ഷാജു. കെ. കടമേരി*

വീട്ടിലേക്ക്
വലത് കാൽ വച്ച് വരുന്ന
പെൺകുട്ടിയുടെ
ഉൾതുടിപ്പിൽ വിരിയുന്ന
സ്വപ്നങ്ങൾക്കും
പ്രതീക്ഷകൾക്കും
ലക്ഷങ്ങൾ വില പതിച്ച്
ശാപക്കറകൾക്ക് മീതെ
ആധിപത്യത്തിന്റെ
സിംഹധ്വനികളായ്
ഉയർത്തെഴുന്നേൽക്കുന്ന
തലതെറിച്ച ചില യുവത്വങ്ങൾ
സമൂഹത്തിന്റെ
നെഞ്ച് കുത്തിക്കീറി
വരച്ചിട്ട ദുരന്തചിത്രങ്ങളിൽ
ചുവട് തെറ്റി വഴുതി വീഴും
മൗനനൊമ്പരങ്ങൾ
അഗ്നിമഴയ്ക്ക്
നടുവിലൂടൊറ്റയ്ക്ക്
പിടഞ്ഞു കത്തുന്നു.
ചാറ്റൽ മഴ കുതിർന്ന്
ചിറകൊതുക്കി
നീണ്ട് പോകും താളക്കേടിൽ
അടുക്കളയിൽ
പുകഞ്ഞ് കത്തുന്നുണ്ട്
സ്വപ്നങ്ങളിൽ പൂത്ത
പെൺനോവുകൾ.
സ്ത്രീധന ലഹരി നുണഞ്ഞ
കൊടുങ്കാറ്റുകളിൽ കടപുഴകി
നിലതെറ്റി ചിതറിവീണ
കണ്ണീർപൂവിതളുകൾ
അടുക്കളപാത്രങ്ങളും ഷവറും
ചുമരുകളും എഴുതിവച്ചിട്ടുണ്ടാവും
താലിചരടിൽ
വീർപ്പ് മുട്ടി കിതയ്ക്കും
അവളുടെ കഥകൾ.
തൂക്കി വിറ്റ സ്നേഹത്തിന്റെ
കണക്ക് പുസ്തകത്തിൽ
പതിയിരിക്കും
കറുത്ത വാക്കുകൾ.
പീഡനത്തിന്റെ വാൾമുന
നെഞ്ചിലിറക്കി
കത്തും കനവുകളിലൂടെ
പെയ്ത് തോരാത്ത
കണ്ണുകളുമായ്
പെരുമഴയിലലിഞ്ഞ
വരികളിൽ കുതറി വീണ
ചോരപൂവുകൾ……
ഉണരുക യുവത്വമേ
തുടുപ്പാർന്ന മൊഴികളാൽ
നമുക്കീ കാലചക്രചുവരിൽ
എഴുതിവയ്ക്കാം
സ്ത്രീധനം വേണ്ട ……
സ്ത്രീയാണ് ധനമെന്ന്……

By ivayana