കഥ : ആനി ജോർജ് *

ശ്യാമ ട്രാവൽസിന്റെ ടിക്കറ്റ് ഓഫീസിലേക്ക് കയറുമ്പോൾ സുരേഷ് വിയർത്തു കുളിച്ചിരുന്നു. “മൂന്ന് ടിക്കറ്റ് വേണം… മറ്റന്നാൾ…. അതായത് 12ന്… തിരുപ്പതിക്ക് ” ” ഇരിക്കൂ….പേരുവിവരങ്ങൾ പറയൂ” കൗണ്ടറിനു മുന്നിലെ സ്റ്റൂൾ വലിച്ചിട്ട് സുരേഷ് ഇരുന്നു.

പുറത്തെ കത്തിക്കാളുന്ന മീനവെയിലിൽ നിന്ന് ആശ്വാസമായിരുന്നു ശ്യാമയുടെ ശീതീകരിച്ച കുടുസുമുറി. ” പേരുകൾ പറയൂ.. ” ” 1.സുരേഷ് ഗോപാലപിള്ള2. ലതികാ സുരേഷ്3.ഗോപാലപിള്ള” ” അഡ്രസ്സ് കൂടി പറഞ്ഞോളൂ” ” അമ്പലത്തിങ്കൽ, കുരിശുമ്മൂട് ചങ്ങനാശ്ശേരി”” മടക്കയാത്ര?? ” കൗണ്ടറിലെ മാസ്കിട്ട സുന്ദരി ചോദ്യഭാവത്തിൽ സുരേഷിനെ നോക്കി. ” തീരുമാനമായില്ല, ഇപ്പോ ഇത് എടുത്തോളൂ” ” 7200/-, ആധാർ കാർഡ് കോപ്പി കൂടി തന്നോളൂ ” “കോപ്പിയെടുത്തത് ഇല്ലല്ലോ..” ” കാർഡ് തന്നാൽ, കോപ്പി ഇവിടെ എടുക്കാം അഞ്ചു രൂപ കൂടുതൽ തരണം എന്നേയുള്ളൂ. ”

“സുരേഷ്, പ്രായം ??””47″ പറഞ്ഞുകൊണ്ട് സുരേഷ് ഇടതു ചെന്നിയിൽ ഈയിടെ സ്ഥാനമുറപ്പിച്ച നരയിലൂടെ ഒന്നു കയ്യോടിച്ചു.” ലതികാ സുരേഷ്,പ്രായം??””44″”ഗോപാലപിള്ള??””77″ആധാർ കാർഡും ക്യാഷും കിളിവാതിലിലൂടെ നീക്കിവെച്ച സുരേഷ് സ്റ്റൂളിൽ ഉറച്ചിരുന്നു.” വെള്ളിയാഴ്ച രാവിലെ ആറിനാണ് വണ്ടി പുറപ്പെടുന്നത് അഞ്ചര കഴിയുമ്പോഴേക്കും ഇവിടെ എത്താൻ മറക്കണ്ട “.ടിക്കറ്റുകൾ നീട്ടിക്കൊണ്ട് സുന്ദരി പറഞ്ഞു. മൂന്ന് ടിക്കറ്റുകൾ ബാഗിലേക്ക് തിരുകി, വീണ്ടും വെളിയിലെ മീനച്ചൂടിലേക്ക് സുരേഷ് ഇറങ്ങി. തിരിച്ച് വീടിന്റെ മുറ്റത്ത് ഓട്ടോയിൽ ഇറങ്ങി സിറ്റൗട്ടിലേക്ക് കയറുമ്പോൾ വരാന്തയിലെ ചാരുകസേരയിൽ അച്ഛൻ മുരടനക്കി.

“എടാ സുരേഷേ! ഈ വെയിലത്ത് ഒരു കുട എടുത്തോണ്ട് പോകാൻ നിന്നോട് ആരെങ്കിലും പറയണോ അത് കേട്ടതായി പോലും ഭാവിക്കാതെ സുരേഷ് അകത്തേക്ക് കയറി.” എന്തായി ടിക്കറ്റ് എടുത്തോ?? ” ലതികയുടെ ജിജ്ഞാസ സ്വതേ ഉരുണ്ട അവരുടെ കണ്ണുകളുടെ വലിപ്പം കൂട്ടി. “ഹ്മ്മ് ” “ഉള്ളത് പറഞ്ഞാൽ, നിങ്ങളുടെ അച്ഛന്റെ കൂടെ വരാൻ എനിക്ക് തീരെ താല്പര്യം ഉണ്ടായിട്ടല്ല… പിന്നെ ഇത് എന്റെ ഒരു ആഗ്രഹം ആയിരുന്നു, ഇപ്പോൾ ആവശ്യവും….”.

സുരേഷ് ഒന്നും മിണ്ടിയില്ല. “20ന് പിള്ളേര് രണ്ടുപേരും ഇങ്ങു വരും. അതിനുമുമ്പ് പോയി വരണമെന്നേ ഉണ്ടായിരുന്നുള്ളൂ.” “ഹമ്മ്മ് “”ചോറ് കാലമായെങ്കിൽ വിളമ്പി കോളു..അച്ഛനേം വിളിക്കാം” ” നിങ്ങൾ കഴിക്ക്…. അച്ഛന് ഞാൻ പിന്നെ കൊടുത്തോളാം. ധൃതി വെച്ച് കഴിച്ചിട്ടിപ്പോ മരുന്നൊന്നും കഴിക്കാൻ ഇല്ലല്ലോ.. ” ലതികയുടെ മുഖത്തെ വെറുപ്പ് കൂടുതൽ വിരൂപമാക്കി. പാത്രത്തിലെ ചോറിലേക്ക് വിരലുകൾ പൂഴ്ത്തിയതും അച്ഛന്റെ അനക്കം കേട്ടു.”

ലതികേ എനിയ്ക്കൂടിത്തിരി എന്തേലും എടുത്തോ… വയറ്റിൽ ഒരു പരവേശം” ലതികയുടെ മുഖം കൂടുതൽ വിരൂപമായത് സുരേഷ് ശ്രദ്ധിച്ചു.അച്ഛന്റെ മുന്നിലേക്ക് നിരക്കി വെച്ച പിഞ്ഞാണത്തിലെ കൂട്ടാന്റെ കുറവും സുരേഷ് ശ്രദ്ധിക്കാതെയിരുന്നില്ല. പക്ഷേ എന്ത് കാര്യം?? ലതികയെ ധിക്കരിക്കാൻ അയാൾക്ക് ധൈര്യം ഇല്ല. അച്ഛന്റെ മുഖത്ത് കണ്ണുകൾ ഉടക്കാതെ, സുരേഷ് തന്റെ മുന്നിലെ പാത്രത്തിലെ സമൃദ്ധിയിലേക്ക് ശ്രദ്ധയൂന്നി.

” അച്ഛന്റെ ആഗ്രഹമല്ലായിരുന്നോ തിരുപ്പതി ക്ക് ഒരു യാത്ര?? ” ” അതേ മോനേ… അവളുടേമാഗ്രഹമായിരുന്നു. പക്ഷേ നടന്നില്ല. ഇനിയിപ്പോ…!!” ഗോപാലപിള്ള പറഞ്ഞുനിർത്തി. “ഞങ്ങള്…വെള്ളിയാഴ്ച തിരുപ്പതിക്ക് പോകാമെന്ന് വിചാരിക്കുകയാണ്..അച്ഛനും പോന്നോളൂ… മൂന്ന് നാല് ദിവസത്തെ യാത്രയാണ് ഉദ്ദേശിക്കുന്നത്.എനിക്കാണേൽ, ഇനി ഒന്നുരണ്ടാഴ്ച അവധിയാണ്.

കടയുടെ പുതുക്കൽ പരിപാടികൾ നടക്കുന്നത് കൊണ്ട് കിട്ടിയ അവധിയാണ്. ആ സമയം വെറുതെ കളയേണ്ടല്ലോ .” ” ലതികയ്ക്ക് ഇഷ്ടമാകുമോ, മോനെ? ഞാനും കൂടെ വന്നാൽ,അത് നിങ്ങൾക്കൊരു ബുദ്ധിമുട്ടാകില്ലേ? ” ” അച്ഛനെ ഇവിടെ നിർത്തിയിട്ട് പോകുന്നത്, ഞങ്ങൾക്കതിലും ബുദ്ധിമുട്ടാണ്” ഊണ് മേശയിലെ സംഭാഷണം ശ്രദ്ധിക്കുകയായിരുന്ന ലതിക, അടുക്കളയിലെ പാത്രങ്ങളുടെ ശബ്ദത്തിലൂടെ തന്റെ നീരസം അറിയിക്കുന്നുണ്ടായിരുന്നു. ‘ വന്നുവന്ന് അച്ഛനെ തീരെ ഇഷ്ടമല്ലാതായിരിക്കുന്നു അവൾക്ക്….’

സുരേഷ് കറി ഒഴിച്ച് പാത്രത്തിലെ വറ്റ് കുഴച്ചു കൊണ്ടേയിരുന്നു'” വെള്ളിയാഴ്ച കാലത്ത് പുറപ്പെടാൻ തയ്യാറായി കൊള്ളൂ “അച്ഛന്റെ മുഖത്തെ സന്തോഷം അയാൾ കണ്ടില്ലെന്ന് നടിച്ചു. വ്യാഴാഴ്ച രാവിലെ, വീണ്ടും ശ്യാമയുടെ ഓഫീസിന് മുന്നിലൂടെ രണ്ടുമൂന്നു പ്രാവശ്യം സുരേഷ് അങ്ങോട്ടുമിങ്ങോട്ടും നടന്നു. കൗണ്ടറിൽ കഴിഞ്ഞപ്രാവശ്യം കണ്ട സുന്ദരി അല്ലെന്ന് ഉറപ്പുവരുത്തി, അയാൾ ഉള്ളിലേക്ക് കടന്നു ചെന്നു.

” രണ്ട് ടിക്കറ്റ് വേണം, തിരുപ്പതിയിൽ നിന്ന് ചങ്ങനാശ്ശേരിക്ക്, റിട്ടേൺ” ” ഞായറാഴ്ച മതിയോ? “” മതി “”ശരി,പേരും വിവരങ്ങളും പറഞ്ഞോളൂ”1. സുരേഷ് ഗോപാലപിള്ള2.ലതികാ സുരേഷ് ” പ്രായം? “” സുരേഷ് 47,ലതിക 44 “”4850/-. ആധാർ കാർഡിന്റെ കോപ്പി കൂടി തന്നോളൂ.”മടക്കയാത്രയ്ക്കുള്ള രണ്ട് ടിക്കറ്റും വാങ്ങി സുരേഷ് വീട്ടിലേക്ക് ആഞ്ഞു നടന്നു. വീട്ടിൽ, ഗോപാലകൃഷ്ണപിള്ള ഒരു ബിഗ് ഷോപ്പറിൽ തന്റെ നാല് ജോടി വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും ഒതുക്കി വച്ച്, ഒരു നീണ്ട യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു.

ലതികയാകട്ടെ, ഇരുപതാം തീയതി കുട്ടികൾ വരുന്നതിന് മുമ്പായി,അവരിലൊരാൾക്ക് വേണ്ടി, അച്ഛന്റെ മുറി വൃത്തിയാക്കി ക്രമീകരിക്കുന്ന തിരക്കിൽ മുഴുകിയിരുന്നു.

ആനി ജോർജ്

By ivayana