ഹാരിസ് ഖാൻ *

ഒന്ന് തുള്ളൽ അല്ല തള്ളൽ കവികൾ, മുൻകാലങ്ങളിൽ കവിതകളൊന്നും എഴുതീട്ടുണ്ടാവില്ല, പക്ഷെ കവികളുമായാണ് സഹവാസം. കടമ്മനിട്ട, ചുള്ളിക്കാട് ഇവരുടെ നാലുവരികൾ സ്വായത്തമാക്കിക്കാണും, അത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ഞാൻ നിങ്ങളിൽ അൽപം മുകളിലാണെന്ന ഒരു സെറ്റപ്പ് പണിഞ്ഞ് വെച്ചിട്ടുണ്ടാവും. താടി നിർബന്ധം വിയർപ്പ് മണക്കുന്ന ജുബ്ബയോ, രണ്ട് പോക്കറ്റുള്ള അയഞ്ഞ കുപ്പയമോ ഉണ്ടായാൽ നല്ലത്.

ഈ കൂട്ടരെ പുസ്കപ്രകാശനം, കവിയരങ്ങ് എന്നീ പരിപാടികൾ നടക്കുന്ന പരിസരങ്ങളിലാണ് പൊതുവേ കണപ്പെടുന്നത്. പ്രകാശനചടങ്ങുകൾ നടക്കുന്ന ഹാളിലോ, പരിപാടികളിലോ ഇവരുടെ സാന്നിദ്ധ്യം വലുതായി കാണില്ല. പരിസരത്തെ മരത്തിൻെറയോ, തൂണിൻെറയൊ മറവിലായി ഒരു സംഘമായി നിൽക്കുന്നുണ്ടാവും ഈ കൂട്ടർ.ഏത് തിരക്കേറിയ സ്ഥലത്തും ഒരു ജീവിപ്പോലുമറിയാതെ മദ്യം വളരെ വേഗത്തിൽ പകർന്ന് അണ്ണാക്കിലേക്ക് കമഴ്ത്തി ഗ്ലാസ് “സഹകവിക്ക് ” കൈമാറുന്നതിൽ അതീവ വിദഗ്ദരാണിവർ, ഈ കൂട്ടർക്ക് പൊതുവെ ടെച്ചിങ്സ് നിബന്ധമില്ല.

അഞ്ച് മിനുട്ടിൽ ഫുൾകുപ്പി തീർക്കാൻ പ്രത്യേകം പ്രാവീണ്യം നേടിയവരാണ്… കാലിയാക്കിയാൽ ഉടനെ കവിതാ പരായണം തുടങ്ങും. സ്ഥിരം മുൻകാലകവികൾ ചൊല്ലിയ അതേ ഈണത്തിൽ മുക്കി മൂളി, ദീർഘിപ്പിച്ച് അനുനാസികത്തിൽ ..ചെന്നിത്തലയുടെ വാർത്ത സമ്മേളനം പോലെ കൃത്രിമമായ അതി ഗൗരവം മുഖത്തണിഞ്ഞ് കൈകൊണ്ട് ഗോഷ്ടികൾ വാരിവിതറി വിഷയം നാഗസാക്കിയാണേലും, ശവമടക്കമാണേലും കേൾക്കുന്നവൻ പുറത്ത് ഗൗരവത്തിലും ഉള്ളിൽ വാപൊത്തി ചിരിച്ച് കണ്ട് നിൽക്കും..രണ്ടാമത്തെ കൂട്ടർ തോണ്ടൽ കവികളാണ്, സാഹിത്യ അക്കാഡമി, ടൗൺഹാൾ എന്നീ പരിസരങ്ങളിൽ സ്ഥിരമായി കണ്ട് വരുന്നു..

നമ്മൾ ഇവരൊന്നും പരിസരത്തില്ല എന്ന ആശ്വാസത്തോടെ ഏതേലും മരത്തണലിൽ ഇരിക്കുമ്പോഴാണ് പുറകിൽ നിന്നൊരു തോണ്ടൽ വരുന്നത്, തിരിഞ്ഞ് നോക്കുമ്പോൾ തോണ്ടൽ കവിയാണ് .വളച്ച് കെട്ടില്ലാതെ അവർ കവിത അവതരിപ്പിക്കും “എന്തേലും കഴിക്കണം ഒരു നൂറ് വേണം” എന്തേലും കഴിക്കണം എന്നാൽ പൊറാട്ടയും മുട്ടറോസ്റ്റും കഴിക്കുക എന്നല്ല, മദ്യപിക്കണം എന്ന് മനസ്സിലാക്കിക്കോണം.

ആ സത്യസന്ധതയിൽ ആകൃഷ്ടരായിട്ട് മാത്രമല്ല, പരിസരവാസികളെ ദാനധർമ്മിഷ്ഠരാണെന്ന ബോധിപ്പിക്കാൻ കൂടിയായി നമ്മളൊരു നൂറെടുത്ത് വീശും.പണം കൈയ്യിലായാൽ പിന്നെ പന്നിക്ക് വെടികൊണ്ട പോലെയൊരു പോക്കാണ് അടുത്ത ബാറിലാണ് സ്റ്റോപ്പ്. നിപ്പനാണിഷ്ടം കൂടുതൽ അളവിൽ കിട്ടാവുന്ന കൂതറ ബ്രാൻറാണ് പഥ്യം. തുടർച്ചയായി മൂന്നോ നാലോ മടമടാന്ന് ചെലുത്തും അച്ചാറെടുത്ത് വായിലൊന്ന് തേമ്പും, അഞ്ചാം പെഗ്ഗിന് ആരേലും തരപ്പെടുമോ എന്ന് ബാറിൻെറ ഇരുട്ടിൽ തിരഞ്ഞ് നിരാശനായി പുറത്തിറങ്ങി അഞ്ച് മിനുട്ടിൽ നമ്മുടെ പരിസരത്തേക്ക് തന്നെ തിരികെയെത്തും, “ലിക്കർ ബോട്ട്ൽഡ് പോയട്രി” എന്നൊക്കെ മന്ത്രിക്കും ,മുൻകാല സാഹിത്യകാരൻമാരേയും പണം കൊടുത്ത നമ്മളുടേയും തന്തക്ക് വിളിച്ച് തളർന്നാൽ എവിടേലും ചുരുണ്ട് കിടന്നോളും …

മൂന്നാമത്തെ വർഗ്ഗം പ്രിൻറഡ് കവികൾ എന്ന വരേണ്യ വർഗ്ഗമാണ് വാരികകളിൽ പേരൊക്കെ അച്ചടിച്ച വന്ന ഒരു കൂട്ടരാണ്, കൂടിയ ഇനമാണ്. സൂക്ഷിച്ച് നോക്കിയാൽ ഷർട്ടിനടിയിലെ പൂണൂല് കാണാം വെൽ ഡ്രസ്ഡ് ആയിരിക്കും പഴയകാല കവികളെ പോലെ താടിയോ, ചീകാത്ത മുടിയോ ഒന്നുമല്ല, ഷേവ് ചെയേത് പൗഡറിട്ട് സുസ്മേരവദനരായിരിക്കും, എന്നാൽ മറ്റ് കവികളുമായി കൃത്യമായ അകലം പാലിക്കുന്നതിൽ ശ്രദ്ധാലുക്കളായിരിക്കും.

എന്നാൽ അതീവ ആശ്രിത വത്സരായിരിക്കും കൂടെ നിൽക്കുന്നവരേയും, വാലാട്ടുന്നവരെയും പരിപാലിക്കുന്നതിൽ വലിയ പിശുക്ക് പ്രകടിപ്പിക്കാത്തവരാവും.പൊതു ഇടങ്ങളിലും വേദികളിലും ഇവർക്ക് മാത്രമാണ് സ്ഥാനം ഉണ്ടാവുക.എഫ് ബിയിൽ ഇവർ രഹസ്യമായുണ്ടായിരിക്കും മറ്റുള്ളവരുടെ കവിതകൾ വായിക്കും. നല്ലത് കണ്ടാൽ ലൈക്കോ, കമേൻറ്സോ കൈതട്ടി പോലും പതിയാതിരിക്കുന്നതിൽ ഇവർ ബദ്ധ ശ്രദ്ധാലുക്കളായിരിക്കും … ആകെ ഇവരെ അലട്ടുന്ന ദു:ഖം അസ്തിത്വ ദുഖമൊന്നുമല്ല.

നമ്മേ പോലുള്ള അണ്ടനും അടകോടനുമെല്ലാം കവിതാ മേട്ടിൽ കയറി മേഞ്ഞ് കളയുന്നു എന്നതായിരിക്കും.നാലാംകിടക്കാർ അല്ല നാലാം ടീംസ് നമ്മളൊക്കെ ചേർന്ന എസ്സി എസ്ടി അല്ല എഫ്ബി എഫ്ബി ടീമാണ്…വാരികകളിലെ എഴുത്തിനേക്കാൾ നല്ല കവിതകൾ നിറയെ ഇതിൽ കാണാമെങ്കിലും എത്ര എഴുതിയിട്ടും പരിഗണനക്കിട്ടാത്തവർ, കുമ്പളങ്ങിയിലെ സജിയുടെ ഒരുക്കം പോലെ എത്ര നന്നായി എഴുതിയിട്ടും ഒരു മെനയാവുന്നില്ലെന്ന് സ്വയം പരിതപിക്കുന്നവർ.ഇതൊക്കെ ഓർമ്മ വരാൻ കാരണംകൊറോണക്കാലത്ത് കൊറോണയെകുറിച്ച് ഒരു കവിത എഴുതാൻ നിരീച്ചതാ…അപ്പോൾ വരേണ്യ കവികളുടെ തിട്ടൂരം വായിച്ചു..

നാല് വരി കോപ്പിയിൽ എഴുതണം പതിനേഴക്ഷരം കഴിഞ്ഞാ വരിയുടെ കഷ്ണം മുറിക്കണം, ജില്ലയിൽ ഒരു കവിയേ പാടുള്ളൂ, എഫ് ബി യിൽ പോസ്റ്റരുത്, കവിത വ്യക്ത്യാധിഷ്ഠിതമാവരുത് ഇത്യദി….ഞാനാകെ പണ്ടൊരു മർമ്മാണി കുരിക്കൾ മകനെ തല്ലാൻ നോക്കിയത് പോലെയായി.. മൂപ്പര് നോക്കുമ്പോൾ എല്ലായിടത്തും മർമ്മം മകനെ തല്ലാൻ പറ്റുന്നില്ല. എനിക്ക് വന്ന കൊറോണയും ചുമയും വ്യക്ത്യാധിഷിഠിതമായല്ലാതെ നിങ്ങൾക്ക് വന്ന ചുമയും ശ്വാസം മുട്ടലുമായി എഴുതി പിടിപ്പിക്കാൻ നോക്കി എടങ്ങേറായി പണ്ടാരടങ്ങി ഇരിക്കയാണ് ഞാൻ…ഒരു കവിത എഴുതാൻ നോക്കീന്ന കുറ്റല്ലെ തമ്പ്രാ ഞാൻ ചെയ്തുള്ളൂ….(വീണ്ടാമതും)

By ivayana