വിനോദ്.വി.ദേവ്.*

മാവിലെറിഞ്ഞ വടി ഉന്നംതെറ്റി തലയ്ക്കുകൊണ്ട ദിവസമാണ് ആറ്റുവക്കിലിരുന്ന സതീശന് ബോധോദയമുണ്ടായത്. ബോധത്തിന്റെ ഇടിമിന്നലേറ്റ് സതീശൻ കുറച്ചുനേരം നിശ്ചലനായികിടന്നു. മാവിലെറിഞ്ഞ പിള്ളേരുകൂട്ടം അപ്പോഴേക്കും ഓടിമറഞ്ഞിരുന്നു. പെട്ടന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റ സതീശൻ ഒറ്റ നടത്തയായിരുന്നു.

നാലുംകൂടിയ ജംഗ്ഷനിലെത്തിയ സതീശൻ നടുറോഡിൽ നീണ്ടുനിവർന്നു ഒറ്റക്കിടപ്പ് ! പലരും വിചാരിച്ചത് സതീശൻ നടുറോഡിൽ കുഴഞ്ഞുവീണെന്നാണ്. ചായക്കടയിലും മുറുക്കാൻകടയിലും ബാർബർഷോപ്പിലും ഇരുന്ന മഹാജനങ്ങൾ സതീശന്റെ അടുത്തേക്ക് ഓടിപ്പാഞ്ഞെത്തി. സാധാരണയായി കള്ളുകുടിയ്ക്കുന്ന ശീലം സതീശനില്ല.

ഓട്ടോറിക്ഷാ ഓടിക്കുന്ന തൊഴിലാണ് അവന് . സൗമ്യനും അധികം സംസാരിയ്ക്കാത്തവനുമാണ് സതീശൻ .ഇടയ്ക്കൊക്കെ ചുണ്ടിൽ എരിയുന്ന സിഗരറ്റ് ഉണ്ടായിരിക്കും .
സതീശന് എന്തു പറ്റിയെന്നറിയാൻ മഹാജനങ്ങൾക്ക് ഉത്ക്കണ്ഠയായി. തെരുവിൽ ഗതാഗതം നിലച്ചു. സതീശനാകട്ടെ ശാന്തഗംഭീരനായി കണ്ണും തുറന്നുവെച്ച് ഒരു സിഗരറ്റിന് തീകൊളുത്തി പുക ആഞ്ഞുവലിച്ചുകൊണ്ട് റോഡിൽ മലർന്നുകിടക്കുകയാണ്.” എന്നാ പറ്റി സതീശാ.. ” എന്നു പലരും ചോദിച്ചെങ്കിലും സതീശൻ അതൊന്നും ശ്രദ്ധിയ്ക്കാതെ പുക ആഞ്ഞുവലിച്ചുകൊണ്ടേയിരുന്നൂ..

സതീശൻ റോഡിൽ വിലങ്ങനെ കിടക്കുന്നതുകൊണ്ട് വണ്ടികൾക്ക് മുന്നോട്ടുപോകാൻ വയ്യ! നൂറു കണക്കിന് വാഹനങ്ങൾ നിരത്തിൽ തങ്ങിനിന്നു. ചിലരാകട്ടെ സതീശനെ താങ്ങിപ്പിടിച്ചു നിരത്തിന്റെ ഓരത്തേക്ക് മാറ്റിയിരുത്തി. അപ്പോഴും സതീശൻ അവരുടെയൊക്കെ കൈകൾ ബലമായി തട്ടിമാറ്റിക്കൊണ്ടിരുന്നു..!

മുണ്ടും ചാരനിറമുള്ള ഒരു ഷർട്ടുമായിരുന്നു സതീശന്റെ വേഷം. അവ മുഷിഞ്ഞിരുന്നു. താടിയും മുടിയും ചിന്നിച്ചിതറിക്കിടന്നു. ശാന്തമായ കണ്ണുകൾ അനന്തതയിൽ വിശ്രമിയ്ക്കുന്നു. അപ്പോഴും കൈയ്യിൽ എരിയുന്ന സിഗരറ്റ്. തന്റെ മുന്നിൽ കൂട്ടംകൂടിനിന്ന ജനങ്ങളെ സതീശൻ കണ്ണുകളുയർത്തി ഒന്നുനോക്കി..! എന്നിട്ടു മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞു..!
മാന്യമഹാജനങ്ങളെ ..! നിങ്ങളുടെ സ്വത്ത്വം നഷ്ടപ്പെട്ടിരിക്കുന്നു.

നിങ്ങൾ ആരെന്നു നിങ്ങളറിയുന്നില്ല., എങ്കിലും എനിക്കതറിയാം . നിങ്ങളുടെ വേഷഭൂഷാദികളും മുഖംമൂടിയും ദൂരേക്ക് വലിച്ചെറിഞ്ഞു എന്നെ പിന്തുടരൂ ..! ഞാൻ നിങ്ങൾക്ക് നിങ്ങളുടെ സ്വത്ത്വം വീണ്ടെടുത്തു തരാം . നിങ്ങൾ ഇരുട്ടിലാണ്…! കൂരിരുട്ടിൽ …! നെടുങ്കോട്ടകളെ തച്ചുതകർക്കാനുള്ള കരുത്ത് ഞാൻ നിങ്ങൾക്ക് പകർന്നുതരാം ..! ഞാൻ വഴിയും നിത്യതയുടെ പ്രകാശവുമാണ്. ബന്ധനങ്ങളിൽനിന്ന് നിങ്ങൾ വിമുക്തരാകൂ..! സതീശൻ പറഞ്ഞുനിർത്തി .. അപ്പോൾ അവന്റെ മുഖം ഗിരിപ്രഭാഷണം നടത്തുന്ന ക്രിസ്തുവിന്റേതുപോലെയായിരുന്നു ..!
സതീശന്റെ വാക്കുകൾ കേട്ട് കൂടിനിന്നവർ തരിച്ചുപോയി .

അവന്റെ നാവിൽനിന്നാണ് ഈ ശബ്ദം ഉയർന്നതെന്ന് വിശ്വസിയ്ക്കാൻ അവർക്ക് പ്രയാസമായിരുന്നു. എട്ടാംക്ലാസിൽ തോറ്റ് പഠിപ്പുനിർത്തിയ സതീശൻ മുമ്പൊരിക്കലും ഇങ്ങനെ സംസാരിച്ചിട്ടേയില്ല. അവന്റെ സംസാരവും നോട്ടവും ചലനവും ആകെ മാറിയിരിക്കുന്നു. മുഖം ശാന്തമായിരുന്നെങ്കിലും ഏതെക്കെയോ വ്യവസ്ഥിതികളോടുള്ള പ്രതിഷേധത്തിന്റെ കടലിരമ്പം അവന്റെ വാക്കിൽ ഉണ്ടായിരുന്നു.

എന്നാൽ അവിടെ കൂടിയവർക്ക് ആർക്കും അവൻ പറഞ്ഞതൊട്ടും മനസ്സിലായതേയില്ല. എന്നാൽ ഒരുകാര്യം അവർക്ക് ബോധ്യപ്പെട്ടു .. സതീശന് കാര്യമായ എന്തോ തകരാറുണ്ടെന്ന്.
സംഭവം ക്ഷണനേരംകൊണ്ട് നാടൊട്ടുക്കും അറിഞ്ഞു. കുറച്ചുസമയം കഴിഞ്ഞപ്പോൾ സതീശന്റെ അമ്മയും പെങ്ങളുംകൂടി ആർത്തലച്ചുകരഞ്ഞുകൊണ്ട് സംഭവ സ്ഥലത്തെത്തി. അമ്മയുടെയും പെങ്ങളുടെയും കരച്ചിൽകണ്ടു സതീശൻ നിർവികാരതയോടെ അവരെ നോക്കി.

എന്നിട്ടു പറഞ്ഞു .. ” അമ്മേ .. എനിക്ക് വിട തന്നാലും ” മഹത്തായ ഒരു ദൗത്യം നിർവഹിയ്ക്കുവാൻ ഞാൻ നിയോഗിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതിന് എന്നെ അനുവദിച്ചാലും ” ജീവിതബന്ധങ്ങളിൽനിന്ന് ഞാൻ ഇന്നുമുതൽ വിമുക്തനായിരിയ്ക്കുന്നു. ” സതീശന്റെ വാക്കുകേട്ട് അമ്മയും പെങ്ങളും പരിസരംമറന്നു നിലവിളിച്ചു. ഏക ആൺതരിയാണ് സതീശൻ. കെട്ടിയ്ക്കാൻ പ്രായമായ ഒരു പെണ്ണും . അച്ഛൻ ദിവാകരനാകട്ടെ ആസ്തമയുടെ അസുഖവും. കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് നടുറോട്ടിൽകിടന്ന് പിച്ചുംപേയും പറയുന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട അമ്മ സുഭദ്ര സതീശന്റെ മേലേക്കുചാഞ്ഞു. അവനെ പിടിച്ചെഴുന്നേൽപ്പിക്കാനുള്ള ശ്രമം ! എങ്കിലും കാലിടറി അവർ താഴേക്കുവീണു. നാട്ടുകാർ അവരെ താങ്ങിമാറ്റി. ചിലർ ചേർന്ന് അമ്മയെയും പെങ്ങളെയും സമാധാനിപ്പിച്ചു തിരികെ വീട്ടിലെത്തിച്ചു.
സതീശൻ കഞ്ചാവടിച്ചു കിറുഞ്ചിയാതാവുമെന്ന് ചിലരെങ്കിലും കരുതിയിരുന്നു. എന്നാൽ അവനെ ശരിയ്ക്കറിയുന്നവർ അത് വിശ്വസിച്ചില്ല. തുടർച്ചയായി സിഗരറ്റുവലിയുണ്ടെങ്കിലും മറ്റ് ദു:ശീലങ്ങളൊന്നും അവനില്ല. സതീശനെ ഹോസ്പിറ്റലിൽ എത്തിയ്ക്കണമെന്ന് ചിലർ വാദിച്ചു. ആൾക്കൂട്ടത്തിന്റെ ചർച്ചകൾ അങ്ങനെ തട്ടിയുംതടഞ്ഞും കടന്നുപോയി.
ഇതിനിടയിൽ സതീശൻ ചാടി പിടഞ്ഞെഴുന്നേറ്റു അടുത്ത പ്രഭാഷണം ആരംഭിച്ചു…!

മഹാജനങ്ങളെ ,
നിങ്ങളുടെ സ്വത്ത്വം തിരഞ്ഞുകണ്ടെത്തുവിൻ ..! നിങ്ങളുടെ ജീവിതം ഒരു നീർക്കുമിളപോലെ പൊലിഞ്ഞുപോകുമെല്ലോ ! നിങ്ങൾ ജീവിച്ചിരുന്നുവെന്ന് ഇവിടെ എഴുതിച്ചേർക്കുവിൻ …! ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്കും പർവ്വതങ്ങളിലേക്കും ആകാശത്തിലേക്കും നിങ്ങളുടെ പേര് കാറ്റുപോലെ ഉയർന്നുപൊങ്ങട്ടെ .. ! അതിനു നിങ്ങൾ നിയമങ്ങളെ തച്ചുതകർക്കുവിൻ …! അധികാരത്തിന്റെ ഇരിപ്പിടങ്ങൾക്കുനേരെ കല്ലുകൾ വീശിയെറിയുവിൻ..! എല്ലാത്തിനെയും ചോദ്യം ചെയ്യുവിൻ …! നിങ്ങളുടെ നിയന്താവ് നിങ്ങളാകട്ടെ ! നിങ്ങളുടെ വികാരങ്ങൾക്കനുസ്സരിച്ച് പ്രവർത്തിക്കുക …!
അത്രയും പറഞ്ഞതിനുശേഷം സതീശൻ തന്റെ ഷർട്ടുംമുണ്ടും ഊരി റോഡിലേക്ക് വലിച്ചെറിഞ്ഞു. അടിവസ്ത്രം മാത്രമിട്ടുകൊണ്ട് റോഡിൽനിന്നു. തെരുവിലുള്ള സ്ത്രീകൾ ഒറ്റനിമിഷംകൊണ്ട് , സതീശന്റെ നഗ്നതയെ കൊത്തിവിഴുങ്ങിയിട്ടു പെട്ടന്ന് മുഖം തിരിച്ചുകളഞ്ഞു.

സതീശനെ മുണ്ടുചുറ്റിക്കാനുള്ള ശ്രമം വൃഥാവിലായി..! അവൻ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു..! ” നിങ്ങളും എന്നെ പിന്തുടരൂ..! ഉടയാടകളുടെ ബന്ധനത്തിൽനിന്നു നീയും മോചിതനാകൂ’..! ആകാശമാകട്ടെ എന്നന്നേക്കും നിന്റെ വസ്ത്രം .
സതീശൻ തെരുവിലൂടെ ചുവടുവച്ചുനടന്നു..! അവന്റെ മുടിയിഴകൾ കാറ്റിൽപ്പറന്നൂ..! കണ്ണുകൾ ഏതോ അജ്ഞാതരഹസ്യത്തെ തേടിയലഞ്ഞൂ..!

അവന്റെ വാക്കുകൾ ദിഗന്തങ്ങളിൽ തട്ടിച്ചിതറി.
പെട്ടന്ന് മുന്നോട്ടുചുവടുവച്ചു നടന്ന സതീശൻ ആടിയുലഞ്ഞു താഴേക്കുവീണു. ആൾക്കാർ ഓടിക്കൂടി. തറയിലടിച്ചു അവന്റെ നെറ്റി മുറിഞ്ഞിരുന്നു. ബോധംമറഞ്ഞു സതീശൻ നിരത്തിൽകിടന്നു. പരിഭ്രമിച്ച നാട്ടുകാർ ഒരു ഓട്ടോറിക്ഷയിൽ സതീശനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിക്കിടക്കയിൽ രണ്ടു മണിക്കൂറോളം സതീശൻ ബോധമില്ലാതെ കിടന്നു. ശേഷം നാട്ടിലേക്കും വീട്ടിലേക്കും അമ്മയിലേക്കും പെങ്ങളിലേക്കും സതീശൻ സതീശനായി ഉണർന്നെഴുന്നേറ്റു.

By ivayana