അതിവ്യാപന ശേഷിയുടെ ഡെല്‍റ്റ വകഭേദത്തില്‍പ്പെടുന്ന വൈറസാണ് ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായത്. ഈ ഡെല്‍റ്റ വകഭേദം ഇന്ന് ലോകത്ത് 85ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

2020ല്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് വകഭേദത്തേക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസുകളില്‍ ഒന്നാണ് ഡെല്‍റ്റ. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. B.1.617.2 എന്നീ പേരിലും ഈ വകഭേദത്തെ അറിയപ്പെടും. 3.9 ദശ ലക്ഷം പേരെ ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് മരണപ്പെട്ടെന്നാണ് പറയുന്നത്.

ഇന്ത്യയെ കൂടാതെ യുകെയിലാണ് ഏറ്റവും കൂടുതല്‍ ഡെല്‍റ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അവസാനത്തെ ആഴ്ച 35,204 പേര്‍ക്കാണ് യുകെയില്‍ ഡെല്‍റ്റ വകഭേദത്തിലുള്ള വൈറസ് സ്ഥിരീകരിച്ചത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്ക് പ്രകാരം 111,157 പേര്‍ക്കാണ് അവിടെ ഈ വകഭേദം ബാധിച്ചത്. യുകെയെ കൂടാതെ ജര്‍മ്മനിയിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

റഷ്യയിലും സാമാന സ്ഥിതിയാണുള്ളത്. വ്യാഴാഴ്ച 20,000 കേസുകളാണ് ഡെല്‍റ്റ വകഭേദത്തില്‍ സ്ഥിരീകരിച്ചത്. ഇത് ജനുവരി മുതലുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഡെല്‍റ്റ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ഇസ്രയേല്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിരുന്നു. നേരത്തെ കൊവിഡ് വിജയകരമായി നേരിട്ടരാജ്യങ്ങളാണ് ഇവ രണ്ടും. ഇപ്പോള്‍ ഡെല്‍റ്റ കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്ത സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയത്.

ലോകത്ത് കൊവിഡ് ഏറ്റവും വെല്ലുവിളി തീര്‍ത്ത രാജ്യങ്ങളില്‍ ഒന്നാണ് യുഎസ്. കോവിഡ് 19 പാന്‍ഡെമിക് നിര്‍മാര്‍ജനം ചെയ്യാനുള്ള അമേരിക്കയുടെ ശ്രമത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഡെല്‍റ്റ വേരിയന്റെന്ന് വൈറ്റ് ഹൗസിലെ ചീഫ് മെഡിക്കല്‍ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസിലെ പുതിയ കേസുകളില്‍ 20 ശതമാനത്തിലധികം ഈ വേരിയന്റില്‍ ഉള്‍പ്പെടുന്നു, രണ്ടാഴ്ച മുമ്പുള്ള 10 ശതമാനത്തില്‍ നിന്ന് ഇത് ഇരട്ടിയാകുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, വാക്‌സിനുകള്‍ ഡെല്‍റ്റ വകഭേദത്തെ എത്രത്തോളം പ്രതിരോധിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.രണ്ട് ഡോസ് വാക്‌സിനുകള്‍ ഡെല്‍റ്റ വൈറസിനെ പ്രതിരോധിക്കുമെന്നാണ് പറയപ്പെടുന്നത്.

By ivayana