രചന : മായ അനൂപ്*

ആണുങ്ങൾ എങ്ങാനും, ഇനി തക്കതായ കാരണം ഉണ്ടായിട്ടാണെങ്കിൽ പോലും അല്പം ഒന്ന് വിഷമിക്കുന്നത് കണ്ടാൽ, സമൂഹത്തിൽ ആളുകൾ അവരോട് പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “അയ്യേ ഇതെന്താ ഇങ്ങനെ, പെണ്ണുങ്ങളെപ്പോലെ ആകാതെ” എന്ന്.

അല്ലെങ്കിൽ “പെണ്ണുങ്ങളെപ്പോലെ കരയാതെ എന്ന്” അതെന്താണ് അങ്ങനെ ? വിഷമങ്ങൾ എന്നതും കരയുക എന്നതുമൊക്കെ പെണ്ണുങ്ങൾക്ക് മാത്രം ഉണ്ടാകുന്ന ഒന്നാണോ ? ആണുങ്ങളുടെ ഹൃദയം എന്താ കല്ലു കൊണ്ടാണോ നിർമ്മിച്ചിരിക്കുന്നത് ? അവർക്കും ഇല്ലേ സങ്കടങ്ങളിൽ വിഷമിക്കുന്ന, വേദനകളിൽ ദുഃഖിക്കുന്ന ഒരു പാവം മനസ്സ് ? ‘അങ്കുശമില്ലാത്ത ചാപല്യത്തിനെ അംഗന’എന്ന് വിളിച്ചത് കൊണ്ടും, ‘കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ചിരിക്കുന്നത്’ കൊണ്ടും ഒക്കെ ആണോ കരയാൻ ഉള്ള അവകാശവും സ്ത്രീകൾക്ക് മാത്രമായി സമൂഹം തീറെഴുതി കൊടുത്തിരിക്കുന്നത് ?

ന്യായമായി നമ്മളൊന്ന് നോക്കിയാൽ, ഒരു കുടുംബത്തിൽ ആണുങ്ങൾക്ക് എൽക്കേണ്ടി വരുന്ന ചുമതലകളോളം സാധാരണ പെണ്ണുങ്ങൾക്കൊന്നും ഒരിക്കലും വരുന്നില്ല. ആണിന് മാതാപിതാക്കൾ കൂടെയുണ്ടെങ്കിൽ, അവരെ വിഷമിപ്പിക്കാതെ അവർക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കണം, ഭാര്യയുടെയും മക്കളുടെയും മുഴുവൻ കാര്യങ്ങളും, കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ മുതലായ സർവ്വതും,പിന്നെ ആ വീട്ടിൽ എന്തെല്ലാം കാര്യങ്ങൾ നടക്കേണ്ടതായിട്ടുണ്ടോ അതിന്റെ മുഴുവൻ ചുമതലയും ആണിന്റെ തലയിൽ തന്നെയാവും. ഇന്നത്തെ സാഹചര്യം വെച്ച് നോക്കിയാൽ,

ഒരു സാധാരണ കുടുംബത്തിലെ പോലും ചെലവുകൾ വഹിക്കാൻ, താരതമ്യേന ഉയർന്ന ശമ്പളം വാങ്ങുന്ന ഒരു കുടുംബനാഥനു പോലും സാധ്യമാകാറില്ല എന്നും നമുക്കറിയാം.ഇങ്ങനെയുള്ള ഈ ബുദ്ധിമുട്ടുകൾക്കെല്ലാം പുറമേ, വീട്ടിൽ അമ്മയും ഭാര്യയും തമ്മിൽ നല്ല രീതിയിലല്ല പോകുന്നതെങ്കിൽ, ഇടയ്ക്കു നിൽക്കേണ്ടതായി വരുന്ന, മകനും ഭർത്താവും ആയ ആ ഒരാൾക്ക്, പരസ്പരം താഴ്ന്നു കൊടുക്കാൻ ഒരിക്കലും തയ്യാറാകാതെ, രണ്ടു തുല്യ ശക്തികൾ എന്നത് പോലെ നിൽക്കുന്ന അവരെ രണ്ടുപേരെയും, വിഷമിപ്പിക്കാതെ ഒരേ പോലെ പ്രീതിപ്പെടുത്തി കൊണ്ടുപോവുക എന്ന ഭാരിച്ച ദൗത്യം കൂടി ഏറ്റെടുക്കേണ്ടതായി വരും. അമ്മയ്ക്ക് മകനെയും വേണം, ഭാര്യയ്ക്ക് ഭർത്താവിനെയും വേണം.

എന്നാൽ ആ ഒരാളെ തന്നെ സ്നേഹിക്കുന്ന രണ്ടുപേരും, അതായത് അമ്മായിഅമ്മയും മരുമകളും, അന്യോന്യം താഴ്ന്നു കൊടുക്കാൻ ഒരിക്കലും തയ്യാറാവാറുമില്ല എന്നതും ഒരു വിരോധാഭാസം. അതോ അതിനി പെണ്ണുങ്ങളുടെ സ്വാർത്ഥ മനസ്സിന്റെ പ്രത്യേകതയൊ ? എന്തുതന്നെയായാലും, ആ യുദ്ധത്തിലും, അവർ രണ്ടു പേരും ചേർന്ന് മുറിവേൽപ്പിക്കുന്നത് ആണിന്റെ മനസ്സിന് തന്നെ ആയിരിക്കും. എന്നാൽ ആണിനെ അപേക്ഷിച്ച് പെണ്ണിന്റെ ഉത്തരവാദിത്തങ്ങൾ നോക്കിയാൽ, ആണുങ്ങൾ കൊണ്ടുവന്നു കൊടുക്കുന്നത് വെച്ച്, വേണ്ടതുപോലെ എല്ലാ കാര്യങ്ങളും ചെയ്യുകയും, ആണുങ്ങളെ അവരുടെ ചുമതലകളിൽ, കർമ്മം കൊണ്ടും മനസ്സുകൊണ്ടും വാക്കുകൊണ്ടും സഹായിക്കുക എന്നുള്ളതും മാത്രമാണ് പെണ്ണുങ്ങൾക്ക് സാധാരണയായുള്ള ചുമതല.

ഇത്രയും പറഞ്ഞതിൽ നിന്നും ഒരാണിന്റെ മനസ്സിന് പെണ്ണുങ്ങളുടെ മനസ്സിനെ അപേക്ഷിച്ച് ഉണ്ടാകാൻ സാധ്യതയുള്ള വിഷമതങ്ങളുടെ കാഠിന്യം എത്ര എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. വെണ്ണ പോലെ ഉരുകുന്ന മനസ്സ് ഉള്ളവരാണ് പെണ്ണുങ്ങൾ (എല്ലാവരും അല്ല )എന്ന് പറയുമ്പോഴും, അവർക്ക് അവരുടെ വിഷമതകളെ അതിജീവിക്കുവാനുള്ള കരുത്തും ആർജ്ജവവും ഉണ്ടാകുന്നത്, അവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് കൊണ്ടാണ്.

എന്നാൽ വിവേകം കൂടുതലുള്ളവരാണ് എന്ന് അവകാശപ്പെടുന്ന ആണുങ്ങളോ, അവർ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാതെ, ഉള്ളിൽ തന്നെ അടക്കി വെച്ചു അവരുടെ ഹൃദയങ്ങൾക്ക് സഹിക്കാവുന്നതിലും അധികം ഭാരം കൊടുക്കുകയും രോഗികളായി മാറുകയും ചെയ്യുന്നു.ആണുങ്ങൾക്ക് മാത്രം എന്താണ് സമൂഹം ഇങ്ങനെയൊരു വിലക്ക് കല്പിച്ചിരിക്കുന്നത് ?കുടുംബത്തിന്റെ താങ്ങായ അവർ കരഞ്ഞാൽ കുടുംബം അപ്പാടെ കരയും എന്നുള്ള മിഥ്യാധാരണ വെച്ചുപുലർത്തുന്നത് കൊണ്ടാണോ.

ഒരുപക്ഷേ നമ്മുടെ സമൂഹത്തിന്റെ ഈ ഒരു മനോഭാവം മൂലമല്ലേ, പൊതുവെ നമ്മുടെ വീടുകളിൽ എല്ലാം തന്നെ ആണുങ്ങളെല്ലാം മനസ്സിൽ ആവശ്യമില്ലാത്ത ഭാരങ്ങൾ എല്ലാം കുത്തിക്കൊള്ളിച്ചു വെച്ചിട്ട്, പ്രായം ആകുന്നതിനു മുൻപേ തന്നെ പല തരം അസുഖങ്ങൾക്ക് അടിമപ്പെടുന്നതും, പെണ്ണുങ്ങളെ അപേക്ഷിച്ച് ആണുങ്ങളുടെ മുടി ആദ്യം നരയ്ക്കുന്നതും, പിന്നെ ആവശ്യമില്ലാത്ത ലഹരിമരുന്നുകളുടെ ഉപയോഗത്തിലേക്ക് അവരെ നയിക്കുന്നതും എല്ലാം ? കാരണം, ഒരു മനസ്സിൽ അതിനി ആണിന്റെയായാലും, പെണ്ണിന്റെയായാലും, സഹിക്കാൻ കഴിയുന്നതിനു ഒരു പരിധിയുണ്ട്.

അതിൽ കൂടുതൽ ആയിക്കഴിഞ്ഞാൽ, അത് പ്രകടിപ്പിച്ചു ആ ഭാരം കുറയ്ക്കാതെ ഇരുന്നാൽ, മനസ്സിൽ ആവികാരങ്ങൾ തിങ്ങി നിറഞ്ഞു, അതിനി സന്തോഷങ്ങളോ ദുഖങ്ങളോ ഏതുമാകട്ടെ, ആ ഭാരമെല്ലാം ഹൃദയത്തിലേക്ക് കേന്ദ്രീകരിക്കുകയും. അതിന്റെ ഫലമായി രക്തസമ്മർദ്ദം കൂടുകയും ഹാർട്ട് അറ്റാക്ക്, മസ്തിഷ്കാഘാതം മുതലായ ഗുരുതര രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആണുങ്ങളാണെങ്കിൽ പൊതുവേ തന്റെ ദുഃഖങ്ങൾ മറ്റാരോടും തന്നെ പറയാറുമില്ല. അഥവാ അപൂർവ്വം ചിലരെങ്കിലും പറയാവുന്ന കാര്യങ്ങൾ എങ്കിലും, മറ്റാരോടെങ്കിലും ഒന്ന് പറയാം എന്ന് വിചാരിച്ചാൽ തന്നെ അപ്പോഴും സമൂഹം പറയും, അവർ പെണ്ണുങ്ങളേ പോലെ അവിടെയും ഇവിടെയും പറഞ്ഞു നടക്കുന്നു എന്ന്.

അങ്ങനെ സമൂഹം ആ ഒരു സാധ്യതയും അവർക്ക് നിഷേധിച്ചു. ഇങ്ങനെയൊക്കെ ഉള്ള സാഹചര്യങ്ങൾ വരുമ്പോഴാണ് കുറെയേറെ പേരെങ്കിലും, മനസ്സിലെ ഭാരങ്ങൾ, കുറച്ച് സമയത്തേക്ക് എങ്കിലും മറക്കുവാനായി മദ്യപാനത്തിലേക്കും മറ്റു മയക്കുമരുന്നുകളുടെ ഉപയോഗത്തിലേക്കും ഒക്കെ തിരിയുന്നത്. ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ മൂലം തന്നെയല്ലേ ഇവിടെയുള്ള ദമ്പതികളിൽ ഭൂരിഭാഗങ്ങളിലും, ഭാര്യമാരെ അപേക്ഷിച്ച് ഭർത്താക്കന്മാർ ആദ്യം ഇവിടെ നിന്നും വേർപിരിഞ്ഞു പോകുന്നതും. ഇനിയെങ്കിലും നമുക്ക് നമ്മുടെ ആണുങ്ങളെയും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ എങ്കിലും ഒന്ന് അനുവദിക്കാം.

ആരും കാണാതെയെങ്കിലും അവരൊന്നു മതിയാകുവോളം കരഞ്ഞ് അവരുടെ മനസ്സിൽ അവർ ആരും അറിയാതെ അടക്കി വെച്ചിരിക്കുന്ന ദുഃഖഭാരങ്ങളെല്ലാം കഴുകി കളയട്ടെ. കണ്ണുനീർ ഒഴുകുമ്പോൾ കണ്ണിലെ മാലിന്യങ്ങൾ പോകുന്നതോടൊപ്പം തന്നെ ആന്തരികാവയവങ്ങളെ, പ്രത്യേകിച്ച് നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് കൂടി നമ്മുടെ കണ്ണുനീരിന് ഉണ്ട്. അങ്ങനെ അവരുടെ മനസ്സിലെയും ദുഃഖഭാരങ്ങൾ എല്ലാം നീങ്ങി ആ മനസ്സുകളും ഒന്ന് നന്നായി തെളിഞ്ഞ് പ്രകാശിക്കട്ടെ.

എങ്കിൽ അല്ലേ അവർക്ക് ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും, ചുമക്കേണ്ടതായ ഒരു ഭാരിച്ച ഉത്തരവാദിത്വം ചുമന്നു നടക്കുവാനുള്ള ശക്തിയും ഊർജ്ജവും ലഭിക്കു. അത് പോലെ, ഭാര്യമാരെ, നിങ്ങൾ നിങ്ങളുടെ ഭർത്താക്കന്മാർക്ക് കുറച്ചൊക്കെ ഒരു സ്വാതന്ത്ര്യം ഒന്ന് കൊടുക്കൂ. അവരുടെ ചെറിയ ചെറിയ ഇഷ്ടങ്ങളൊക്കെ കുറച്ചെങ്കിലും ഒന്ന് നിറവേറാൻ, അവരുടെ മനസ്സിലെ ഭാരം ഒന്ന് കുറയ്ക്കാൻ, അവരെ നിങ്ങളുടെ ചുറ്റുമുള്ള ആ വലയത്തിൽ തന്നെ കെട്ടി ഇടാതെ, അവരുടെ മാതാപിതാക്കളോട്, സഹോദരങ്ങളോട്, സുഹൃത്തുക്കളോട്, അതിനി ആണുങ്ങളോ പെണ്ണുങ്ങളോ ആയിക്കൊള്ളട്ടെ, (ഇവിടെ തന്നെ ജനിച്ചു വളർന്ന അവർക്കും ഉണ്ടാവില്ലേ പെണ്ണുങ്ങൾ ആയിട്ടുള്ള സുഹൃത്തുക്കൾ.

അകന്ന ബന്ധത്തിൽ ഉള്ളവരോ, അയൽക്കാരോ, കൂടെ പഠിച്ചവരോ, ഒന്നിച്ചു ജോലി ചെയ്തവരോ ഒക്കെ ) ഒന്നു നിങ്ങളെ പേടിക്കാതെ സംസാരിക്കാനോ, തമാശകൾ പറഞ്ഞ് ഒന്ന് പൊട്ടിച്ചിരിക്കുവാനൊ ഒക്കെ ഉള്ള സ്വാതന്ത്ര്യം എങ്കിലും നിങ്ങൾ അവർക്ക് കൊടുക്കൂ. ആ ഇത്തിരി നേരത്തേയ്ക്കെങ്കിലും അവർ അവരുടെ ഉത്തരവാദിത്വങ്ങളേയും ചുമതലകളെയും കുറിച്ചുള്ള ആകുലതകൾ മറന്ന് അവരുടെ മനസ്സിന് ഒരു ലാഘവത്വം കൈവരട്ടെ.

ആർക്കായാലും നമ്മൾ തീരെ സ്വാതന്ത്ര്യം കൊടുക്കാതിരുന്നാൽ ആണ് അവർക്ക് അതൊരു തടവറ പോലെ തോന്നുന്നതും പിന്നെ അത് ഭേദിച്ചു പുറത്ത് കടക്കാൻ തോന്നുന്നതും.ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം ഒന്ന് കൊടുത്തു എന്ന് കരുതി അവർ ഒരിക്കലും(സാധാരണ ആരും നിങ്ങളെ ഉപേക്ഷിച്ചു എങ്ങും പോകാനൊന്നും പോകുന്നില്ല.പിന്നെ എന്തിനാണ് നിങ്ങൾ ഇത്രയും സ്വാർത്ഥരാകുന്നത് ? അതൊക്കെ കൊണ്ട് അവരുടെ മാനസികോല്ലാസം വീണ്ടു കിട്ടുകയും, അത് മൂലം അവരുടെ ആരോഗ്യവും ആയുസ്സും നീട്ടി കിട്ടുകയും ചെയ്യും എങ്കിൽ, അതുതന്നെയല്ലേ നിങ്ങളും ചെയ്യേണ്ടത് ?

മായ അനൂപ്

(എല്ലാ ആണുങ്ങളും ഇങ്ങനെ തന്നെ ആണെന്നോ, എല്ലാ പെണ്ണുങ്ങളും ഇങ്ങനെ തന്നെ ആണെന്നോ ഞാൻ പറഞ്ഞതിന് അർഥമില്ല. ചില വീടുകളിൽ,ആണുങ്ങൾ ഒന്നും തന്നെ ചെയ്യാത്ത, ആണുങ്ങളെക്കാൾ കൂടുതൽ ഭാരം വഹിക്കുന്ന പെണ്ണുങ്ങൾ ഉള്ള വീടുകളും ഉണ്ട്. കൂടുതൽ നടക്കുന്ന കാര്യം പറഞ്ഞു എന്നേയുള്ളു. പൊതുവെ ആണുങ്ങൾ കൂടുതൽ രോഗികൾ ആകാനുള്ള കാരണവും )

By ivayana