കഥ : സുനു വിജയൻ*

എന്റെ ഗ്രാമത്തിൽ നിന്നും അഞ്ചു മൈൽ ദൂരെയാണ് പട്ടണം .പട്ടണം എന്നു പറഞ്ഞാൽ തിക്കും ,തിരക്കും ,പൊടിയും ,പുകയും ,മാലിന്യകൂമ്പാരങ്ങളും ,ട്രാഫിക് ബ്ലോക്കും ,ചന്തയും ,തട്ടിപ്പു വീരന്മാരും ഒക്കെയുള്ള കേരളത്തിലെ ഏതൊരു പട്ടണത്തേയും പോലെയുള്ള ഒരു പട്ടണം .
എന്റെ ഗ്രാമത്തിൽ നിന്നും റോസ് എന്നു പേരുള്ള നീല പെയിന്റടിച്ച ഒരേ ഒരു ബസ്സാണ് പട്ടണത്തിലേക്കുള്ളത് .

രാവിലെ എട്ടു മണിക്ക് പാലായിൽ നിന്നും രഘുവിന്റെ ചായക്കടക്ക് മുന്നിൽ ബസ് എത്തും .ഇപ്പോഴും വിറകടുപ്പിൽ സോമവർ വച്ചു ചായയും ,അപ്പുറത്തെ അടുപ്പിൽ ദോശയും ഉണ്ടാക്കുന്ന ,പുകമണമുള്ള,വിറകടുപ്പിലെ പുകയടിച്ചു കരിഞ്ഞു ,പുകഞ്ഞ പട്ടികയും ,കഴുക്കോലും ഉള്ള ,നിറം മങ്ങിയ ചുമരുകളും ,കടയിലെ ഇരുളിൽ തൂങ്ങിയാടുന്ന ഞാലിപ്പൂവൻ പഴക്കുലകളുള്ള ഗ്രാമത്തിലെ ഒരേയൊരു ചായക്കടയുടെ മുന്നിൽ നിന്നും ബസ് കയറി ..

ഗ്രാമത്തിലെ പൊട്ടിപൊളിഞ്ഞ നാട്ടു വഴികളിലൂടെ ബസ് അഞ്ചു മൈൽ സഞ്ചരിച്ചു പട്ടണത്തിൽ എത്തുമ്പോൾ എട്ടേ മുക്കാൽ കഴിയും
ബസ്സിറങ്ങി മീൻ മാർക്കറ്റും ,സെയിന്റ് മേരീസ് സ്കൂളും ,മാതാവിന്റെ ഗ്രോട്ടോയും കഴിഞ്ഞു അൽപ്പം കൂടി മുന്നോട്ടു നടന്നാൽ പ്രതീക്ഷാലയം ആയി
.വലിയ മതില്കെട്ടുകളും ,കടും നീല നിറമുള്ള പെയിന്റടിച്ച, വളരെ അടുത്ത അഴികൾ ഉള്ള ഇരുമ്പുഗേറ്റും ഉള്ള പ്രതീക്ഷാലയത്തിന്റെ ചരൽ വിരിച്ച വിശാലമായ മുറ്റം നിറയെ വെളുത്ത ബൊഗൈൻ വില്ല പൂക്കളാണ് .

വെളുപ്പു എന്നു പറഞ്ഞാൽ ഒരുതരം നരച്ച വെളുപ്പ് ..മണമില്ലാത്ത ഈ നരച്ച വെളുത്ത പൂക്കൾ പ്രതീക്ഷാലയത്തിന്റെ മുറ്റത്തു എപ്പോഴും നിറയെ ഉണ്ടാവും .വീട്ടുകാർ ഉപേക്ഷിക്കുന്ന വൃദ്ധരെ പാർപ്പിക്കാൻ ഒരു ക്രിസ്തീയ സന്യാസിനി സമൂഹം നടത്തുന്ന ശരണാലയമാണ് പ്രതീക്ഷാലയം ..
ഞാൻ പറഞ്ഞല്ലോ പ്രതീക്ഷലയത്തിനു മുന്നിൽ മാതാവിന്റെ ഗ്രോട്ടോ ഉണ്ടെന്ന് ..അവിടെ നിറയെ ചുവന്ന പനിനീർ പൂക്കളാണ് നട്ടു പിടിപ്പിച്ചിരിക്കുന്നത് ..മണമുള്ള ,മാര്ദവമുള്ള പൂക്കൾ ..

പ്രതീക്ഷാലയം കഴിഞ്ഞാൽ പിന്നെ ശവക്കോട്ടയാണ് ..വലിയ കവാടമുള്ള ശവക്കോട്ട ശവക്കോട്ടയുടെ വശങ്ങളിൽ വലിയ വാകമരങ്ങൾ നിരന്നു നിൽക്കുന്നു …ആരായിരിക്കാം ഈ മരങ്ങൾ ഇത്രയധികം നിരനിരയായി ഇവിടെ നട്ടു പിടിപ്പിച്ചത് ,അതോ ഈ വാകമരങ്ങൾ നിറഞ്ഞ സ്ഥലത്ത് ശവക്കോട്ട പണിതതാകുമോ ..ഞാൻ എന്നോട് മിക്കവാറും ചോദിക്കുന്ന ഒരു ചോദ്യമാണിത്‌ ..

ശവക്കോട്ട കഴിഞ്ഞു അൽപ്പം മുന്നോട്ടു പോയാൽ വലിയ കുരിശുപള്ളി ..അതു കഴിഞ്ഞു അൽപ്പം മുന്നോട്ടു നടന്നാൽ റോഡ് തമ്പലക്കാട്ട് റോഡിൽ ചെന്നു കേറും അവിടെ ഒരു മൃഗാശുപത്രിയുണ്ട് .. അതിനപ്പുറമാണ് ഞാൻ ജോലിചെയ്യുന്ന വില്ലേജ് ഓഫീസ് ..ഈ പട്ടണത്തിലേക്കു എനിക്കു സ്ഥലം മാറ്റം കിട്ടി വന്നിട്ട് രണ്ടുമാസം ആകുന്നതേയുള്ളൂ ..നേരത്തെ അങ്ങ് കോഴിക്കോടായിരുന്നു ഇതിപ്പോൾ വീടിനു അടുത്തുള്ള പട്ടണത്തിൽ തന്നെ സ്ഥലം മാറ്റം കിട്ടിയത് വലിയൊരനുഗ്രഹമായി ..

എട്ടരയുടെ റോസ് എന്ന പേരുള്ള നീല ബസിൽ കയറി ഞാൻ ഓഫീസിൽ എത്തുമ്പോൾ മണി പത്തിനോടടുക്കും .
രാവിലെ നടന്നു പ്രതീക്ഷാലയത്തിനു മുന്നിൽ എത്തുമ്പോൾ മിക്കവാറും ഒരമ്മ ഇരുമ്പു ഗേറ്റിന്റെ അഴികളിൽ പിടിച്ചു കൊണ്ട് വഴിയിലേക്ക് കണ്ണും നട്ട് നിക്കുന്നുണ്ടാകും .വെളുത്തു മെലിഞ്ഞ, കണ്ണിൽ നിറയെ പ്രതീക്ഷ നിറച്ച ,അറുപതു കഴിഞ്ഞ ,പൊക്കം കുറഞ്ഞ ഒരമ്മ ..ഞാൻ കടന്നു പോകുമ്പോൾ എന്നെ നോക്കി ആ അമ്മ സങ്കടത്തോടെ ചിരിക്കും ..ശരീരത്തിന് തീരെ യോജിക്കാത്ത വലിയ നൈറ്റി അണിഞ്ഞാണ് അവർ നിൽക്കുക ..ഇളം നീല നൈറ്റി .അതു പ്രതീക്ഷയയത്തിലെ യൂണിഫോം ആണ് ..

ഞാനും ആ അമ്മയെ കാണുമ്പോൾ ചിരിക്കും ..
ഒരു ദിവസം ഞാൻ നടന്നു പോകുമ്പോൾ ആ അമ്മ എന്നെ മാടി ഗേറ്റിന്റെ അരികിലേക്ക് വിളിച്ചു ..അടുത്തു ചെന്ന എന്നോട് ഗേറ്റിന്റെ അഴികളിൽ പിടിച്ചുകൊണ്ട് ചോദിച്ചു
“മോന് ദിനേശനെ അറിയാമോ “
“മണിമല ടൗണിൽ സിമന്റു കട നടത്തുന്ന ,വെള്ള അംബാസിഡർ കാർഉള്ള ദിനേശനെ “..
“അവൻ എന്റെ മോനാ ..അവനും ,ഭാര്യയും ,പിള്ളേരും ഡൽഹിക്കു താജ്മഹൽ കാണാൻ ടൂറു പോയപ്പോൾ എന്നെ ഒരാഴ്ചത്തേക്ക് ഇവിടെ ആക്കിയിട്ടു പോയതാ ..ഇപ്പോൾ മാസം രണ്ടു കഴിഞ്ഞെന്നാ തോന്നുന്നേ …

ഇതുവരെ അവൻ എന്നെ കൊണ്ടുപോകാൻ വന്നില്ല …എന്താണോ എന്തോ ..അവനെയും ,അവളെയും ,കുഞ്ഞുങ്ങളെയും കാണാൻ കൊതിയായിട്ടു വയ്യ ..ഞാൻ അവനെ കാത്തിരുന്നു മടുത്തു …
ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ..
കല്യാണിയമ്മേ എന്താ അവിടെ?? …ഗേറ്റിൽ പോയി നിൽക്കരുത് എന്നു പലതവണ പറഞ്ഞിട്ടുള്ളതല്ലേ ..എത്ര പറഞ്ഞാലും കേൾക്കില്ല ..
കറുത്ത ശിരോ വസ്ത്രം അണിഞ്ഞ കന്യാസ്ത്രീ ഗേറ്റിനു അടുത്തേക്ക് വരും മുൻപ് ഞാൻ നടന്നകന്നു ..

പാവം അമ്മ ..അവരെ പറഞ്ഞു പറ്റിച്ചു മകൻ ശരണാലയത്തിൽ ആക്കിയിട്ടു പോയതാണ് ..സിമന്റ് കടയും കാറും ഒക്കെയുള്ള അയാൾ എന്തിനു ഈ അമ്മയെ ഉപേക്ഷിച്ചു …ദുഷ്ടൻ …
ഞൻ ജോലികഴിഞ്ഞു എന്നും വൈകിട്ട് ആറുമണിയുടെ ബസിൽ വീട്ടിലെത്തുന്നതും കാത്തിരിക്കുന്ന എന്റെ അമ്മയെ ഞാൻ ഓർത്തു .കണ്ണിൽ മിഴിനീരണിഞ്ഞു …
പിന്നീടെന്നും ഞാൻപ്രതീക്ഷാലയത്തിനു മുന്നിൽ കൂടി പോകുമ്പോൾ മിക്കവാറും വഴിയിലേക്ക് കണ്ണും നട്ട് നിൽക്കുന്ന കല്യാണിയമ്മയെ കാണും ..സങ്കടം കാരണം ഗേറ്റിന്റെ അടുത്തേക്ക് ഞാൻ പോകാറില്ല ..ആ അമ്മ മകനെ ക്കുറിച്ച് എന്തെങ്കിലും ചോദിച്ചാലോ ..

കഴിഞ്ഞ ഒരാഴ്ചയായി ഞാൻ അതുവഴി കടന്നു പോകുമ്പോൾ ആ അമ്മയെ മുറ്റത്തോ ഗേറ്റിനു അരികിലോ കാണാറേയില്ല .ഭാഗ്യം ..മകൻ മാനസാന്തരം വന്ന് അമ്മയെ കൂട്ടികൊണ്ട് പോയിക്കാണും ..എനിക്കു സന്തോഷം തോന്നി ..ഇന്നലെ കാലത്ത് അതു വഴി വരുമ്പോൾ മറ്റൊരു അമ്മ വഴിക്കണ്ണുമായി ഗേറ്റിനു സമീപം നിൽക്കുന്നു ..
അവരോടു കല്യാണിയമ്മയുടെ കാര്യം ഒന്നു ചോദിക്കാം ..
ഞാൻ അടുത്തു ചെന്ന് ആ അമ്മയോട് ചോദിച്ചു .”അമ്മേ ഇവിടെ ഒരു കല്യാണിയമ്മ ഇല്ലായിരുന്നോ ..”

എന്റെ ചോദ്യം മുഴുവനാകും മുൻപ് അവർ പറഞ്ഞു ..
“ഓ അവര് കഴിഞ്ഞയാഴ്ച മരിച്ചു പോയി ..മോനെ കാത്തു കാത്തിരുന്നു മരിച്ചു ..പാവം “..
അതിരിക്കട്ടെ .മോന്റെ വീടെവിടെയാ ..മോന് ആനക്കല്ലിൽ ചെരുപ്പുകടയുള്ള തോമസിനെ അറിയാവോ ..എനിക്കു കാലിനു വാതം ആയതുകൊണ്ട് കഴിഞ്ഞ ആഴ്ചയിൽ എന്നെ ഇവിടെ ആക്കിയിട്ടു അവരെല്ലാം വേളാങ്കണ്ണിക്ക്‌ പോയതാ ..അവനിതുവരെയും ഇങ്ങോട്ടു വന്നില്ല ..

ഞാൻ എന്റെ നിറഞ്ഞ കണ്ണുകൾ ആ അമ്മ കാണാതെ വേഗം വില്ലജ് ഓഫീസിലേക്ക് നടന്നു

By ivayana