കഥ : ശരത് മംഗലത്ത്*

കൃത്യമായ ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്ന പടയാളികളെ പോലെ നിര തെറ്റാതെ ചലിക്കുന്ന കറുത്ത ഉറുമ്പുകള്‍. കണ്ണു തുറന്നപ്പോള്‍ എെവറി നിറത്തിലുള്ള മാര്‍ബൊണേറ്റ് വിരിച്ച തറയില്‍ കണ്ട കാഴ്ച്ച അതായിരുന്നു.

കമിഴ്ന്നു കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ എന്നേ പോലെ വിരളമാണെന്ന് തോന്നുന്നു. ഇന്നലെ എപ്പോഴാണുറങ്ങിയത്. നാലു മണിക്കോ ..? അതോ അഞ്ച് കഴിഞ്ഞോ..?
ഉറുമ്പുകള്‍ തലേന്നു കഴിച്ചപ്പോള്‍ താഴെ വീണ ബിസ്ക്കറ്റ് തരികളിലേക്ക് പൊതിഞ്ഞു തുടങ്ങിയിരുന്നു.

ലക്ഷ്യം നേടിയാല്‍ അതു വരെ കാത്തു സൂക്ഷിച്ച മര്യാദയെല്ലാം മറന്നു പോകുന്നവരില്‍ മനുഷ്യര്‍ മാത്രമല്ലല്ലോയെന്നോര്‍ത്തു പോയ്.
നഗരത്തിലെ പ്രശസ്തമായ ആശുപത്രിയുടെ സമീപത്തു തന്നെയുള്ള ഒരു കെട്ടിടത്തിലാണ് എന്റെ താമസം. ജോലി സ്ഥലത്തേക്ക് ഇവിടുന്നധികം ദൂരമില്ല. ആശുപത്രിയിലേക്ക് ഇടക്കിടെ വരുന്ന ആംബുലന്‍സിന്റെ സൈറണും ഉറക്കമില്ലാതെ കടന്നു പോയ തലേ രാത്രിയുടെ ഭാഗമായിരുന്നു. പതിവുള്ളതാണെങ്കിലും ഇന്നലെയത് കുറച്ച് കൂടുതലായിരുന്ന പോലെ തോന്നി.

ഉഷ്ണദിനങ്ങളുടെ കൂടാരത്തിലേക്ക് വിളിക്കാതെ വന്ന അതിഥിയെ പോലെ പെയ്ത വേനല്‍മഴയുടെ അനന്തരഫലം പതിവിലുമേറിയ ചൂടായിരുന്നു. അതോടൊപ്പം മുറിയിലെ ഫാനും പണിമുടക്കിയപ്പോള്‍ ഉറക്കം പിടി തരാത്ത പരല്‍മീനിനെ പോലെ വഴുതി മാറിപോയി.
സത്യത്തില്‍ അതു മാത്രമായിരുന്നോ കാരണം…? നമ്മേ കടന്നു പോകുന്ന നിമിഷങ്ങള്‍ക്ക് വേഗം കൂടുന്നതിനും, കുറയുന്നതിനും ചില കാത്തിരിപ്പുകള്‍ കൂടി കാരണമാകുന്നില്ലേ..?
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ്..!

ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേള സമയത്താണ് പോസ്റ്റുമാന്‍ ഒരു കത്തുമായി വന്നത്. ” വാട്ട്സപ്പിന്റെയും, ഫെയ്സ്ബുക്കിന്റെയും ഈ കാലത്ത് കത്തോ..?” സഹപ്രവര്‍ത്തകരില്‍ ആരോ കളിയായി ചോദിക്കുന്നത് കേട്ടു. പക്ഷെ ഞാന്‍ അത് പ്രതീക്ഷിച്ചിരുന്നത് തന്നെ ആയിരുന്നു .
ശ്രദ്ധാപൂര്‍വ്വം കത്തിന്റെ അതിരുകള്‍ വിടര്‍ത്തി അതിലെ വാചകങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ കൈകള്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു, മനസ്സ് കാലങ്ങള്‍ക്കു മുന്‍പേ പെയ്തു തോര്‍ന്നൊരു മഴയുടെ താളത്തിന് കാതോര്‍ക്കുകയായിരുന്നു.

” ഒരിക്കല്‍ മുടങ്ങിപ്പോയ ആ യാത്ര നമുക്ക് പൂര്‍ത്തിയാക്കേണ്ടേ..? വരുന്ന നാലാം തിയ്യതി നമ്മള്‍ പറഞ്ഞതു പോലെ ഞാന്‍ വരും. നമുക്കൊരുമിച്ച് പോകണം തിരുമണഞ്ചേരിയിലേക്ക്. വരണമാല്ല്യമണിഞ്ഞു നില്‍ക്കുന്ന ശിവപാര്‍വ്വതിമാരേ സാക്ഷിയാക്കി നമുക്കും പരസ്പരം മാല ചാര്‍ത്തണം. ഇനി ഒരിക്കലും തമ്മില്‍ പിരിയാനാവാത്ത വിധം.
ഹൃദ്യമായ കൈപ്പടയില്‍ എഴുതിയ ആ കത്ത് എത്ര തവണ വായിച്ചുവെന്നു തന്നെ ഓര്‍മ്മയില്ല. നാലാം തിയ്യതിയിലെ ഈ പുലരിക്ക് ചാരുതയേറെയാണ്. ഇനിയും കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഞങ്ങള്‍ തമ്മില്‍ കാണും.

നഗരത്തിലെ കെ. എസ്‌. ആര്‍. ടി. സി ബസ്സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ക്കു പോകാനുള്ള ബസ്സ് കൃത്യം 5.58 നു തന്നെ പുറപ്പെട്ടു. അതിനും അരമണിക്കൂര്‍ മുന്‍പേ തന്നെ ഞങ്ങള്‍ തമ്മില്‍ കണ്ടിരുന്നു. റിസര്‍വ്വു ചെയ്തിരുന്ന സീറ്റില്‍ അടുത്തടുത്തായി ഇരിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് കാലം ആ മുടിയിഴകളില്‍ നടത്തിയ കടന്നു കയറ്റത്തേയാണ്. കണ്ണുകളുടെ താഴെ നഷ്ടബോധങ്ങളുടെ ഇരുളിമ വ്യാപിച്ചിട്ടുണ്ട്. ഏറെ മിനുസ്സമുണ്ടായിരുന്ന , ചെറിയ രോമങ്ങള്‍ നിറഞ്ഞിരുന്ന കൈതണ്ടകളുടെ ഭംഗി നഷ്ടമായ പോലെ. കൈപ്പത്തിക്കു മുകളില്‍ പൊള്ളിയതിന്റെ അടയാളം.

ആ ചിരി മാത്രം കഴിഞ്ഞു പോയൊരു വസന്തകാലത്തിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ടു വരുന്നു.
” മുടി മുഴുവന്‍ നരച്ചല്ലോ ”
ഞാനും അതു തന്നെയാണ് മനസ്സിലോര്‍ത്തതെന്നു പറഞ്ഞപ്പോള്‍ ആ ചിരി വീണ്ടുമെനിക്ക് കാണാനായി.

പുറം കാഴ്ച്ചകളെ ഇരുട്ടിന്റെ കരങ്ങള്‍ പുണര്‍ന്നു തുടങ്ങിയിരുന്നു. ബസ്സിന്റെ ജാലകത്തിലെ ഗ്ലാസ്സിന്റെ വിടവിലൂടെ വന്ന തെന്നല്‍ അവളുടെ അളകങ്ങളില്‍ കുസൃതി കാട്ടുന്നുണ്ടായിരുന്നു.
”ഒന്നോര്‍ത്താല്‍ എന്തെല്ലാം അദ്ഭുതങ്ങളാണല്ലേ ജീവിതം നമുക്കായി കരുതി വെച്ചിരിക്കുന്നത്. എന്നോ അകന്നു പോയവര്‍, സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും കണ്ടു മുട്ടിയത്, ഇന്നിപ്പോള്‍ ഇങ്ങനെ യാത്ര ചെയ്യുന്നത്. അല്ലേ..?”
വീണ്ടും ആ ചിരി.

എത്ര വര്‍ഷങ്ങള്‍ക്കു മുന്‍പേ നമ്മള്‍ ആഗ്രഹിച്ചിരുന്നു ഈ യാത്ര. കാലത്തിന്റെ ചുവരില്‍ ഓര്‍മ്മകള്‍ ചിത്രമെഴുതി തുടങ്ങിയ നാള്‍ മുതല്‍ കൂട്ടായിരുന്നവര്‍. മുതിര്‍ന്നപ്പോള്‍ , മനസ്സിലെ ഇഷ്ടങ്ങള്‍ക്ക് നിറഭേദം സംഭവിച്ചപ്പോള്‍ ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷെ ജാതിയും, സമ്പത്തും, തറവാട്ടു മഹിമയും അതിരുകള്‍ തീര്‍ത്തു.
ഒടുവില്‍ അച്ഛന്റെയും, അമ്മയുടേയും ആത്മഹത്യ ഭീഷണിക്കു വഴങ്ങി താലിക്കായി മറ്റൊരാള്‍ക്കു മുന്നില്‍ തല കുനിക്കുമ്പോഴും ഈ കണ്ണുകളില്‍ എന്നെ ശപിക്കരുതേയെന്ന യാചന ആയിരുന്നു.

” എന്റെ കല്ല്യാണം കഴിഞ്ഞിട്ടും മറ്റൊരു കല്ല്യാണത്തേക്കുറിച്ച് ആലോചിക്കാതിരുന്നതെന്താ?”
” ചില ഇഷ്ടങ്ങള്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നിനുമാവില്ലല്ലോ ..”
എന്റെ മനസ്സ് മന്ത്രിക്കുന്നത് അവള്‍ കേട്ടു കാണും.
പത്തു വര്‍ഷം അയാള്‍ക്കൊപ്പം ജീവിച്ചിട്ടും ഒരിക്കല്‍ പോലും മനസ്സറിഞ്ഞൊന്ന് ചിരിച്ചിട്ടില്ല. ക്രൂരമായ ശാരീരിക, മാനസിക പീഢനങ്ങള്‍. കുട്ടികളുണ്ടാവാത്തതിന്റെ പേരിലും, ഇല്ലാത്ത സംശയങ്ങളുടെ പേരിലും. ഒടുവില്‍ ഒരു വാഹനാപകടത്തില്‍ ഈ ലോകത്തു നിന്ന് പോയന്നറിഞ്ഞപ്പോഴും ഒരു തരം നിസ്സംഗത മാത്രമായിരുന്നു മനസ്സില്‍.
ബസ്സ് പാലക്കാട് പിന്നിട്ടിരുന്നു. രാത്രി ഭക്ഷണത്തിനായി എവിടെയാേ നിര്‍ത്തിയപ്പോഴാണ് ഇത്രയും ദൂരം സഞ്ചരിച്ചുവെന്ന് തന്നെ അറിയുന്നത്. അര മണിക്കൂറിനു ശേഷം വീണ്ടും യാത്ര തുടര്‍ന്നു.

വീണ്ടും വീട്ടില്‍ തിരിച്ചെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്കുമൊരു ഭാരമാണെന്ന് മനസ്സിലായി. അര്‍ത്ഥമില്ലാത്ത ജീവിതത്തിന്റെ തനിയാവര്‍ത്തനങ്ങള്‍. ജോലി കിട്ടിയത് ഒരു ആശ്വാസമായിരുന്നു.

അവസാനിക്കുമെന്ന് തോന്നുന്നിടത്താണ് ശരിക്കും ജീവിതം വീണ്ടും തുടങ്ങുന്നത്. നമ്മളത് മനസ്സിലാക്കാത്തതു കൊണ്ടാണ് ചില തിരിച്ചടികളില്‍ വല്ലാതെ വേദനിക്കുന്നത്.
കണ്ണുകളില്‍ ഉറക്കത്തിന്റെ ലാഞ്ജന ചേക്കേറുന്നത് കണ്ടപ്പോള്‍ പതിയെ തോളിലേക്ക് ആ തല ചായ്ച്ചു വെച്ചു. ”കോയമ്പത്തൂര്‍ കഴിഞ്ഞു അടുത്തത് ട്രിച്ചി …അവിടുന്ന് തഞ്ചാവൂരേക്ക് മാറി കേറണം. സമയമുണ്ട് ഉറങ്ങിക്കോളു.” പതിയെ എന്റെ കണ്ണുകളും അടഞ്ഞു.
**
ഏപ്രില്‍ 6
പകല്‍ പത്തു മണി.
ന്യൂസ് ചാനലുകളില്‍ അന്നത്തെ ബ്രേക്കിംഗ് ന്യൂസുകളുടെ കൂട്ടത്തില്‍ ഒരു ഫ്ലാഷ് ന്യൂസ് കൂടി കാണിക്കുന്നുണ്ടായിരുന്നു.
തഞ്ചാവൂർ വാഹനാപകടം മധ്യവയസ്കനും മരിച്ചു.
ഇന്നലെ നടന്ന അപകടത്തിൽ ഒരു സ്ത്രീയും മരിച്ചിരുന്നു.
റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.
മരിച്ചവര്‍ മലയാളികളെന്ന് പോലീസ്.

ശരത് മംഗലത്ത്

By ivayana