രചന : റെജികുമാർ ചോറ്റാനിക്കര*

സുവർണ്ണ വർണ്ണമായ്ത്തിളങ്ങിടുന്ന ചിന്തകൾ..
പ്രഭാമയൂരമായ് ചിറകു നീർത്തിടുന്നുവോ !
വിരുന്നിനെത്തുമേതുനേരവും മനങ്ങളിൽ..
വളർന്നുപൊങ്ങിയങ്ങുദൂരെ മാഞ്ഞിടും വരേ !
ഒരേ നിമിഷമെത്തിടുന്ന ചിന്തകൾക്കുമേൽ..
അടയിരിക്കുമായിരം കിനാക്കൾ വേറെയും !
ഒടുവിലൊക്കെയും വിരിഞ്ഞിടുന്ന നാളിനായ്..
കണിയും വച്ചു കാത്തുനാമിരുന്നിടുന്നുവോ !
കനൽ പുകഞ്ഞു നീറി നീർത്തടങ്ങളിൽ ദിനം..
വരണ്ടുണങ്ങിയ കിനാക്കളസ്തമിച്ചുവോ !
വരികളിൽ പരസ്പരം പുളഞ്ഞിടുന്നുവോ..
കരളിൽ വന്നു കാഴ്ചയായ മോഹഭംഗവും !
മറിച്ചുചൊല്ലുവാനൊരീ മനസ്സു നീറവേ..
മധുരമെങ്കിലും മറന്നതോർമ്മമാത്രമായ് !
ഹൃദയ ജാലകം തുറന്നു നോക്കിനിൽക്കയായ്..
ഒരിറ്റുകണികയായ് വെളിച്ചമെത്തിടുന്നുവോ !
വിടർന്നുയർന്നു വന്ന സ്നേഹമീയനന്തമാം..
ആഴിതന്റെ മാറിലായടിഞ്ഞു കൂടിയോ !
തിരയടിച്ചു വീണ്ടുമീ മണൽപ്പുറങ്ങളിൽ..
തിരികെയെത്തിടുന്നുവോ നിലാവുദിച്ചപോൽ !

റെജികുമാർ ചോറ്റാനിക്കര

By ivayana