കവിത : ജലജ സുനീഷ്*

എത്ര പെട്ടെന്നാണ് ഞാനും –
നിങ്ങളും ഒരു പോലെയായത്.
ദാരിദ്ര്യത്തിന്റെ ഒരേ കഞ്ഞിപ്പാത്രത്തിൽ
വിധിയെ കോരിക്കുടിക്കുന്നവർ.
തെരുവോരങ്ങളിൽ നിങ്ങളെ
ഞാനെന്നിലേക്കു പകർത്തുമ്പോൾ
സമാനതകൾ മാത്രം.
അലക്കിത്തേച്ച അഹങ്കാരങ്ങൾ
പരിഹാസത്തിന്റെ കോടിയ ചിരി
സമ്മാനിക്കാതെ നിസംഗനായ്
നടന്നു നീങ്ങുന്നു.
തുന്നുവിട്ട ഉടുപ്പുകൾ
നിങ്ങളെ കാണാതെ
ചുളുക്കിപ്പിടിച്ചു നടക്കുമ്പോൾ ,
കീറിയ ജീവിതം മറച്ചുപിടിക്കാൻ
നിങ്ങളെന്നിൽ നിന്നും
മുഖം താഴ്ത്തി നടക്കുന്നു.
പണക്കാരനെന്നും, പാമരനെന്നും –
ബ്രാഹ്മണനെന്നും, ശ്രൂദ്രനെന്നും
മതമെന്നും പറഞ്ഞകറ്റിയ
കയ്യുകൾ യാതൊരുപാധികളുമില്ലാതെ
ചേർത്തുപിടിക്കുന്നു.
നേർക്കുനേർ നോക്കുമ്പോൾ
വിനയത്താൽ കൂനിപ്പോയവർ
രണ്ടു കാലിൽ നിവർന്നു നടക്കുന്നു.
എല്ലാം ശാന്തമായ് വീണ്ടും
കണ്ടുമുട്ടുമ്പോൾ ..
നിന്റെ മതമേതെന്ന് ചോദിക്കുന്ന
മനസോളം ഒരു കോവിഡുമിനി
പകരാനിടയില്ല.

ജലജ സുനീഷ്

By ivayana