ചെറുകഥ : മോഹൻദാസ് എവർഷൈൻ*

രാവിലെ തുടങ്ങിയ മഴയാണ്, തുള്ളിമുറിയാതെ ഇങ്ങനെ നിന്നാൽ ഇന്നത്തെ എല്ലാം കാര്യങ്ങളും അവതാളത്തിലാകുമെന്ന് ഭാവാനിയമ്മയ്ക്ക് തോന്നി.
പുറത്തെ മഴ സഹിയ്ക്കാനാവാതെ അവരുടെ വളർത്തുനായ പത്തായത്തിന്റെ മുകളിൽ വിരിച്ച ചാക്കിൽ തല താഴ്ത്തി കുളിർന്ന് കിടക്കുന്നത് കണ്ടപ്പോൾ അവർക്ക് സങ്കടം തോന്നി.
അവർ കഴിച്ചുകൊണ്ടിരുന്ന ദോശ അവനും കൂടി പങ്കിട്ടു.
“ഈ മഴയത്ത് എങ്ങനെയാടാ നമ്മൾ പുറത്ത് പോവുന്നത്?”
അവൻ അവിടെ കിടന്നൊന്ന് വാലാട്ടി.

ഭവാനിയമ്മയ്ക്ക് എന്തെങ്കിലും സംസാരിക്കാൻ ഇപ്പോൾ ഈ നായ മാത്രമേ കൂട്ടിനുള്ളു.
ആകെയുണ്ടായിരുന്നത് ഒരു മകനാണ്, ഗോപി
അവന്റെ പിള്ളേർ വലുതായപ്പോൾ പഠിക്കാനുള്ള സൗകര്യം നോക്കി ടൗണിൽ ഫ്ലാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറി.
“അമ്മയുടെ ഈ വെറ്റിലചെല്ലവും, മുറുക്കാനുമൊന്നും അവിടെ പറ്റുകേല.പിന്നെ അവിടെ വന്നിട്ട് ഞാൻ ഒന്നിനും സമ്മതിക്കണില്ലാന്ന് മാത്രം പരാതി പറയരുത്, ഇപ്പോഴേ പറഞ്ഞേക്കാം “.
അവന്റെ സംസാരം കേട്ടപ്പോൾ ഭവാനിയമ്മയ്ക്ക് മനസ്സിലായി താൻ കൂടി ചെല്ലുന്നത് അവനിഷ്ടമല്ലെന്ന്.

അല്ലെങ്കിലും വിവാഹത്തിന് ശേഷം അവന്റെ സ്വന്തം അഭിപ്രായങ്ങളും ,ഇഷ്ടങ്ങളുമെല്ലാം അവളിലലിഞ്ഞില്ലാതാകുന്നത് കാഴ്ചക്കാരിയെ പോലെ ഭവാനിയമ്മ കാണുന്നുണ്ടായിരുന്നു.
“ഞാൻ പിന്നെ എപ്പോഴെങ്കിലും വരാം നീ പോയി അവിടെ എല്ലാം ഒന്ന് നേരെയാകട്ടെ “.ഉള്ളിലെ തേങ്ങൽ പുറത്ത് കാണിയ്ക്കാതെ അവർ പറഞ്ഞു.

ഗോപിയുടെ മുഖത്ത് ആശ്വാസത്തിന്റെ നിലാവ് പടരുന്നത് കണ്ടെങ്കിലും ഭവാനിയമ്മ അത് കണ്ടതായി ഭാവിച്ചില്ല.
“ഇവിടെ അമ്മ ഒറ്റയ്ക്കല്ലേ ഉള്ളു?”അവന്റെ വാക്കുകളിൽ ഏച്ചുകെട്ടിയ വ്യാകുലത നിറഞ്ഞു നിന്നു.
“അതിനെന്താ, നിന്റെ അച്ഛൻ മരണപ്പെട്ടതിനു ശേഷം ഞാൻ ഒറ്റയ്ക്ക് തന്നെയല്ലേ, നീ ഹോസ്റ്റലിൽ നിന്ന് പഠിച്ചപ്പോളും ഞാൻ ഇവിടെ തനിച്ചല്ലായിരുന്നോ? “.
അവരെല്ലാം തന്നിൽ നിന്നും രക്ഷപെട്ടുപോകുവാൻ ആഗ്രഹിക്കുന്നുവെന്ന് അവരുടെ പെരുമാറ്റങ്ങളിൽ നിന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അപ്പോഴെല്ലാം പുറത്തിറങ്ങി പറമ്പിലോട്ട് നടക്കും, കൂടെ വളർത്തു നായയും കൂടും. പുല്ലും പാഴ്ചെടികളും വളർന്നു പച്ചവിരിച്ചുകിടക്കുന്ന പറമ്പ് കാണുമ്പോൾ വിഷമം തോന്നും. കൂടെ നടക്കുന്ന നായയോട് ഭവാനിയമ്മ പറയും.
“നിനക്കറിയോ, അവന്റെ അച്ഛനുണ്ടായിരുന്ന കാലത്ത്, എന്ത് മാത്രം മരച്ചീനിയും, ചേമ്പും, ചേനയുമൊക്കെ നട്ട് പൊന്ന് വിളയിച്ച മണ്ണായിത് “.

അവൻ വാലാട്ടുമ്പോൾ അവര് പറയും “നിനക്ക് അല്ലെങ്കിൽ എന്തറിയാം?”.
മുറുക്കാൻ കറപുരണ്ട പല്ല് കാട്ടി ഭവാനിയമ്മ തനിയെ ചിരിക്കും.
“എടാ അവരെല്ലാം ഉടനെ സിറ്റിയിലോട്ട് പോകും, പിന്നെ എനിക്ക് ആകെ കൂട്ട് നീ
മാത്രമാണ് ഓർമ്മവേണം “.
തനിക്ക് അന്നം തന്ന് പോറ്റുന്ന ഈ അമ്മയ്ക്ക് എന്തോ പ്രശ്നം ഉണ്ടെന്ന് അവനും തോന്നി. അവൻ അപ്പോഴും വാലാട്ടി.

മനസ്സിൽ തിളച്ചു മറിയുന്ന വ്യഥകളെല്ലാം ആറിത്തണുക്കുവോളം പറമ്പിൽ കറങ്ങി നടന്ന് തിരിച്ചു വന്ന് വെറ്റില ചെല്ലമെടുത്ത്
നാലും കൂട്ടി നല്ലത് പോലെയൊന്ന് മുറുക്കിയിരിക്കും.
ഇന്നിപ്പോൾ തനിച്ചാണെങ്കിലും നാളെ അവന് ഒരു ബാധ്യതയായി മാറരുതേയെന്ന് എപ്പോഴും പ്രാർത്ഥിക്കും.

മരണം ഒരനുഗ്രഹംപോലെ തന്നിൽ വന്ന് ചേരുന്ന നിമിഷങ്ങളെ അവർ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.
അതിന് ഒരാനന്ദവും, അനുഭൂതിയും ഉണ്ടെന്ന് തോന്നിപോകുന്നത് ഇത്തരത്തിൽ എടുക്കാത്ത നാണയം പോലെ ജീവിതം വഴി മാറുമ്പോഴാണ്.
മഴ ഇന്ന് തോരുന്ന ഒരു ലക്ഷണവും ഇല്ലെന്ന് തോന്നുന്നു.അവർ പിറുപിറുത്തു കൊണ്ട് തിണ്ണയിലിറങ്ങി.

ഇരുണ്ട് കിടക്കുന്നഅന്തരീക്ഷം കണ്ട് നെടുവീർപ്പിട്ടു.
നിറയെ പൂത്തു കായ്ച്ചുകിടന്ന മാവിന്റെ ശിഖരം രാത്രിയിൽ കാറ്റത്ത് ഒടിഞ്ഞു വീണത് വഴിയടച്ചു കിടപ്പുണ്ട്.
വായിൽ കിടന്ന മുറുക്കാൻ മഴവെള്ളത്തിലേക്ക് നീട്ടി തുപ്പി. ചിതറിയ തെച്ചിപൂക്കൾ പോലെ ചുവന്ന് അതൊഴുകി പോയി.
ചുണ്ടുകളിൽ പറ്റിയ ചുവപ്പിനെ തോർത്ത്‌ കൊണ്ട് തുടച്ചു.

അന്നൊരിക്കൽ അവൾ മാലിനി എന്റെ മരുമകൾ എന്നോട് ആദ്യമായ് കയർത്ത് സംസാരിച്ചതിപ്പോഴും കെടാത്ത തീക്കനലായി ഉള്ളിൽ ചുട്ട് പൊള്ളിക്കാറുണ്ട്.
അവന്റെ ഇളയകുട്ടി മാളൂ മടിയിൽ വന്നിരുന്നു കിന്നാരം പറഞ്ഞപ്പോൾ സ്നേഹം കൊണ്ട് ഞാൻ ഒരു മുത്തം അവളുടെ വെളുത്ത കവിളിൽ വെച്ച് കൊടുത്തു.
പളുങ്ക് മണി കിലുങ്ങുപോലുള്ള അവളുടെ ചിരികേട്ട് കൊണ്ടാണ് മാലിനി മുറിയിൽ നിന്നും ഇറങ്ങി വന്നത്..

മാളുവിന്റെ വെളുത്തകവിൾതടങ്ങളിൽ എന്റെ മുറുക്കാന്റെ ചുവന്ന മുദ്ര പതിഞ്ഞ മുത്തം തെളിഞ്ഞു നിന്നത് ആദ്യമേ അവളുടെ കണ്ണിൽപ്പെട്ടു.
“അമ്മയോട് ഞാൻ എത്ര തവണ പറഞ്ഞതാ ഈ വായും കൊണ്ട് കുട്ടികളെ മുത്തം വെയ്ക്കരുതെന്ന്?”.

അവളുടെ തീ പാറുന്ന കണ്ണുകൾക്ക് മുന്നിൽ കത്തിയെരിഞ്ഞു പോയി.
മഹാപാരാധമാണ് താൻ ചെയ്തതെന്ന് തോന്നിപ്പോയി.
എന്റെ ചെറുക്കുട്ടിയല്ലേ അവള്, ഞാനൊന്ന് മുത്തം കൊടുക്കുന്നത് ഇത്രയ്ക്കും വലിയ തെറ്റാണോയെന്ന് തിരികെ ചോദിക്കണമെന്ന് തോന്നിയെങ്കിലും പുറത്ത് വന്നത്
“മോളെ ഇത്തവണ ക്ഷമിക്ക് ഇനി സൂക്ഷിക്കാം “എന്നായിരുന്നു.
മടിയിൽ പേടിച്ചു വിറച്ചിരുന്ന കുട്ടിയെ അവൾ വലിച്ചു പിടിച്ചു കൊണ്ട് പോകുമ്പോൾ തന്റെ ഹൃദയം അവൾ പറിച്ചുകൊണ്ട് പോകുന്നത് പോലെയാണ് തോന്നിയത്.
അവന്റെ അച്ഛൻ മരിച്ചത് നന്നായി. അല്ലെങ്കിൽ ആ ബീഡിപുകയുടെ മണമുള്ള ചുണ്ട് കൊണ്ട് മുത്തം കൊടുത്തിട്ട് ശകാരം കേൾക്കുമ്പോൾ ഞാൻ എങ്ങനെ സഹിക്കുമായിരുന്നു.
മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

എന്നാലും ചെറു ചാറ്റൽ ഇപ്പോഴുമുണ്ട്.
എങ്കിലും പുറത്തേക്ക് ഇറങ്ങി പോകാൻ കഴിയാതെ നിലയ്ക്കാതെ കാറ്റ് വീശി കൊണ്ടിരുന്നു.
ഇതുപോലെ ഒരു പെരുമഴക്കാലത്താണ്
അവനെ പ്രസവിച്ചത്, പ്രസവമുറിയുടെ അടച്ചിട്ട ജനാലകൾ അടിച്ചുതകർക്കുന്ന ശക്തിയിലാണ് മഴ വന്നിടിച്ചുകൊണ്ടിരുന്നത്.അസഹ്യമായവേദന കൊണ്ടുള്ള എന്റെ കരച്ചലിന്റെ
ശബ്ദം ആ മഴയുടെ ഇരമ്പലിൽ അലിഞ്ഞു പോയിരുന്നു.
പുറത്ത് അക്ഷമനായി ഉലാത്തുന്ന പുരുഷോത്തമൻ മാഷിന്റെ ചിത്രം മനസ്സിൽ തെളിഞ്ഞു നിന്നു.
“ആൺകുഞ്ഞാണ് “നേഴ്സ് ചെന്ന് പറഞ്ഞപ്പോൾ ആ മുഖത്ത് വിടർന്ന സന്തോഷം മനസ്സ് കൊണ്ട് ഞാൻ കണ്ടിരുന്നു.

അവൻ വളർന്നു വലിയൊരു ആൺകുട്ടിയായ്, ഡിഗ്രി കഴിഞ്ഞവൻ നില്കുന്ന കാലത്താണ് മാഷ് പെൻഷൻ പറ്റിയത്. അന്ന് സ്കൂളിലെ സാറന്മാരെല്ലാം കൂടി മാഷിനെ വീട്ടിൽ കൊണ്ട് വന്ന് വിടുമ്പോൾ, എല്ലാവർക്കും വേണ്ടതെല്ലാം മാഷ് നേരത്തെ ഏർപ്പാട് ചെയ്തിരുന്നു. എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയപ്പോൾ , ഏതോ വഴിയിൽ ആരോരുമില്ലാതെ ഒറ്റപെട്ടുപോയ കുട്ടിയുടെ മുഖഭാവത്തോടെ ഇരിക്കുന്ന മാഷിന്റെ അടുത്ത് ചെന്ന് ആ കൈത്തലം എടുത്ത് ചേർത്ത് പിടിച്ചു.
“എന്താ മാഷേ ഒരാലോചന?”.
“എന്റെ ടീച്ചറെ ഇങ്ങനെ ഒരുദിവസം പടിയിറങ്ങേണ്ടി വരുമെന്ന് എല്ലാവർക്കും അറിയാമെങ്കിലും, അതിന്റെ നൊമ്പരം ഉറക്കം നഷ്ടപ്പെടുത്തി, രാത്രിയും പകലും മനസ്സിൽ ഉണർന്നിരിക്കുമെന്ന് പിള്ള സാർ ഒരിക്കൽ പറഞ്ഞപ്പോൾ അതിത്രയും ഉണ്ടെന്ന് തോന്നിയിരുന്നില്ല “.

പെൻഷനായി തന്റെ ഇരിപ്പിടം ഒഴിഞ്ഞ് വരുമ്പോൾ മനസ്സിൽ നിറയുന്ന ഒരു ശൂന്യതയുണ്ട്. തന്റെ തട്ടകത്തിൽ പ്പെട്ടെന്ന് താൻ ആരുമല്ലാതായത് പോലെ.”.
“എന്താ മാഷേ കുട്ടികളെ പോലെ”.
മാഷ് ചിരിക്കുവാൻ വൃഥാ ഒരു ശ്രമം നടത്തി.
നായയുടെ കുര കേട്ടാണ് ഭവാനിയമ്മ ചിന്തയിൽ നിന്നും ഉണർന്നു നടവഴിയിലേക്ക് നോക്കിയത്.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജേന്ദ്രൻ കടന്ന് വരുന്നത് കണ്ടു.
“എടാ മിണ്ടാതിരിക്ക്, അത് നമ്മുടെ ഗോപിയുടെ കൂട്ട്കാരനാണ് “ഭവാനിയമ്മയുടെ ശാസനകേട്ട് നായ വായടച്ച് വാലാട്ടി നിന്നു.
“എന്താ ടീച്ചറെ കാര്യം, അത്യാവശ്യമായി എന്നെ കാണണമെന്ന് പറഞ്ഞത്?”.
“ചില കാര്യങ്ങൾ ഒന്ന് തീരുമാനിക്കണം അതാ രാജനെ ഒന്ന് വരാൻ പറഞ്ഞത്”.
“വാ കയറിയിരിക്ക് “.
വേണ്ട ടീച്ചറെ ഞാൻ ഇവിടെ നില്ക്കാം, അതുമല്ല ഓഫീസിൽ അത്യാവശ്യമായി പോകേണ്ടതുണ്ട് “.

ഒരുപാട് നാൾ താനിരുന്ന് പഠിച്ച തിണ്ണയിൽ ജിജ്ഞാസയോടെ അയാൾ തന്റെ ടീച്ചറുടെ മുഖത്ത് നോക്കി നിന്നു.
“അത് പിന്നെ നമ്മുടെ ഇവിടുത്തെ അംഗൻവാടി വാടക കെട്ടിടത്തിലല്ലേയിപ്പോൾ പ്രവർത്തിക്കുന്നത്?”.
,”അതെ ടീച്ചറെ “.
“പോരാത്തതിന് ആ കുഞ്ഞുങ്ങൾക്ക് ഒന്ന് ഓടി കളിക്കാൻ ഒരു മുറ്റം കൂടി ഉണ്ടോ അവിടെ?”.
നിനക്കോർമ്മയുണ്ടോ മുൻപ് ഇവിടെ പഠിക്കാൻ വരുമ്പോൾ ഈ പറമ്പ് മുഴുവൻ നീ ഓടി നടന്ന് കളിച്ചതൊക്കെ?”.
” ഇന്നിപ്പോൾ അതൊക്കെ നീ മറന്നുവല്ലേ? അതോ പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് ഇതൊക്കെ മതിയെന്നുള്ള വിചാരമാണോ?”.
രാജേന്ദ്രൻ ഒന്നും മിണ്ടാതെ ടീച്ചറെ കേട്ടിരുന്നു..

“ഞാൻ നിന്നെഇങ്ങോട്ട് വിളിച്ചത് കുറ്റപ്പെടുത്താനല്ല കേട്ടോ?. നമുക്ക് ആ അംഗൻവാടി ഇങ്ങോട്ട് മാറ്റിയാലോ എന്നൊരു ആലോചന “.
“എങ്ങോട്ട്?. ഇവിടെയോ?”ഒട്ടും വിശ്വാസം വരാതെ അയാൾ ടീച്ചറെ നോക്കി.
“അതെ ഇവിടെ തന്നെ,അതിനുള്ള കാര്യങ്ങളൊക്കെ നീ ചെയ്ത് തരണം.”
“ഇവിടെ ഗോപിയും പിള്ളാരും ഒക്കെ പോയതിന് ശേഷം ഞാൻ തനിച്ചല്ലേ, എനിക്കെന്തിനാ ഇത്രയും വലിയ വീട്?

ഇത് നമ്മുടെ മാഷിന്റെ സ്മാരകമായി ഞാൻ എഴുതിതരാം.
പക്ഷെ ഞാൻ മരിക്കുന്നത് വരെ ഇവിടെ കിടക്കും, എന്റെ മാഷിന്റെ അസ്ഥിതറയിൽ എനിക്ക് വിളക്ക് തെളിയിക്കണം”.
“ടീച്ചറെ വളരെ നല്ലൊരു തീരുമാനമാണ്.എന്നാലും ഗോപിയുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് മതിയെന്നാ ഞാൻ പറയുന്നത് “.
“രാജൻ അതോർത്തു വിഷമിക്കണ്ട,ഞാൻ അവനോട് പറഞ്ഞോളാം . അവൻ എതിരൊന്നും പറയില്ല, അതു പോരെ?..അവന്റെ അച്ഛന്റെ പേരിൽ നാട്ടിൽ ഒരു സ്മാരകം ഉണ്ടാകുന്നത് അവനെങ്ങനെ വേണ്ടെന്ന് പറയും “.
“ടീച്ചർ പറഞ്ഞ കാര്യം ഞാൻ കമ്മിറ്റിയിൽ ചർച്ചയ്ക്ക് വെയ്ക്കാം, അതിന് മുൻപ് ഞാൻ ഗോപിയോടും സംസാരിക്കാം”.

രാജേന്ദ്രൻ യാത്ര പറഞ്ഞു പോകുമ്പോൾ ഭവാനിയമ്മയ്ക്ക് വല്ലാത്തൊരു സന്തോഷം തോന്നി.
തന്റെ മാഷിന് വേണ്ടി ഇത്രയെങ്കിലും ചെയ്യാൻ തോന്നിയല്ലോ, വലിയൊരു കടമ നിറവേറ്റുന്ന സുഖം തോന്നുന്നു.
ഉറങ്ങികിടക്കുന്ന ഈ മുറ്റത്തിന് പുതു ജീവൻ പകർന്നു കൊണ്ട്
ഓടികളിക്കുന്ന കുരുന്നുകളുടെ ചിത്രമായിരുന്നു അപ്പോൾ കൺമുന്നിൽ.
ആരെയും എടുത്ത് ഉമ്മവെയ്ക്കാനൊന്നും ഇനി ഞാനില്ല.
എന്നാലും അവരുടെ കളിയും ചിരിയും കണ്ടിരിക്കാമല്ലോ”.
“എടാ…നീയെന്താ അനങ്ങാതെ കിടക്കുന്നത്?.,ഗോപി ഇനി വല്ല എതിരും പറയുമോടാ?”അവർ വളർത്തു നായയോട് ചോദിച്ചു.

അവൻ തലയുയർത്തി ഒന്ന് നോക്കിയിട്ട് വീണ്ടും തല കുമ്പിട്ട് കിടന്നു.
അന്ന് വൈകുന്നേരം തന്നെ ഗോപി വന്നു.
തനിയെയാണ് അവൻ വന്നത്. അവളുടെ പിടിവാശി കൊണ്ടാവും കൊച്ചുമോളെ പോലും കൂടെ കൂട്ടാതെയാണ് അവൻ വന്നത്.
വലിയ ഗൗരവമൊന്നും അവന്റെ മുഖത്തു കണ്ടില്ല.
“അമ്മ ഇത്തരം കാര്യങ്ങൾ തീരുമാനിക്കുമ്പോൾ എന്റെ കൂടെ ഒന്ന് ആലോചിക്കണ്ടേ? ആരെങ്കിലും പറഞ്ഞു ഞാനറിഞ്ഞാൽ മതിയോ?”.
മുഖവുരകൂടാതെ തന്നെ ഗോപി വിഷയത്തിലോട്ട് കടന്നു.എങ്കിലും അവന്റെ വാക്കുകൾക്ക് വേണ്ടത്ര മൂർച്ചയില്ലായിരുന്നു.

നൊന്ത് പ്രസവിച്ച അമ്മ ഇവിടെ ആരോരുമില്ലാതെ, എന്നെ ഇവിടെ തനിച്ചാക്കി അവിടെ പോയി സുഖമായുറങ്ങുന്ന നിന്നോട് എന്തിനാ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും
അവർ മോനെ നോക്കി ചിരിച്ചതേയുള്ളു, അവന്റെ ചോദ്യത്തിന് ഒരു മറുപടിയും പറഞ്ഞില്ല.
“അപ്പോൾ അമ്മയ്ക്ക് എന്റെ കൂടെ വന്ന് താമസിയ്‌ക്കണമെന്ന് ആഗ്രഹമില്ലേ?”.
“എല്ലാ മാതാപിതാക്കളും മക്കൾ സമാധാനത്തോടെ ജീവിക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നു. ഞാനും അതെ “
“മോനെ ഈ മണ്ണിൽ ചവിട്ടി നില്കുന്ന ഒരു സുഖവും, സ്വാതന്ത്ര്യവുമൊന്നും എവിടെ പോയാലും അമ്മയ്ക്ക് കിട്ടില്ല”.

ഇതാകുമ്പോൾ കുറെ കുഞ്ഞുങ്ങൾ പണ്ടത്തെ പോലെ അക്ഷരം തിരഞ്ഞ് നമ്മുടെ ഈ മുറ്റത്തു വരും. നിന്റെ അച്ഛന് ഇതിലും നല്ലൊരു സ്മാരകം വേറെയില്ല.
“അമ്മയുടെ തീരുമാനത്തിൽ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട്?”.
“അമ്മയുടെ ആഗ്രഹം നടക്കട്ടെ, ഞാൻ രാജേന്ദ്രൻ വിളിച്ചപ്പോഴേ സമ്മതം അറിയിച്ചിരുന്നു, “
“എനിക്കറിയാം നിനക്ക് സമ്മതമായിരിക്കുമെന്ന്, നീ അച്ഛന്റെ പുന്നാര മോനല്ലായിരുന്നോ!”.
അന്തരീക്ഷം തെളിഞ്ഞു വരുന്നത് കണ്ട് നായ പുറത്തിറങ്ങി പറമ്പിലേക്ക് ഓടിപ്പോയി.
“പിന്നെ ഒരു കാര്യം കൂടി എനിക്ക് ചെയ്യണമെന്നുണ്ട് , അച്ഛന്റെ വായനാമുറിയിൽ നിറയെ പുസ്തകങ്ങൾ ഉണ്ട്, അതിങ്ങനെ ഇട്ട് നശിപ്പിക്കാതെ അതിന്റെ കൂടെ കുറച്ച് പുസ്തകങ്ങൾ കൂടി വാങ്ങി അതൊരു നല്ല ഗ്രന്ഥശാലയാക്കണം”.അമ്മ വളരെയധികം ഉത്സാഹത്തോടെയും സന്തോഷത്തോടെയും അത് പറയുമ്പോൾ ആ മുഖത്ത് പുതിയൊരു പ്രകാശം പരക്കുന്നത് അവൻ കണ്ടു.

“അമ്മ വിഷമിക്കണ്ട അതിന് വേണ്ട എല്ലാ ഏർപ്പാട്കളും ചെയ്യാൻ ഞാൻ കൂടെ ഉണ്ടാകും. എന്താ അത് പോരെ?”.
പിറ്റേന്ന് രാവിലെ പ്രസിഡന്റ്‌ രാജേന്ദ്രനും, മറ്റ് പഞ്ചായത്ത്‌ മെമ്പറന്മാരും കൂടി കയറി വന്നു.
“ടീച്ചറെ ഇന്നലെ ഗോപി തിരിച്ചു പോകുമ്പോൾ വീട്ടിൽ കയറി എന്നെ കണ്ടിരുന്നു.
ഒട്ടും വൈകിക്കേണ്ട എത്രയും പ്പെട്ടെന്ന് മാഷിന്റെ സ്മാരകമായി പ്രഖ്യാപിക്കുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ എന്നോട് പ്രത്യേകം പറഞ്ഞിട്ടാ പോയത് “.
വരുന്ന ശിശുദിനത്തിൽ തന്നെ അതിന്റെ ഉൽഘാടനംനടത്താനുള്ള തിടുക്കത്തിലാണ് ഇനി നമ്മൾ.

ഈയൊരു നല്ല തീരുമാനം നാട്ടിന് വേണ്ടിയെടുത്ത ടീച്ചറെ പഞ്ചായത്ത്‌ കമിറ്റിയുടെ അനുമോദനങ്ങൾ അറിയിക്കാനാണ് ഞങ്ങളെല്ലാവരും കൂടി ഇപ്പോൾ വന്നത്.
എല്ലാ അനുമോദനങ്ങൾക്കും നന്ദി പറഞ്ഞ് അവരെ യാത്രയാക്കുമ്പോൾ മനസ്സിന് വല്ലാത്ത സംതൃപ്തി തോന്നി.
അസ്തമയം കാത്തിരിക്കുന്ന വാർദ്ധക്യമെന്ന് കരുതുന്നിടത്ത് നവോദയ ത്തിന്റെ വെളിച്ചം സൃഷ്ടിക്കുവാൻ കഴിഞ്ഞു വെന്നൊരു തോന്നൽ.
അവരെല്ലാം പിരിയുമ്പോൾ ഭവാനിയമ്മ തന്റെ വീട്ടിനെ ആദ്യമായി കാണുന്നത് പോലെ നോക്കി നിന്നു.ഇതുവരെ കാണാത്ത ഒരു തലയെടുപ്പ്,വന്നത് പോലെ.
ഒരു നെടുവീർപ്പുതിർത്ത് ഭവാനിയമ്മ മുറുക്കാൻ ചെല്ലമെടുത്തു…..

By ivayana