ചന്ദ്രേട്ടാ അകത്തു അബു കിടന്നു കരയുകയാണ് ..അവനു തലവേദനിക്കുന്നു ..എന്തോ ഒക്കെ വിഷമം ..ചന്ദ്രേട്ടൻ ഒന്ന് വന്നേ അവനെ ഒന്ന് നോക്കിക്കേ ..ജോയിയുടെ മുഖഭാവം കണ്ടു പന്തിയല്ല എന്ന് തോന്നി .എഴുതിക്കൊണ്ടിരുന്ന കഥക്ക് ഇടവേള നൽകി ചന്ദ്രേട്ടൻ ജോയിയെ തള്ളിമാറ്റി അകത്തെ മുറിയിലേക്കോടി ..അബു മൂടിപ്പൊതച്ചു കിടക്കുന്നു .ചന്ദ്രേട്ടൻ കട്ടിലിൽ ഇരുന്നു ..അബുവെ . എന്ന് സൗമ്യമായി വിളിച്ചു.. കൈകൾ കൊണ്ട് നെറ്റിയിൽ കൈവച്ചു പനിയുണ്ടോ എന്ന് നോക്കി ..ഹൌ രക്ഷപെട്ടു ചൂടില്ല ..ഭാഗ്യം കൊറോണയല്ല ..എന്താ നിനക്ക് വിഷമം ..ചന്ദ്രേട്ടന്റെ ചോദ്യത്തിന് അബു മറുപിടി പറഞ്ഞു ..ഇന്നലെ മുതൽ തുടങ്ങിയ തലവേദന .മേലാകെ വേദനയും ..നാട്ടിൽ നിന്നും കൊണ്ടുവന്ന മെഡിസിനും തീർന്നു ..എപ്പോളും ചന്ദ്രേട്ടനെ ബുദ്ധിമുട്ടിക്കാൻ പറ്റില്ല അത് കൊണ്ട് കിടന്നതു …ചന്ദ്രേട്ടൻ ഒന്നും പറയാതെ എണീറ്റ് തന്റെ മുറിയിൽ കയറി ബാഗ് തുറന്നു… തലവേദനയുടെ ഗുളികയെടുത്തു വീണ്ടും തിരിച്ചെത്തി ..അബുവിനു നൽകികൊണ്ട് പറഞ്ഞു ..എന്ത് ബുദ്ധിമുട്ട് ..നമ്മൾ എല്ലാവരും കൂടപിറപ്പുകളെപ്പോലെ കഴിയുന്നവർ അല്ലേ ..ഇനി ഒന്നും രണ്ടും പറഞ്ഞു നിൽക്കേണ്ട നീ റെസ്റ്റെടുക്കു ..ഞങൾ രണ്ടാളും എന്തെങ്കിലും പാചകം ചെയ്യട്ടെ …ജോയിയും ചന്ദ്രേട്ടനും അടുക്കളയിലേക്കു നടന്നു ..
ഇപ്പോൾ നിങ്ങൾ കണ്ടത് ഗൾഫിലെ കുറച്ചു പ്രവാസികൾ ഒരുമിച്ചു താമസിക്കുന്ന ചെറിയ വീടാണ് ..ലോക് ടൗൺ ആയതുകൊണ്ട് പണിയൊന്നുമില്ലാതെയും ഉള്ള പണി തന്നെ മണിക്കൂർ പകുതിയായി ചുരുങ്ങിയവരും ..വീട്ടുകാരുടെ ഉയർച്ചക്ക് വേണ്ടി അന്യനാട്ടിൽ കഷ്ടപ്പെടുന്ന ഒരു കൂട്ടം നല്ല മനസ്സിന്റെ ഉടമകൾ ജീവിക്കുന്ന ചെറിയ വീട് .. അവിടേക്ക് നമുക്ക് ഒന്ന് കയറിച്ചെല്ലാം ..ഓർക്കുക അകലം പാലിക്കുക ..മുഖമൂടി ധരിക്കുക … പിഴ ഭയങ്കരമാണ് അറിയാല്ലോ .. ഹ പേടിക്കേണ്ടന്നെ ഞാൻ നിങ്ങളെ ഓർമ്മിപ്പിച്ചുവെന്നു മാത്രം .. ഒന്നര മീറ്റർ അകലത്തിൽ നിന്നോ ..എന്നാൽ ആ സ്റ്റെപ്പ് കണ്ടോ അതിലൂടെ മുകളിലേക്ക് നടന്നോ .. കണ്ടോ വലതു വശത്തു മന്ദാരം എന്നെഴുതി വച്ചിരിക്കുന്നത് അതും മലയാളത്തിൽ ..വാ ആ ഹാളിങ് ബെൽ ഒന്നടിക്കാം ..അല്ലേ വേണ്ട .. വാതിൽ തുറന്നു കിടക്കുന്നു നമുക്ക് അകത്തു കടക്കാം .. അനുവാദമില്ലാതെ . നമ്മൾ വരുമെന്ന് ചന്ദ്രേട്ടനോട് പറഞ്ഞിരുന്നു ..എങ്കിലും ചന്ദ്രേട്ടാ കഷ്മിച്ചേക്കണേ .. കണ്ടോ ഇടതു മുറി വാതിൽ ചാരിയിട്ടേയുള്ളു .. ഒരു കട്ടിലിൽ മൂടിപ്പുതച്ചുകിടക്കുന്ന അബു എന്ന ചെറുപ്പക്കാരൻ . ഉള്ളതെല്ലാം വിറ്റു ഗൾഫിൽ വന്നിട്ട് അഞ്ചു വർഷം .കമ്ബനിയിൽ എൻജിനീയർ ആയി ജോലി നോക്കുന്നു ..ലോക് ടൗൺ കാരണമിപ്പോൾ പണിയില്ല .ഒരു വര്ഷം മുൻപ് നാട്ടിൽ പോയി വന്നതേയുള്ളു …തിരിച്ചു പോരാൻ തുടങ്ങുമ്പോൾ ബന്ധുവിന്റെ ഒരു മൊഞ്ചത്തിയെ വിവാഹം കഴിച്ചു ..മധുവിധു തീരും മുൻപേ അവധി കഴിഞ്ഞു തിരിച്ചു പോന്നതാണ് .. ആളെ ഏകദേശം നിങ്ങൾക്ക് പരിചയമായല്ലോ ..മൂടിപ്പുതച്ചു കിടക്കുമ്പോളും പുന്നാരിക്കുന്ന ശബ്ദം നിങ്ങൾ കേൾക്കുന്നുണ്ടോ ..നമുക്ക് അതൊന്നു കേൾക്കാം ..ഫോണിൽ സംസാരിക്കുകയാണ് .
അബു .നീ എവിടാ പെണ്ണെ …
ഞാൻ കുറെ നേരമായി വെയിറ്റ് ചെയ്യുന്നു ..
മറുതലയിൽ ഒരു മൊഞ്ചത്തിയുടെ ശബ്ദം ..അതെ ഉമ്മ ഒത്തിരി പണി ഏൽപ്പിച്ചിട്ടുണ്ട് അതൊക്കെ ഒന്ന് തീർത്തു ..ഇനി പറ ..എന്തുണ്ട് ഇക്ക വിശേഷം ..എനിക്ക് കാണാൻ കൊതിയാകുന്നു ..
നിന്റെ കൊതി ഇവിടെ ബാക്കിയുള്ളവന്റെ നെഞ്ചിൽ തീയാ ..അടുത്ത മുറിയിൽ നിന്നും ഒരാളെ ആംബുലൻ സിൽ കയറ്റി കൊണ്ടുപോയെ ഉള്ളു ..ഇപ്പൊ അവിടെ എങ്ങനുണ്ട് ..

ഇവിടുത്തെ കാര്യം വിടു ഇക്ക ..ഇക്കാ സൂക്ഷിക്കണം ..പുറത്തു ഇറങ്ങേണ്ട ..ഇത് കേൾക്കുമ്പോൾ എന്റെ നെഞ്ചു പൊട്ടുന്നു .നിങ്ങള് ഇതുവരെ നോർക്കയിൽ രെജിസ്റ്റർ ചെയ്തില്ലേ .കഴിഞ്ഞദിവസം റഹീം തിരിച്ചുവന്നല്ലോ ?
ഉവ്വാ എന്റെ രഹാന എല്ലാം ചെയ്തിട്ടുണ്ട് ..ഇനി നമ്മുടെ പടച്ചോൻ കാക്കണം ..അവിടുന്നുള്ള വിളിക്കായി ,
ങ്ങള് വിഷമിക്കേണ്ട ബാപ്പയും ഉമ്മയും ഞമ്മളും എന്റെ അബുക്ക ക്കായി മുട്ടിപ്പായി പ്രാർത്ഥിക്കണുണ്ട് ..

മൊഞ്ചത്തി നിന്റെ കവിളിൽ നുള്ളാൻ എനിക്ക് കൊതിയാവാണ്

ഇക്ക ഇങ്ങള് ഇങ്ങെത്താതെ നെഞ്ചിൽ തീയാണ് ..ഉള്ളത് മതിയിക്കാ .. ഞാനും എന്തെങ്കിലും പണിക്കു പോയാൽ മതിയല്ലോ ..നിങ്ങള് വിഷമിക്കേണ്ട .
എനിക്കറിയാം രെഹന പടച്ചോൻ വിചാരിച്ച നമ്മൾ സുഹമായി ജീവിക്കും ..
നമുക്ക് പറ്റാത്ത സ്വപ്നങ്ങൾ ഒന്നും നമ്മൾ കാണാറില്ലല്ലോ ഇക്ക .എന്റെ പൊന്നിങ്ങു വന്നാമതി ..
പുറത്താരോ വന്നു എന്ന് തോന്നുന്നു രെഹ്ന വച്ചോളു ..ഇക്ക വീണ്ടും വിളിക്കാം .. ഫോൺ കട്ടാകുന്നു ..ചന്ദ്രേട്ടൻ അബുവിന്റെ മുറിയിലേക്ക് കയറി വരുന്നു ..അബു നല്ല ചൂട് കഞ്ഞി ഉണ്ടാക്കിയിട്ടുണ്ട് വാ കുടിക്കാം ..എല്ലാരും കൂടി മേശപ്പുറത്തിരുന്നു ചൂടുള്ള കഞ്ഞി ഊതി കുടിച്ചുകൊണ്ടിരുന്നു ..

നിങ്ങൾ മാസ്ക് എടുത്തോ അതവിടെത്തന്നെ വയ്ക്കു ..എന്നിട്ടു ഇവരെ ശ്രദ്ധിക്കു ..ഇനി ഞാൻ എപ്പോളും ഓർമ്മിപ്പിക്കില്ല കേട്ടോ …

ചന്ദ്രേട്ടന്റെ കൈയ്യിലിരുന്ന ടെലഫോൺ ചിലച്ചു ..ചന്ദ്രേട്ടൻ അവരോടായി പറഞ്ഞു നിങ്ങൾ കഞ്ഞികുടിക്കു ഞാൻ അമ്മയുമായി സംസാരിക്കട്ടെ ..അപ്പോൾ ജോയ് പറഞ്ഞു അതെ അമ്മയോട് ഞങ്ങൾക്കും സംസാരിക്കണം ..ഉവ്വ ആദ്യം ഞാൻ ഒന്ന് സംസാരിക്കട്ടെ ..ഫോണിലൂടെ അമ്മെ ഞാൻ അങ്ങോട്ട് ഉടനെ വിളിക്കാം ‘അമ്മ ഫോൺ കട്ട് ചെയ്തോളു.. ചന്ദ്രേട്ടൻ മുറിയിൽ കയറി ഫോണെടുത്തു അമ്മയെ വിളിച്ചു .
‘അമ്മയുടെ ശബ്ദം ..എന്താ ചന്ദ്ര നീ വിളിക്കാഞ്ഞേ ഞങൾ വിഷമിച്ചിരിക്കുകയായിരുന്നു ..മോന് സുഹമല്ലേ .. കൂട്ടുകാരെല്ലാവരും സുഹമായിരിക്കുന്നോ ?
ഇതുവരെക്കുഴപ്പം ഒന്നുമില്ല ..എന്നാലും ഉള്ളിൽ ഭയമുണ്ടമ്മേ ..മഹാമാരി എപ്പോളാ വരുന്നേ എന്നറിയില്ല ..
നീ പേടിക്കേണ്ട ..ശിവന്റെ അമ്പലത്തിൽ ഒരു വിളക്ക് നേർന്നിട്ടുണ്ട് ഒന്നും വരില്ല ..പരമശിവൻ നിന്നെ കാത്തുകൊള്ളും .പുറത്തിറങ്ങിപ്പോവാൻ ഇവിടെ കഴിയില്ല ..പൂജാരി ഉണ്ണിയെ ‘അമ്മ വിളിച്ചു പറഞ്ഞു ..അവൻ നിന്നെ അന്വേഷിച്ചു .. നീ രേണുവിനെ വിളിച്ചോ ?

അടച്ചുമൂടിയിരിക്കുന്നുവെങ്കിലും എപ്പോളും എന്തും സംഭവിക്കാം അമ്മേ . വൈറസ് ബാധക്കെതിരെ പരമശിവന് എന്ത് ചെയ്യാൻ കഴിയും അമ്മേ .. പിന്നെ രേണു അവളെ ഞാൻ വിളിക്കാറില്ല അമ്മെ പിണങ്ങിപ്പോയ അവളെ ഇനി എന്ത് പറഞ്ഞു വിളിക്കാൻ .. എന്റെ കുട്ടിയുടെ മുഖം പോലും അവള് കാണിക്കില്ലല്ലോ അമ്മേ ..അവൾ അവളുടെ സുഖംതേടി പോയതല്ലേ ..ങ്ങും ഇതും പറഞ്ഞു ‘അമ്മ ഇങ്ങു വിളിക്കേണ്ട ..എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ അങ്ങ് വിളിച്ചോളാം .

ശിവ ശിവ ഈ ചെക്കൻ പറയണേ കേട്ടില്ലേ ..പഠിപ്പു കൂടിയതിന്റെ കേമം ..അമ്പലത്തിൽ വിളക്ക് വയ്ക്കുന്ന ഗുണം നിനക്ക് കിട്ടും ..

ഇഷ്ടവും ഇഷ്ടക്കേടുമൊന്നും പറഞ്ഞില്ല അമ്മെ ഇനി അതിനു പിണങ്ങേണ്ട ..’ബാധ്യതകളൊക്കെയുള്ളതല്ലേ! കുറച്ചുകാലം കൂടി ഇവിടെ പിടിച്ചു നിൽക്കണം അമ്മ ഫോൺ വെച്ചോളൂ,ഞാൻ പിന്നെ വിളിക്കാം ..

ബാധ്യതകൾ അത് ഇല്ലത്തെ കുറച്ചു ഭൂമി വിറ്റു തീർക്കാം നീ ഇങ്ങു വന്നാൽ മതി ..കലികാലം! അല്ലാതെന്ത് പറയാനാ!’ബന്ധങ്ങൾക്കൊന്നും ഒരു വിലയും ഇല്ലാത്ത കാലം!’ ചന്ദ്ര മോനെ.. കയറിവരാൻ നോക്ക് അനുക്കുട്ടനെ ഞാൻ കഴിഞ്ഞ ദിവസം ദൂരെ നിന്ന് കണ്ടു .. രേണു പാടവരമ്പത്തു കൂടി നടന്നുപോകുന്നു ..ഇങ്ങോട്ടു നോക്കിവരെയില്ല ..പിന്നെ ‘അമ്മ തനിച്ച ഓർമ്മയുണ്ടല്ലോ ..അബുവിനേയും ജോയിയേയും അന്വേഷിച്ചുവെന്നു പറയണം ..ചന്ദ്രൻ ഫോൺ ഓഫാക്കി ..അറിയാതെ കണ്ണുകളിൽ നിന്നും വീണ കണ്ണുനീർത്തുള്ളികൾ തുടച്ചു വീണ്ടും മേശപ്പുറത്തു എത്തി ..

കഞ്ഞികുടി കഴിഞ്ഞു ചന്ദ്രൻ തന്റെ കമ്പിനിയിലേക്കു പോയി കുറച്ചു പണി തീർക്കുവാൻ . അബു മുറിയിലേക്ക് ….വീണ്ടും മൂടിപ്പുതച്ചു കിടന്നു..ജോയ് പാത്രങ്ങളെല്ലാം അടുക്കി വച്ച് .. പെട്ടെന്ന് ഫോണെടുത്തു നാട്ടിലേക്ക് വിളിച്ചു ..

ലൗലി ഇത് ഞാനാ ജോയ്
ങ്ങ മനസ്സിലായി എന്താന്നാ വേഗം പറ ..എനിക്ക് ഇവിടെ തിരക്കാണെന്നറിയില്ലേ ..
ഇവിടെ ആകെ പ്രശ്നമാണ് ലൗലി

അവിടെ മാത്രമല്ലല്ലോ ..ലോകം മുഴുവനും ഈ പ്രശനം തന്നെയാണ് ..

അതല്ല ലൗലി ഞാൻ തിരിച്ചു വന്നാലോ എന്നാലോചിക്കുവാ ?

മിണ്ടരുത് .. ഇങ്ങോട്ടു തിരിച്ചു വന്നാ എങ്ങനെ ജീവിക്കും ..വല്ല ചുളയും ഉണ്ടാക്കി വച്ചിട്ടുണ്ടോ..കടമല്ലാതെ ..എനിക്ക് കിട്ടുന്ന നക്കാപ്പിച്ച കൊണ്ട് ജീവിക്കാമെന്ന കരുതുന്നെ . അധികമൊന്നും എന്നെകൊണ്ട് പറയിപ്പിക്കേണ്ട ..ഫോൺ വച്ചിട്ട് പോ മനുഷ്യ ..

ചെറിയൊരു നിശ്വാസത്തോടെ ജോയി ഫോൺ ഓഫാക്കി ..

ആ നിശ്വാസം നിങ്ങൾ എല്ലാവരും കേട്ടില്ലേ ..ഞാനും കേട്ടു .. പ്രവാസിയുടെ നിശ്വാസം വേദനയുടെ നെടുവീർപ്പിന്റെ കരയാൻ കഴിയാത്ത നിശ്വാസം ..
അയ്യോ ഇതൊക്കെ കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല അല്ലേ ..അതെന്താ അത് ,..കണ്ടോ ..ആരോ വരുന്ന ശബ്ദം..

മൂടിപ്പുതച്ചു കിടന്ന അബു ഓടിക്കിതച്ചു ജോയിയുടെ മുറിയിലെത്തി ജോയി പകച്ചു നിൽക്കുന്നു .. അബുവിന്റെ കണ്ണുകളിലൂടെ കണ്ണുനീർ പൊടിയുന്നു.. അബു ജോയിയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു .ചന്ദ്രേട്ടന്റെ ഓഫീസിൽ നിന്നും ഒരു ഫോൺ കോൾ .. ചന്ദ്രേട്ടൻ ഓഫീസിൽ കുഴഞ്ഞു വീണു മരിച്ചിരിക്കുന്നു . കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു .. നമ്മൾ ആ അമ്മയോട് എങ്ങനെ വിളിച്ചു പറയും ..രണ്ടു പേരും കുറച്ചു നേരം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു .ജോയ് കണ്ണുകൾ തുടച്ചു ഫോണെടുത്തു ചന്ദ്രന്റെ അമ്മയെ വിളിച്ചു .. അവിടെ നിന്നും ഉച്ചത്തിലുള്ള നിലവിളി ഉയർന്നു കേൾക്കാമായിരുന്നു. പെട്ടെന്ന് ബെല്ലടിക്കുന്ന ശബ്ദം .. അബു വാതിൽ തുറന്നു പോലീസ് ..അവർ അറബിയിൽ പറഞ്ഞു ..നിങ്ങൾ പതിനാലു ദിവസം ക്വാറെന്റീനിൽ തുടരണം ..ഇവിടെ നിന്നും ഞങ്ങളുടെ അനുവാദമില്ലാതെ പുറത്തു പോകാൻ പാടില്ല ..എല്ലാം അവർ സമ്മതിച്ചു ഒപ്പിട്ടു നൽകി .. സ്വന്തം ചേട്ടനെപ്പോലെ നമ്മളെ നോക്കിയാ നമ്മുടെ ചന്ദ്രേട്ടനെ ഒരു നോക്ക് കാണുവാൻ കഴിയാതെ അബുവും ജോയിയും . പൊട്ടിക്കരഞ്ഞു ആ കരച്ചിൽ ഒരു മുറിവായി ..എല്ലാ പ്രവാസികളുടെ മനസ്സിലും നീറിപ്പുകയുന്നു – ചന്ദ്രേട്ടന്റെ എഴുതി തീരാത്ത കഥയിലെ അക്ഷരങ്ങൾക്ക് പോലും ആ മുറിവ് അനുഭവപ്പെടുന്നു – ഇല്ലേ നിങ്ങളുടെ മനസ്സും നീറിപ്പുകയുന്നില്ലേ …

മുറിവുകൾ …. ജോർജ് കക്കാട്ട്

By ivayana