റെയും കടലയുടെയും രുചി ഞാൻ പറയില്ല ..കാരണം അതത്രക്കു പറയാനും മാത്രം ഇല്ലഎന്നത് തന്നെ ..
കഥക്ക് ഇടയിൽ ലോക്ക്ഡൌൺ കാര്യം പറഞ്ഞതിനാൽ മറ്റൊരുകാര്യം പറയാതെ വയ്യ ..കഥയല്ലേ പറയാം ..

ഞാൻ ഏപ്രിൽ മാസം അവസാന ആഴ്ച കോവിഡ് വാക്സിൻ എടുക്കാൻ പിറവം താലൂക്ക് ആശുപത്രിയിൽ പോയി രാവിലെ ക്യൂ വിൽ നിൽക്കുന്ന സമയം .എന്റെ തൊട്ടു മുന്നിൽ അറുപത്തി അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു വീട്ടമ്മ . കക്ഷി ആകെ ക്ഷുഭിതയാണ് ..വാക്സിൻ എടുക്കാൻ നിൽക്കുന്ന ആളുകളുടെ നീണ്ട ക്യൂ നോക്കി ആയമ്മ പറയുന്നു
“കണ്ടോ എന്തോരം പേരാണ് ഈ പിറവം ആശുപത്രിയിൽ കുത്തിവെക്കാൻ വന്നിരിക്കുന്നെ ..എന്തോരം പേര് കൊറോണ പിടിച്ചു പിറവത്ത് ചത്തു ..

എത്ര എണ്ണം വീടുകളിൽ കൊറോണ പിടിച്ചു ജയിലിൽ കഴിയുന്നുത് പോലെ കഴിയുന്നു …ഇതൊക്ക ആ ——-ൽ നിന്നും വന്ന അയാൾ കൊണ്ടുവന്നു പടർത്തിയതാ ..അയ്യോ ഇലക്ഷന് പ്രചാരണത്തിന് എല്ലാരും പ്രസംഗിക്കാൻ വന്നപ്പോൾ എന്തോരം ആളുകളുടെ തിക്കും തിരക്കും ആരുന്നു ..എന്നിട്ട് ദേണ്ടെ ഇപ്പോൾ എല്ലാം കൂടി കുത്തിവയ്പ്പ് എടുക്കാൻ വന്നേക്കുന്നു …ഇതൊക്കെ ആരോട് പറയാൻ .ഈ മാസ്ക്ക് വച്ച് ഇവിടെ ശ്വാസം മുട്ടി നിക്കുമ്പം ഇതൊന്നും ഓർത്താൽ പോരാ . അന്ന് ഒട്ടിച്ചേർന്നു കീ ജയ് വിളിച്ചപ്പം ഓർക്കണമാരുന്നു ..ആയമ്മ രോഷം കൊണ്ടപ്പോൾ ക്യൂ വിൽ നിന്ന പലരും ചിരിച്ചു ..ഞാനും ചിരിച്ചു ..

എന്തായാലും കടലക്കറിയുടെ സുഗന്ധം എന്നെ തരളിതനാക്കി ..ഇന്ന് കടലക്കറി കഴിക്കുക തന്നെ ഞാൻ ഉറപ്പിച്ചു ..അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കടലക്കറിയുടെ ഗന്ധം അകന്നെങ്കിലും ആ മണം ഉള്ളിൽ തിങ്ങി നിറഞ്ഞു നിന്നു ..

പണ്ട് അമ്മ മരിക്കും മുൻപ് വളരെ രുചികരമായി പുട്ടും കടലക്കറിയും ഉണ്ടാക്കിയിരുന്നു ..അന്ന് വീട്ടിൽ കുക്കർ ഒന്നും ഇല്ല ..അമ്മ ചട്ടിയിൽ ആണ് തലേന്ന് വെള്ളത്തിൽ കുതിർത്ത കടല വേവിക്കുക .വീട്ടിൽ അടുക്കളയുടെ അങ്ങേ അറ്റത്തു നിലത്താണ് അടുപ്പ് ..പാതകം അന്നില്ല ..അതായതു അടുപ്പിൻ പാതകം ..അമ്മവറ്റൽ മുളകും മല്ലിയും ,തേങ്ങാ ചിരകിയതും ഒരു കഷ്ണം ഉണക്ക മഞ്ഞളും ഇരുമ്പു ചീനച്ചട്ടിയിൽ വറുക്കും ,ഒന്നു ചുവന്ന നിറം വരും വരെ ,പിന്നെ തേങ്ങാക്കൊത്തും ഉള്ളി അരിഞ്ഞതും ,പച്ചമുളകും ,ഇഞ്ചിയും ,കറിവേപ്പിലയും വെളിച്ചെണ്ണയിൽ വഴറ്റി അതിൽ ഗ്രാമ്പൂവും ഏലക്കായും കറുവപ്പട്ടയും ,പെരുംജീരകവും പൊടിച്ചത് ചേർത്തു അതിലേക്കു അരകല്ലിൽ എണ്ണ തെളിയുന്ന പാകത്തിന് അരച്ചെടുത്ത അരപ്പു ചേർത്തു .

ഇളക്കി അതിൽ ചെറിയ ഉള്ളി മുഴുവനെ ഇട്ടു കടലയോടൊപ്പം ചേർത്തു വേവിച്ചത്‌ ചേർത്തിളക്കി ഉണ്ടാക്കുന്ന കടലക്കറി ..ആഹാ ആ സ്വാദ് എങ്ങനെ പറഞ്ഞറിയിക്കും എന്റെ അമ്മയുടെ കൈപ്പുണ്യം ..

ഇന്ന് അത് ഒരു ഓർമ്മ മാത്രം ..ഭാര്യ കുക്കറിൽ നാലു വിസിൽ അടിപ്പിച്ചു കുറേ അതും ഇതും പൊടികൾ ചേർത്തു ഉണ്ടാക്കുന്ന നീണ്ട കടലക്കറി ..അതും ഒരു കറി അത്ര തന്നെ ..
സമയം ഏഴര ആകുന്നു ..വെയിൽ നാളങ്ങൾ എന്റെ നീളൻ വരാന്തയിൽ ചിത്രങ്ങൾ വരക്കുന്നു ..
സമയം ഇഷ്ടം പോലെയുണ്ട് ..അമ്മ വച്ചു തന്ന ആ കടലക്കറി ഉണ്ടാക്കുക തന്നെ ..
ഉടൻ കടല വെള്ളത്തിൽ ഇട്ടു ..(ഭാഗ്യം കടല ഉണ്ടായിരുന്നു ) തേങ്ങ ചിരകി ,,മുളകും മല്ലിയും തേങ്ങയും വറുത്തു ..മിക്സിയിൽ അരക്കാൻ തുടങ്ങിയപ്പോൾ മൂത്ത പെങ്ങൾ സിന്ധു ഫോണിൽ വിളിച്ചു ..

ഞാൻ വറുത്തരച്ച കടലക്കറി വക്കാൻ പോകുന്നു എന്നറിയിച്ചപ്പോൾ അവൾക്ക് തമാശ ..
“നിനക്കെന്നാ ചെറുക്കാ .പോയി കടയിൽ നിന്നും കഴിച്ചാൽ പോരെ ..അല്ലങ്കിൽ ഇപ്പോൾ ———കമ്പനി കടലക്കറി മസാല മാർക്കറ്റിൽ ഇറക്കിയിട്ടുണ്ട് അത് വാങ്ങി ഞാൻ ഉണ്ടാക്കി താരാമായിരുന്നല്ലോ നീ വരുമ്പോൾ “..ഞാൻ അവളോട്‌ ഒന്നും പറഞ്ഞില്ല ..
എന്തായാലും കാലത്ത് പത്തുമണി കഴിഞ്ഞപ്പോൾ ഞാൻ പുട്ടും കടലക്കറിയും ഉണ്ടാക്കി ..രുചി അത്രയ്ക്ക് ഇല്ലായിരുന്നു എങ്കിലും നല്ല മണം ഉണ്ടായിരുന്നു എന്റെ കടലക്കറിക്ക് ..അമ്മ ഉണ്ടാക്കുന്ന കറിയുടെ അതേ സുഗന്ധം ..ഞാൻ കഴിച്ചപ്പോൾ അമ്മ എന്റെ മുന്നിൽ ഇരുന്നു എന്നെ ചിരിയോടെ നോക്കുന്നത് ഞാൻ കണ്ടു .

അമ്മ പുട്ടിൽ കടലക്കറി ഒഴിച്ചു എനിക്കു വാരിതരുമായിരുന്നു ..ഞാൻ വർഷങ്ങൾക്കു ശേഷം ആ രുചി ..ആ അനുഭൂതി അറിഞ്ഞു ..രാവിലെ അമ്മ കടലക്കറിയുടെ സുഗന്ധമായി എന്റെ ജാലക വാതിൽ കടന്നു വന്നതായിരുന്നു … ദിവസം മുഴുവൻ എന്റെ അമ്മയുടെ സാമീപ്യം ഞാൻ അറിഞ്ഞു .

എന്റെ ജീവിതത്തിൽ ഞാൻ ഇനി കടലക്കറി വെക്കുമോ എന്നറിയില്ല ..പക്ഷേ കേവലം ഒരു കടലക്കറിയിലൂടെ പോലും അമ്മ എന്നിൽ എത്ര സ്വാധീനം ചെലുത്തിയിരിക്കുന്നു ..
ചിലതൊക്കെ ഓർക്കുവാൻ ഇങ്ങനെ ഒരു കറിയുടെ സുഗന്ധം തന്നെ ധാരാളം അല്ലേ ??

By ivayana