ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ചേതനയറ്റു കിടക്കുന്ന അമ്മയെ ഉണർത്താൻ അമ്മയെ മൂടിയ പുതപ്പുമാറ്റാൻ ശ്രമിക്കുന്ന രണ്ടുവയസ്സു മാത്രം പ്രായമായ കൊച്ചുകുഞ്ഞിന്റ കരളലിയിക്കുന്ന കാഴ്ച്ച കോവിഡ് കാലത്തെ ഇന്ത്യയെയാകെ സങ്കടപ്പെടുത്തിയ ഏറ്റവും വലിയ ദുഖകരമായ ചിത്രമായിരുന്നു. അഹമ്മദാബാദിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പം നാലു ദിവസത്തെ ട്രയിൻ യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ഉർവിന ഖാത്തൂർ എന്ന യുവതി ദാരുണമായി മരണമടഞ്ഞത്.

സ്റ്റേഷൻ തറയിൽ കിടക്കുന്ന ‘അമ്മ മരിച്ചുപോയെന്നറിയാതെ രണ്ടു വയസ്സുള്ള കുട്ടി അമ്മയുടെ മുഖത്ത് നിന്നും പുതപ്പ് വലിച്ചുനീക്കുമ്പോൾ അനാവൃതമാകുന്നത് , രോഗവ്യാപനത്തെത്തുടർന്നു കാൽനടയായും സൈക്കിളിലും ട്രക്കുകളിലും സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന ഇന്ത്യയിലെ കോടിക്കണക്കായ അതിഥിതൊഴിലാളുടെ മുഖമാണ്. ആ കുഞ്ഞും അമ്മയും ഗുജറാത്തിൽ നിന്നും നാട്ടിലേക്ക് നാലു ദിവസത്തെ നരകതുല്യമായ ട്രെയിൻ യാത്രയാണ് നടത്തിയത്. രാജ്യത്തെ ദരിദ്രരിൽ ദരിദ്രരായ, ഒരുനേരത്തെ അന്നത്തിനുവേണ്ടി നാടും കൂടും ഉപേക്ഷിച്ചു ഇതര സംസ്ഥാനങ്ങളിൽ പൊരിവെയിലത്തും പെരുമഴയിലും കഠിനാദ്ധ്വാനം ചെയ്യുന്ന, പുഴുക്കളെപ്പോലെ അധികാരിവർഗ്ഗം കാണുന്ന മനുഷ്യജന്മങ്ങളെ നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള ഒരു സംഭിദാനവും ഇല്ലാത്ത രാജ്യമാണ് കൂട്ടരേ നമ്മുടെ മഹാരാജ്യം…

ജനാധിപത്യമതേതര ഇന്ത്യയിൽ ഈ റയിൽവേ സ്റ്റേഷനിൽ ‘അമ്മ മരിച്ചത് അറിയാതെ കൂടെയിരിക്കുന്ന കുഞ്ഞിന്റെ മുഖത്തുകാണുന്ന നിസ്സംഗതയും മരവിപ്പും, നീതിയുടെ വെള്ളിവെളിച്ചമുണ്ടാകുമെന്ന നേരിയ പ്രതീക്ഷപോലുമില്ലാത്ത ആ നിൽപ്പുണ്ടല്ലോ. അത് ചരിത്രത്തിലും സമാനതകളില്ലാത്തതാണ്. വംശീയ ഉന്മൂലനങ്ങളല്ല, ഇത്തരം കൊടിയ കാടത്തരങ്ങൾ നടക്കുമ്പോഴും ശുഭകരമായതൊന്നും പ്രതീക്ഷിക്കാനില്ലാത്ത, ഈ രണ്ടുവയസ്സുകാരൻ കുഞ്ഞിനെ പയെപ്പോലുള്ള കോടിക്കണക്കിനു ന്യൂനപക്ഷങ്ങളുടെ മുഖത്തെ ഈ മരവിപ്പും നിസ്സംഗതയും പ്രതീക്ഷാരാഹിത്യവുമാണ് എന്നെ വല്ലാണ്ട് ഭയപ്പെടുത്തുന്നത്.

സമ്പന്നതയില്‍ ലോകത്തിലെ ഏഴാമത്തെ രാജ്യമാണത്രേ ഇന്ത്യ. ആ രാജ്യത്തെ ഗോപാല്‍ യാദവുമാരുടെ മക്കള്‍, ബസുമതിമാര്‍, പട്ടിണി കിടന്നു മരിക്കുന്നു എന്ന് സാഹിത്യരചനകള്‍ ഉണ്ടാകുമ്പോള്‍ നാം അസഹിഷ്ണുക്കളാകുന്നു. എഴുത്തുകാരനെ സംഘി ഫാഷിസ്റ്റാക്കുന്നു. കാരണം നമുക്ക് അങ്ങിനെയേ സാധിക്കൂ; ലോകത്ത് ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരായ, പാര്‍ലമെന്‍റ് – നിയമസഭാ അംഗങ്ങള്‍ ഉള്ള രാജ്യമാണ് നമ്മുടേത്. സ്വിസ്സ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ജനപ്രതിനിധികള്‍ നമ്മുടേതാണ്. ലോകത്ത് ഇപ്പോള്‍ ഏഴാം സ്ഥാനത്തുള്ള, അതും വെറും ഒന്നര പതിറ്റാണ്ട് കൂടി കഴിഞ്ഞാല്‍ ലോകത്ത് ഒന്നാം സ്ഥാനത്തു എത്തുമെന്ന് മേനി പറയുന്ന രാജ്യത്തിന്‍റെ തീമഴപോലെ പൊള്ളുന്ന യാഥാര്‍ഥ്യമാണ് ഇതൊക്കെ. ഇന്ത്യ വ്യവസായ സൌഹൃദ രാജ്യമാണ് എന്ന് ലോകത്തോട്‌ വിളിച്ചു പറയാന്‍ വോഡാഫോണ്‍ തരാനുള്ള നികുതി എഴുതിത്തള്ളിയത്, ഇരുപതിനായിരം കോടി രൂപയാണ്. വമ്പന്‍ സ്രാവുകള്‍ക്ക് ഈ രാജ്യത്തെ നിയമം വെറും കോമഡി മാത്രമാണ് എന്ന് തെളിയിച്ചുകൊണ്ട് ഒന്‍പതിനായിരം കോടി രൂപ മുക്കി വിജയ്‌ മല്ല്യമാര്‍ കടന്നു കളയുന്നു; അതും ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടും കൊണ്ട്.

ശമ്പളവും, അലവന്‍സും കൂട്ടാന്‍ പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കുന്ന ഭരണാധികാരികളെ, പാര്‍ലമെന്റ് കാന്റീനില്‍ സൌജന്യം എന്നപോലെ ലഭിച്ചിരുന്ന ബിരിയാണിയുടെ വില വര്‍ദ്ധിപ്പിച്ചതില്‍ മനംനൊന്ത് മുദ്രാവാക്യം മുഴക്കുന്ന പ്രിയപ്പെട്ടവരേ… നമ്മുടെ ഇതേ രാജ്യത്ത് തന്നെയാണ് ആരോടും പരിഭവിക്കാതെ, തളര്‍ന്നു വീഴാതെ, സ്വന്തം അമ്മയുടെ ജഡം ചേർത്തു പിടിച്ചുകൊണ്ട് ഒരു രണ്ടു വയസ്സുകാരൻ, കണ്ണുകള്‍ പോലും നിറയ്ക്കാതെ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്നത്.

സത്യത്തില്‍ ഇന്ത്യ ഒരൊറ്റ ഇന്ത്യയല്ല. ഇത് ഭീകരമായ ഇരുളും വെളിച്ചവും കലര്‍ന്ന ഒരായിരം ഇന്ത്യയാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വാങ്ങല്‍ ശേഷിയുള്ള (Purchasing Capacity) മധ്യവര്‍ഗ്ഗ ഉപഭോക്താക്കളുള്ള ഇന്ത്യയാണ്. iPhone ഉം, samsung ഉം, SONY ഉം തുടങ്ങി ലോകത്തെ എല്ലാ കുത്തകകളും ആര്‍ത്തിയോടെ ഉറ്റുനോക്കുന്ന വിപണിയുള്ള ഇന്ത്യയാണ്. ആയുധ ക്കച്ചവടക്കാര്‍ മുതല്‍ പട്ടാളക്കാര്‍ക്ക് ശവപ്പെട്ടി വില്ക്കുന്നവന്‍ വരെ ദല്ലാള്‍മാരെ വച്ച് കോടാനുകോടികളുടെ നികുതിപ്പണം ഊറ്റുന്ന ഇന്ത്യയാണ്. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനത്തെ ജനതയുടെ വോട്ട് വാങ്ങി ജയിച്ചു, ഡല്‍ഹിയില്‍ പോയി ഒരു ദിവസത്തേക്ക് അന്‍പതിനായിരം രൂപ വാടക വരുന്ന ഹോട്ടലില്‍ താമസിക്കുന്ന എം.പി മാരുള്ള ഇന്ത്യ. പശുവിനെ കടത്തുന്നവനെയും, പോത്ത് കഴിക്കുന്നവനെയും, അന്യജാതി പെണ്‍കുട്ടിയെ പ്രണയിക്കുന്നവനെയും…. കൊല്ലുകയും, ചത്ത പശുവിനെ സംസ്ക്കരിക്കാത്തതിനു ദളിതനെ കൊല്ലുകയും ചെയ്യുന്ന ഇന്ത്യ..!

ലോക കായിക മാമാങ്കത്തിനയക്കുന്ന രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ക്ക് പച്ചവെള്ളം നല്‍കാന്‍ സാധിക്കാത്ത ഇൻഡ്യാ. അവരുടെ ജഴ്സിയില്‍ രാജ്യത്തിന്റെ പേര് പോലും എഴുതാന്‍ കഴിയാത്ത ഇന്ത്യ. ക്രിക്കറ്റില്‍ ജയിക്കുന്നവരെ നിമിഷങ്ങള്‍ കൊണ്ട് കോടീശ്വരന്‍മാരാക്കുന്ന , രാജകീയ സ്വീകരണം നല്‍കുന്ന ഇന്ത്യയില്‍ , കബഡി ലോകകപ്പ് ജയിക്കുന്ന പെണ്‍കുട്ടികള്‍ തിരിച്ചു വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കു പോകുവാന്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുന്ന ഗതികെട്ട ഇന്ത്യ. താഴ്ന്ന ജാതിക്കാരനായ പട്ടാളക്കാരനെ ശവമടക്കാന്‍ ഭൂമി നല്‍കാത്ത സവര്‍ണ്ണ മാടമ്പികളുടെ ഇന്ത്യയാണ് കൂട്ടരേ നമ്മുടെ ഭാരതം.

കഴിഞ്ഞ 4 ദിവസത്തിനിടെ അതിഥി തൊഴിലാളികൾക്കുള്ള ശ്രമിക് ട്രെയിനുകളിൽ പുഴുക്കളെപ്പോലെ പിടയാൻപോലുമാവാതെ അവസാനിച്ചത് 9 പേരാണ്. ആ ദയനീയ മനുഷ്യരെക്കുറിച്ചോ , അവരുടെ വർഗ്ഗത്തെ കുറിച്ചോ എന്ത് ചർച്ചകളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. എനിക്കും നിങ്ങൾക്കും കഴിക്കാൻ അന്നവും, ഉല്ലസിക്കാൻ ഷോപ്പിംഗ് കോംപ്ലക്സുകളും, ഹോട്ടലുകളും രമ്യഹർമ്യങ്ങളും ഉണ്ടാക്കുന്ന പാവം മനുഷ്യരാണ് അവർ. അവർ നമ്മുടെ നഗരങ്ങൾ നിർമിച്ചു. റോഡുകളും , പാലങ്ങളും നിർമിച്ചു. പാടങ്ങളിൽ വിതയ്ച്ചും , കൊയ്തു. നമ്മുടെ കെട്ടിടങ്ങൾക്ക് കാവൽ നിന്നു. വണ്ടിയോടിക്കുകയും , നമുക്ക് ചായ ഉണ്ടാക്കിത്തരികയും ചെയ്തു. എന്നിട്ട് കോവിഡ് കാലത്ത് ഇന്ത്യൻ ഭരണകൂടം വിശപ്പിനാൽ തോൽക്കാനും, വ്യവസ്ഥിതിക്ക് മുന്നിൽ ജയിക്കാനുമാവാത്ത സാധുക്കളായ ഹതഭാഗ്യർക്ക് വേണ്ടി എന്താണ് ചെയ്തത്.?!

എല്ലാം കെട്ടിപ്പെറുക്കിയെടുത്ത് വീട്ടിൽ പോകാൻ അവർക്ക് ലഭിച്ചത് വെറും നാലുമണിക്കൂർ മാത്രമാണ്. കോട്ടിൽ പത്തുലക്ഷം മുടക്കി പേരെഴുതുന്ന അൽപ്പനായ പ്രധാനമന്ത്രി രാത്രി 8 ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത് 12 മണിക്ക് ലോക്ടൗൺ നടപ്പിൽ ആക്കുന്നു എന്നാണ്. എന്നാൽ ഇന്ത്യയേക്കാൾ കാർക്കശ്യം കുറഞ്ഞ ലോക്ടൗൺ നടപ്പിലാക്കാൻ സിംഗപ്പൂർ 4 ദിവസത്തെ സാവകാശം ആ രാജ്യം അവിടത്തെ പൗരന്മാർക്ക് നൽകി. എന്നാൽ ഇവിടെ ദീര്ഘവീക്ഷണമില്ലാത്ത തീരുമാനങ്ങൾ കൊണ്ട് പൗരനെ കൊലയ്ക്ക് കൊടുത്തു. ജോലി നഷ്ട്ടപെട്ട അതിഥിതൊഴിലാളികൾ അഗതികളും അനാഥകളുമായി തീർന്നു. ഒടുവിൽ അവർ വീടുകളിലേക്ക് നടക്കാൻ ആരംഭിച്ചു.

പലർക്കും അതൊരു മരണയാത്രയായിരുന്നു.
നൂറുകണക്കിന് മൈലുകൾക്കപ്പുറമുള്ള കുടിലിലേക്ക്, പൊരിവെയിലിൽ കാൽനടയായി നടന്നുപോകുമ്പോൾ, പാത്രിരാത്രിയിൽ ക്ഷീണം തീർക്കാൻ ഉറങ്ങിയതാണ് വിസർജ്ജ്യങ്ങളും മാലിന്യങ്ങളും നിറഞ്ഞ റയിൽവെ ട്രാക്കിൽ. മാതാപിതാക്കളുടെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കൂടെ. പാഞ്ഞുവന്ന ട്രെയിൻ കയറി മരിച്ചത് 16 ഓളംവരുന്ന തൊഴിലാളികളാണ്. ട്രാക്കിലൂടെ വെയിൽ ച്ചൂടിലും നടക്കുന്നതെന്തിനെന്നറിയാമോ?! നാട്ടിലേക്കുള്ള വഴിയറിയാത്തതിനാൽ. റയിൽവെ പാളങ്ങൾ വഴിതെറ്റാതെ വീടെത്തിക്കുമെന്ന വിശ്വാസത്താൽ…!

922 കോടി രൂപമുടക്കി പുതിയ പാർലമെന്റ് മന്ദിരം പണിയുന്ന നാട്ടിലാണ്. നാലുമണിക്കൂർ നേരം ഡൊണാൾഡ് ട്രംപ് അഹമ്മദാബാദ് സന്ദർശിക്കുന്നതിന്, 127 കോടി രൂപ മുടക്കി ചേരികളിലെ കഷ്ടപ്പാട് മതിലുകെട്ടി മറച്ചുവെച്ച നാട്ടിലാണ്. പക്ഷികൾക്ക് കാഷ്ഠിക്കാനായി 3000 കോടിയിലേറെ മുടക്കി പട്ടേൽ പ്രതിമ നിർമ്മിച്ച മഹാരാജ്യത്താണ്. ഒടുവിൽ കഴിഞ്ഞ ദിവസം, മേഹുൽ ചോസ്കിയും വിജയ് മല്യയും അടങ്ങുന്ന കോർപ്പറേറ്റ് കൊള്ളക്കാർക്കായി നികുതിദായകന്റെ 68,600 കോടി രൂപ എഴുതിത്തള്ളിയ മഹാരാജ്യത്താണ്‌. ഇന്നലെവരെ ജീവനോടെയിരുന്ന ആ പച്ചമനുഷ്യരും അവരുടെ കുഞ്ഞുങ്ങളും അരഞ്ഞുപോയത്!!

അഞ്ഞൂറോ അറുന്നൂറോ രൂപ മുടക്കി ആ പാവങ്ങളെ വീട്ടിലെത്തിക്കാൻ കഴിയാത്ത കേന്ദ്രസർക്കാരിനോ , കേന്ദ്രസർക്കാരിനോട് ഉത്തരവിടാൻ കഴിയാതിരുന്ന സുപ്രിം കോടതിയിൽ ഇരിക്കുന്ന നിങ്ങൾക്കൊക്കെ എങ്ങനെയാണ് ഉറങ്ങാൻ കഴിയുന്നത് മൈലോർഡ്‌സ്..?! യഥാർത്ഥത്തിൽ നിങ്ങളൊക്കെ എന്തിന്റെ കുഞ്ഞുങ്ങളായാണ് ജനിച്ചത്…?! ഈ രാജ്യം ആരുടേതാണ് മൈലോർഡ്‌സ്…?! കോവിഡ് കാലത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തം ഈ കുടിയേറ്റ തൊഴിലാളികളുടെ പാലായനമാണ്. കേന്ദ്രസർക്കാരോ പല സ്റ്റേറ്റുകളിലെയും സംസ്ഥാന സർക്കാറുകളോ ഇവരെ സഹാച്ചതേയില്ല. ഗ്രാമങ്ങളിലെ സമ്പദ് വ്യവസ്ഥ സുശക്തമാക്കണമെന്നു ജീവമന്ത്രം പോലെ മഹാത്മാ ഗാന്ധിജി എപ്പോളും പറഞ്ഞുകൊണ്ടിരുന്നതിന്റെ പൊരുൾ വെക്തമായിമാറിയിരിക്കുന്നു. ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ചിരുന്നെകിൽ മുസാഫർപൂർ റെയിൽവേ സ്റ്റേഷനിലെ തറയിൽ മരിച്ചുകിടന്ന അമ്മയ്ക്ക് , അന്നംതേടി ഗുജറാത്തിലേക്ക് പോകേണ്ട ആവിശ്യം ഒരിക്കലും ഉണ്ടാവില്ലായിരുന്നു.

ഇരുപതു രൂപയില്‍ താഴെ ദിവസവരുമാനമുള്ള ശതകോടികളുടെ ഇന്ത്യയെക്കുറിച്ച്, പട്ടിണിയും , കാര്‍ഷിക വിലയിടിവും കാരണം നൂറു കണക്കിന് ആത്മഹത്യകള്‍ നടക്കുന്ന മറ്റൊരു രാജ്യമായ ഇന്ത്യയെക്കുറിച്ച് നാമെന്താണ് സംസാരിക്കാത്തത്..?! ഫോട്ടോഷോപ്പുകള്‍ കൊണ്ട് സ്വയം കള്ളം പറഞ്ഞു നാം എത്രകാലം മുന്നോട്ട് പോകും..?! സമൃദ്ധമായ, ഐശ്വര്യ പൂര്‍ണ്ണമായ ഇന്ത്യയോ..? നിങ്ങള്‍ ആരുടെ രാജ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്..?! അതെന്തായാലും എന്‍റെ രാജ്യമല്ല…!!

കോവിഡ് കാലത്തെ ഇന്ത്യൻ സുപ്രീം കോടതിയെ കുറിച്ചു നാളത്തെ ചരിത്ര വിദ്യാർത്ഥികൾ പഠിക്കുമ്പോൾ, ക്ലാസ് മുറികളിൽ കണ്ണുനീരല്ല, അറപ്പിന്റെ കാർക്കിച്ചു തുപ്പലും, ഛർദ്ദിയിലെത്താത്ത ഓക്കാനങ്ങളും കൊണ്ട് നിറയുന്ന നാളുകൾ വരും മൈലോർഡ്‌സ്! കാലം നിങ്ങളെ ക്രൂരമായി അടയാളപ്പെടുത്തും!! 😔😒

റയിൽവേ ട്രാക്കിൽ പൂവിതളുകൾപോലെ ചതഞ്ഞരഞ്ഞുപോയ കുഞ്ഞുങ്ങൾക്കും , പാതിവഴിയിൽ വീണുടഞ്ഞുപോയ രണ്ടുവയസ്സുകാരന്റെ അമ്മയോട് ഞാൻ മാപ്പ് ചോദിക്കുന്നു…! 😥😰

ഒരു നിസ്സഹായനായ പൗരന്റെ കണ്ണീർപ്പൂക്കൾ…💞🥀

ബാഷ്‌പാഞ്‌ജലി…😔

By ivayana