ആരാധനാലയങ്ങൾ തുറക്കപ്പെടുകയാണ്
മോക്ഷദായകർക്കുംആകാംക്ഷ കാണില്ലേ?
ആശങ്കയും?

ദൈവങ്ങൾ
വാതിലും ബന്ധിച്ചു പ്രാർത്ഥിച്ചു
“ദൈവമേ! രക്ഷിക്കവേണേ!

ലോക് ഡൗൺ കഴിഞ്ഞു
വരുന്നൂ മഹാജനം
കോവിൽമതിൽക്കെട്ടിനുള്ളിൽ!

ഉണ്ടായിടാം ദു:ഖ,
മാവേശ, മാഗ്രഹം
എന്തായിടാം ഭാവിയാവോ!!

ഭൂലോകമാകെ
പ്രകമ്പനം തീർക്കുന്ന
രോഗാണുവിൻ ദുഷ്ടശക്തി
സ്വർഗത്തിലെ
ദേവദേവന്നിരിപ്പിടം
കുത്തിത്തുളച്ചുപോയില്ലേ!!

പാലാഴിയിൽ നി-
ന്നുയർത്തി നാം സേവിച്ച
ദിവൗഷധത്തിൻബലത്താൽ
നാമിന്നു ജീവിച്ചു
പോരുന്നതോർക്കുക
അല്ലെങ്കിലെന്താകുമയ്യോ!!!

നക്തം ദിവം
മൃത്യു വക്ത്ര പ്രഹേളിക –
യ്ക്കുള്ളിൽപ്പെടും രോദനത്താൽ
സത്യം ശിവം കല്ലിരു-
മ്പെന്നമാതിരി
നിത്യപ്രതിഷ്ഠരായ് നമ്മൾ!!!

മുന്നിൽപ്പെടും
സംശയത്തിന്റെ നേർക്കു നാ-
മെന്തുത്തരം നാളെ നൽകാൻ??????

(ദൈവങ്ങൾ നോക്കി
പരസ്പരം സങ്കട –
പ്പെട്ടെന്നു ചാനൽ കാണിച്ചു !!)

ഹരികുങ്കുമത്ത്.

By ivayana