മലയാളം സാഹിത്യലോകം കണ്ട എക്കാലത്തെയും തുല്യതകളിലാത്ത എഴുത്തുകാരിയാണ്‌ മാധവിക്കുട്ടി. മലയാള സാഹിത്യത്തില്‍ പ്രണയവും സ്‌ത്രീ-പുരുഷ ബന്ധങ്ങളും ഇത്രയും തീവ്രമായി ആവിഷ്‌കരിച്ച മറ്റൊരു എഴുത്തുകാരിയില്ല. ആര്‍ക്കും പിടികൊടുക്കാതെ, അടിമുടി കലാകാരിയായി നമുക്കിടയില്‍ ജീവിച്ചു കടന്നു പോയ ഒരാള്‍. ആമിയെന്ന മാധവികുട്ടി. അഥവാ കമലാ സുരയ്യ. തന്നെത്തന്നെ ആവിഷ്‌കരിക്കുന്നതില്‍ അന്തസ്സ് പുലര്‍ത്തിയ വ്യക്തിത്വമാണ്. സ്‌നേഹത്തിനുവേണ്ടി കേഴുന്ന നിരാലംബമായ ഒരു ആത്മാവിന്റെ തേങ്ങലുകളായിരുന്നു ആമിയുടെ രചനകള്‍. ദൈന്യതകളെ അതിജീവിക്കാനുള്ള ഒരുത്തമാജ്വാലയായാണ് അവര്‍ സ്‌ത്രൈണ ചേതനയെ വെളിപെടുത്തിയിരുന്നത്. എതൊരനുഭവത്തെയും ആഴത്തിലും തീവ്രതയിലും ഉള്‍കൊള്ളാന്‍ പാകമായ മനസ്സായിരുന്നു അവരുടേത്. ഒരു സ്ത്രീയുടെ അനുഭവലോകം ഇത്രമേല്‍ ക്രൂശിതമാണെന്ന സത്യം ഉടുപ്പൂരിയെറിഞ്ഞു വെളിപെടുത്താന്‍ കഴിഞ്ഞ ഒരു കഥാകാരിയും പിന്നീടുണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം.!

മലയാളത്തില്‍, പച്ചയ്ക്ക് പ്രണയത്തെ തുറന്നെഴുതിയ പെണ്‍തൂലികയുടെ വിരാമത്തിന്റെ വാര്‍ഷികമാണിന്ന്. മാധവിക്കുട്ടി എന്റെ ജീവിതത്തിലെ ആദ്യപ്രണയാമായിരുന്നു. എനിക്ക് എതിര്‍ലിംഗത്തോടുള്ള കൌതുക പ്പെരുക്കങ്ങളുടെ കൌമാര കാമനകളില്‍ സുന്ദരിയായ ഒരു പെണ്ണിന്റെ പുസ്തകച്ചട്ടയിലെ ഫോട്ടോയുമുണ്ടായിരുന്നു. “എന്റെ കഥ” യുടെ പുറം ചട്ടയിലെ മാധവിക്കുട്ടി. സ്കൂളില്‍ പുസ്തകം വാങ്ങാന്‍ ഉപ്പ തന്ന പൈസയില്‍ നിന്ന് അല്‍പ്പം മോഷ്ട്ടിച്ചാണ് മലയാളം മാഷായിരുന്ന “പുരോഗമാനകാരിയായിരുന്ന” മധുസൂദനന്‍ സാറിനെക്കൊണ്ട് “എന്റെ കഥ ” വാങ്ങിപ്പിക്കുന്നത്. ആ പുസ്തകം കൂട്ടുകാരെയും, വീട്ടുകാരെയും കാണിക്കുവാന്‍ അന്ന് ഭയമായിരുന്നു. കാരണം അരുതായ്മകളുടെ അക്ഷര പര്‍വ്വങ്ങളാണ് ആ രചനയെന്നായിരുന്നു ധാരണ. “എന്റെ കഥ” സത്യത്തില്‍ ഉള്ളിലെ സാഹിത്യ തല്‍പ്പരനായ ഏഴാം ക്ലാസ്സുകാരനെ തൃപ്ത്തിപ്പെടുത്താന്‍ വാങ്ങിയതായിരുന്നില്ല. മറിച്ച് പുറം ചട്ടയിലെ സുന്ദരിയെ വീട്ടില്‍ ഉമ്മ പോലും കാണാതെ ഒളിഞ്ഞു നോക്കുക തന്നെയായിരുന്നു ലക്‌ഷ്യം. വായിച്ചു തുടങ്ങിയതൊക്കെ രണ്ടാഴ്ച കഴിഞ്ഞാണ്. പിന്നീട് മാധവിക്കുട്ടി എന്ന് പുറംചട്ടയില്‍ അക്ഷരങ്ങള്‍ ഉള്ള പുസ്തകങ്ങള്‍ തേടി നാട്ടിലെയും, കലാലയങ്ങളിയും ലൈബ്രറികളും, പുസ്തകമേളകളും കയറിയിറങ്ങി…

പ്രണയസൗഗന്ധികങ്ങളുടെ നിറവസന്തം സമ്മാനിച്ച എഴുത്തുകാരി, പ്രണയത്തിന്റെ രാജകുമാരി എല്ലാമായിരുന്നു മാധവിക്കുട്ടി. അനശ്വരങ്ങളായ അക്ഷരങ്ങളെ കൂട്ടു പിടിച്ച്‌ മായികസ്വപ്നങ്ങള്‍ കണ്ട് അവ തനി വള്ളുവനാടന്‍ ശൈലിയില്‍ മലയാളികളുടെ മനസ്സിലേക്ക് പകര്‍ത്തി വെച്ച എഴുത്തുകാരി. പുണ്യപുരാണങ്ങളിലെ ഈശ്വരസങ്കല്പമായ ശ്രീകൃഷ്ണ ഭഗവാനെ കളിക്കൂട്ടുകാരനായി കൂടെക്കൂട്ടി രാധയെന്ന പോലെ. ഭാവനയുടെ അനന്തവിഹായസ്സില്‍ പാറിപ്പറന്ന് കൈരളിയുടെ കാവ്യഭൂമിയില്‍ തനിക്ക് പ്രിയപ്പെട്ട നീര്‍മാതളത്തിന്റെ വിത്തുകള്‍ പാകി ഗന്ധര്‍വ്വലോകത്തേയ്ക്ക് യാത്രയായ സ്നേഹശലഭമാണ് മാധവികുട്ടിയെന്ന കമലാസുരയ്യ…

കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31ന്‌ പാലക്കാട്ട്‌ പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു കമലാസുരയ്യയുടെ ജനനം. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി. രണ്ടു ഭാഷകളിലും ഏറെ ആരാധകരെ സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു കമലയുടേത്‌. വിവാഹ ശേഷമാണ് കമല സാഹിത്യലോകത്തില്‍ സജീവമായത്. 1999ല്‍ തന്‍റെ അറുപത്തഞ്ചാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മതം മാറാനുള്ള അവരുടെ തീരുമാനം മലയാളത്തില്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നാലുദിക്കില്‍ നിന്നും ഒരുമിച്ച് ആക്രമിച്ചപ്പോഴും തന്‍റെ തീരുമാനം അവര്‍ കൈവിട്ടില്ല.

കൊല്‍ക്കത്തയിലും, പുന്നയൂര്‍ക്കുളത്തുമായി ബാല്യം പകുത്ത ആമി പുന്നയൂര്‍ക്കുളത്തിന്റെ ഗ്രാമനൈര്‍മ്മല്യത്തെ ഏറെയിഷ്ടപ്പെട്ടിരുന്നു. ആമിയുടെ കഥകളിലെ മിക്ക ബിംബങ്ങളും പുന്നയൂര്‍ക്കുളത്തിന്റെ മണ്ണില്‍ നിന്നും പെറുക്കിയെടുത്തവയാണ്. ‘നീലാബരി’ യുടെ വിരഹതാളങ്ങളില്‍ മലയാളി തേങ്ങുമ്ബോള്‍’ എന്റെ കഥ’യിലൂടെ വായനക്കാരെ ആവേശം കൊള്ളിച്ചു കമല. കണ്ണുനീരുപ്പിന്റെ രുചിയുള്ള ‘നെയ്പ്പായസം ‘കുടിച്ച ഒരാളും പറയില്ല അവര്‍ ഉന്മാദിനിയായിരുന്നുവെന്ന്. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ആഗ്രഹിച്ച ആത്മാവിന്റെ മോഹങ്ങളും നഷ്ടങ്ങളുമാണ് ഭാവനയുടെ കടുംശര്‍ക്കരക്കൂട്ടില്‍ അവര്‍ വിളയിച്ചെടുത്തത്. ‘നീര്‍മാതളം പൂത്തകാലം’ എന്ന കൃതിയില്‍ അവര്‍ തന്നെ പറയുന്നുണ്ട്,’ ‘പ്രകടമാക്കാനാവാത്ത സ്നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവു പിടിച്ച ശേഖരം പോലെ ഉപയോഗശൂന്യവും’. മാധവിക്കുട്ടിയുടെ കഥകളെ അവരുടെ ജീവിതത്തോട് ബന്ധപ്പെടുത്തി കല്ലെറിഞ്ഞവര്‍ ഏറെയാണ്. മാധവിക്കുട്ടിയുടെ സഹോദരി ‘സുലോചന നാലപ്പാട്ട്’ എഴുതിയ ‘എന്റെ ജേഷ്ഠത്തി കമല” എന്ന ബുക്കില്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം പറയുന്നുണ്ട്.

അറുപത്തിയഞ്ചാം വയസ്സില്‍ മതം മാറി ‘കമല സുരയ്യ’എന്ന പേര് സ്വീകരിച്ചതിനെ തുടര്‍ന്ന് നിരവധി അപഹാസ്യങ്ങള്‍ നേരിടേണ്ടി വന്നു. എഴുത്തിനോടുള്ള അകലം കൂടി. ഒടുവില്‍ താനൊരു പാട് സ്നേഹിച്ച മലയാളത്തിനോട് വിടപറഞ്ഞ് പുന്നയൂര്‍ക്കുളത്തിന്റെ മണ്ണില്‍ നിന്നകലുമ്ബോള്‍ നോവുന്ന മനസ്സോടെ അവര്‍ പറഞ്ഞു..”ഇനി ഞാന്‍ മലയാളത്തില്‍ എഴുതുകയില്ല’എന്ന്. ഊമക്കത്തുകളില്‍ നിന്നും, കൊച്ചിയിലെ മനം മടുപ്പിക്കുന്ന മാലിന്യത്തില്‍ നിന്നും, അപവാദങ്ങളില്‍ നിന്നും മോചനം നേടിയാണ് 2007ല്‍ കമല സുരയ്യ പുനെയിലേക്ക് താമസം മാറിയത്. അവസാ‍നനാളുകള്‍ ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പം പുനെയിലെ ഫ്‌ളാറ്റിലായിരുന്നു അവര്‍ ചെലവഴിച്ചത്. 2009 മേയ് 31-നു് പൂനെയിൽ വെച്ചു് അന്തരിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി ഒരുപക്ഷെ മാധവിക്കുട്ടിക്കാണ്.

എന്റെ രണ്ട് വലിയ മുലകളെ പ്രശംസിക്കാന്‍ എന്നും ഏതെങ്കിലും വിഡ്ഢി ഉണ്ടായിരുന്നു. ഈയൊരു വാക്യം മതി, മാധവിക്കുട്ടിയുടെ നീഷേധങ്ങളെ അടയാളപ്പെടുത്താന്‍. വിശദീകരണങ്ങൾ ഇല്ലാതെ തന്നെ ഈ വാക്യം പല തരത്തില്‍ നമ്മുടെ ബോധ്യങ്ങളെ തകര്‍ക്കുന്നുണ്ട്. എഴുത്തിന്റെ ചരിത്രത്തിലെ ഈ അപൂര്‍വ്വ നിഷേധി ഇന്നും എന്‍റെ സുഭഗമായ ഫാന്റസിയിലെ സുന്ദരാക്ഷരങ്ങള്‍ തന്നെയാണ്. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു കമലാ ദാസ്. മലയാളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്‍റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും അനാഥകളായ അമ്മമാര്‍ക്കും, മതനിരപേക്ഷതയ്ക്കും വേണ്ടി അവര്‍ ലോക സേവാ പാര്‍ട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു.

ലോകത്തോട് മുഴുവന്‍ പ്രണയം പ്രഖ്യാപിച്ച ഈ കഥാകാരി വിളക്കുകള്‍ക്കപ്പുറം ശരീരത്തിന്റെ പ്രണയോല്‍സവത്തോടെ എഴുത്തില്‍ നൃത്തം ചെയ്യുന്നുണ്ട്. കോടാനുകോടി ജന്മങ്ങളിലെ അനുരാഗസാഫല്യം ഒറ്റ ജന്മത്തിലൂടെ പാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന അഗാത പ്രണയലഹരിയാണ് ആമി തന്റെ നായികമാരിലേക്ക് പകര്‍ന്നു വെച്ചത്. സ്ത്രീത്വത്തിന്റെ ആര്‍ക്കും പിടികൊടുക്കാത്ത ഗൂഡവിസ്മയങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ സ്ത്രീപുരുഷ ബന്ധങ്ങളിലെ വിപര്യയങ്ങളെ മറിച്ചിട്ടു മാധവികുട്ടി. ഈ കാണുന്ന ശരീരമാണെന്റെ വീട് എന്നെഴുതി , സ്ത്രീശരീരത്തിന്റെ പ്രലോഭിതമായതെന്തും അവതരിപ്പിച്ചാണ് നിന്ദിതമായ സ്ത്രീത്വത്തിനു വേണ്ടി മാധവികുട്ടി സ്വാതന്ത്ര്യഗോപുരം ഉയര്‍ത്തിയത്.

സമസ്ത ഹൃദയങ്ങളെയും ആശ്ലേഷിക്കുന്ന കഥ എഴുതുകയെന്നുവെച്ചാല്‍ ഏറ്റവും അപൂര്‍വമായ ഏതോ അനുഭവത്തിന് ഉയിരും ഉടലും നല്‍കുക എന്നാണര്‍ത്ഥം. ഈ സിദ്ധിയെ പ്രതിഭ എന്നുവിളിച്ചാല്‍ മതിയോ എന്ന് ചോദിച്ചത് മാധവിക്കുട്ടിയുടെ സമ്പൂര്‍ണ കൃതികള്‍ക്ക് അവതാരികയെഴുതിയ സുകുമാര്‍ അഴീക്കോടാണ്. ജീവിതത്തെ ആകെ ഉള്‍ക്കൊള്ളുന്ന ഒരു വസന്താവസ്ഥ. പുഴക്കരയിലെ മണലില്‍ വെട്ടിത്തിളങ്ങുന്ന സ്വര്‍ണത്തരികള്‍ പോലെ ആ വചനങ്ങള്‍ നമ്മെ ആകര്‍ഷിക്കുന്നു എന്ന് പറയാനും അഴീക്കോട് മാഷ് മറക്കുന്നില്ല.!

ശരീരത്തിന്റെ ആത്മീയത അക്ഷരനൃത്തം വെയ്ക്കുന്ന അപൂര്‍വ രചനകള്‍ നടത്തിയ ആമി ആത്മാവിനു മാത്രം കേള്‍ക്കാവുന്ന ശരീരത്തിന്റെ പാട്ടുകളാണ് പാടിയത്. എഴുത്തില്‍ നിര്‍ഭയത്വത്തിന്റെ സൗന്ദര്യജ്വാലകളായി, സ്‌നേഹത്തില്‍ ഭക്തിയും പ്രണയവും, വാത്സല്യവും , കലാപവും നിറച്ച ആ ഓര്‍മ്മകള്‍ ഇല്ലാതെ നാമെങ്ങിനെ നമ്മുടെ സാഹിത്യലോകത്തെ വായിക്കും? നഗ്‌നത സൃഷ്ടിയുടെ സൗന്ദര്യലഹരിയായി, പ്രണയം തിരതല്ലുന്ന ആത്മീയത നമ്മുടെ വയനാനുഭാവമായി മാറിയത് മാധവികുട്ടിയിലൂടെയാണ് .

സ്‌നേഹത്തിനുവേണ്ടിയുള്ള അനാഥമായ യാത്രയായിരുന്നു അത്. ആത്മാവില്‍ മുറിവേറ്റ അമ്മമാരും നിരാലംബരായ പെണ്‍ജന്മങ്ങളും, പ്രണയികളും ആ കഥകളില്‍ സ്‌നേഹത്തിന് ദാഹിച്ചലഞ്ഞു നടന്നു. ഭാവനയുടെ സൗന്ദര്യ കലാപങ്ങളായി, സ്വപ്നങ്ങളെ ജീവിതത്തിലേക്ക് ഒളിച്ചു കടത്തുന്ന മാന്ത്രിക ശക്തി ആമിയില്‍ നിറഞ്ഞു നില്ക്കുന്നത് കൊണ്ടാണ് നീര്‍മാതളങ്ങള്‍ക്കിടയിലെ ഒരു വനദേവത പോലെ സ്വപ്നങ്ങളുടെ മറ്റൊരു ഉടലായി അവരിപ്പോഴും നമുക്കിടയിലുള്ളത്. അതുകൊണ്ടാവും നാം ഈ ഓര്‍മ്മ വേളയില്‍, നിരന്തര വായനക്ക് ആമിയുടെ പുസ്തകങ്ങള്‍ തേടുന്നത്.!

നൂറ്റാണ്ടുകളിലൊരിക്കല്‍ മാത്രം പൂക്കുന്ന ഒരു പൂമരം പോലെ സുഗന്ധം പരത്തി നിറഞ്ഞുനിന്ന കമലാസുരയ്യയുടെ വിയോഗം മാനവിക വേര്‍പാടിനെ നിര്‍വചിക്കുക ബുദ്ധിമുട്ടിലാക്കുന്നുണ്ട്. “മൃത്യുകര്‍മ്മത്തെ അപൂര്‍ണമാക്കുന്നു. പക്ഷെ, കര്‍മ്മിയെ പൂര്‍ണതയിലേക്ക് നയിക്കുന്നു” എന്നാണ് കമലാസുരയ്യ പറഞ്ഞത്. അവര്‍ ആസ്വാദക മനസ്സില്‍ ചൊരിഞ്ഞുപോയ നൂറുനൂറു കഥകളിലൂടെ ഇനിയും എത്രയോ കാലം ജീവിക്കും. കര്‍മ്മി പൂര്‍ണതയിലെത്തുന്നത് വരെ..! ❤💕

ഓര്‍മ്മകളിലെ എന്റെ നീര്‍മ്മാതളപ്പൂവിന് കണ്ണീര്‍പൂക്കള്‍…! 🌷

By ivayana