കഥാരചന : കെ. ആർ. രാജേഷ്*

സമ്പൂർണ്ണ അടച്ചുപൂട്ടലിന്റെ രണ്ടാം ദിനം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സ്വീകരണ മുറിയിലെ ടെലിവിഷൻ സ്‌ക്രീനിലേക്ക് കണ്ണുംനട്ട് സെറ്റിയിൽ തലചായ്ച്ചു കിടക്കവേയാണ് സ്ഥലത്തെ പ്രമുഖ പത്രപ്രവർത്തകൻ കടുവാക്കുളത്തിന്റെ ഫോൺ കാൾ സുമനകുമാറെന്ന എസ്. കുമാറിനെ തേടിയെത്തുന്നത്.

വായുവിലങ്ങിയവന് കുടിക്കാൻ കിട്ടുന്ന സോഡാ നാരങ്ങപോലെയാണ് പലപ്പോഴും കടുവാക്കുളത്തിന്റെ ഫോൺകാൾ എസ്.കുമാറിന് അനുഭവപ്പെടാറുള്ളത്.
അടിയന്തിര ഘട്ടങ്ങളിൽ പ്രാദേശിക വാർത്തകൾ ആവശ്യമുള്ളപ്പോഴാണ് എസ്.കുമാറിന്റെ നമ്പർ കടുവാക്കുളം ഡയൽ ചെയ്യാറുള്ളത്, ചിലസമയങ്ങളിൽ വാർത്തയുടെ സോഴ്സ് നല്കും, മറ്റു ചിലപ്പോൾ തേടികണ്ടെത്തേണ്ടിവരും രണ്ടായാലും വാർത്തക്ക് ജീവൻവെച്ചാൽ വാർത്തയുടെ രക്ഷകർത്താവിന്റെ പേരിന്റെ നേർക്ക് കടുവാക്കുളമെന്ന് അടയാളപ്പെടുത്തുമെങ്കിലും, ചെറിയ പോക്കറ്റ് മണി ആ വകയിൽ എസ്. കുമാറിന് തരപ്പെടും.

“വൈകുന്നേരത്തെ എഡിഷനിൽ കൊടുക്കുവാൻ നാല് കോളം വാർത്തവേണം, കൊറോണയുടെ വാർത്തയൊന്നും വേണ്ട, വ്യത്യസ്തമായ എന്തേലും വേണം,
പിന്നെ ഒറ്റ വാർത്തക്കുള്ള സ്കോപ്പേയുള്ളു, ഓമനക്കുട്ടനോടും ഞാൻ പറഞ്ഞിട്ടുണ്ട്, കൂട്ടത്തിൽ പുള്ളിങ്പവറുള്ള വാർത്തയെ കൊടുക്കാൻ പറ്റു, അതുകൊണ്ട് നല്ലത് ഏതേലും തരപ്പെടുത്തി കൊണ്ടുവാ”

“ഈ ഓമനക്കുട്ടന് എന്തിന്റെ കേടാണ്, അവന്റെ പെണ്ണുമ്പുള്ളക്ക് ജോലിയുണ്ട്, വീട്ടിൽ രണ്ടാം മാസം രണ്ടായിരം തേങ്ങ കിട്ടും, ജീവിക്കാൻ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത സാഹചര്യം, ഇവിടെ നമുക്കോ നല്ലൊരു കൂട്ടാൻ വെക്കാൻപോലുമറിയാത്ത ഭാര്യ, രണ്ടാം മാസം കിട്ടുന്നത് ഇരുപത്തിയാറ് തേങ്ങയാണ് അതിൽ പാതിയും പേടും ഒച്ചാൻകുത്തിയതുമാണ്, ഇടാൻ വരുന്ന ആൾക്ക് കടം മേടിച്ചു കൂലികൊടുക്കണം,

അങ്ങനെയുള്ള നമ്മുടെ വയറ്റത്തടിക്കുവാനിറങ്ങുവാണ് ഇവനൊക്കെ.”
കടുവാക്കുളത്തിന്റെ കാൾ കട്ടായതോടെ, തന്റെ ഫീൽഡിലിറങ്ങി കളിക്കുന്ന ഓമനക്കുട്ടനോടുള്ള അമർഷം കുമാർ പുലമ്പലായി പുറത്തേക്കൊഴുക്കി.
“വാർത്ത കണ്ടെത്തിയാൽ മാത്രം പോരാ, ഓമനക്കുട്ടൻ കൊണ്ടുവരുന്നതിനേക്കാൾ മികച്ച വാർത്ത തന്നെ വേണമിന്ന്”.

എസ്. കുമാർ മനസ്സിന്റെ കവടിപ്പലകയിൽ ചിന്തകളുടെ കവടിനിരത്തി.
അടച്ചുപൂട്ടൽ പൊട്ടിച്ച് പുറത്ത് ചാടുന്നവരെ വലവീശാൻ പാതയോരങ്ങളിൽ കാത്തുനില്ക്കുന്ന കാക്കിപ്പടയെ മറികടക്കുവാൻ, മൂന്ന് കിലോമീറ്റർ അകലെയുള്ള ഗോപാലൻവൈദ്യനെ കാണുവാൻ പോകുന്നു എന്ന് സ്വയം സാക്ഷ്യപ്പെടുത്തി, കട്ടിലിന്റെ കീഴെ പണ്ടെങ്ങോ ഉപേക്ഷിച്ച ധന്വന്തരം കുഴമ്പിന്റെ കാലിക്കുപ്പി പൊടി തുടച്ചു കീശയിലാക്കി,
ലോക്ക്ഡൗണിന്റെ കുരുക്കിൽ അടുക്കളയുടെ ഇക്കണോമിക്സ് ഗ്രാഫ് താഴേക്ക് കിതയ്ക്കുന്നതിന്റെ ആശങ്കയേറെയൂള്ളതിനാൽ കൊറോണപ്പേടിയെ വകച്ചുമാറ്റി,കടുവാക്കുളത്തിന്റെ കോൾ വന്നയുടൻ തന്നെ എസ്. കുമാർ വാർത്ത തേടിയിറങ്ങി,

കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതോടെ മടക്കയാത്ര മുടങ്ങിയ മനോവിഷമത്തിൽ പ്രവാസി തൂങ്ങിമരിച്ചെന്ന് രാവിലെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ വന്ന മെസ്സേജ്, വാർത്ത തേടിയുള്ള യാത്രക്കിടയിൽ എസ്. കുമാറിന്റെ ഓർമ്മകളിലേക്ക്.
കൊള്ളാം ഇപ്പോഴുത്തെ സാഹചര്യത്തിൽ കൊടുക്കാൻ പറ്റിയ വാർത്ത തന്നെ.
കൂടുതൽ അന്വേഷണങ്ങൾക്കായി വാട്ട്സാപ്പ് ഗ്രൂപ്പിൽ വാർത്തയിട്ട പൊടിയളിയനെ ഫോണിൽ ബന്ധപ്പെടുവാനുള്ള എസ്. കുമാറിന്റെ തിരക്കിട്ട നീക്കം,
“ഹലോ പൊടിയളിയ രാവിലെ ഒരുത്തൻ തൂങ്ങി ചത്ത വാർത്ത അളിയൻ വാട്ട്സാപ്പ് ഗ്രൂപ്പിലിട്ടല്ലോ എന്താണ് അതിന്റെ ഡീറ്റയിൽസ്?”

ഫോണെടുത്ത പൊടിയളിയനെ കൊണ്ട് ഹലോ പറയുവാൻപോലും അനുവദിക്കാതെ എസ്. കുമാർ ചോദ്യത്തിന്റെ കെട്ടഴിച്ചുവിട്ടത്തോടെ ഒരുവേള പകച്ചു നിന്ന പൊടിയളിയൻ സംഭവം കാര്യകാരണ സഹിതം വിശദീകരിച്ചു.
” സംഭവം നടന്നത് നമ്മുടെ അയലത്താണ്, മനശക്തനെന്നാണ് മരിച്ചവന്റെ പേര് , ഗൾഫിലേക്ക് മടങ്ങി പോകാൻ പറ്റാതായപ്പോൾ ഇത്തിരി കാശിന്റെ ഞെരുക്കമായി,
അവൻ ഗൾഫിലായിരുന്നപ്പോൾ കാശ് മാസാമാസം വരുമ്പോൾ കക്കൂസിൽ പോകണമെങ്കിലും യൂബർടാക്സി വിളിക്കുന്ന അവന്റെ കെട്ടിയോൾ വരുമാനമില്ലാതായപ്പോൾ മനശക്തന് നേരെ അവിടെയും, ഇവിടെയും കൊള്ളിച്ചുള്ള വർത്താനം തുടങ്ങി, അത് കേട്ടതോടെ മനശക്തന്റെ മനസ്സ് ദുർബലമായി, അവൻ കേറി തൂങ്ങി,

അത് പോട്ടെ പോകുന്ന പൊക്കിൽ അയലത്തുകാർക്കിട്ട് പണികൊടുത്താണ് അവൻ പോയത്,
സ്വന്തം വീട്ടിലെങ്ങും തൂങ്ങാൻ സ്ഥലമില്ലാത്തത് പോലെ അയലത്തെ വീടിന്റെ സിറ്റൗട്ടിലെ ഫാനിലാണ് അവൻ കുരുക്കിട്ടത്.”
മറുതലക്കൽ നിന്ന് പൊടിയളിയൻ നല്കിയ വിവരങ്ങൾ, ഗൗരവമൊട്ടും ചോരാതെ കുറിച്ചെടുക്കുന്നതിനിടയിലാണ് എസ്. കുമാറിനെ മുട്ടിയുരുമ്മി പോലീസ് ജീപ്പ് വന്നുനിന്നത്.
“എന്തുവാടാ റോഡിൽ നിന്ന് എഴുത്തുകുത്ത്”
ജീപ്പിന്റെ മുൻസീറ്റിൽ നിന്ന് ചാടിയിറങ്ങിയ പുതുതായി ചാർജ്ജെടുത്ത കുഞ്ഞുമോൾ എസ്ഐ , എസ്. കുമാറിന് മുന്നിൽ പീലിവിടർത്തി.

“ഗോപാലൻ വൈദ്യന്റടുത്ത് മരുന്ന് വാങ്ങുവാൻ പോവാ സാറെ”
സത്യവാങ്‌മൂലവും,കുഴമ്പ്കുപ്പിയും കുഞ്ഞുമോൾ എസ്ഐക്ക് നേരെ നീട്ടി കുമാർ വിനീതനായി.
“വൈദ്യശാലയിൽ പോകാൻ വന്നവൻ, വഴിയരികിൽ നിന്ന് എന്താടാ പണി, സത്യം പറ നീ വാറ്റ് ചാരായം കടത്താൻ നിക്കുവല്ലേ?”
പേര് കൊണ്ട് കുഞ്ഞാണെങ്കിലും അരയാലിന്റെ ആകൃതിയുള്ള കുഞ്ഞുമോൾ എസ്ഐയുടെ ശബ്ദം കനത്തു.

വാറ്റ് ചാരായം വീട്ടിൽ കയറ്റാത്ത അന്തസുള്ള കുടുംബത്തിൽ പിറന്നതാണ് താനെന്ന എസ്. കുമാറിന്റെ നെഞ്ചത്തടിച്ചുള്ള വിലാപത്തിന് മുന്നിൽ കുഞ്ഞുമോൾ എസ്. ഐ ഐസ്കട്ടപോലെ അലിഞ്ഞു.അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന ടൺ കണക്കിന് ഭാരമുള്ള ഉപദേശം സൗജന്യമായി നല്കി എസ്. കുമാറിനെ മടക്കിയയച്ചു.
കുഞ്ഞുമോൾ എസ്ഐയുടെ കൈപ്പിടിയിൽ നിന്ന് വഴുതിമാറിയ ശേഷം വീട്ടിലെത്തിയ എസ്. കുമാർ, പൊടിയളിയൻ നല്കിയ വിവരങ്ങൾ വാർത്താരൂപത്തിലാക്കി മാറ്റുന്നതിനിടയിലാണ് ഓമനക്കുട്ടന്റെ ഫോൺകാൾ കടന്നുവരുന്നത്.

“ഡാ കുമാറേ എനിക്ക് വാർത്തയൊന്നും കിട്ടിയില്ല, നിനക്ക് വല്ലോം ഒത്തെങ്കിൽ വേഗം കടുവാക്കുളത്തിന് അയച്ചു കൊടുക്ക് “
മറുതലക്കൽ നിന്ന് ഓമനക്കുട്ടൻ ഇന്നത്തെ വാർത്താവേട്ടയിൽ സമ്പൂജ്യമായെന്നറിഞ്ഞ സന്തോഷം മനസിലൊതുക്കി,താൻ കുഞ്ഞുമോൾ എസ്ഐയുടെ റഡാറിൽ വീണകാര്യം അല്പം ചേരുവകൾ ചേർത്ത് എസ്. കുമാർ ഫോണിലൂടെ വിളമ്പി.
“മടക്കയാത്ര മുടങ്ങി പ്രവാസി അയൽവാസിയുടെ വീട്ടിൽ
തൂങ്ങി മരിച്ചു “
എന്ന തലക്കെട്ടോടെ എസ്. കുമാർ മനശക്തൻ തൂങ്ങിമരിച്ച വാർത്ത കടുവാക്കുളത്തിന് വാട്ട്സാപ്പ് ചെയ്തു,

മറുപടിയായി കടുവാക്കുളത്തിന്റെ തമ്പ്സ്അപ്പ് കടന്നുവന്നതോടെ എസ്. കുമാർ ഉറപ്പിച്ചു ഓമനക്കുട്ടന് വാർത്ത ഒന്നുമില്ലാത്തത് കൊണ്ട് കൂടുതൽ വിശകലനമൊന്നും ചെയ്യാതെ തന്റെ വാർത്ത ഇന്ന് കൊടുക്കും, കാശും കിട്ടും,
വാർത്തയുടെ കൂലി വാങ്ങുവാനുള്ള അറിയിപ്പുമായി ഏത് നിമിഷവും കടന്നുവരാവുന്ന കടുവാക്കുളത്തിന്റെ ഫോൺ കാൾ കാത്തിരുന്ന എസ്. കുമാറിനെ തേടിയെത്തിയത് കടുവാക്കുളത്തിന്റെ വാട്ട്സാപ്പ് സന്ദേശമായിരുന്നു,
“കാലിക പ്രസക്തിയുള്ള വാർത്തകൾ കണ്ടെത്തുന്നതിൽ കുമാർ ഓമനക്കുട്ടനെ കണ്ടുപഠിക്കണം,
സോറി മിസ്റ്റർ കുമാർ, ഇന്ന് ഓമനക്കുട്ടന്റെ വാർത്തയാണ് പ്രസിദ്ധീകരിക്കുവാൻ തിരഞ്ഞെടുത്തത്”

വാട്ട്സാപ്പ് മെസ്സേജ് വായിച്ചു കാര്യം മനസിലാകാതെ മിഴിച്ചു നിന്ന എസ്. കുമാറിനായി,ഓമനക്കുട്ടൻ ചെയ്‌ത വാർത്തയും കടുവാക്കുളം ഫോർവേഡ് ചെയ്തു.
“ലോക്ക്ഡൗൺ : മരുന്ന് വാങ്ങാൻ പുറത്തിറങ്ങുന്ന സാധാരണക്കാർക്ക് നേരെ വനിതാ എസ്ഐയുടെ അതിക്രമമെന്ന് പരാതി “
തലക്കെട്ട് മാത്രം വായിച്ച എസ്. കുമാർ കൂടുതൽ വായനയിലേക്ക് കടക്കാതെ ഓമനക്കുട്ടന്റെ നമ്പർ ഡയൽ ചെയ്തു.
ഫോണിൽ കോവിഡ് മുൻകരുതൽ മുഴുങ്ങുമ്പോൾ എസ്കുമാർ ഓമനക്കുട്ടന്റെ അച്ഛനെയും, മുത്തച്ചനെയും, മുത്തിയപ്പൂപ്പനെയുമൊക്കെ ഓർത്തെടുക്കുകയായിരുന്നു.

കെ. ആർ. രാജേഷ്

By ivayana