കഥ : സുനു വിജയൻ *

പുറത്ത് മഴ ശക്തിയോടെ പെയ്യുന്നു ..ജെയിംസ് ജനാല ഒരൽപ്പം തുറക്കാൻ ശ്രമിച്ചു ..സാധിക്കുന്നില്ല ..ജനാല പുറത്തുനിന്നു നീളമുള്ള പട്ടിക കഷ്ണം കൊണ്ട് ഇരുപാളികളിലും അണിവച്ചു തുറക്കാനാവാത്ത വിധം അടച്ചത് തൻ തന്നെയാണെന്ന കാര്യം അയാൾ പെട്ടെന്ന് ഓർത്തു .രണ്ടു ദിവസമായി മഴ നിർത്താതെ പെയ്യുന്നു ..

മഴപ്പെയ്ത്തിന്റെ കുളിര് മുകളിലെ എയർ ഹോളിലൂടെ മുറിയിലേക്ക് കടക്കുന്നുണ്ട് ..കാറ്റ് ശക്തമായി വീശുമ്പോൾ മഴത്തുള്ളികളിൽ ചിലതു മുറിയിലേക്ക് ചിതറി വീഴുന്നു ..പെയിന്റ് മങ്ങിയ നരച്ച ഭിത്തിയിൽ തൂക്കിയിട്ടിട്ടിരിക്കുന്ന വ്യാകുലമാതാവിന്റെ പഴയ ഫോട്ടോയിലേക്കും ഇടയ്ക്കു വെള്ളത്തുള്ളികൾ തെറിക്കുന്നു .മാതാവ് കരയുന്ന പ്രതീതി മഴത്തുള്ളികൾ ആ ചിത്രത്തിന് നൽകിയത് ജെയിംസ് ശ്രദ്ധിക്കാതിരുന്നില്ല .

സമയം വൈകിട്ട് ആറര ആയതേയുളൂ ..പള്ളിയിൽ സന്ത്യാമണി മുഴങ്ങുന്നു ..പുറത്തു പെയ്യുന്ന മഴ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ …… …ജീവിതത്തിൽ ആദ്യമായി ജെയിംസ് മഴ പെയ്യുന്നത് കാണാൻ കൊതിച്ചു ..ജനാലക്കപ്പുറം വെളുത്ത നന്ത്യാർവട്ട പൂക്കൾ പൂത്തു നിൽക്കുന്നുണ്ട് ..അതിനുമപ്പുറം ചുവന്ന രാജമല്ലി ചെടികൾ . തൊടിയിലെ മാവും ,പ്ലാവും സപ്പോട്ടയും ,ജാതിയും ,റംബുട്ടാനുമൊക്കെ ഈ ഇടവപ്പാതിയിൽ നനഞു കുളിച്ചു നിൽക്കുന്ന കാഴ്ച അയാൾ മനസ്സിൽ കണ്ടു …മതില്കെട്ടിനപ്പുറം ഉയർന്നു നിൽക്കുന്ന കുരിശുപള്ളിയുടെ മുത്തുക്കുടകൾ ..അയാൾ മനോമുകുരത്തിൽ ഓരോന്നു സങ്കൽപ്പിച്ചു നെടുവീർപ്പിട്ടു ..

ഈ മുറിയിൽ ഒറ്റപ്പെട്ടു പുറത്തിറങ്ങാതെ ഇന്ന് മൂന്നു ദിവസങ്ങൾ ..പുലർകാഴ്ചകൾ കാണാതെ ,മണൽ വിരിച്ച മുറ്റവും ,മുറ്റത്തെ ഇളംവെയിലും കാണാതെ, ,തൊടിയിലെ കിണറ്റിൽ നിന്നും ഇരുമ്പുതൊട്ടിയിൽ തണുത്തവെള്ളം കോരി കുടിക്കാതെ ,ആ തണുത്ത വെള്ളത്തിൽ മുഖം കഴുകാതെ ,വൈകുന്നേരം പുറത്തെ നീളൻ വരാന്തയിൽ ചാരു കസേരയിൽ ചാരിക്കിടന്നു കടുംകാപ്പി കുടിച്ചുകൊണ്ട് മനോരമ പത്രം വായിക്കാതെ മൂന്നു ദിവസങ്ങൾ …കഴിഞ്ഞുപോയ മൂന്നു ദിനരാത്രങ്ങൾ മൂന്നു സംവത്സരങ്ങൾ പോലെ ജെയിംസിന് തോന്നി ..

നിറം മങ്ങിയ ചുവരുകളും ,ഒരു പഴയ ഖേതാൻറെ ശബ്ദമുണ്ടാക്കുന്ന സീലിംഗ് ഫാനും ,ഇരുണ്ട വെളിച്ചം തരുന്ന നാൽപതു വാട്സിന്റെ ഫിലിപ്സിന്റെ ഒരു ബൾബും ,വ്യാകുല മാതാവിന്റെ പഴയ ഒരു ചിത്രവും ,പഴയ ഒരു കട്ടിലും , കട്ടിലിനോട് ചേർത്തിട്ടിരിക്കുന്ന ഒരു കാലിളകിയ മേശയും ,മുറിയോട് ചേർന്നുള്ള പഴയ ഒരു കക്കൂസും (അതിനു കതകുകൾ ഇല്ല )പുറത്തേക്കു തുറക്കാനാവാത്ത വിധം ആണിയടിച്ചു ക്ലോസു ചെയ്ത രണ്ടു ജനൽപ്പാളികളുള്ള ഒരു ഇരുട്ടുമുറി ….ഈ മുറിക്കുള്ളിൽ

മൂന്നു ദിവസങ്ങൾ… ഇവിടെ പുറം ലോകവുമായി അകന്നു കഴിയേണ്ടി വന്നപ്പോൾ തന്റെ അവസ്ഥ ഇതാണെങ്കിൽ കഴിഞ്ഞ രണ്ടര വർഷമായി ഈ മുറിയിൽ താൻ പൂട്ടിയിട്ടിരുന്ന തന്റെ അമ്മച്ചി ….ജെയിംസിന് ശ്വാസം മുട്ടുന്നതുപോലെ തോന്നി ..നെഞ്ചിൽ ആരോ കള്ളിമുള്ളുകൾ ആഴ്ത്തി വലിക്കുന്നത് പോലെ ..മേശപ്പുറത്തിരുന്ന വെള്ളം ഒറ്റശ്വാസത്തിൽ അയാൾ കുടിച്ചു തീർത്തു ..കണ്ണുകൾ നിറഞ്ഞൊഴുകിയ ജെയിംസ് വ്യാകുല മാതാവിന്റെ ചിത്രത്തിലേക്ക് നോക്കി ..മാതാവ് തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നതായി അയാൾക്ക്‌ തോന്നി ..കൊറോണ പിടിപെട്ടപ്പോൾ പ്രായം ചെന്ന അമ്മയെ അടച്ചിട്ടിരുന്ന അറ്റാച്ച് ബാത്റൂം ഉള്ള ഈ മുറിയിലേക്ക് മാറുകയല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു ..

മനസില്ലാ മനസോടെ ഭാര്യ അമ്മയെ മക്കളുടെ മുറിയിലേക്കു മാറ്റിയപ്പോൾ അവളുടെ മുഖത്തെ ഈർഷ്യ താൻ കണ്ടിരുന്നു ..
പതിനഞ്ചു ദിവസം ക്വാറന്റൈനിൽ കഴിയാൻ ,മറ്റുള്ളവരുമായി ബന്ധമില്ലാതെ അകന്നു കഴിയാൻ അമ്മയെ പൂട്ടിയിട്ടിരുന്ന ഈ മുറിയല്ലാതെ വേറെ ഒരു പോംവഴി ഉണ്ടായിരുന്നില്ല ..
ജെയിംസ് കട്ടിലിൽ ഭിത്തിയോട് മുഖം ചേർത്തു കിടന്നു ..ഭിത്തിയിൽ ഒഴുകിയുണങ്ങിയ പാടുകളിൽ കൂടി അയാൾ കൈകളോടിച്ചു …തന്റെ അമ്മയുടെ കണ്ണുനീരുങ്ങിയ പാടുകൾ ..ഏകാന്തതയിൽ ,നിസ്സഹായതയിൽ ഒരു പാവം അമ്മ കരഞ്ഞുറങ്ങിയ ആ കട്ടിലിൽ കിടന്ന് അയാൾ മനസ്സു നൊന്തു കരഞ്ഞു ….

ഒരിക്കലെങ്കിലും പുറത്തെ കാഴ്ചകൾ ഒന്നു കാണാൻ അമ്മ എത്ര കൊതിച്ചിരിക്കണം
താനും ഭാര്യയും ജോലിക്കു പോകുമ്പോൾ ,മക്കൾ സ്കൂളിൽ പോകുമ്പോൾ പ്രായമായ അമ്മ തനിച്ചായിരുന്നു വീട്ടിൽ ..അപ്പച്ചൻ നേരത്തെ മരിച്ചതിൽ പിന്നെ അമ്മയുടെ കാര്യത്തിൽ വലിയ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല ..അമ്മ വീട്ടുകാര്യങ്ങളിൽ ഇടപെടുന്നതും ,അയൽക്കാരോട് സംസാരിക്കുന്നതുമൊന്നും ഭാര്യ ഷേർളിക്ക് തീരെ ഇഷ്ടമായിരുന്നില്ല ..അങ്ങനെയിരിക്കെയാണ് അമ്മ മുറ്റത്തൊന്ന് കാലു തെറ്റി വീണത് ..കാലിന്റെ തുടയെല്ലിനു ക്ഷതം പറ്റി ..അതൊരു അവസരമായി മുതലെടുത്തു അമ്മയെ മുറിയിൽ അടച്ചു ..ഷേർളിക്ക്ആയിരുന്നു അമ്മയെ മുറിയിൽ അടച്ചിടാൻ ഏറെ താൽപ്പര്യം …

മുറിയിൽ അടച്ചു കഴിഞ്ഞപ്പോൾ പിന്നെ അമ്മ ജനാലയിലൂടെ മതില്കെട്ടിനു പുറത്തുകൂടി പോകുന്നവരോട് സംസാരിക്കുന്നതു ശ്രദ്ധയിൽ പെട്ടപ്പോഴാണ് ജനാല പുറത്തുനിന്നും അടച്ച് അകത്തുനിന്നും തുറക്കാനാവാത്ത വിധം ആണി അടിച്ചു ബ്ലോക്ക്‌ ചെയ്തത് ..ഇരുൾ തിങ്ങിയ മുറിയിൽ മൂന്നുനേരം കൊടുക്കുന്ന ഭക്ഷണം ചിലപ്പോഴൊക്കെ കഴിച്ച് അമ്മ ഇത്രയും നാൾ ..
…പുറത്ത് ശക്തമായി പെയ്യുന്ന മഴയെ അറിയാൻ ഭിത്തിയിൽ കാതോർത്ത ജയിംസിന്റെ കാതിൽ ഒരു വൃദ്ധയുടെ തേങ്ങൽ പ്രതിധ്വനിച്ചു ..

കൊറോണയുടെ ക്വറന്റയിൻ കഴിഞ്ഞ പതിനഞ്ചാം ദിവസം പുറത്തിറങ്ങിയ ജെയിംസ് ഒരു കൊച്ചു കുട്ടിയെപ്പോലെ അമ്മയുടെ അടുത്തേക്കോടി ..അമ്മയെ കെട്ടിപിടിച്ചു കരയുന്ന അയാളെ ഒരത്ഭുത ജീവിയെ എന്നവണ്ണം ഭാര്യയും മക്കളും സാകൂതം ഒന്നും മനസിലാകാതെ നോക്കി നിന്നു.

By ivayana