വാസുദേവൻ കെ വി*

ഇത്തിരിക്കുഞ്ഞൻ അടിച്ചേൽപ്പിച്ച ‘കണ്ണകലുകൾ’
ദുര്യോഗത്തിൽ അവരും. അവൾ അവനോട് പതിവുപോലെ ചാറ്റിൽ ശുഭദിനാശംസകൾ നേർന്നു.
അവൻ അനിഷ്ട്ടം വ്യക്തമാക്കി പറഞ്ഞു. “സ്ഥിരം നിർജീവ ആശംസകളിൽ ഒതുക്കാതെ നീ കിന്നാരങ്ങൾ മൊഴിയുക. കാമനകൾ വെളിപ്പെടുത്തുക. അതിനായി നിനക്കു സമ്മാനിക്കട്ടെ റൂമിയുടെ കാൽപ്പനിക വരികൾ.
“I once had a thousand
desires .but in my
one desire to know you
all else melted away “
—rumi “
അനുസരണയോടെ അവൾ മൊഴിഞ്ഞു.. കാൽപ്പനിക ചാരുതയോടെ..ഇത്തിരി അതി ഭാവുകത്തോടെ..
“ജീവിതപ്രയാണത്തിലെ ഇഷ്ടാനുഭവങ്ങൾ പെറുക്കിയെടുത്ത് തൂവൽചിറകിനോട് ചേർത്ത് നിർത്താനാവാത്തവൾക്ക് പറയാൻ ഏറെയൊന്നുമില്ലല്ലോ പ്രിയനേ !!.. ഇവൾക്കെന്നുമുള്ളത് വിജയമുദ്രകൾ പതിപ്പിച്ചെടുക്കാനിടുന്ന പാഴ്ശ്രമങ്ങൾ മാത്രം .. !!
അണയൂ നീയെൻ കരങ്ങളിൽ. തീരം തിരയെ മുത്തമിടുന്ന കടൽ കാഴ്ചകൾ കാണ്ടാവട്ടെ നമ്മുടെ നഷ്ടപ്രണയത്തിന്റെ പുന:സ്സമാഗമം
സായാഹ്നാർക്കനെ നീലസാഗരവീചികൾ വിഴുങ്ങുന്ന കാഴ്ചകണ്ട് നമുക്കാത്തീരത്ത്, കൈചേർത്തിരിക്കണം . കടൽകാറ്റിന്റെ ഈറൻ കൊള്ളണം . പ്രണയകിന്നാരങ്ങൾ മൊഴിയണം .
വാർതിങ്കളുദിച്ചുയർന്ന് വിഹായസ്സിലെത്തുമ്പോൾ നിന്റെ ചുണ്ടിൽ ഞാനെന്റെ പ്രണയം തരും. നനവൂറും തീരമണലിൽ വിരലൂന്നി നമുക്ക് നിലാവിൽ ചേർന്നു നടക്കണം ..പിന്നെ കോർത്ത കൈവിരൽ പിരിഞ്ഞ് നടന്നകലാം.. എനിക്ക് നിന്നിലേക്ക് പകുത്തുതരാൻ ഏറെയൊന്നുമില്ലല്ലോ..
നിന്റെ പുകക്കറയേറ്റ , ലഹരിഗന്ധം കിനിയുന്ന അധങ്ങളാൽ അപ്പോൾ എനിക്കേകുക നീ നിന്റെ സ്നേഹചുംബനങ്ങൾ !!.. ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാനെന്നും നമുക്കത് മാത്രം. എന്റെയുള്ളിൽ .. നിന്റെയുള്ളിൽ .. നമുക്കുള്ളിൽ .. നമ്മുടെ പ്രണയാവേശത്തിന്റെ തിരുശേഷിപ്പ് അത് മാത്രം.
പ്രണയചുംബനം നമുക്ക് അമൃത ചുംബനമാക്കേണ്ടതുണ്ടല്ലോ…”
കേട്ടയുടൻ അവന്റെ തോൽവിസമ്മതം “Hats off dear, പെണ്ണേ വരി ഭംഗികൊണ്ടും നീയിപ്പോളെന്നെ മറികടക്കുന്നു!.”

By ivayana