മിനിക്കഥ : മോഹൻദാസ് എവർഷൈൻ*

രാവിലെ തന്നെ ടി. വി. യുടെ മുന്നിൽ കുത്തിയിരിക്കുന്ന കെട്ടിയോനെ കണ്ടിട്ട് സിസിലിക്ക് കലിവന്നു.
“നിങ്ങളെന്തു കാണാനാ രാവിലെ വായുംപൊളിച്ചു അതിന്റെ മുന്നിൽ ഇരിക്കണത് മനുഷ്യാ?”
നേരം പരപരാന്ന് വെളുക്കണേനു മുന്നെ ഇവളെന്തിനാ എന്റെ മെക്കിട്ട് കേറാൻ വരുന്നതെന്ന് അയാൾക്ക്ഒരു പിടിയും കിട്ടിയില്ല..

അന്ത്യശാസനം പോലെ പറഞ്ഞിട്ട് അടുക്കളയിലോട്ട് പോയ അവളിനി ഏത് അവതാരത്തിലാണോ വരുന്നതെന്നറിയാതെ,അവൾ പോയ മുറിയുടെ ഇരുട്ടിന്റെ ഉള്ളിലോട്ടു അയാൾ മിഴികൾ പായിച്ചു…
അടുക്കളയിൽ നിന്നും തിരിച്ചു വരുന്ന അവളുടെ കൈയിൽ പാല് കറക്കാനുള്ള പാത്രവും,എണ്ണയും കണ്ടപ്പോഴേ അയാളുടെ ഉള്ളൊന്ന് കാളി..
കർത്താവെ ആ കറവക്കാരൻ പാണ്ടി ഇന്ന് വരില്ലെന്നാ തോന്നുന്നത്, അയാൾ ആരോടെന്നില്ലാതെ ദയനീയമായി പറഞ്ഞു.

അവൻ കൂടെ കൂടെ എനിക്കിട്ടൊരു പണി തരുന്നതാണോയെന്ന് അയാൾക്ക് സംശയം ഇല്ലാതില്ല.
അവൻ വരാത്ത ദിവസം പശുവിനെ കറക്കുന്ന ജോലി തന്റെ തലയിൽ വെച്ച് കെട്ടും അവൾ.
ആ പണ്ടാരം പശുവാണേൽ ഞാൻ എണ്ണയെടുത്ത് മുലകാമ്പിലോട്ട് തേയ്ക്കുമ്പോഴേ കാലുകൊണ്ട് ഒറ്റ തൊഴിയാണ്… അതിന്റെ ചാണകവും, മൂത്രവും എല്ലാം കൂടി കുഴഞ്ഞു കിടക്കുന്ന നിലത്ത് മലമലാന്ന് വീണു കിടക്കുമ്പോൾ അവള് നിന്ന് ചിരിയ്ക്കുന്നത് കാണുമ്പം കൊണം വരും…
“നിങ്ങളെ…ആ മരംകുരുത്ത കൈകൊണ്ട് പിടിച്ചപ്പം അതിന് വേദനിച്ചു കാണും അതാ ആ പാവം കാലെടുത്തടിച്ചത്”.

അത് ചിലപ്പോൾ ശരിയായിരിക്കും, അവളോട്‌ അക്കാര്യത്തിൽ തർക്കിക്കാൻ അയാൾ പോകാറില്ല.പോകുന്നത് ശരിയല്ലല്ലോ!.
പശു തന്നെ ചവുട്ടി കൊന്നാലും അവള് പാല് കറപ്പിയ്ക്കാതെ വിടില്ലെന്നുറപ്പാണ്,
അത് കൊണ്ട് മിണ്ടിയിട്ടും കാര്യമില്ല.
വട്ടോളിക്ക് അവളെ ഇഷ്ടക്കുറവൊന്നും ഇല്ല. എന്നാലും അവളുടെ മനുഷ്യപ്പറ്റില്ലാത്ത സ്വഭാവം അയാൾക്ക് ഇഷ്ടമേ അല്ല.
“ദേ നിങ്ങളിരുന്ന് സ്വപ്നം കാണാതെ എഴുന്നേറ്റു വാ മനുഷ്യാ, അണ്ണാച്ചി നാട്ടിൽ പോയിരിക്കയാ മൂന്നാല് ദിവസം കഴിഞ്ഞേ വരൂ..”

ഓ അത് ശരി… അപ്പൊ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. തന്റെ അവസാനം ഈ പശുവിന്റെ ചവിട്ട് കൊണ്ട് തന്നെ!.ഇവളെന്നെ കൊലയ്ക്ക് കൊടുക്കാൻ തയ്യാറായി നില്കയാണല്ലോ കർത്താവെ!.
‘ഈശ്വരോ രക്ഷ ‘അല്ലാതെന്തു പറയാൻ?.
അവള് വെച്ച് നീട്ടിയ പാൽ പാത്രവും, എണ്ണകിണ്ണവും വാങ്ങി അവളുടെ പിന്നാലെ തൊഴുത്തിലേക്ക് നടക്കുമ്പോൾ അയാളുടെ മനസ്സിൽ ആ കറവക്കാരനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.
“അല്ല നിങ്ങളെന്തിനാ പതിവില്ലാതെ നേരം വെളുക്കുമുൻപ് ടി. വി. യും വെച്ചോണ്ടിരുന്നത്?”അഴിഞ്ഞു കിടന്ന മുടി വാരിപിടിച്ചു കെട്ടികൊണ്ട് അവളുടെ ചോദ്യം കേട്ടപ്പോൾ അയാൾ ആലോചിച്ചു.

‘ഇത് പോലെ നാലും, മൂന്നും അറിയാത്ത ഇവളെ സഹിക്കുന്ന എന്നെ സമ്മതിയ്ക്കണം. അതോർത്തിട്ടു ഉള്ളിൽ ചിരി വന്നെങ്കിലും,
അല്പം ഗൗരവത്തോടെ പറഞ്ഞു..
“അതെ ഇന്നല്ലേ ഇലക്ഷൻ റിസൾട്ട്‌ വരുന്നത്? നിനക്കത് വല്ലതും അറിയോ? “വന്നോട്ടെ…അല്ല..റിസൾട്ട്‌ വരുന്നതിന് നിങ്ങളെന്തിനാ ഉറക്കമിളച്ചിരിക്കണത്?”

അവളുടെ ചോദ്യം വട്ടോളിക്കങ്ങു സുഖിച്ചില്ലെങ്കിലും,അങ്ങനെ കടുപ്പിച്ചൊരു മറുപടി പറഞ്ഞാൽ ചിലപ്പോൾ നേരം വെളുക്കുന്നതിന് മുന്നേ അവളുടെ ആട്ട് കിട്ടുമെന്ന് അയാളുടെ മനസ്സ് വിലക്കി.
“എടി ആരൊക്കെ ജയിക്കുന്നു,ആരൊക്കെ തോൽക്കുന്നുവെന്നൊക്ക നമ്മളും അറിയണ്ടേ?”
“പിന്നെ…അറിയണം, അറിയണം, അതെ വോട്ട് ചെയ്യാൻ പോകാതെ ആര് ജയിച്ചാൽ എനിക്കെന്താന്നും പറഞ്ഞു കിടന്നുറങ്ങിയ നിങ്ങളെന്തിനാ അറിയുന്നത്? അതൊക്കെ പൗരബോധമുള്ളവർ നോക്കിക്കോളും “.

അയാൾ ഒന്നും മിണ്ടിയില്ല, ‘അന്നങ്ങനെ ഒരു ഗമയ്ക്ക് തട്ടി വിട്ടതാ’, ആ വടിയെടുത്താ അവൾ അടിയ്ക്കുന്നത്. എന്നാലും ഒരു ബോധവുമില്ലാത്ത ഇവളെങ്ങെനെ പൗരബോധമൊക്കെ പറയുന്നതെന്ന് എത്ര ആലോചിട്ടും പിടികിട്ടാതെ അയാൾ തല ചൊറിഞ്ഞു.
ഇതിനേക്കാൾ ഭേദം പശുവിന്റെ തൊഴി തന്നെയാണെന്ന് അയാൾക്ക് തോന്നി.
അയാൾ രണ്ടും കല്പിച്ചു തൊഴുത്തിലേക്ക് കയറിപ്പോയി….

By ivayana