കഥാരചന : ശിവൻ മണ്ണയം*

ഇനി ചത്താലും വേണ്ടില്ല എന്ന ആത്മഗതത്തോടെയാണ് ജോണിച്ചൻ ഓഫീസിലേക്ക് പുറപ്പെട്ടത്. ഒട്ടും പ്രതീക്ഷിക്കാതെയാണല്ലോ ജീവിതത്തിലേക്ക് സന്തോഷം വന്നു കയറിയത്.ഈ അനുപമമായ ഉത്സാഹത്തിമിർപ്പിൻ്റെ അനിർവചനീയ നിമിഷങ്ങളിൽ ഉടുതുണിയെല്ലാം ഊരിയെറിഞ്ഞ് നടുറോഡേ ഒരു പാട്ടും പാടി ഓടിയാലെന്ത്?

രാവിലെ കൃത്യം അഞ്ച് മണിക്ക് ജോണിച്ചൻ “ഭാര്യമാരേ, കർത്താവിന് എന്ന പോലെ സ്വന്തം ഭർത്താക്കൻമാർക്ക് കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിൻ്റെ രക്ഷിതാവായി സഭക്ക് തലയാകുന്നതു പോലെ ഭർത്താവ് ഭാര്യക്ക് തലയാകുന്നു” എന്ന ബൈബിൾ വാക്യം ആവർത്തിച്ചാവർത്തിച്ച് ഉരുവിട്ടു കൊണ്ടിരൂന്ന സമയത്താണ് കുളിമുറിയിൽ നിന്ന് പൊത്തോ എന്നൊരു ശബ്ദവും കീയോ എന്ന നിലവിളിയും കേട്ടത്.

ജോണിച്ചൻ്റെ വാമഭാഗം ഗ്രേസിക്കുട്ടി കുളിമുറിയിൽ ചറുക്കിയടിച്ച് വീണതിൻ്റെതായിരുന്നു പ്രസ്തുത ശബ്ദങ്ങൾ. ഒരു ഭർത്താവിന് സന്തോഷിപ്പാൻ ഇതിനേക്കാൾ വലിയ സംഭവം വേറെന്തുണ്ട്?
ജോണിച്ചനും ഗ്രേസിക്കുട്ടിയുടെ വിലാപംകേട്ട് നിറഞ്ഞ സന്തോഷവും ഉണർവും ശക്തിയും ഉന്മേഷവും അനുഭവപ്പെട്ടു. ഗ്രേസിക്കുട്ടിയെ ജോണിച്ചൻ കെട്ടിയിട്ട് വർഷം അഞ്ച് കഴിയുന്നു. ഈ അഞ്ചു വർഷത്തിനിടയിൽ എത്രമാത്രം ദു:ഖവും പീഢനവും ജോണിച്ചൻ അനുഭവിച്ചിരിക്കുന്നു.

എത്ര തവണ തൂങ്ങിച്ചാവാനായി പശുവിൻ്റെ കയർ അഴിച്ചെടുത്തു. മധുവിധുവിൻ്റെ ലഹരി കെട്ടടങ്ങിയതിന് ശേഷമുള്ള ഒരു നീണ്ട ഗ്യാപ്പ് കഴിഞ്ഞ് വീണ്ടുമിതാ സന്തോഷം കടന്നു വന്നിരിക്കുന്നു. ഇതാണ് കാർന്നോൻമാർ പറയുന്നത് ഒരു കുന്നുണ്ടെങ്കിൽ ഒരു കുഴിയുമുണ്ടെന്ന്!
കഴിഞ്ഞ ഒന്നാം തീയതി ഗ്രേസിക്കുട്ടിയുടെ കൈയും കാലും ഒടിയാനായി പള്ളിയിലെ നേർച്ചപ്പെട്ടിയിൽ ജോണിച്ചൻ ഇരുപത്തിയഞ്ച് പൈസ ഇട്ടിരൂന്നു.

അടിച്ചമർത്തപ്പെട്ടവൻ്റെ അമർഷം “ഇതിനും കൂടെ ഫലമുണ്ടായില്ലേൽ കർത്താവേ, ഞാനൊരു നിരീശ്വരവാദിയായിക്കളയും ” എന്ന മട്ടിൽ പുറത്തുവന്നപ്പോൾ കർത്താവ് വഴങ്ങി എന്നു വേണം അനുമാനിക്കാൻ .നടുവിന് ഉളുക്കും കാൽമുട്ടിന് വേദനയും തലയ്ക്ക് ഒരു പെരുപ്പുമുണ്ടെന്നാണ് ഗ്രേസിക്കുട്ടി പറയുന്നത്. കൈയും കാലും ഒടിഞ്ഞില്ലേലും ഇത്രയൊക്കെ സംഭവിച്ചല്ലോ. അതു മതി, ദൈവത്തിന് സോത്രം.

ജോണിച്ചൻ ഓഫീസിലെത്തി എല്ലാവരെയും നോക്കി ചിരിച്ചു. പതിവില്ലാത്ത ചിരി. ആത്മാവിൻ്റെ അന്തരാളങ്ങളിൽ നിന്ന് വന്ന മനോഹരമായ ചിരി.
അതിന് ശേഷം ജോണിച്ചൻ പ്യൂണിനെ വിളിച്ച് ഓഫീസിലുള്ള എല്ലാവർക്കും ഓരോ വാഴക്കാ അപ്പവും ചായയും വാങ്ങി വരാൻ കല്പിച്ചു.പിന്നെ പതിവില്ലാത്ത വിധത്തിൽ ഒരു പള്ളിപ്പാട്ട് നീട്ടി പാടി.പള്ളിപ്പാട്ട് പാടാൻ വലിയ കഴിവൊന്നും വേണ്ടാ എന്ന് വിളംബരം ചെയ്തു, ജോണിച്ചൻ്റെ ഗാനം .
വാഴക്കാ അപ്പം തിന്നുന്നതിനിടയിൽ ജോണിച്ചൻ ഒളികണ്ണിട്ടു നോക്കി. ആരെ?മേനക എന്ന അപ്സരസിനെ.

ജന്മാന്തരങ്ങൾക്ക് മുമ്പ് താനൊരു കൊടും വനത്തിൽ ഏകനായി,നഗ്നനായി ഒറ്റക്കാലിൽ തപസു ചെയ്തതായി ജോണിച്ചൻ ഓർമിച്ചെടുത്തു. അന്ന് വസ്ത്രങ്ങൾ പറിച്ചെറിഞ്ഞ് തൻ്റെ മുന്നിൽ നർത്തനമാടിയ ചന്ദനപൂവുടൽ ഇന്നിതാ തൊട്ടു മുന്നിലിരുന്ന് വാഴക്കാ അപ്പം ആർത്തിയോടെ തിന്നുന്നു..!

ജോണിച്ചൻ കുറച്ചു നാളായി മേനകയുടെ തപസിളക്കാൻ യത്നിക്കുന്നു.പക്ഷേ നടക്കുന്നില്ല. ഇക്കാര്യമെങ്ങാനും ഗ്രേസിക്കുട്ടി അറിഞ്ഞാൽ തനിക്ക് കുരിശ് മരണം ആയിരിക്കും എന്ന കാര്യം ജോണിച്ചന് അറിയാം. പക്ഷേ ഈ ഭൂമിയിൽ റിസ്കെടുക്കാതെ ജീവിത വിജയം നേടാനാകുമോ?
ജോണിച്ചൻ വീണ്ടും മേനകയെ നോക്കി.ഒട്ടും നന്ദിയില്ല പെണ്ണും പുള്ളയ്ക്ക് .വാഴക്കാ അപ്പം വാങ്ങിത്തന്നതിന് നന്ദി എന്ന് മനോഹരമായ ഒരു നോട്ടത്തിലൂടെ പറഞ്ഞാലെന്തിവൾക്ക് …?!
വൈകിട്ട് വൈദ്യശാലയിൽ കയറി ജോണിച്ചൻ ഗ്രേസിക്കുട്ടിക്കായി എണ്ണയും കുഴമ്പും വാങ്ങി. അവളുടെ ദാ കിടക്കണേ എന്ന അവസ്ഥയിൽ ദു:ഖമുണ്ടെന്ന് കാണിക്കണം. ഇല്ലേൽ പ്രശ്നമാകും.

ഉളളിൽ സന്തോഷമുള്ളപ്പോൾ പുറമെ ദു:ഖം പ്രകടിപ്പിക്കുന്നത് വിഷമം പിടിച്ച കാര്യം തന്നെ. ഗ്രേസിക്കുട്ടിയുടെ നടുവൊടിഞ്ഞു കാണുമോ? ചിലപ്പോൾ നട്ടെല്ല് രണ്ടായി പൊട്ടി പോയിരിക്കാം. വീടുവച്ചപ്പോൾ കൂളിമുറി ഉണ്ടാക്കിയത് എന്തായാലും ഉചിതമായി.ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് ജോണിച്ചൻ വൈദ്യശാലയിൽ നിന്നിറങ്ങി.

പിന്നെ ജോണിച്ചന് ബോധം വന്നപ്പോൾ താൻ ജീവനോടെ സ്വർഗ്ഗത്തെത്തിയെന്ന് തോന്നി. വെള്ള വസ്ത്രം ധരിച്ച മാലാഖമാർ മേഘക്കൂട്ടങ്ങൾക്കിടയിലൂടെ ചിറക് വിരിച്ച് പറന്നു നടക്കുന്നു. എവിടെ കർത്താവ്? കാണാൻ കൊതിയായി. അല്പം കഴിഞ്ഞപ്പോൾ സംശയമായി.ഇത് സ്വർഗ്ഗമോ അതോ നരകമോ? തൊട്ട് മുന്നിൽ കൊമ്പും കോമ്പല്ലുമുള്ള ഒരു രാക്ഷസി ! സ്വർഗ്ഗത്തിൽ രാക്ഷസർ കാണില്ലല്ലോ ..!

പിന്നെയും അല്പസമയം കഴിഞ്ഞാണ് താൻ ആശുപത്രിക്കിടക്കയിലാണെന്നും തൊട്ടു മുന്നിലിരിക്കുന്നത് ഗ്രേസിക്കുട്ടിയാണെന്നും ജോണിച്ചന് മനസിലായത്. ഗ്രേസിക്കുട്ടിയുടെ മുഖത്ത്‌ നിറഞ്ഞ സങ്കടം. അവൾ പറയുകയാണ് “സാരമില്ല, കൈയും കാലും ഒടിഞ്ഞതേയുള്ളൂ. തലയ്ക്ക് ചെറിയ പരിക്കും. എന്നാലും റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ ഇച്ചായാ…. “

ശിവൻ മണ്ണയം

By ivayana