കവിത : അശോകൻ പുത്തൂർ *

രാത്രി
സൂര്യനെ അലാറം വെയ്ക്കുംപോലെ.
ചില മണങ്ങൾ അലാറംവെച്ച്
കാറ്റ് ഉറങ്ങാൻ കിടക്കുമ്പോലെ.
സ്വപ്‌നങ്ങൾ അലാറം വെച്ചുതന്നെയാണ്
ജീവിതവും
നാളെയെ ഉറക്കികിടത്തുന്നത്
പുഴ
മഴ അലാറം വെയ്ക്കുംപോലെ
മേഘം
മിന്നൽ അലാറം വെയ്ക്കുമ്പോലെ
കാട്
കിളിയൊച്ചകൾ അലാറം വെയ്ക്കുംപോലെ
അടുപ്പ്
തീ അലാറം വെയ്ക്കുംപോലെ
സങ്കടം
തേങ്ങലുകളെ അലാറം വയ്ക്കുമ്പോലെ.
ചില ജീവിതങ്ങൾ
മരണം അലാറം വെയ്ക്കുംപോലെ.
ഞാൻ എത്ര കാലമാണ്
നിന്റെ ഓർമ്മകളെ അലാറംവെച്ച്
ജീവിതത്തിന് പുറത്തിങ്ങനെ
മഴയും വെയിലുംകൊണ്ട്.

അശോകൻ പുത്തൂർ

By ivayana