കഥ : ശിവൻ മണ്ണയം*

ടീവിയിൽ കുളിസോപ്പിന്റെ പരസ്യം കണ്ടിരിക്കുകയായിരുന്നു ഉണ്ണി .ഒരു ചെറുപ്പക്കാരി കോട്ടൂരിയിട്ട് കാട്ടരുവിയിലേക്ക് ചാടുന്നു. ഹൊ! ഞരമ്പുകൾ വലിഞ്ഞു മുറുകുകാണല്ലോ ഈശ്വരാ!അപ്പോഴാണ് ഭാര്യ ദേവു വേവലാതിയോടെ ഓടിവന്നത്.ഉണ്ണിയേട്ടാ. എന്റെ മുഖത്തേക്കൊന്ന് നോക്കിയേ..ഉണ്ണി അത് കേട്ടില്ല.ഉണ്ണിയേട്ടൻ ശ്രദ്ധിക്കുന്നില്ലേ..?ഉണ്ട്.. നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നെങ്കിൽ കുളിസോപ്പിന്റ പരസ്യം തന്നെ കാണണം. പണ്ട് ഇതൊക്കെ കുളിക്കടവില് ഒളിച്ചിരുന്ന് കാണണമായിരുന്നു.

ഇന്ന് വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് കാണാം.ടെക്നോളജിയുടെ ഒരു വളർച്ചയേ..ഉണ്ണിയേട്ടൻ എന്തോന്നിനെ പറ്റിയാ ഈ പറയുന്നത്?നീ ടീവി പരസ്യത്തെപറ്റിയല്ലേ ചോദിച്ചത്?ടീവി പരസ്യമോ? മണ്ണാങ്കട്ട! എന്റെ മുഖമൊന്ന് ശ്രദ്ധിച്ച് നോക്കാനാ പറഞ്ഞത്.ഇനി നിന്റെ മുഖം ശ്രദ്ധിച്ച് നോക്കിയിട്ടെന്ത് കാര്യം? നിന്നെ പെണ്ണുകാണാൻ വന്നപ്പോൾ ശ്രദ്ധിക്കണമായിരുന്നു. അന്നത് ചെയ്തില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ..എന്നെ വേണ്ടങ്കിൽ അങ്ങ് ഉപേക്ഷിച്ചോ.എനിക്ക് പരാതിയില്ല.ദേവുമുഖം വീർപ്പിച്ചു.അയ്യോ അപ്പോഴേക്കും പിണങ്ങിയോ? ഞാനൊരു തമാശ പറഞ്ഞതല്ലേ?തമാശയൊന്നുമല്ല.. ഉള്ളിലിരിപ്പ് പുറത്ത് വരുന്നതാ..പോ അവിടുന്ന് ..ഒരടി വച്ച് തരും ഞാൻ.. കുറച്ച് കൂടുന്നുണ്ട് കേട്ടോ…. ആ.. എന്തിനാ നിന്റെ മുഖം ശ്രദ്ധിക്കാൻ പറഞ്ഞത്?എനിക്ക് വയസായോ ചേട്ടാ.. ഇന്നൊരുത്തി എന്നെ ആന്റീ എന്ന് വിളിച്ചു.ദേവു സങ്കടപ്പെട്ടു.എയ് നീ ഇപ്പോഴും കൊച്ചു കുഞ്ഞല്ലേ.. എന്റെ ദേവൂട്ടി. ചിലര് അവർക്ക് പ്രായം കുറവാണെന്ന് കാണിക്കാനായി ആന്റീന്നും അങ്കിളേന്നുമൊക്കെ വിളിക്കും.

അത് കാര്യമാക്കണ്ട, നമ്മള് ചെറുപ്പമാണെന്ന് നമുക്കറിയാല്ലോ. ഇന്നാള് നാല്പത് വയസുള്ള ഒരു പെണ്ണുമ്പിള്ള എന്നെ കേറി അങ്കിളേ എന്ന് വിളിച്ചു..ഉവ്വോ..? ഉം.. ഞാൻ വലിയ ഗെറ്റപ്പിലും സെറ്റപ്പിലുമൊക്കെ നില്ക്കുകയായിരുന്നു. അപ്പഴാ ആ നവവൃദ്ധ എന്നെ അങ്കിളേ എന്ന് വിളിച്ചത്. എന്നിട്ട്….?എന്നിട്ട് …. എന്നിട്ട് ഞാനതങ്ങ് ക്ഷമിച്ചു. അങ്കിളേ എന്നല്ലേ വിളിച്ചത് അല്ലാതെ ചീത്തയൊന്നുമല്ലല്ലോ. അതുപോലെ നീയുമതങ്ങ് ക്ഷമി..എനിക്ക് ക്ഷമിക്കാൻ പറ്റില്ല… എനിക്ക് മുപ്പത്തിരണ്ട് ആയതേയുള്ളൂ.പല്ലിന്റെ എണ്ണമാണോ?അല്ല വയസ്. ഞാനിപ്പോഴും ചെറുപ്പമാ.ആ എന്നെ ഒരു ന്യുജനറേഷൻ കാരി ആൻ്റീന്ന് … ആ സമയത്ത് ഒരു വെടി കിട്ടിയിരുന്നേൽ ഞാനവളെ തോക്ക് വച്ച് കൊന്നേനെ..ങേ..?!തോക്ക് കിട്ടിയിരുന്നേൽ ഞാനവളെ വെടിവച്ച് കൊന്നേനെ…. ആവേശം കേറിയപ്പോൾ തെറ്റിപ്പോയതാ.

അല്ലാ ഒരു ഡൗട്ട്.. ഉണ്ണിക്ക് ഒരു സംശയം.എന്താ? ദേവു ചോദിച്ചു.നിനക്ക് 33 വയസായല്ലോ.ആ..എന്നിട്ട് 32 ആണെന്നാണല്ലോ നീയിപ്പോ പറഞ്ഞത് ..പതുക്കെ പറചേട്ടാ.. ഒരു വയസ് കുറച്ചാ ഞാനെല്ലാരോടും പറഞ്ഞിരിക്കുന്നേ..എന്തായാലും കുറച്ചു, പിന്നെ അഞ്ച് വയസ് കുറച്ചൂടാരുന്നോ?വിശ്വസിക്കൂല..പക്ഷേ നിന്നെ കണ്ടാ 25 വയസേ തോന്നിക്കൂ ..അതു കേട്ടപ്പോ ദേവുവിന് സന്തോഷമായി. അവൾ പറഞ്ഞു:അത് എനിക്കും അറിയാം. പക്ഷേ അവളുടെ ആന്റീ എന്നുള്ള വിളി കേട്ടപ്പോ എന്റ സകല ആത്മവിശ്വാസോം പോയി .. ഇനി ഒരുത്തിയും ആന്റീ എന്ന് വിളിക്കരുത്. അതിനൊരു മാർഗ്ഗമുണ്ട്.എന്താ നീ കേസു കൊടുക്കാൻ പോവുകയാണോ?

അല്ലാ.. പ്രായത്തെ പിടിച്ചു നിർത്താൻ പോവുകയാ.എങ്ങനെ ..ഡയറ്റിങ്ങും എക്സർസൈസും .. അപ്പോ എക്സർസൈസ് ചെയ്താൽ ഒരിക്കലും വയസാവില്ലേ?ഇല്ല. മമ്മൂട്ടിക്ക് ഉണ്ണിയേട്ടന്റെ ഇരട്ടി പ്രായമുണ്ട്. പക്ഷേ കണ്ടാൽ ചേട്ടന്റെ അനിയനാണന്നല്ലേ പറയൂ. അതാ വ്യായാമത്തിന്റെ ഗുണം. അറുപതിലും ചെറുപ്പമായിരിക്കും..ശരി, നീ നാളെ മുതൽ വ്യായാമം ചെയ്തോ. നീ എന്നും ചെറുപ്പമായിട്ടിരിക്കുന്നതാ എനിക്കുമിഷ്ടം…അപ്പോ ഉണ്ണിയേട്ടനോ?എന്റെ കുടുംബത്തിലാരും ഇതുവരെ വ്യായാമം ചെയ്തിട്ടില്ല. ഇനി ഞാനായിട്ട് അത് ചെയ്താൽ പിതൃക്കൾക്ക് ഇഷ്ടാവില്ല.ചേട്ടന്റെ വയറ് ചാടിത്തുടങ്ങി. ഇനിയും വ്യായാമം ചെയ്ത് തുടങ്ങിയില്ലെങ്കിൽ കൊച്ചു പിള്ളാർ അപ്പുപ്പാ എന്ന് വിളിച്ചുതുടങ്ങും.. നാളെ രാവിലെ മുതൽ ഉണ്ണിയേട്ടനും എന്റെയൊപ്പം ഓടാൻ വരണം. ഞാൻ വരൂല്ല….വന്നില്ലെങ്കിൽ എൻ്റെ തനിക്കൊണം ഉണ്ണിയേട്ടൻ കാണും.കുടുംബക്ഷേത്രത്തിലേക്ക് നോക്കി ഉണ്ണി അലറി:ചതിച്ചല്ലോ എന്റെ പരദൈവങ്ങളേ..!!

രാവിലെ ഭാര്യയോടൊപ്പം കാട്ടിലൂടെയും തോട്ടിലൂടെയും ഓടി ക്ഷീണിച്ച് തളർന്നതിനാൽ തിരികെവന്നയുടനെ ഉണ്ണി കിടന്ന് ഉറങ്ങിപ്പോയി. അപ്പോഴുണ്ട് ഭാര്യ ചാടിത്തുള്ളി വരുന്നു.ങ്ങേ.. ജോഗിങ്ങ് കഴിഞ്ഞ് വന്നിട്ട് കിടന്നുറങ്ങുന്നോ? ഇങ്ങനെ ചെയ്താൽ ഓടിയത് വെറുതെയാകില്ലേ? എഴുന്നേല്ക്ക് ഈ ഓറഞ്ച് ജ്യൂസ് കുടിക്ക്, ഓടിയ ക്ഷീണം മാറട്ടെ.ഞെട്ടിയുണർന്ന ഉണ്ണി തുടർച്ചയായി മൂന്ന് കോട്ടുവാ ഇട്ട ശേഷം പറഞ്ഞു:സത്യത്തിൽ ഈ ഓടുന്നതൊക്കെ വെറുതെയാ ..ഉം.. അതെന്താ? ഓടിയാലും വയസാകും ഓടിയില്ലെങ്കിലും വയസാകും. അപ്പോ ഓടാതെ വയസാകുന്നതല്ലേ നല്ലത്. ഉണ്ണി ഒരു തത്വജ്ഞാനം വിളമ്പി.ഏയ് അങ്ങനെയല്ല..സ്ഥിരം വ്യായാമം ചെയ്താൽ പ്രായത്തെ പിടിച്ചു നിർത്താം.. സൗന്ദര്യം വർദ്ധിപ്പിക്കാം..

മുപ്പത് വയസ് കഴിഞ്ഞാൽ പ്രായം സൂപ്പർ ഫാസ്റ്റിന്റെ വേഗത്തിൽ ഓടും.വ്യായാമമില്ലാത്തവർ നാല്പത് വയസാകുമ്പോഴേക്കും പടു കിഴവൻ മാരാകും.വനിതാ മാസികകള് വായിക്കരുതെന്ന് പലതവണ നിന്നോട് പറഞ്ഞിട്ടുള്ളതാ.. അതില് പലതും വരും. വിശ്വസിക്കരുത്..എനിക്ക് ആൻറ്റി എന്നുള്ള വിളി കേൾക്കാൻ വയ്യ.എനിക്കെന്റെ ആരോഗ്യം ശ്രദ്ധിച്ചേ പറ്റൂ.നീ നിന്റെ ആരോഗ്യം ശ്രദ്ധിച്ചോ. എന്നെ വെറുതെ വിട്.. ഉണ്ണി അപേക്ഷിച്ചു.ഒരു കിളവന്റെ ചെറുപ്പക്കാരിയായ ഭാര്യയായി ജീവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.. ഉണ്ണിയേട്ടനും ചെറുപ്പമായിരുന്നേ പറ്റൂ.

എന്റെ പൊക കണ്ടേ നീ അടങ്ങൂ അല്ലേ..?ഞാനെന്ത് ചെയ്താലും അത് ചേട്ടന്റെ നന്മക്ക് വേണ്ടിയായിരിക്കും..ഓ..ഞാനിപ്പോ ഓറഞ്ച് ജ്യൂസ് തന്നത് എന്തിനാന്നറിയോ?ഇല്ല.ചേട്ടന്റ സൗന്ദര്യം കൂട്ടാനാ. സ്ഥിരം ഓറഞ്ച് ജ്യൂസ് കുടിച്ചാ സ്കിന്നൊക്കെ പളപളാന്ന് തിളങ്ങും..ഓഹോ..വൈകിട്ട് ചേട്ടന് ബീറ്റ്റൂട്ട് ജ്യൂസാ തരാൻ പോകുന്നത് ..അതെന്തിന്?ചേട്ടന്റ ശരീരത്ത് മെലാനിൻ നിറയാൻ.. നല്ലതുപോലെ നിറം വയ്ക്കും..ഹായ്.. അത് കൊള്ളാം.എല്ലാം ചേട്ടന്റെ നന്മക്ക് വേണ്ടിയാ..നീ നന്മമരമാണ് ദേവൂ ..രണ്ട് മാസം ഒന്ന് കഴിഞ്ഞോട്ടെ, നമ്മള് നടന്നു പോകുമ്പോ ആൾക്കാർ പറയും, ദാ അരവിന്ദ് സ്വാമിയും ഐശ്വര്യ റായിയും പോണെന്ന്..ആരാണ് അരവിന്ദ് സ്വാമി ..?ഉണ്ണിയേട്ടൻ ..ഞാൻ കളിക്കണില്ല..

എനിക്ക് അരവിന്ദ സ്വാമിയാകണ്ട.. എനിക്ക് സൽമാൻ ഖാനായാമതി…സൽമാൻ ഖാനാവണമെങ്കിൽ ദിവസോം ആറ് മണിക്കൂർ വർക്കൗട്ട് ചെയ്യണം. ദിവസോം രണ്ടായിരം പുഷപ്പും എടുക്കണം..അതു കേട്ട് നടുങ്ങിയ ഉണ്ണി പറഞ്ഞു:അയ്യോ എനിക്ക് സൽമാൻ ഖാനാവണ്ടേ.. എനിക്ക് അരവിന്ദ് സ്വാമി ആയാ മതി.വാ പ്രാതല് കഴിക്കാം. ചപ്പാത്തിയാ .. അയ്യേ ചപ്പാത്തിയോ? ഇതെന്താ ജയിലോ? എനിക്ക് ഗോതമ്പ് ഇഷ്ടമില്ലെന്നറിഞ്ഞുടേ .. ഉണ്ണി പരിഭവിച്ചു.ഹരിയാനയും പഞ്ചാബും ഗുസ്തിക്കാരുടെ നാടായതെങ്ങനാ..?എങ്ങനാ..?അവിടെയുള്ളവർ സ്ഥിരം ഗോതമ്പ് കഴിക്കുന്നത് കൊണ്ടാ. ഗോതമ്പ് കഴിച്ചാ നല്ല ആരോഗ്യം കിട്ടും, ഗോതമ്പിന്റെ നെറോം കിട്ടും.. ദേവു വിശദീകരിച്ചു.

ഇവള് ഗോതമ്പു തിന്ന് ഇനി വല്ല ഗുസ്തിക്കാരിയോ മറ്റോ ആയാൽ തൻ്റെ കാര്യം കട്ടപ്പൊകയാകുമല്ലോ എന്ന വേവലാതിയോടെ ആഹാരം കഴിക്കാനിരുന്നപ്പോൾ, പാത്രത്തിൽ വെറും രണ്ട് ചപ്പാത്തി മാത്രം കണ്ട ഉണ്ണിയുടെ ഹൃദയം തേങ്ങിപ്പോയി.എന്താണിത്.. ഇത് രണ്ടണ്ണമേ ഉള്ളോ? അതും പ്ളാവിലത്തൊലിപോലത്തെ ചപ്പാത്തി .. ഞാൻ വിശന്ന് മരിക്കുമല്ലോ..ആഹാരം മിതമായി കഴിച്ചാ മരുന്നും അമിതമായി കഴിച്ചാവിഷവുമാണ് ..ഹൊ! ഈ വനിതാ മാസികക്കാര് എന്നെ കൊല്ലിക്കും..ഉണ്ണി തീൻമേശയിൽ കിടന്ന വനിതാ മാസിക എടുത്ത് ചന്നം പിന്നം കടിച്ചുകീറി.

ദേവു ജോഗിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കൂട്ടുകാരി ലത കാത്തിരിക്കുന്നു.ലത ചോദിച്ചു: ഉണ്ണി എവിടെ?കുറച്ച് ദൂരം എന്നോടൊപ്പം ഉണ്ടായിരുന്നു.പിന്നെ കാണാതായി.. ദേവു പറഞ്ഞുദേവുവിനെ അടിമുടി നോക്കിക്കൊണ്ട് ലത പറഞ്ഞു:ദേവു കുറച്ച് മെലിഞ്ഞിട്ടുണ്ട് കേട്ടോ..എട്ട് കിലോ കുറഞ്ഞു..

ഇപ്പോ എന്നെ കാണാൻ എങ്ങനുണ്ട്?സൂപ്പർ..ഓരോരോ പ്രാന്തുകള്.. രാവിലെ എണീറ്റ് പറമ്പില് കെളച്ചാ മതി തടിയൊക്കെ കുറയും.. ഇത്, പട്ടിയെ പോലെ നാടു മുഴുവൻ കെടന്ന് ഓടണ്, ആൾക്കാരെ കൊണ്ട് പറയിക്കാൻ. പെണ്ടാട്ടീര താളത്തിനൊത്ത് തുള്ളാൻ ഒരു കോന്തൻ മാപ്പളേം ..അപ്പോ അവിടേക്ക് വന്ന ഉണ്ണിയുടെ അമ്മ പിറുപിറുത്തു.ദേവു ലതയോട് പറഞ്ഞു:അമ്മക്ക് അസുയയാണ് ..ഉണ്ണിക്ക് നല്ല നെറം വച്ച് സുന്ദരക്കുട്ടപ്പനായെന്ന് കേട്ടല്ലോ.എന്താടി അതിന്റെ രഹസ്യം.. ലത ചോദിച്ചു.ഞാൻ ഉണ്ണിയേട്ടന് ഓറഞ്ച് ജ്യൂസും ക്യാരറ്റ് ജ്യൂസും ബിറ്റ്റൂട്ട് ജ്യുസും കുങ്കുമ പൂ ഇട്ട പാലും ഒക്കെ കൊടുക്കും.പിന്നെ ഡയറ്റിങ്ങും എക്സർസൈസുമൊക്കെയുണ്ട്..

ഉണ്ണിയുടെ അമ്മ ലത പറഞ്ഞത് ശരി വച്ചു കൊണ്ട് പറഞ്ഞു: തന്ന .ചെറുക്കൻ ഇപ്പോ നല്ലവണ്ണം ഒന്ന് വെളുത്ത് സുന്ദരനായി. വയറും കൊറഞ്ഞ്. പക്ഷേ ദേവൂ നീ കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കണ പരിപാടിയാണ് ചെയ്യണ.. സൂക്ഷിച്ചാ നെനക്ക് കൊള്ളാം..അതെന്താ അമ്മ അങ്ങനെ പറഞ്ഞത് ..? ലത നെറ്റി ചുളിച്ചു.അമ്മ വിശദീകരിച്ചു: അയല് വക്കത്ത ആ ജാസ്മിനും മീരയുമൊക്ക ഇപ്പ ഉണ്ണീര അടുത്ത് തന്ന.. എപ്പഴും കളീം ചിരീം .. കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും, ദേവൂ, കാക്കച്ചി കൊത്തി പോകും.. സൂക്ഷിച്ചോ..ദേവു അമ്മയുടെ വാക്കുകൾ ചിരിച്ചു തള്ളി.അപ്പാൾ ദേവുവിൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു.

ഉണ്ണിയുടെ ബന്ധുവായ അരുണായിരുന്നു വിളിച്ചത്.ഉണ്ണിയും രണ്ട് പെണ്ണുങ്ങളും കൂടി പുഴക്കരയിലൂടെ ഓടിപ്പോകുന്നത് കണ്ടു എന്നവിവരമാണ് അവന് പറയാനുണ്ടായിരുന്നത്.തന്നോടൊപ്പം ജോഗിങ്ങിന് വന്ന ഭർത്താവ് ,താൻ വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു എന്ന വാർത്തയറിഞ്ഞു ദേവു വാ പൊളിച്ച് ഇരുന്നു പോയി.എന്താ ദേവൂ .. ലത ചോദിച്ചുഉണ്ണിയേട്ടനും രണ്ട് പെണ്ണുങ്ങളും കൂടി പുഴക്കരയിലൂടെ ഓടുന്നെന്ന് ..രണ്ട് പെണ്ണുങ്ങള്.. അത് ജാസ്മിനും മീരയുമായിരിക്കും. നിന്റെ കൂടെ ഓടിയവൻ ഇപ്പോ അവരട കൂടയായി ഓട്ടം. ഇനിയവൻ ഓടിയോടിയങ്ങ് പോവും. പുഴ കഴിഞ്ഞാ പിന്നെ കാട്.. കാട്ടിലോട്ടായിരിക്കും അവര് പോയത്.. എൻ്റെ ശിവനേ.. ചെറുക്കന ജീവനോടെ തിരിച്ച് കിട്ടിയാ മതിയാരുന്ന്..

മാപ്പളയെ വലിയ സുന്ദരനാക്കാൻ നടന്നിട്ട് ഇപ്പോ എന്തരായി? അനുഭവിച്ചോ .. അമ്മ ചവിട്ടിക്കുലുക്കി അകത്തേക്ക് പോയി.ലതേ.. ഇനി എന്താ ചെയ്യുക? ദേവു കരയും പോലായി.ലത പറഞ്ഞു: ദേവൂ ഭർത്താവിന് അല്പം സൗന്ദര്യം കുറഞ്ഞിരിക്കുന്നതാ നല്ലത്. വേറെ പെണ്ണുങ്ങൾ അടിച്ചു കൊണ്ടു പോകുമെന്ന് പേടിക്കണ്ടല്ലോ.. ഈ ജോഗിങ്ങും ഡയറ്റിംഗും ഒക്കെ നിർത്ത്. ഇനി ഉണ്ണിയുടെ കുടവയറ് വർദ്ധിപ്പിക്കാൻ ഉള്ള ശ്രമങ്ങളാണ് നിൻ്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടത് ..ഇതോടെ നിർത്തും ഉണ്ണിയേട്ടന്റെ ഓട്ടോം ചാട്ടോം.

ഓറഞ്ച് ജ്യൂസും കൊടുക്കൂല കുങ്കുമപ്പൂവിട്ട പാലും കൊടുക്കുല .. നോക്കിക്കോ..ലത അഭിനന്ദിച്ചു:അതാണ് നെനക്ക് നല്ല .. ഇപ്പഴങ്കിലും നെനക്ക് സൽബുദ്ധി തോന്നിയല്ലാ.. നല്ലത്..ദേവു അടുത്ത് കിടന്ന വനിതാ മാസിക പന്ത്രണ്ട് കഷണമായി വലിച്ചു കീറി ആകാശത്തേക്ക് പറത്തി.

ശിവൻ മണ്ണയം

By ivayana