ചിറയിങ്കണ്ടത്തിലെ ചേറപ്പായി മകൻ അന്തോണി വെളിയിലിരുന്നതിനെ എടുത്ത് കോണാൻ ഉടുത്തു, എന്നു പറഞ്ഞതുപോലെയായി. എന്തു പറയേണ്ടു :, കഥ ഇവിടെ തുടങ്ങുകയാണ്.
ചിറയങ്കണ്ടത്തിലെ ചേറപ്പായി നാഴികയ്ക്ക് നാല്പതുവട്ടം ഒളിച്ചോടും. പുതിയ നാഴിക പിറക്കുന്നതിന് മുമ്പേ തിരിച്ചെത്തും. ചേറപ്പായി തിരിച്ചെത്തുമ്പോൾ സഹധർമിണി, നെഞ്ചത്തുള്ള മിഴാവ് പ്രയോഗം അങ്ങു നിറുത്തും. പിന്നെ, ദൂരെ നിന്നേ നടന്നടുക്കുന്ന ചേറപ്പായിയെ കണ്ട് കഥകളി പദപ്രയോഗമങ്ങു തുടങ്ങും. അതുകേട്ട് അടുത്തെത്തുമ്പോഴേക്കും അയാൾ ക്ഷീണിച്ചിരിക്കും. അപ്പോഴാണ് ഒളിച്ചോടണമെന്ന് പിന്നെയും തോന്നണത്.
അങ്ങിനെയുള്ള ചേറപ്പായിയുടെ ഒറ്റ വിത്താണ് അന്തോണി. അന്തോണിയുടെ മീശ കണ്ടാൽ ഒന്നു വിറക്കാത്ത കരക്കാരില്ല. അപ്പോൾ അന്തോണിയുടെ മീശയും വിറക്കും. പണ്ടെങ്ങോ കുട്ടിക്കാലത്തു ഓടിവീണ കല കണ്ടാൽ തന്നെ നാട്ടുകാർക്ക് ഭയമാണ്. ഗ്രാമ്യഭാഷയിൽ അതൊരു വെടി ക്കലയാണ്. അതൊരു വെറും വെടി കല മാത്രം ആണെന്ന് എനിക്കു മാത്രമേ അറിയുകയുള്ളൂ. പിന്നെ എങ്ങനെയാണ് അന്തോണി കരയിലെ റൗഡി ആയത്… !
ഒരുദിനം കാലത്ത് എഴുന്നേൽക്കുമ്പോൾ അന്നാമ്മ എന്ന അന്തോണിയുടെ അമ്മ പറഞ്ഞു, ചേറപ്പായിയെ കാണാനില്ലെന്ന്. !അന്തോണിയെന്ന വിത്ത് മൂത്തേപ്പിന്നെ ചേറപ്പായി ഒരു നാഴികക്കും പുറപ്പെട്ടു പോവില്ലെന്നായി.
അന്തോണിയുടെ മീശയെ അപ്പനും പിടിച്ചിട്ടുണ്ടോ ആവോ.. !!
അന്നാമ്മ ചേറപ്പായിയെ കാണാനില്ലെന്നുപറഞ്ഞു നെഞ്ചത്ത് മിഴാവ് കൊട്ടിത്തുടങ്ങി. അതു കണ്ട് അന്തോണിക്ക് സഹിച്ചില്ല. അന്തോണി ഓടിവന്ന് അമ്മയുടെ കയ്യുകൾ കൂട്ടിപ്പിടിച്ചു. അപ്പോഴേക്കും അന്തോണിയുടെ മീശ വിറച്ചുതുടങ്ങി. മകൻ ദേഷ്യം കൊണ്ട് പല്ലിറുമുകയാണെന്ന് പാവം അമ്മച്ചിക്കുതോന്നി. അന്തോണി പ്രഖ്യാപിച്ചു… ‘അമ്മച്ചീ ഞാൻ അപ്പനെ അന്വേഷിച്ചു വരട്ടെ എന്നിട്ടുമതി ഇനി ഈ നെഞ്ചത്തടി. ‘അന്നാമ്മ അതങ്ങു സമ്മതിച്ചു. തന്റെ മകൻ ധീരനെന്നാണ് അമ്മച്ചിയുടെ വിചാരം. അതൊരിക്കൽ അവർ അനുഭവിച്ചതുമാണ്.
അന്നാമ്മ മകന്റെയൊപ്പം കരയിലെ ചന്തയിലൊന്നുപോയി. ഇതിനുമുമ്പെല്ലാം ഒന്നുകിൽ ചേറപ്പായി മാത്രമാണ് ചന്തക്ക് പോകാറ്. അല്ലെങ്കിൽ അന്തോണി മാത്രമാണ് ചന്തക്ക് പോകാറ്. അതുമല്ലെങ്കിൽ അന്നാമ്മ തന്നെയാണ് ചന്തക്ക് പോകാറ്. പക്ഷേ, അന്ന് അന്തോണിക്കുമൊപ്പം അന്നമ്മ ചന്തയിലെത്തി. ചന്തയിൽ എന്തൊരു ഇരമ്പമായിരുന്നു. ഒരു വലിയ കുളവിക്കൂട് ഒരുമിച്ചിളകി വന്നാലും ചന്തയിലെ ആ ഇരമ്പൽ കേട്ട് അവ പേടിച്ചോടും…! പക്ഷേ, അന്തോണി ചന്തയിൽ എത്തിയപ്പോൾ ആ ഇരമ്പം അകന്നകന്നു പോകുന്നു. അന്തോണിയടുത്തു ചെല്ലുംതോറും ആ ഇരമ്പൽ അകന്നകന്നു ഇല്ലാതായതുപോലെ, എവിടെയോ പോയൊളിച്ചു. അപ്പോൾ ആരോ അന്തോണിയെക്കുറിച്ചു പറയുന്നത് കേട്ടു. അവന് ആ മീശ വെട്ടിക്കളഞ്ഞൂടായോ.. !അപ്പോഴാണ് അന്നാമ്മയും അന്തോണിയുടെ മീശ കണ്ടത്. അത് വിറക്കുന്നു. അവന്റെ മീശ കണ്ടിട്ടാണ് ചന്തയിലെ ഇരമ്പം പോയതെന്ന് അന്നാമ്മ അങ്ങ് വിശ്വസിച്ചുപോയി.
അന്നാമ്മ അഭിമാനപുളകിതയായി.
അതുകൊണ്ടാണ് അന്തോണി വന്നു കൈയിൽ പിടിച്ചപ്പോൾ കുതറാതിരുന്നത്. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ കൈ കുതറിവിടുവിച്ചു രണ്ടിടിയും കൂടി ഇടിച്ചേനെ.
അന്തോണി അയയിൽ നിന്ന് ഒരു ഷർട്ടും എടുത്തിട്ട് നടന്നു കഴിഞ്ഞു.

അറിയാവുന്നിടങ്ങളിലെല്ലാം അന്തോണി അപ്പനെ അന്വേഷിച്ചു. ഒടുവിൽ മടുത്തു തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോഴാണ് പുറകിൽ ആരോ മന്ത്രിക്കുന്നത് കേട്ടത്. ചേറപ്പായിച്ചേട്ടൻ ഇന്നലെ രാത്രി താഴത്തങ്ങാടിയിലേക്ക് പോകുന്ന കണ്ടു. !!
അതുകേട്ട് അന്തോണി അറിയാതെനിന്നുപോയി. തിരിഞ്ഞൊന്നുനോക്കി. പുറകിൽ ഒരാൾ പതുങ്ങുന്നു. അന്തോണി അയാളുടെ അടുക്കൽ ചെന്നു തോളത്തൊന്നു തൊട്ടു. പിന്നെ വളരെ സൗമ്യമായി ചോദിച്ചു. അയാൾ കൈ തൊഴുതുപിടിച്ചു പറഞ്ഞു. എന്നെ ഒന്നും ചെയ്യല്ലേ അന്തോണി. അയാളുടെ ശബ്ദത്തിന് ഒരുപേടിയുടെ വിറയൽ. ഒന്നും പറയാതെ തിരിഞ്ഞു നടന്നു.
അപ്പനെന്തിനാവും താഴത്തങ്ങാടിയിൽ പോയത് !!ആ സംശയം വളർന്നു തുടങ്ങിയത് അന്തോണിയും അറിഞ്ഞില്ല. താഴത്തങ്ങാടിയിലേക്കു തിരിയുന്ന കവലയിലെത്തിയപ്പോൾ അൽപനേരം നിന്നു. എല്ലായിടവും ഒന്നുതിരിഞ്ഞും മറിഞ്ഞും നോക്കി. പിന്നെ താഴത്തങ്ങാടിയിലേക്ക് നടന്നു.
താഴത്തങ്ങാടിയിലേക്ക് നടക്കുമ്പോൾ വഴിയിൽ പരിചയക്കാരനായ ഒരാൾ നോക്കിചിരിച്ചു. കുശലം ചോദിച്ചു. കുഞ്ഞേന്താ ഇവിടെ..? ആ ചോദ്യം തന്നെ ഏതോ സംശയത്തിന്റെ ബാക്കിയാണെന്നു മനസ്സിലാക്കാൻ ഏറെ സമയമെടുത്തു.
അപ്പനെ അന്വേഷിച്ചിറങ്ങിയതാവും അല്ലേ?
ആ ചോദ്യം കരണമടിച്ചുള്ള ഒരടിക്കു തുല്യമായിരുന്നു. മുഖം മഞ്ഞളിച്ചുപോയി. മഞ്ഞളിപ്പ് മാറിയത് എപ്പോഴെന്നറിയില്ല. അയാൾ വിളിച്ചപ്പോൾ ഒപ്പം നടന്നു.
എങ്ങനെയാ പറയ്ക !എങ്ങനെയാ പറയാതിരിക്യാ.. അപ്പനോളം പോന്നൊരു മകനുണ്ടെന്ന് അയാൾക്കും തോന്നണ്ടയോ… ഒരിക്കൽ ഇവിടെവന്നു തിരിച്ചുപോകുമ്പോൾ പലരും പറഞ്ഞിരുന്നു. ഇനി വരരുതെന്ന്. പിന്നെ കാണാതിരുന്നപ്പോൾ പലരും ആശ്വസിച്ചതിനൊപ്പം താഴത്തങ്ങാടിയും നിശ്വസിച്ചു. പക്ഷേ :,
ആ പക്ഷെയും എവിടെയൊക്കെയോ മുള്ളുകൾ പോലെ തറച്ചുകയറുന്നു. ഈ നടപ്പ് തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞതുപോലെ. അയാൾ ദൂരെ നിന്നും കാണിച്ചു തന്നു, ഒരോലമേഞ്ഞ വീട്. അയാൾക്ക്‌ മുന്പേ നടക്കുമ്പോൾ പുറകിൽ പാദപതനം വർധിച്ചുവരുന്നതറിഞ്ഞു. വീടിനുമുമ്പിൽ ചെന്നുനിൽക്കുമ്പോൾ പാദപതനം നിൽക്കുന്നതറിഞ്ഞു. പക്ഷേ, ചെറിയ ഒരാരവം ഉയർന്നു തുടങ്ങി.
വാതിൽ തുറക്ക്.
മുഖത്ത് വേർപ്പുതുള്ളികൾ നിറയുന്നു. ഇടതു കൈ ഉയർത്തി അതു തുടയ്ക്കുമ്പോൾ തന്നോടുതന്നെയുള്ള അവജ്ഞ കയ്യിൽ നിറയുന്നതറിഞ്ഞു. വാതിലിൽ മുട്ടണമെന്നേ കരുതിയുള്ളൂ പക്ഷേ, അറിയാതെ തള്ളുകയായിരുന്നു ചെയ്തത്. പലക കൊണ്ടുള്ള വാതിൽ മലർക്കേ തുറന്നു.
ശാന്തമായി കിടന്നുറങ്ങുന്ന അപ്പൻ. ഒരു പാ പോലുമിടാതെ ഒരു തടിക്കട്ടിലിൽ. വാതിൽപ്പലകയുടെ കറകറ ശബ്ദത്തിനുപകരമായി ഒരു ചിലമ്പിച്ച സ്വരം പുറത്തുവന്നു. ആരാത്. പുറത്തുവന്ന സ്ത്രീയെ മറ്റെവിടെയോ ഒക്കെ കണ്ടിട്ടുള്ളതായി തോന്നി. അവരുടെ തോളിനോപ്പം ഉയർന്നുവന്ന തലയ്ക്കു കൂടുതൽ ചെറുപ്പവും മുഖത്തിന്‌ ഏറെ അഴകും കണ്ടതാണ് ഏറെ കഷ്ടമായത്.
അപ്പനെ വിളിക്ക്.
എവിടെനിന്നാണ് അത്രയും ഗൗരവതരമായ ശബ്ദം പുറത്തുവന്നതെന്ന് അന്തോണിയും അത്ഭുതപ്പെട്ടു. അവരുടെ കണ്ണുകൾ അന്തോണിയുടെ പുറകിലേക്ക് ഒഴുകിപ്പരക്കുന്നതും കണ്ടു. അവരുടെ മുഖത്ത് പരിഭ്രാന്തി മിന്നിമറയുന്നതു കണ്ടു. അവരുടെ മുഖത്ത് ആരോടോ ഉള്ള ദേഷ്യം പതയ്ക്കുന്നതു കണ്ടു.
അന്തോണിയും ഒന്നു തിരിഞ്ഞുനോക്കിപ്പോയി. അയാൾ അത്ഭുതപ്പെട്ടുപോയി. എവിടെനിന്നാണ് ഇത്രയും ജനം കൂടിയത് !താഴത്തങ്ങാടിയിൽ ഇത്രയും ജനങ്ങളോ !!.
അപ്പനെ വിളിക്കാൻ.
പിന്നീടുവന്ന ശബ്ദത്തിൽ അന്തോണിയുടെ ഗൗരവം നഷ്ടപ്പെട്ടിരുന്നു. ഒരുവിറയൽ ദേഹമാസകലം വ്യാപിച്ചു. അത് മേശതുമ്പിലുമെത്തി.
ലീലയുടെ മുഖത്ത് അരിച്ചുകയറിയ ദേഷ്യം പരിഭ്രാന്തിയായി കലാശിച്ചു. പിറകിൽ നിന്ന പെണ്ണ് അകത്തേക്ക് വലിഞ്ഞു. അവർ തിടുക്കപ്പെട്ട് ചേറപ്പായിയെ വിളിച്ചുണർത്തി.
എഴുന്നേൽക്കൂ, നിങ്ങളുടെ മകൻ വന്നിരിക്കുന്നു.
ചേറപ്പായി, മകൻ എന്നുകേട്ടതും ഞെട്ടി എഴുന്നേറ്റു. നേരെ നോക്കിയതുതന്നെ മകന്റെ മുഖത്തും. ചേറപ്പായിയുടെ ജീവൻ പമ്പകടന്നു എന്നുപറഞ്ഞാൽ ശരിയാവില്ല :, പുറത്തേക്കുപോകുവാനുള്ള വഴികാണാതെ ഉള്ളിൽ തന്നെ പിടഞ്ഞു. ചേറപ്പായി അന്തോണിയെ മാത്രമല്ല അപ്പോൾ കണ്ടത് :, അന്തോണിയുടെ മുഖത്ത് വിരാജിച്ചു നിൽക്കുന്ന വിറയ്ക്കുന്ന മീശയും കണ്ടു. അയാൾ കട്ടിലിൽ നിന്നും എഴുന്നേറ്റു. അന്തോണിയുടെ പിറകിലെ ഇരമ്പം ഇരമ്പിയുയരുന്നതും ലീലയും ചേറപ്പായിയും അന്തോണിയും അറിഞ്ഞു. പുറത്തുവന്ന ചേറപ്പായി മകന്റെ മുഖത്തുനോക്കാനാവാതെ നിന്നു.
അപ്പാ.
ആ വിളിയിൽ എന്തെല്ലാമോ തകർന്നടിയുന്നത് ചേറപ്പായി അറിഞ്ഞു. ഏതോ പേപ്പറിൽ പണ്ടെങ്ങാണ്ടോ വായിച്ചത് അയാളുടെ ഓർമയിൽ തികട്ടി വന്നു. വ്യഭിചരിച്ചതിന് അപ്പനെ മകൻ വെട്ടിക്കൊന്നു. ദേഷ്യം മുഖത്ത് വരുത്തിച്ചു ചേറപ്പായി മകനെ തുറിച്ചു നോക്കി.
നീയെന്തിനിവിടെ വന്നു.
അന്തോണിപോലും അറിയാതെ അയാളുടെ കൈ ഉയർന്നു. അടിക്കണമെന്ന് അയാളുടെ മനസ്സിൽ പോലും ഒരു വിചാരവും ഇല്ലായിരുന്നു. ഭയം മൂക്കത്തു ശുണ്ഠിയുണ്ടാക്കുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതാവും ചിലപ്പോൾ, പക്ഷേ അന്തോണിക്ക് ഭയമാണെന്ന് കരക്കാരാരും പറയില്ല. അന്തോണിയുടെ മനസ്സുപറഞ്ഞാലും അമ്മ അന്നാമ്മ പോലും അത് സമ്മതിച്ചുതരില്ല. അപ്പൻ ചേറപ്പായി പോലും അതു വിശ്വസിക്കുകയുമില്ല.
അപ്പന്റെ കരണക്കുറ്റി ലക്ഷ്യമാക്കി പാഞ്ഞ ആ കൈ സെന്റീമീറ്ററുകൾക്കകലെവച്ചു പ്രജ്ഞ നശിച്ചു നിന്നുപോയി. ചേറപ്പായിയുടെ കണ്ണുകളിൽ നിന്നു പറക്കാൻ തയ്യാറെടുത്ത പൊന്നീച്ചകളും നിന്നുപോയി. ലീലയുടെ വായറ്റത്തോളം പൊങ്ങിവന്ന അയ്യോ എന്ന തേങ്ങലും നിന്നുപോയി. അന്തോണിയുടെ കൈ കുഴഞ്ഞുവീണു. അയാൾ തിരിഞ്ഞുനടന്നു. അയാളുടെ മുന്നിലുള്ള ആൾക്കാർ വകഞ്ഞുമാറിയതുപോലെ പിരിഞ്ഞു മാറി. ചേറപ്പായി തലകുനിച്ചു പിറകേ നടന്നു.

അപ്പനെയും മകനെയും ഒന്നിച്ചുകണ്ട അന്നാമ്മ കഥകളി പാദ പ്രയോഗം നടത്താനാഞ്ഞെങ്കിലും മകന്റെ മീശ കണ്ട് അതുവേണ്ടെന്നു തന്നെ വച്ചു. അന്തോണി നേരെ അകത്തേക്ക് കടന്നുപോയി.
തന്റെ കഥകൾ മകൻ അന്നമ്മയോട് പറയും എന്നുതന്നെ ചേറപ്പായി വിശ്വസിച്ചു. എങ്കിൽ വരാൻ പോകുന്ന പുകില് കാണേണ്ടിവരും, കേൾക്കേണ്ടിയും വരും. ചേറപ്പായിക്ക് തന്നെ നിന്ദിക്കാൻ തോന്നി. നെഞ്ചിന്റെ കുടുക്കം പടാപടാന്നു ചെവിക്കല്ലിലെത്തുന്നു.
അന്തോണി നേരെപോയി കട്ടിലിൽ വീണു. അപ്പനെ അടിക്കാൻ കൈയോങ്ങിയെന്ന മനസ്താപമല്ലായിരുന്നു മനസ്സിൽ. അപ്പനെയടിക്കാൻ കൈയോങ്ങിയപ്പോൾ ലീലയുടെ പിറകിൽ കണ്ട തുറിച്ച നനഞ്ഞ മിഴികളായിരുന്നു അകക്കാമ്പിൽ. ആ മുഖം മായുന്നില്ല. രാത്രിയുറങ്ങുമ്പോഴും, രാവിലെ ഉണരുമ്പോഴും, പല്ലുതേയ്ക്കുമ്പോഴും കടവിൽ കുളിക്കാനിറങ്ങുമ്പോഴും ആ കണ്ണീരുനിറഞ്ഞ കണ്ണുകൾ മായുന്നില്ല.

അങ്ങനെയാണ് അന്തോണി താഴത്തങ്ങാടിയിലേക്ക് വീണ്ടും യാത്രയാവുന്നത്.
*********0*******
ബിനു. ആർ.

By ivayana