ജയന്തി അരുൺ✒️

എറണാകുളത്തെ പ്രശസ്തമായ ഹോസ്പിറ്റലിലെ അതിപ്രശസ്തനായ ഡോക്ടറുടെ വിശാലമായ കോൺസൾട്ടിംഗ് റൂമിലായിരുന്നു ഞാനപ്പോൾ . ഏകദേശം ഒരു വർഷം മുമ്പ്. തലേന്ന് എന്റെ കൈകൾക്കുള്ള ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ശാസ്ത്രക്രിയ എന്നു പറയാൻ മാത്രം ഗൗരവമുള്ള ഒന്നായിരുന്നില്ല അത്‌. അന്നു തന്നെയോ പിറ്റേന്നോ ആശുപത്രിവിടാൻ കഴിയുന്ന ഒന്ന്. ഓപ്പറേഷൻ തിയേറ്ററിൽ ജനറൽ അനസ്തേഷ്യ തന്നു ചെയ്യുന്നത് കൊണ്ട് അതിനെ സർജറി എന്നു പറയുന്നുവെന്ന് മാത്രം.

കൈകളുടെ വേദന ഉറങ്ങാൻ പോലും കഴിയാത്തത്ര തീവ്രമായപ്പോഴാണ് ഡോക്ടറെ വീണ്ടും സമീപിച്ചത്. കഴിഞ്ഞ വർഷം ഇതേ സർജറി കഴിഞ്ഞതാണ്. അന്ന് വലതുകൈയാണ് പണി തന്നതെങ്കിൽ ഇത്തവണ ഇടതു കൈയാണ്. വലതുകൈയും തോളിന്റെ ചലനശേഷി നഷ്ടപ്പെടുന്നതിന്റെ മുന്നോടിയായ തീവ്രവേദനയിലേക്ക് പോകുന്നുണ്ടായിരുന്നു വീണ്ടും.
ഇടതുകൈ ശരിയാക്കുന്നതിനൊപ്പം വലതു കൈ കൂടി ശരിയാക്കാമെന്നു ഡോക്ടർ പറഞ്ഞിരുന്നു. ചെയ്തു കാണണം. രണ്ടു കൈകളും ഒരേ പോലെ വിങ്ങി വേദനിക്കുന്നു. ആ വേദനയോടു കൂടിയാണ് ഡോക്ടറുടെ മുന്നിലിരുന്നത്. ഡിസ്ചാർജ് സമയത്തു കുറിക്കുന്ന മരുന്നും കൈയ്ക്ക് നിർബന്ധമായും ചെയ്യേണ്ട വ്യായാമങ്ങളും പറഞ്ഞു തന്നു കഴിഞ്ഞു.

ചില വ്യായാമങ്ങൾ അപ്പോൾത്തന്നെ ചെയ്യിക്കാൻ ഡോക്ടർ ശ്രമിക്കുകയും ചെയ്തു.
രോഗികളോട് പിതൃവാത്സല്യത്തോടെ ഇടപെട്ടിരുന്ന സ്നേഹധനനായിരുന്നു അദ്ദേഹം . സർക്കാർ ആശുപത്രിയിൽനിന്നും പിരിഞ്ഞു സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഞാൻ കഴിഞ്ഞ തവണ കാണുമ്പോൾ അദ്ദേഹം മറ്റൊരാശുപത്രിയിലായിരുന്നു. ഡിസ്ചാർജ് ചെയ്തതിന്റെ പിറ്റേന്ന് ഞാൻ ഖത്തറിലേക്ക് മടങ്ങുകയും ചെയ്തു.
ഒരു വർഷത്തോളം വലതു കൈ വലിയ പ്രശ്നങ്ങളുണ്ടാക്കിയില്ല. ഇടതുകൈ പതുക്കെപതുക്കെ പണിമുടക്കിത്തുടങ്ങി. പറ്റുന്നത്ര അവഗണിച്ചു. വലതു കൈയാണല്ലോ നമ്മുടെ പോരാളി. ഇടതുകൈയുടെ വേദന അവഗണിക്കപ്പെട്ടു.

കോവിഡ് ഒന്നാം തരംഗം ലോകത്തെ മുഴുവൻ ആശങ്കളിലേക്ക് തള്ളിവിട്ട സമയം. ഇടതുകൈയുടെ വേദന തന്നെ ഇനിയും അവഗണിക്കരുതെന്ന് ഭീഷണിപ്പെടുത്തി, ഉറക്കം തട്ടിയെടുത്തു തുടങ്ങി. അങ്ങനെ ചികിത്സയ്ക്ക് വേണ്ടി, കോവിഡ് നിയന്ത്രണങ്ങൾ തീവ്രമായിട്ടും എംബസി വഴി അപേക്ഷിച്ച് നാട്ടിലേക്ക് ധൃതിപിടിച്ചു പോരേണ്ടി വന്നു. ആദ്യ സർജറിയ്ക്ക് ശേഷം കൈക്കുണ്ടായ ആശ്വാസമാണ് അതേ ഡോക്ടറുടെ അടുത്തേക്ക് വീണ്ടുമെത്തിച്ചത്.
വൃത്തിയായി ഓർക്കിഡുകൾ നിരത്തിയിരുന്ന ഡോക്ടറുടെ വീട് നഗരമധ്യത്തിൽത്തന്നെയായിരുന്നു. കൂടാതെ മറ്റുചെടികളും വൃത്തിയായി പരിപാലിച്ചിരുന്നു. രോഗികൾക്കിരിക്കാൻ കസേരകൾ നിരത്തിയിരുന്ന വരാന്തയ്ക്ക് മുന്നിൽ ഒരു മാവും അതിനു താഴെ ഒരാമ്പൽക്കുളവും…

ആദ്യ തവണ വന്നപ്പോൾ അനുഭവപ്പെട്ട കുളിർമ ഇപ്പോഴുമുണ്ടായി.
സർജറിയല്ലാതെ കൈകൾക്ക് വേറെ ചികിത്സകളൊന്നുമില്ല എന്നു ഡോക്ടർ പറയാതെ തന്നെ അറിയാം. ഇടയ്ക്കിടെ ഇത് ആവർത്തിക്കേണ്ടി വരുമെന്നും. അതിനാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവേണ്ട ദിവസം മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ. ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രി കോവിഡ് പ്രതിസന്ധി നേരിടാൻ കഴിയാതെ പ്രവർത്തനം നിർത്തിയിരുന്നു. ഇപ്പോൾ മറ്റൊരു ഹോസ്പിറ്റലിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. മുമ്പ് ജോലി ചെയ്തതിനെക്കാൾ മികച്ചതാണ് പുതിയ ആശുപത്രി. അവിടെ സർജറി ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെ സർജറിയും കഴിഞ്ഞ് ഡോക്ടറുടെ നിർദേശങ്ങൾക്കായി ഇരിക്കുകയാണ് ഞാൻ.
ഡോക്ടറെക്കണ്ടു വിശേഷങ്ങൾ തിരക്കാൻ ഇടയ്ക്ക് ആരൊക്കെയോ വന്നുപോയി. അപ്പോഴെല്ലാം മുറിയിലെ അലങ്കാരസസ്യങ്ങളിൽ എന്റെ കണ്ണുകളുടക്കി. കണ്ണുവെച്ചു എന്ന് പറഞ്ഞാലും തെറ്റില്ല.

‘ടോ, താൻ തിരക്കാണോ’ എന്നു ചോദിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സമപ്രായക്കാരനായ ഒരു ഡോക്ടർ മുറിയിലേക്ക് വന്നു. കഴിഞ്ഞ രണ്ടു ദിവസത്തെ ആശുപത്രിവാസം കൊണ്ട് അവിടുത്തെ സീനിയർ ഓങ്കോളജിസ്റ് ആണതെന്ന് മനസ്സിലായി. ചില വ്യായാമങ്ങൾ ചെയ്യിപ്പിച്ചുനോക്കാൻ ജൂനിയർ ഡോക്ടർക്ക്‌ എന്നെ കൈമാറിയിട്ട് ഡോക്ടർ എഴുന്നേറ്റു. കുശലപ്രശ്നങ്ങൾക്ക് ശേഷം താൻ മുറിയിൽ വച്ചിരുന്ന അലങ്കാരസസ്യങ്ങളിലേക്ക് ഡോക്ടർ അതിഥിയുടെ ശ്രദ്ധ ക്ഷണിച്ചു.
‘ഇതാണ് ഞാൻ തന്നോട് പറഞ്ഞ ചെടി’ എന്നു വെളുത്ത പാത്രത്തിൽ വച്ചിരുന്ന ചെടി പരിചയപ്പെടുത്തി.

ചെടികളുടെ കാര്യം കേട്ടാൽ മൂക്കിൽ പഞ്ഞിവച്ച അവസ്ഥയിലും തല പൊക്കി നോക്കുന്നത്ര ഭ്രാന്തുള്ള എന്റെ ശ്രദ്ധ അവരുടെ സംഭാഷണത്തിലേക്കായി.
‘ എടോ, ഇതു ലക്കി പ്ലാന്റാണ്. താനുമൊന്നു വച്ച് നോക്ക്. ഞാൻ ഒരെണ്ണം സംഘടിപ്പിച്ചു തരാം.”
മറ്റേ ഡോക്ടർ പാതി വിശ്വാസത്തിലാണ് തലയാട്ടുന്നത് എന്നു കണ്ടിട്ടാവണം
അദ്ദേഹം ഒന്നു കൂടി വിശദമാക്കി.

” ഇപ്പോൾത്തന്നെ നോക്ക് ഇവർ എന്റെ പഴയ ഹോസ്പിറ്റലിലെ രോഗിയാണ്.
ഒരു വർഷം കഴിഞ്ഞിട്ടും കണ്ടില്ലേ എന്റടുത്തു തന്നെ വന്നത്.’ എന്നു പറഞ്ഞ് ഡോക്ടർ എന്റെ നേരെ നോക്കിയപ്പോൾ ഞാൻ ജൂനിയർ ഡോക്ടർ തന്ന ഡയറ്റ് പ്ലാനിലേക്ക് ശ്രദ്ധമാറ്റി.
”ഞാൻ ഇവിടെ വന്നിട്ട് അധികമാവുന്നതിനെ മുന്നേ കണ്ടില്ലേ രോഗികളുടെ തിരക്ക്.”
ഡോക്ടർ ലക്കി പ്ലാന്റിന്റെ ഔദ്യോഗിക വക്താവായി.
ദൈവമേ, ഈ ഡോക്ടർ ലക്കി പ്ലാന്റ് വച്ചത് കൊണ്ടാണോ കൈവേദന വീണ്ടും വന്നത്? കോവിഡ് കാലത്തും ഖത്തറിൽ നിന്നും വരാൻ പറ്റിയത്? എംബസിയിൽ രജിസ്റ്റർ ചെയ്തപ്പോൾത്തന്നെ ടിക്കറ്റ് കിട്ടിയത്?

നീയാളുകൊള്ളാമല്ലോയെന്നു ചെടിയെ നോക്കി ഞാൻ കണ്ണുരുട്ടി . ആദ്യമായിട്ടാവും ഒരു ചെടിയെ ഇത്രയും സ്നേഹമില്ലാതെ നോക്കുന്നത്.
അതെന്നെ പരിഹസിക്കുന്ന പോലെ തലയാട്ടി. ഡോക്ടറുടെ മുറിയിലിരിക്കുന്ന ഏതൊക്കെ ചെടികളാവും കൈവേദന വരുത്തി ഇങ്ങോട്ട് ആവാഹിച്ചു വരുത്തിയത് എന്നു ഓരോന്നിനെയും സംശയത്തോടെ നോക്കി വിഷണ്ണയായി.

കൂട്ടുകാരൻ പോയതിനു ശേഷം ഡോക്ടർ കസേരയിൽ തിരിച്ചെത്തി.
ഡോക്ടറുടെ ഇടതൂർന്ന കറുത്ത മുടി എന്റെ കണ്ണുകൾക്ക്‌ മുന്നിൽ പൊഴിഞ്ഞു. മൊട്ടത്തലയായി. സീനിയർ ഡോക്ടർ ജൂനിയർ മാൻഡ്രേക്ക് ആയി. മുഴുങ്ങുന്ന ശബ്ദത്തിൽ എനിക്ക് കുറച്ചു കൂടി നിർദേശങ്ങൾ തന്നു. സർജറിക്കു വേണ്ടി ഇൻസുലിൻ എടുത്തു കുറച്ച ഷുഗർ ലവൽ അതുപോലെതന്നെ നിർത്തിയില്ലെങ്കിൽ വീണ്ടും വിമാനം പിടിച്ചു തന്റെയടുത്തേക്ക് വരേണ്ടി വരുമെന്നു പേടിപ്പിച്ചു.

ഞാൻ ചെറിയൊരു ഭയപ്പാടോടെ തിരിഞ്ഞു ഡോക്ടറുടെ ലക്കി പ്ലാന്റിനെ നോക്കി. എനിക്ക് ചെടിയോട് താല്പര്യമുണ്ടെന്നു തോന്നിയ ഡോക്ടർ അതു ബാംഗ്ലൂർ നിന്നും വരുത്തിയതാണെന്ന് സന്തോഷം പങ്കു വച്ചു. എന്റെ വേദനകളും സാമ്പത്തികസ്ഥിതിയും നിയന്ത്രിക്കാൻ പോകുന്ന ഭീകരനായി ചെടി മുറിമുഴുവൻ നിറഞ്ഞുവളർന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടപ്പോൾ ഞാൻ കോൺസൾട്ടിങ്ങ് റൂമിൽ നിന്നും പുറത്തേക്ക് പാഞ്ഞു.

പുറത്ത് കടന്നിട്ടും മാൻഡ്രേക് എന്നെ പിന്തുടരുന്നുണ്ടോ എന്നൊരു സംശയം. ആശുപത്രിയുടെ ചുറ്റുമതിലിനുള്ളിൽത്തന്നെ ഞാൻ മാൻഡ്രേക്കിനെ തലയിൽനിന്നും കുടഞ്ഞിടാൻ ശ്രമിച്ചു. തലയ്ക്കൊരു ലാഘവത്വം തോന്നിയപ്പോൾ പോയെന്നാശ്വസിച്ചു.
വീട്ടിലേക്കുള്ള യാത്രയിൽ എന്റെ ചിന്ത മുഴുവൻ ആ ചെടി ഡോക്ടർക്ക്‌ ഭാഗ്യമാകുവാൻ എത്രപേർ വേദനിക്കേണ്ടി വരുമെന്നായിരുന്നു.

ആ ഭാഗ്യച്ചെടി ഓങ്കോളജിസ്റ്റ് മുറിയിൽ വച്ചാൽ ഉണ്ടാകുന്ന അനീതി ഓർത്തപ്പോൾ നെഞ്ചു നീറി. ഒരു ചെടി രോഗമുണ്ടാക്കില്ല എന്നു ചിന്തിക്കാനുള്ള വിവേകമല്ല എന്നെ മഥിച്ചത്.
ഒരു ഡോക്ടർക്കെങ്ങനെ രോഗികളിലൂടെ ഭാഗ്യം തേടാൻ കഴിയും എന്നതാണ്. അങ്ങനെ ചിന്തിക്കാൻ പറ്റുമോയെന്നാണ്. കീമോതെറാപ്പി കഴിഞ്ഞ് ക്ഷീണിച്ചു, മൊട്ടത്തലയുമായി ഒത്തിരി മുഖങ്ങൾ എന്റെ മുന്നിലൂടെ കടന്നു പോയി. അതിലൊന്ന് എന്റെ അമ്മയുടേതായിരുന്നു. പതുക്കെ അതെന്റെ മുഖമായി രൂപാന്തരപ്പെട്ടു.

തല പതുക്കെ തടവി നോക്കി. മുടിയുണ്ട്. അതുവരെയില്ലാത്ത സ്നേഹത്തോടെ ഞാൻ പിന്നിയ മുടിയെടുത്തു നെഞ്ചിലേക്കിട്ടു. ഭാഗ്യം കൈ തലയിലേക്ക് എത്തുന്നുണ്ട്. ഡോക്ടറെ കാണുന്നതിന് മുമ്പ് തലയിലേക്ക്‌ കൈയ്യെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഡോക്ടർ ലക്കി പ്ലാന്റ് വച്ച് എന്നെ നാട്ടിലേക്ക് വരുത്തിയത് നന്നായെന്ന് ഒരു നിമിഷത്തേക്ക് തോന്നിപ്പോയി.

ഒരു ശവപ്പെട്ടിക്കച്ചവടക്കാരൻ കച്ചവടം കൂടാൻ ലക്കി പ്ലാന്റ് വച്ചാലും കുഴപ്പമില്ല. ശവങ്ങൾക്ക് വേദനിക്കില്ലല്ലോ. ചിലർക്കെങ്കിലും വേദനാജനകമായൊരു ജീവിതത്തിൽ നിന്നുള്ള മോചനമായിരിക്കുമല്ലോ. എന്നാലും ഒരു ഡോക്ടർ അങ്ങനെ ചെയ്യാമോ? ആ ഓങ്കോളജിസ്റ്റിന് നല്ല ബുദ്ധി തോന്നിക്കണേയെന്നു ഞാൻ മനസ്സുരുകി. ഡോക്ടറുടെ ഭാഗ്യം എത്ര പേരുടെ വേദനയാണ്. കാൻസർ ചികിത്സയിലൂടെ കടന്നുപോയ അമ്മയോർമ്മകളിലേക്ക് വീണ്ടും വീണുപോയപ്പോൾ അറിയാതെ ഒരു തേങ്ങൽ തൊണ്ടയിൽ കുരുങ്ങി. കണ്ണു നിറഞ്ഞു.
‘എന്താ വേദനയുണ്ടോ? എന്നു ചോദിച്ചു അനിയൻ വണ്ടി നിർത്തി.

“ഇല്ല, ഞാൻ ഭാഗ്യം വിതയ്ക്കുന്ന ചെടികൾ എവിടെക്കിട്ടുമെന്ന് ആലോചിച്ചതാ. രണ്ടെണ്ണം നമുക്ക് നടണം. അടുത്തയാഴ്ച ഡോക്ടറോട് ചോദിക്കാം ” ഡോക്ടർ സ്ഥിരം ചെയ്യേണ്ട കുറച്ചു വ്യായാമമുറകൾ കൂടി പഠിക്കാൻ ഒരാഴ്ചകഴിഞ്ഞ് ചെല്ലാൻ പറഞ്ഞിരുന്നതുകൊണ്ടും ചെടികൾ എനിക്ക് ഭ്രാന്താണെന്നു അനിയത്തിയെ കല്യാണം കഴിച്ച് കുടുംബത്തിൽ വന്നു കയറിയ കാലംതൊട്ട് അറിയാവുന്നതു കൊണ്ടും അനിയൻ വിശ്വസിച്ചു കാണണം.

ഞാൻ സീറ്റിലേക്ക് ചാരി ഭാഗ്യം വിതയ്ക്കുന്ന ചെടികൾ കൊണ്ടു മൂടിയ വീട് സ്വപ്നം കണ്ട് കണ്ണുകളടച്ചു . അമ്മയുടെ മെലിഞ്ഞു നീണ്ട വിരലുകൾ വേദനയുള്ള കൈകളെ തലോടിക്കൊണ്ടിരുന്നു. മരണശേഷമെങ്കിലും നെഞ്ചിലെ മുറിവുകളും ശ്വാസകോശത്തിലെ വ്രണങ്ങളും ഉണങ്ങിയോയെന്ന പേടികൊണ്ട് സ്വപ്നത്തിൽപോലും ഞാനാ നെഞ്ചിലേക്കൊന്നു തലചായ്ച്ചു കരഞ്ഞതേയില്ല.

By ivayana