കഥാരചന : എൻ.കെ അജിത്ത്*

ഒരുകട്ട വാഷ് വെൽ സോപ്പ്, ഒരു ലൈഫ്ബോയ്സോപ്പ്, 100 മില്ലി വെളിച്ചെണ്ണ, ഒരു കിലോ ഉപ്പ്, ഒരു പൊതി ദിനേശ് ബീഡി, ഒരു ഉണക്ക അയില, 250 പഞ്ചസാര, 50 ഗ്രാം തേയില, 100 ഗ്രാം തക്കാളി, 2 കിലോ പച്ചക്കപ്പ, ഒരടുക്ക് വെറ്റ, രണ്ട് പാക്ക്, 50 പൈസായ്ക്ക് പുകയില….

രാവിലെ മുതൽ വൈകുന്നേരം വരെ വെയിലത്തു പണി ചെയ്തുവരുന്ന ചെല്ലപ്പനും പെണ്ണുകുഞ്ഞിനും വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ഇവിടെ തീരുകയാണ്. ജോലിക്കൂലിയായി കിട്ടിയ 50 ഉം 20 കൂടിച്ചേർന്ന 70 രൂപയിൽ 60 രൂപയുടെ കച്ചോടം നടക്കുകയാണ് ആ മൂവന്തിയ്ക്ക്…
ചെല്ലപ്പോ…
എന്തോ….

എടാ നിന്നോടു പറഞ്ഞിട്ടില്ലേ മൂവന്തിക്ക്
സോപ്പും ഉപ്പും എണ്ണയും ഒന്നും തരില്ല എന്ന്? എന്നിട്ടും നിങ്ങളീ മൂവന്തിക്ക് വന്ന് എന്നും അതു ചോദിക്കുന്നതെന്തിനാ…?
അതു പിന്നെ എളേച്ചാ അന്തിക്കുണ്ണൻ ചേക്കേറുന്നതു വരെ ഊളയിൽക്കിടന്നു മടച്ചാലല്ലേ ഈ 50 തൂമ്പാ കിട്ടൂ (രൂപാ എന്നതിൻ്റെ ചെല്ലപ്പൻ ഭാഷയാണ് തൂമ്പാ) ചെല്ലപ്പൻ ഒരു ഭവ്യമായ ചിരിയോടെ ചുണ്ടത്തെ ദിനേശ്ബീഡി ആഞ്ഞുവലിച്ചുകൊണ്ട് തൻ്റെ തികട്ടിവന്ന ക്രോധത്തെ തലേക്കെട്ടഴിച്ച് കുടഞ്ഞുകളഞ്ഞ് കടക്കാരനോടായി പറഞ്ഞു. ശേഷം പെണ്ണുകുഞ്ഞിനോടായി ഉറക്കെ വിളിച്ചു പറഞ്ഞു, എടീ എന്നാമൈരാ കിട്ടുന്നതെന്നു വച്ചാൽ നീ വാങ്ങിക്കോണ്ടുവാ, ഞാൻ ദേ മാടത്തിൽക്കാണും..

ചെല്ലപ്പൻ കള്ളുഷാപ്പിനരികിലെ മാടക്കടയിലേക്കു നീങ്ങി….
പെണ്ണുകുഞ്ഞ് കിട്ടിയ സാമാനങ്ങളുമായി തോട്ടുകടവിലേക്ക് നടന്നു. അവിടെ അലക്കുകല്ലിനു മുകളിൽ ആരും കാണാതെ കോളാമ്പിച്ചെടികൾക്കിടയിൽ തലേന്ന് വലിച്ചെറിഞ്ഞ വാഷ് വെൽ സോപ്പിൻ്റെ തുമ്പുതേഞ്ഞ തുണ്ടം തപ്പിയെടുത്ത് കല്ലിൽപ്പതിപ്പിച്ച് പകൽ ജോലിക്കുടുത്ത അരപ്പാവാടയും കൈലിയും കുത്തിപ്പിഴിയാൻ തുടങ്ങുമ്പോൾ കോളാമ്പിച്ചെടിയുടെ വള്ളികളിൽ തൂങ്ങിക്കിടന്നൊരു പച്ചോന്ത് കുഞ്ഞിപ്പെണ്ണിൻ്റെ പൊക്കിൾച്ചുഴി നോക്കി ചുണ്ടുചുവപ്പിച്ചു, ചോര കുടിക്കാനെന്നവണ്ണം….,

മാടക്കടയുടെ മുന്നിലെ ഷാപ്പിൽ നിന്നും രണ്ടുപാത്രം കള്ളുംമോന്തി ഇരുട്ടുവീഴുന്ന കുളിക്കടവിലെത്തി തലയിൽകെട്ടിയ തോർത്തഴിച്ച് അരക്കുചുറ്റി പകലത്തെ ചൂടാറാത്ത തോട്ടുവെള്ളത്തിലേക്ക് ചെല്ലപ്പൻ ഊർന്നിറങ്ങി. കൊടിയ നിരാശക്കിടയിലും കുനിഞ്ഞു നിന്നലക്കുന്ന കുഞ്ഞിപ്പെണ്ണിൻ്റെ നനഞ്ഞ പുറകുഭാഗം ചെല്ലപ്പനിൽ കള്ളിനൊപ്പം ലഹരിയായി… മുങ്ങാങ്കുഴിയിട്ടുചെന്നവൻ അവളുടെ കാലിൽ ഉരുമി, അങ്ങട് മാറ് ആണച്ചാ എന്നുപറഞ്ഞ് ഇക്കിളിയെടുത്തു ചാടിയ അവൾ നിലതെറ്റി അവൻ്റെ മുകളിലേക്കു പതിച്ചു.

തോട്ടുവക്കിൽ കോളാമ്പികൾ ഇതുകണ്ട് നാണിച്ചു കുണുങ്ങിയാടി, ഓന്ത് പേടിച്ചോടി…
അവർ, ആ അദ്ധ്വാനിക്കുന്ന കർഷകത്തൊഴിലാളികൾക്ക് അതികാലത്തെ പാടത്തെത്തിയാലേ എട്ടുമണിക്ക് തൊഴിൽ ലഭിക്കുമായിരുന്നുള്ളൂ, വെളളകീറുന്നതിന്നു മുന്നേ പെണ്ണു കുഞ്ഞെണീറ്റ് കപ്പപുഴുങ്ങി കാപ്പിയനത്തി, ചോറും കറിയും വച്ച് മക്കൾക്കുള്ളവ അടയാളപ്പെടുത്തി, അവരെ വിളിച്ചെണീപ്പിച്ച് കാട്ടിക്കൊടുത്ത് ബാക്കിയായ കറിയും ചോറും ഉറിയിൽത്തൂക്കി, ചോറ്റുപാത്രത്തിൽ കപ്പയും ചോറും ഉണക്കയിലക്കറിയുമായി പാടത്തേക്കു നീങ്ങുമ്പോൾ എളേച്ചൻ കട തുറന്നിട്ടുണ്ടാവില്ല. അഥവാ ഉണ്ടെങ്കിൽ കൈയിൽ പൈസയും കാണില്ല. അതിനാൽ പകൽ വാങ്ങേണ്ട സാധനങ്ങൾ വാങ്ങാനും കഴിയാറില്ല.

അങ്ങനെയുള്ള കർഷകത്തൊഴിലാളികൾക്ക് എന്നും മൂവന്തിക്ക് എണ്ണയും സോപ്പും ഉപ്പും എളേച്ചൻമാരുടെ വ്യാപാരശാലകൾ നിഷേധിച്ചു പോന്നു. അതു കാരണം അവരുടെ മക്കളുടെ തലമുടി എണ്ണ തേക്കാതെ പാറിക്കളിച്ചിരുന്നു. അവരുടെ മക്കളുടെ വള്ളിനിക്കറിൽ സോപ്പിൻ്റെ സുഗന്ധമേല്ക്കാതെ മൂത്രം മണത്തിരുന്നു. അവരുടെ വസ്ത്രങ്ങളിൽ വെയിലിൻ്റെയും വിയർപ്പിൻ്റെയും ഗന്ധം ഉറഞ്ഞു കൂടിയിരുന്നു.

ശനിയാഴ്ച്ചകളിൽ മൂവന്തിയായാൽ അവർക്ക് കൂലി ലഭിച്ചിരുന്നില്ല. വരമ്പത്ത് കൂലി ലഭിക്കാത്ത ആ നാളുകളിൽ തമ്പുരാൻ്റെ തറവാട്ടിൽ ശനിയാഴ്ച്ച വിളക്കുവച്ചാൽ പിന്നെ പൈസാ ആർക്കും കൊടുക്കില്ല. കുളിക്കാതെ, നനക്കാതെ തൊഴിലാളിക്ക് അതിനു മുമ്പേ അവിടെ എത്താനും പാറ്റില്ലെല്ലോ? ശനിയാഴ്ച്ചകളിൽ അവർ ഓട്ടടചുട്ടുതിന്ന് കട്ടൻ കാപ്പിയും കുടിച്ചുകിടന്നു.
അവരുടെ കിടാത്തന്മാരെ നാറുന്നെന്ന് പള്ളിക്കൂടത്തിൽ കൂടെയിരിക്കുന്ന കുട്ടികൾ അടക്കം പറയുമായിരുന്നു…,

അവർക്കറിയില്ലെല്ലോ പകൽ മുഴുവനും അദ്ധ്വാനിച്ച് വരുന്നവന് വിശ്വാസത്തിൻ്റെ പേരിൽ എണ്ണയും സോപ്പും നിഷേധിക്കുന്ന തങ്ങളുൾപ്പെടുന്ന ഉപരിവർഗ്ഗത്തിൻ്റെ കുന്നായ്മ ?
ഈ മിണ്ടാപ്രാണികൾക്ക് ഒന്നുമറിയാത്തതിനാൽ അവർക്കതിനൊന്നും എതിർ മൊഴിയുമുണ്ടായിരുന്നില്ല. ഉമിക്കരി പറ്റിയ പല്ലുമായി അവർ ക്ലാസിലിരുന്നു കോട്ടുവായിട്ടു!
കർഷകത്തൊഴിലാളികൾ,

അവർ കടുക് വറുക്കാത്ത കറികൂട്ടി, ഉപ്പില്ലാത്ത കഞ്ഞികുടിച്ചു, ബാർ സോപ്പാൽ കുളിച്ചു കയറി, വാഴയിലകൊണ്ടു മേല് തേച്ചു, മാവിലയിട്ടു ദന്തധാവനം ചെയ്തു, ഒണത്തിന് മാത്രം പപ്പടം കഴിക്കുന്നവരായി….
കാലവും കലാമിറ്റിയും എതിരായിപ്പോയ ഒരു ജനത….
അവരെ ഓർത്തെടുക്കുമ്പോൾ ആ പതിവ് കുന്നായ്മ എളേച്ചന്മാർ ഇന്നും തുടരുന്നുണ്ട് എന്ന അമർഷം കനലായി ചാരംപൂണ്ടു കിടക്കുന്ന മനസോടെ ഇരിക്കുന്നവർ ഏറെയാണ്..
ചെല്ലപ്പോ, സന്ധ്യയായി, എണ്ണേം, സോപ്പും, ഉപ്പും കിട്ടില്ല കേട്ടോ….. ആ പറച്ചിൽ കാതിലെത്തും..,
സന്ധ്യക്കവർ തല്ലിനനച്ചുകുളിച്ചാൽ തെക്കോട്ട് തിരിഞ്ഞു നിന്നു പ്രാകിയിരുന്നവരെ വെറുക്കാതിരിക്കുന്നതെങ്ങനെ?

വൈകിവന്നു മുറ്റം തൂത്താൽ മൂധേവികയറുമത്രേ, കുളി, മുറ്റം തൂപ്പ് എല്ലാമെല്ലാം നിഷേധിക്കപ്പെട്ടവർക്ക് എന്നും ഓർമ്മയിൽ വെറുപ്പിൻ്റെ തേനീച്ചക്കൂടുകൾ ഇരമ്പും…
ഇനിയും മാറ്റാത്ത മാമൂലുകൾ ഇവിടെ ഇപ്പോഴുമുണ്ട്….. കാലം അതും മാറ്റിയെഴുതുകയാണ്….
എളേച്ചന്മാരുടെ കടകൾ പോയ് മറഞ്ഞു,

ജിയോ മാർട്ടും, ഡി-മാർട്ടും ഓർഡർ കിട്ടിയാൽ ഊടുവഴികൾ താണ്ടിയും അന്നത്തെ ചെല്ലപ്പന്മാർക്ക് ഇന്നു വീട്ടിലും സാമാനം എത്തിക്കുന്ന കാലം…
അന്നത്തെ ഉപ്പില്ലാക്കറി കൂട്ടിയ നാവുകളോട് ഉപ്പുകൂട്ടിത്തിന്ന നന്ദി കാട്ടണം എന്നു പറയേണ്ട ഒരവസരം പോലും ഇല്ലാണ്ടാക്കിയ എളേച്ചന്മാർക്കായി ഈ ഓർമ്മക്കുറിപ്പ് ഇവിടെ ഇറക്കിവയ്ക്കട്ടേ,

പച്ചവെളിച്ചെണ്ണയും, വാഷ് വെൽ സോപ്പും, ലൈഫ്ബോയ്സോപ്പും, വാഴയിലച്ചപ്പും പതച്ച കുളിക്കടവിൻ്റെ ഓർമ്മപ്പടവിൽ കണ്ണീർമുത്തു പൊഴിച്ച് മുങ്ങിനിവർന്ന് വരികയാണ് പുതിയ തലമുറ….. അവർ ഊറ്റം കൊള്ളുന്ന പൈതൃകവഴിയിലെ കൊള്ളരുതായ്മകൾക്കെതിരേ നാവനക്കുന്ന കൂട്ടരായ്..

എൻ.കെ.അജിത്ത് ആനാരി

By ivayana