രചന : രാജീവ് രവി ✍
ഏകനായിരുളിലെ
ജീവിതയാത്രയിലെങ്ങോ
മറഞ്ഞിരുന്നൊരു
തുണ്ടു നിലാവെന്നെ വന്നെത്തി നോക്കി
കൊതിപ്പിച്ചങ്ങു മാഞ്ഞു പോയി….
വറ്റി വരണ്ടൊരു വേനൽ വഴികളിലിറ്റു
നീരിനായി ദാഹിക്കവേ
ആർത്തു പെയ്യാനൊരുങ്ങിയ
മഴമേഘങ്ങളെ
കാറ്റുമെടുത്തു പോയി….
കാലത്തിൻ നീതിയോ
ശോഷിച്ചോരായുസ്സോ
ഞെങ്ങിയും ഞെരങ്ങിയും
പാതി വഴിയിലീ
കർമ്മകാണ്ഡത്തിൻ
പര്യവസാനമായി…
കനവിൽ പൂത്തതെല്ലാം
കഥകളായി മാറി,കടിഞ്ഞാണിട്ട
മോഹങ്ങളെല്ലാം കറുത്ത പുകയായ് വാനിലലിഞ്ഞു..
ദാഹനീരിന്നായി വിലപിയ്ക്കുമാത്മാവിൻ പട്ടടയൊരുങ്ങവേ…
ആർത്തലച്ചു പെയ്തു മാരിയും…
നിലാവോ ഒരു തേങ്ങലിൽ
തെളിഞ്ഞും മാഞ്ഞുമാ മുകിലിൻ
മാറിലേയ്ക്കോടി മറഞ്ഞു.
