കഥ : സുനു വിജയൻ*

സുമതി ..എടീ ഇങ്ങോട്ടു തിരിഞ്ഞു കിടന്നേ ..ദിനേശൻ ഭാര്യയോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു …
സുമതി ഭിത്തിയുടെ സൈഡിലേക്ക് അല്പം കൂടി ചേർന്നതല്ലാതെ ദിനേശൻ പറഞ്ഞത് കേട്ടതായി ഭാവിച്ചതേയില്ല ..ദിനേശൻ സുമതിയുടെ അടുത്തേക്ക് ചേർന്നു കിടന്നു .പതിയെ വിരലുകൾ കൊണ്ട് അവളുടെ വയറിൽ തഴുകി ..

“ശോ ഇത് വലിയ ശല്യം ആയല്ലോ .അപ്പുറത്തു പിള്ളേരു കിടക്കുന്നു .ഞാനൊന്നും പറയുന്നില്ല ….”
“ശൃംഗരിക്കാൻ പറ്റിയ പ്രായം ..മൂക്കിൽ പല്ലു മുളച്ചു എന്നിട്ടും ഒന്നിനും ഒരു കുറവുമില്ല .മനുഷ്യരായാൽ കുറച്ചു നാണവും മാനവും ഒക്കെ വേണം “
സുമതിയുടെ ശബ്ദം അൽപ്പം ഉയർന്നു ..
ദിനേശൻ പുതപ്പു തലവഴി മൂടി കട്ടിലിന്റെ ഇങ്ങേ അറ്റത്തേക്ക് ചരിഞ്ഞു ..
ദിനേശന് പ്രായം അൻപത്തി രണ്ട് .ഭാര്യ സുമതിക്ക് നാല്പത്തിനാലു വയസ്സ് .അടുത്ത മുറിയിൽ കിടക്കുന്ന മക്കൾക്ക്‌ പ്രായം പതിനാറും ,പതിനാലും ..

സുമതി പിറുപിറുക്കുന്നതു നിർത്തിയിട്ടില്ല ..ദിനേശൻ മുഖത്തു നിന്നും പുതപ്പു മാറ്റി തലയിണയുടെ അടിയിൽ നിന്നും ഒരു ബീഡി തപ്പിയെടുത്തു കട്ടിലിന്റെ ക്രസ്സിയിൽ തലയിണ ചാരിവച്ച് കിടന്നുകൊണ്ട് അയാൾ ബീഡിക്ക് തീ കൊളുത്തി ..
പുറത്ത് ഇടവപ്പാതി തകർത്തു പെയ്യുന്നു ..പകുതി തുറന്നിട്ട ജനാലയിലൂടെ തണുത്ത കിഴക്കൻ കാറ്റ് മുറിയിലേക്ക് ഒഴുകിയിറങ്ങുന്നു ..മച്ചിൽ കറങ്ങുന്ന ഫാനിൽ തട്ടി കുളിര്കാറ്റ് മുറിയിലാകെ കുളിരു പടർത്തി …
ദിനേശൻ ബീഡി ആഞ്ഞു വലിച്ചു ..

“ഓ നട്ടപാതിരാക്ക്‌ ഒരു ബീഡിവലി” ..സുമതി ദേഷ്യത്തോടെ മുരളുന്നു …
ദിനേശൻ ഓർക്കുകയായിരുന്നു പതിനെട്ടു വര്ഷങ്ങള്ക്കു മുൻപുള്ള ഇതേ മുറിയിലെ ഒരു രാത്രി ..
“ചേട്ടാ ആ പുക എന്റെ മുഖത്തേക്ക് ഒന്ന് ഊതാവോ …”
നാണത്തോടെ തന്നോട് സുമതി ചോദിക്കുന്നു ..അവളെ വാരിപ്പുണർന്നു ചുണ്ടുകളുടെ ഇടയിലൂടെ ഒഴുകിയിറങ്ങുന്ന സിഗരറ്റിന്റെ പുക അവളുടെ ചുണ്ടുകളിലേക്കു പടർത്തുമ്പോൾ കുതറാതെ തന്നെ ഇറുകെ പുണർന്നു കിടന്ന സുമതിയിപ്പോൾ ആകെ മാറിയിരിക്കുന്നു ..
ദിനേശൻ നെടുവീർപ്പിട്ടു ..ബീഡികുറ്റി ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ ദിനേശൻ ആ ബീഡി നൽകിയ ചൂടിൽ ഉറങ്ങാൻ ശ്രമിച്ചു .

പിറ്റേന്നു രണ്ടാം ശനിയാഴ്ച ആയതിനാൽ ദിനേശന് ബാങ്കിൽ പോകണ്ടായിരുന്നു ..ദിനേശൻ ഒരു നാഷണലൈസ്ഡ് ബാങ്കിൽ പ്യൂൺ ആണ് .സുമതിയെ വിവാഹം കഴിച്ചിട്ട് പതിനെട്ടു വർഷങ്ങൾ കഴിഞ്ഞു …രണ്ടു പെൺകുട്ടികൾ ഉണ്ടായികഴിഞ്ഞതിനു ശേഷം സുമതിക്ക് എപ്പോഴും കുട്ടികളുടെ കാര്യത്തിൽ മാത്രമായി ശ്രദ്ധ ..താൻ എത്രത്തോളം അവളെ വീട്ടിലെ ഓരോ കാര്യങ്ങളിൽ സഹായിക്കുന്നു ..എന്നിട്ടും അവൾക്കു തന്നോട് മുന്പുണ്ടായിരുന്നതുപോലെ ഒരു പരിഗണനയും ഇല്ല ..

രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നതിനിടയിൽ ദിനേശൻ ഓരോന്നാലോചിച്ചു നോക്കി …എന്തായിരിക്കാം അവൾക്കിപ്പോൾ കുറച്ചുനാളായി ഒരു താൽപര്യക്കുറവ് ??
വീട്ടുജോലികൾ ചെയ്തു തളർന്നു മടുത്തിട്ടാണ് എന്നതാണ് ഉത്തരമെങ്കിൽ തെറ്റി .അങ്ങനെ ഒരു മടുപ്പുണ്ടാകാൻ ഇടയില്ല .
ഉണ്ടായിരുന്ന നല്ല പാലുതരുന്ന പശുക്കളെ അവൾക്കൊരു ബുദ്ധിമുട്ടാകണ്ട എന്നു കരുതി വിറ്റു .പശുക്കളെ വിൽക്കാൻ അവൾക്കു തീരെ സമ്മതം ആയിരുന്നില്ല ..എന്നിട്ടും അവയെ വിറ്റു .വിറ്റുകിട്ടിയ പണം കൊണ്ട് വീട്ടിലേക്ക് നല്ല അഡ്വാൻസ്ഡ് വാഷിംഗ്‌ മെഷീൻ ഒരെണ്ണം വാങ്ങി അവൾക്കു ഒന്നരപവന്റെ വളയും വാങ്ങിക്കൊടുത്തു ..

കുട്ടികൾക്ക് വൈകുന്നേരം വല്ലതും പറഞ്ഞുകൊടുക്കുക എന്നതായിരുന്നു സന്ധ്യകഴിഞ്ഞാൽ അവൾക്കുള്ള ഏക പണി .അതൊരു പ്രയാസം ആകണ്ടാ എന്നു കരുതി മക്കൾക്ക്‌ ട്യൂഷൻ ഏർപ്പെടുത്തി ..ഇപ്പോൾ വൈകിട്ട് വിളക്കു കൊളുത്തി നാമം ചൊല്ലിക്കഴിഞ്ഞാൽ ഒൻപതു മണിവരെ ടി വി കാഴ്ച ..പിന്നെ അത്താഴം കഴിച്ച് ഉറങ്ങാൻ കിടക്കും .ഈ നാൽപ്പത്തി നാലു വയസ്സ് ഒരു വയസ്സാണോ ..എന്നിട്ടും സുമതിക്ക്‌ ഒന്നിനും വയ്യ ..
ദിനേശന് ഓർത്തിട്ട് അരിശം വന്നു ..അയാൾ പത്രം അലക്ഷ്യമായി മേശപ്പുറത്തേക്കിട്ടു തൊടിയിലേക്കിറങ്ങി ..

“ദേ ഞങ്ങളൊന്ന് അമ്പലത്തിലേക്ക് പോയിട്ട് വരാം …വേഗം വരാം വന്നിട്ടു കാപ്പികുടിക്കാം ..പുട്ടിനു കടലക്കറി ഉണ്ടാക്കിയിട്ടുണ്ട് ..അമ്പലത്തിൽ നിന്നു വരുമ്പോൾ പഴവും വാങ്ങി വരാം ..നിങ്ങൾക്ക് അതല്ലേ ഇഷ്ടം …’
സുമതി ദിനേശനോട് ഇങ്ങനെ പറഞ്ഞുകൊണ്ട് ഗേറ്റ് അടച്ച് മക്കളുമായി അടുത്തുള്ള അമ്പലത്തിലേക്ക് നടന്നു ..

ദിനേശൻ മനസ്സിലോർത്തു അവൾക്കു എന്റെ എല്ലാ ഇഷ്ടങ്ങളും കണ്ടറിഞ്ഞു ചെയ്യാനറിയാം എന്നിട്ടും രാവിരുട്ടുമ്പോൾ ഒരു അപരിചിത സ്വഭാവമാണ് ..ഇതെന്താ ഇവളിങ്ങനെ ഇപ്പോൾ !!!
തൊടിയിലെ ജാതി മരങ്ങളുടെ ചുവട്ടിൽ വീണു കിടക്കുന്ന ജാതിക്ക കുരു പെറുക്കിയെടുക്കുമ്പോൾ ദിനേശൻ ഒന്നുറപ്പിച്ചു .ഇന്നുരാത്രി എന്തായാലും അവളുടെ ഈ മട്ടു മാറ്റണം ..എന്നോടാ അവളുടെ കളി ..

മഴ നേരത്തെ എത്തി ..”ഇടവപ്പാതി ഇത്തവണ തകർക്കുമെന്നാ തോന്നുന്നേ “..
സന്ധ്യക്ക് ഷെവ്‌ചെയ്തുകൊണ്ടിരുന്നതിനിടയിൽ ദിനേശൻ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു ..
ഷേവ് ചെയ്തു നല്ല സുഗന്ധമുള്ള ഓൾഡ്സ്പൈസിസിന്റെ ലോഷനൊക്കെ പുരട്ടി സോഫയിൽ ടി വി കണ്ടിരുന്നപ്പോൾ ഇളയമകൾ ചോദിച്ചു ..
“അച്ഛനെന്താ ഇപ്പൊ ഷേവോക്കെ ചെയ്തു കുട്ടപ്പനയേ ..നാളെ ഞായറാഴ്ച ബാങ്കില്ലല്ലോ …എവിടെയെങ്കിലും പോകുന്നുണ്ടോ ..”

“ഇല്ലമോളെ” …അയാൾ വെട്ടി നിർത്തിയ മീശ തടവി ഉള്ളിൽ ഊറി ചിരിച്ചുകൊണ്ട് പറഞ്ഞു …
രാത്രി അത്താഴം കഴിച്ച് കഴിഞ്ഞു സുമതിയെ പ്രതീക്ഷിച്ചു കട്ടിലിൽ കിടക്കുമ്പോൾ അപ്പുറത്തെ മുറിയിൽ നിന്നും സുമതി വിളിച്ചു പറഞ്ഞു ..

“നിങ്ങൾ കതകടച്ചു കിടന്നോ കേട്ടോ ..ഞാൻ പിള്ളേരുടെ കൂടെയാ ഇനി കിടക്കുന്നെ” “ഇനിയിപ്പോ മഴക്കാലം ആയില്ലേ” …..’ആ മുറിയിൽ എന്തൊരു തണുപ്പാ’ .സുമതിയുടെ ഒരാത്മഗതം കൂടി
ദിനേശൻ മറുപടി ഒന്നും പറയാതെ തലയണയുടെ അടിയിലെ ബീഡിപാക്കറ്റ് പരതി ….പുറത്ത് ഇടവപ്പാതി ഇടിവെട്ടി പെയ്തുകൊണ്ടിരുന്നു …

By ivayana