കവിത : Naren Pulappatta*

നാക്ക് മുറിച്ച് വാക്ക് മരിച്ചകാലം
കനവ് തിന്ന് ആറടിമണ്ണിലൊടുങ്ങിയ
ഉറക്കം
തലതല്ലികരഞ്ഞ് വിശപ്പുചുട്ട പട്ടിണിവയറ്…
ചത്തു മലച്ച കണ്ണിലിപ്പോഴും
കാത്തിരിപ്പിന്‍റെ വെന്ത കണ്ണീര്…
അടഞ്ഞുപോയ മൂക്കിലിപ്പോഴും
വിഷം കലര്‍ന്ന വറ്റാന്‍ മടിച്ച ശ്വാസം
ഇനിയൊരു ജന്മമില്ലന്ന് നിലവിളിക്കുന്ന പ്രണയം…
കടുത്ത നോവിന്‍റെ ഉള്‍പ്പിരിവില്‍
കലങ്ങിപ്പോയ ഹൃദയം
കടം വച്ച കടമകള്‍ മറന്ന കഥകള്‍
എഴുതാത്ത ചരിത്രം ക്ലാവ് പിടിച്ചങ്ങിനെ പിഞ്ഞികീറുമ്പോള്‍
എന്തിനാണ് ജനനമെന്നറിയാത്ത പ്രതീക്ഷകളുടെ പടുമരണങ്ങള്‍…
ഉത്തരത്തില്‍ കൊരുത്തിട്ട കയറിനറ്റത്ത്
ഇപ്പോഴും തൂങ്ങിയാടുന്നുണ്ട്‌ പഴ്കിനാവുകളുടെ പൊള്ളിയ മുഖങ്ങള്‍….
നീയെന്ന സങ്കല്‍പ്പത്തില്‍ ജീവിച്ച് ജീവിച്ച്
ഞാന്‍ കവിത തുന്നിയ ശവകച്ച പുതച്ചുറങ്ങട്ടേ….

By ivayana