കഥ : സിദ്ധാർഥ് അഭിമന്യു *

”മോനെ ആരുമായും വഴക്കൊന്നും
കൂടാതെ നല്ല കുട്ടിയായി ഇരിക്കണേ, സമയത്ത് ആഹാരം കഴിക്കണം,
വീട്ടിൽ നേരത്തെ എത്തണം ട്ടോ… ”
ഹോസ്പിറ്റലിലെ കിടക്കയിൽ കിടന്നുകൊണ്ട് അമ്മ മകന്റെ
തലയിൽ തടവി പറഞ്ഞു.

മകന്റെ കണ്ണുകൾ നിറഞ്ഞിരിന്നു. അമ്മയുടെ ആ കിടപ്പ് അവന്
സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
അവന്റെ ജീവനാണ് അമ്മ.
പുറമേ കർക്കശക്കാരൻ ആണെങ്കിലും ഉള്ളിൽ അമ്മയോടുള്ള സ്നേഹത്തിനു അതിർ വരമ്പുകൾ ഇല്ലായിരുന്നു.

”അയ്യേ അമ്മ എന്തിനാ കരയുന്നത്,
ഞാൻ അമ്മയുടെ മോൻ അല്ലേ
ചീത്തയായി പോകില്ല അമ്മേ.
അതിന് അമ്മ എങ്ങോട്ടും പോണില്ലല്ലോ, ഞാൻ എങ്ങും വിടില്ല ന്റെ അമ്മയെ… !!!”
അമ്മയുടെ കവിളിലെ കണ്ണീർ
തുടച്ചുകൊണ്ട് അവൻ പറഞ്ഞു.
അമ്മ മെല്ലെ അവന്റെ തലമുടിയിൽ
തടവി ഉറങ്ങാൻ തുടങ്ങി.
അമ്മയുടെ ബെഡിൽ തല വെച്ച്
അവനും ഒന്ന് മയങ്ങി.

പെട്ടെന്ന് അവന്റെ കൈയിൽ അമ്മ തട്ടി. അവൻ ചാടി എഴുനേറ്റ് എന്ത് ചെയ്യണമെന്ന് അറിയാതെ പതറി നിന്നു.
അവന്റെ മുന്നിൽ ശ്വാസം
കിട്ടാതെ പിടയുക ആയിരുന്നു അമ്മ.
അവൻ ഡോക്ടറെ വിളിച്ചു,
ഡോക്ടർ വന്നു.
അമ്മയെ വേഗം ICU വിലേക്ക്
മാറ്റണമെന്ന് പറഞ്ഞു.
ICU വിൽ പോകുമ്പോൾ അമ്മ

അവന്റെ മുഖത്ത് കണ്ണുനീരോടെ നോക്കുന്നുണ്ടായിരുന്നു,ശബ്ദം പുറത്ത് വരാതെ ‘മോനെ’ എന്ന് വിളിക്കുന്നുണ്ടായിരുന്നു… !!!
എന്ത് ചെയ്യണമെന്ന് അറിയാതെ
അവൻ നെഞ്ച് പിടഞ്ഞു വിതുമ്പി.
ICU വിനു മുന്നിൽ കണ്ണ് പൊത്തി അവൻ കരയാൻ തുടങ്ങി.
മണിക്കൂറുകൾ അവൻ അതേ അവസ്ഥ തുടർന്നു. ഒടുവിൽ ഡോക്ടർ എത്തി.
”ചിലതൊക്കെ സഹിക്കാൻ
നമ്മുടെ മനസ്സിന് ധൈര്യം വേണം.
എന്റെ കഴിവിന്റെ പരമാവധി
ഞാൻ ശ്രെമിച്ചു സോറി.

അമ്മ പോയി… !!!”
ഡോക്ടർ ഇത് പറഞ്ഞു അവന്റെ
തോളിൽ ഒന്ന് തട്ടി പുറത്തേക്ക് പോയി.
അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി,
തല ചുറ്റുന്നത് പോലെ തോന്നി.
അവന്റെ ഹൃദയം ‘അമ്മ’ ‘അമ്മ’ എന്ന് തുടിക്കാൻ തുടങ്ങിയിരിക്കുന്നു… !!!
അവന്റെ ചുണ്ടുകൾ അമ്മയെന്ന്
ജപിക്കാൻ തുടങ്ങിയിരിക്കുന്നു…. !!!
അവന്റെ കണ്ണുനീർ തുള്ളികൾ അമ്മയെ തേടി ഒഴുകാൻ തുടങ്ങിയിരിക്കുന്നു…. !!!

”അതെ അമ്മ
പോയിരിക്കുന്നു.
ന്റെ അമ്മ എന്നെ ഒറ്റക്കാക്കി പോയിരിക്കുന്നു.
എന്തിനാ അമ്മേ പോയത്…???
അമ്മയെ എനിക്ക് എന്ത്
ഇഷ്ടമാണെന്ന് അറിയോ.
അവന്റെ മനസ്സിൽ അമ്മയുടെ
വിയോഗം ആഴത്തിൽ മുറിവേൽപ്പിച്ചു.
അച്ചന്റെ മരണ ശേഷം ഒരുപാട് കഷ്ടപെട്ടിരുന്നു അമ്മ,

പത്തു മാസം ഉദരത്തിൽ മാത്രമല്ല പിറന്ന ശേഷം തോളിലും ചുമന്നിരുന്നു എന്റെ അമ്മ. അമ്മ എന്നെ തല്ലുമ്പോൾ എന്റെ ദേഹത്തു കൊണ്ടിരുന്നില്ല എങ്കിലും ഞാൻ കരയുമായിരുന്നു, അത് സഹിക്കാതെ എന്നെ മുറുകെ കെട്ടിപിടിച്ചു ഉമ്മ
തന്നിരുന്നു എന്റെ അമ്മ… !!
നാട്ടുകാരുടെ കുത്തുവാക്കുകൾ തരണം ചെയ്തു അമ്മയുടെ ചിറകിൽ ഞാൻ ഒതുങ്ങുമ്പോൾ അമ്മയിൽ ഞാൻ ധൈര്യത്തെ കണ്ടിരുന്നു.
അമ്മയുടെ വിശപ്പിലും എന്റെ
പട്ടിണി മാറ്റിയ ദൈവമാണ് അമ്മ.

ഞാൻ ഒന്ന് ദേഷ്യപ്പെട്ടാൽ പോലും വാത്സല്യത്തിന്റെ തലോടൽ കൊണ്ട് പൊതിയുന്ന സ്നേഹ നിധിയാണ് അമ്മ .
പരിഭവം പറഞ്ഞിട്ടില്ല, പിണങ്ങിയിട്ടില്ല, ഒറ്റപെടുത്തിയിട്ടില്ല, വെറുത്തിട്ടില്ല ജനിച്ച നാൾ മുതൽ എന്റെ കൈയിൽ പിടിച്ച പിടി ഞാൻ വളർന്നപ്പോൾ സ്നേഹമായി എന്നെ മുറുകെ പിടിച്ചിരുന്നു…!!!
അമ്മയ്ക്ക് അത്രയും വേദന നൽകി ഭൂമിയിൽ ഞാൻ പിറന്നു വീണപ്പോൾ
പോലും മാതൃത്വത്തിന്റെ മുലപ്പാൽ നൽകി വാരി പുണർന്നിരുന്നു അമ്മ… !!!
ഈ ലോകം ഞാൻ കണ്ടത് അമ്മയിലൂടെയാണ്,
അമ്മയാണ് എന്റെ ലോകം.

അമ്മേ… !!!”
അവൻ തളർന്നു അവിടെ തറയിൽ ഇരുന്ന് ശബ്ദം പുറത്ത് വരാതെ ഏങ്ങി ഏങ്ങി കരയാൻ തുടങ്ങി.
അമ്മയുടെ മുഖം മാത്രമായി അവന്റെ
ഓർമകൾ ചുരുങ്ങിയിരിക്കുന്നു.
”മോനെ നീ വല്ലതും കഴിച്ചോ..?,
നീ എവിടെയാ…? ”

എന്ന രണ്ട് ചോദ്യങ്ങൾ
ഇനി അവന്റെ ജീവിതത്തിൽ
ഒരിക്കലും അവന്റെ അമ്മ
ചോദിക്കില്ല എന്നോർത്ത്
അവൻ പൊട്ടി പൊട്ടി കരയാൻ തുടങ്ങി.
ഒടുവിൽ ICU വാതിൽ തുറന്ന്
അമ്മയുടെ ചലനമറ്റ ശരീരം
സ്ട്രെക്ചറിൽ പുറത്തേക്ക് കൊണ്ട് വന്നു.

സമനില നഷ്ടപെട്ട ഒരു ഭ്രാന്തനായി അവൻ ആ ശരീരത്തെ കെട്ടിപിടിച്ചു
അലറി കരയാൻ തുടങ്ങി..
”അമ്മേ…………. !!!”
അവൻ ചാടി എഴുനേറ്റു ചുറ്റും നോക്കി,
ശരീരം ആകെ വിയർത്തിരുന്നു.
ദൈവമേ സ്വപ്നം ആയിരുന്നോ… !!!
അവന്റെ കിതപ്പ് നിന്നിരുന്നില്ല,

ശ്വാസം മുട്ടുന്നത് പോലെ അവന് തോന്നി.
”എന്താ മോനെ വിളിച്ചോ ”
അപ്പുറത്തെ മുറിയിൽ നിന്നും
വന്ന അമ്മയുടെ ശബ്ദം അവന്റെ
മനസ്സിനെ തണുപ്പിച്ചു.
ആ ശബ്ദം അവന് പുതിയ ഒരു ജീവൻ നൽകിയ പ്രതീതി ഉളവാക്കി.

ആ ശബ്ദത്തിൽ
സ്നേഹം, വാത്സല്യം, കരുതൽ, കരുണ അങ്ങനെ പ്രപഞ്ചത്തിലെ എല്ലാ നന്മയും അവൻ ഒരു നിമിഷം കണ്ടു.
”ഒന്നുല്ല അമ്മേ… !!!”
മറുപടി നൽകി അവന്റെ നിറഞ്ഞ
കണ്ണുകൾ തുടച്ചു നീക്കി അവൻ വീണ്ടും ഉറങ്ങാൻ കിടന്നു. അപ്പോഴും അവന്റെ ചുണ്ടുകൾ ”അമ്മ” യെന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു… !!!

NB: അമ്മ,
എങ്ങനെ തുടങ്ങണം എവിടെ അവസാനിക്കണം എന്ന്
പ്രവചിക്കാൻ കഴിയാത്ത സമസ്യ …
മുഖവും, ഗുണവും, നിറവും
കാണും മുന്നേ നമ്മെ സ്നേഹിച്ചു
തുടങ്ങിയ ദൈവമാണ് അമ്മ. പ്രതിസന്ധികളിൽ കൂടെ നിൽക്കുന്ന, ദുഖങ്ങളിൽ കണ്ണീർ തുടയ്ക്കുന്ന സ്വന്തം വേദനകൾ മറച്ചു വെയ്ക്കുന്ന കാരുണ്യത്തിന്റെ പ്രതീകമാണ് അമ്മ.
ഒറ്റവരി കവിതയാണ് അമ്മ.

അമ്മയ്ക്ക് തുല്യം അമ്മ മാത്രം.
അമ്മ ഞാൻ കണ്ട നന്മ. ❤️

എന്റെ തൂലികയിൽ അമ്മയെ
വർണിച്ചു തുടക്കമിടാനോ, അവസാനിപ്പിക്കാനോ
എനിക്ക് സാധിക്കില്ല… 🙏
എല്ലാ അമ്മമാർക്കും
എന്റെ ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ…❣️💓

By ivayana