“നന്നായി പഠിച്ച് SSLC പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങാന്‍ നോക്ക്. മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ പോസ്റ്റ്‌ ഓഫീസില്‍ ക്ലര്‍ക്കായി ജോലികിട്ടും. എന്‍റെ ഒപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങി പോസ്റ്റ്‌ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്.”

ഒരു വെളുപ്പാങ്കാലത്ത് അച്ഛന്‍ ഇല്ലാതായപ്പോള്‍ അമ്മയും ഏഴുവയസുകാരനായ അനിയനും പതിനേഴുകാരനായ ഞാനും അടങ്ങുന്ന കുടുംബത്തിന് അക്ഷരാര്‍ത്ഥത്തില്‍ വഴിമുട്ടി. അപ്പോഴാണ്‌ , രണ്ടുവര്‍ഷം മുമ്പ് പത്താം ക്ലാസ്സില്‍ കണക്കു പഠിപ്പിച്ചിരുന്ന യോഹന്നാന്‍ സര്‍ പറഞ്ഞ ആ ജോലിക്കാര്യം ഓര്‍മ്മയില്‍ വന്നത്.

പക്ഷെ, അതിന് പതിനെട്ടു വയസ്സ് തികയണമായിരുന്നു. മുത്തച്ഛന്റെയും അമ്മാവന്മാരുടെയും സഹായത്തോടെ ഒരു വിധത്തില്‍ ഡിഗ്രീ രണ്ടാം വർഷം എത്തുമ്പോഴാണ് പോസ്റ്റ്‌ ഓഫീസ്, ആർ എം എസ്, ടെലിഫോണ്‍സ് എന്നീ വിഭാഗങ്ങളില്‍ ക്ലര്‍ക്കായി ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പത്രത്തില്‍ കാണുന്നത്. മൂന്നിനും അപേക്ഷിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍, ഒറിജിനൽ സ‍ർട്ടിഫിക്കറ്റുകളുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് മൂന്നിടത്ത് നിന്നും കത്തുവന്നു.

പോസ്റ്റ്‌ ഓഫീസും ടെലിഫോണ്‍സും എന്താണെന്നറിയാം. പക്ഷെ, RMS (Railway Mail Service) നെപ്പറ്റി ഒന്നുമറിയില്ലായിരുന്നു. കോളേജ് കാന്റീനില്‍ ജോലിചെയ്യുന്ന ഉണ്ണി ചേട്ടനാണ് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു തന്നത്. “എടാ..നിനക്ക് പൈസയല്ലേ വേണ്ടത്. RMS ല്‍ ചേര്‍ന്നോ. ഒരുപാട് Overtime ഒക്കെ കിട്ടും. എന്‍റെ ഒരു അയല്‍വാസി അതിലാണ് ജോലിചെയ്യുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിപ്പാർട്മെന്റാണ്. ട്രെയിനിലൊക്കെ ജോലിചെയ്യാം.” എന്നെല്ലാം പറഞ്ഞ് അന്നദ്ദേഹം പ്രോത്സാഹിപ്പിച്ചു.

അതിന്‍റെ ബലത്തില്‍ RMS ന്‍റെ Administrative Office ല്‍ എത്തി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും പരിശോധനയ്ക്ക് കൊടുത്തു. ഒരാഴ്ചയ്ക്കകം Appointment letter വന്നു. മൂന്നു മാസത്തെ പരിശീലനത്തിന് ശേഷം 06.09.1979 ല്‍ വടകര ആർ എം എസില്‍ ജോലിക്ക് ചേര്‍ന്നു.

(RMS എന്നാല്‍ എന്താണെന്ന് ഇന്നും പലര്‍ക്കും അറിയില്ല. അതിന്‍റെ പ്രധാനകാരണം പോസ്റ്റ്‌ ഓഫീസ് പോലെ പൊതുജനത്തിന് കാണാവുന്ന ഒന്നല്ല ആ സംവിധാനത്തിന്റെ പ്രവര്‍ത്തനം എന്നതാണ്. Railway Mail Service പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിലെ ഒരു വിഭാഗമാണ് എന്നറിയാത്ത പലരും റെയിൽവെയിൽ ആണല്ലേ ജോലി എന്ന് ഇപ്പോഴും ചോദിക്കാറുണ്ട്.)

ഏതായാലും ഉണ്ണി ചേട്ടന്റെ ഉപദേശപ്രകാരം RMS ല്‍ ചേരാനെടുത്ത തീരുമാനം എന്തുകൊണ്ടും നന്നായി എന്നാണ് പിന്നീട് എപ്പോഴും തോന്നിയിട്ടുള്ളത്. വൈകുന്നേരം 6 ന് തുടങ്ങി പിറ്റേന്ന് രാവിലെ 6 ന് തീരുന്ന 12 മണിക്കൂര്‍ ജോലി, രണ്ടു Duty ആയിട്ടാണ് കണക്കാക്കുക. അതായത് ഇന്ന് രാത്രി ജോലി ചെയ്‌താല്‍ നാളെ പകലും രാത്രിയും , പിറ്റേന്ന് പകലും Free ആയിരിക്കും. ഒന്നിടവിട്ട രാത്രികളില്‍ മാത്രം ജോലി ചെയ്‌താല്‍ മതിയെന്നര്‍ത്ഥം.

ജോലിയില്‍ ചേര്‍ന്ന ആദ്യത്തെ ആറേഴുവര്‍ഷം
രാത്രി ജോലി സ്വീകരിച്ചതുകൊണ്ട് ‍ പകല്‍ മുഴുവന്‍ സ്വതന്ത്രമായി വിനിയോഗിക്കാന്‍ അവസരം കിട്ടി. പഠനം തുടരാനും വായന, സംഗീതം, ഫോട്ടോഗ്രഫി തുടങ്ങിയ ഇഷ്ടങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കാനും കഴിഞ്ഞത് അതുകൊണ്ട് മാത്രമാണ്. വളരെ പെട്ടെന്നുതന്നെ RMS എന്തുകൊണ്ടും എനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറി.

അവകാശങ്ങള്‍ നേടിയെടുക്കാന്‍ പൊരുതുന്ന അതേ ഉത്സാഹത്തോടെ സ്വന്തം കടമകളും ഉത്തരവാദിത്തവും കൃത്യമായി നടപ്പിലാക്കുകകൂടി വേണമെന്ന നിര്‍ബന്ധബുദ്ധി സൂക്ഷിച്ചിരുന്ന അക്കാലത്തെ തൊഴിലാളി സംഘടനാ നേതാക്കളും ജോലിയുടെ ഇടവേളകളില്‍ കല, സാഹിത്യം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന ആരോഗ്യകരമായ സംവാദവും ചര്‍ച്ചയും പതിവാക്കിയിരുന്ന ഉയര്‍ന്ന ബൌദ്ധിക നിലവാരം പുലര്‍ത്തിയിരുന്ന മുതിര്‍ന്ന സഹപ്രവര്‍ത്തകരും, ഒരു 19 വയസ്സുകാരന്‍റെ തൊഴിൽ സംസ്കാരം, ലോകവീക്ഷണം, കാഴ്ചപ്പാട്, ദിശാബോധം തുടങ്ങിയവ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്‌.

40 വര്‍ഷവും 8 മാസവും നീണ്ട സേവനകാലം പൂര്‍ത്തിയാക്കി RMS ല്‍ നിന്നും ഈ മാസം 31 ന് പടിയിറങ്ങുമ്പോള്‍ അവരെയെല്ലാം സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു;

എപ്പോഴും പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്ന, വിവിധതലങ്ങളിലുള്ള മേലുദ്യോഗസ്ഥർക്കും, എന്നും സൗഹൃദത്തോടെ മാത്രം പെരുമാറുകയും സഹകരിക്കുകയും ചെയ്തിരുന്ന മുഴുവന്‍ സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു;

പോസ്റ്റ് ഓഫീസ്, റീജിയണൽ ഓഫീസ്, സർക്കിൾ ഓഫീസ് തുടങ്ങി പോസ്റ്റൽ ഡിപാർട്മെന്റിന്റെ തന്നെ വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന ധാരാളം സുഹൃത്തുകളുണ്ട്. അവർ നൽകിയിട്ടുള്ള സ്നേഹവും പ്രോത്സാഹനവും ഓർമ്മയിൽ സൂക്ഷിക്കുന്നു.

By ivayana