രചന : അൻവർ ഷാ ഉമയനല്ലൂർ✍
മുരളികയൂതിയി,ന്നെത്തുന്നതാരുടെ,
കമനീയ മാനസം; പ്രിയമാർന്ന സുസ്മിതം
തിരിനാളമായി,ത്തെളിക്കയാണെന്നകം;
തിരികെയേകുന്നതെ,ന്നുദയമാം ജീവിതം?
ശാരികപ്പൈതലായ് പാടിയോരോർമ്മകൾ
ശ്ലോകങ്ങളായുള്ളിലുണരുന്നു,വെങ്കിലും
ശീലമാക്കീടുകയാണുഞാ,നാർദ്രമായ്:
ശ്യാമവർണ്ണന്റെയാ,യുപദേശമാകെയും.
പാർവ്വണംപോൽത്തിളങ്ങുന്നേ വമുള്ളിലും
പാരിലായോരോ തുരുമ്പിലും തൂണിലും
കാവ്യമനമായതു, നിറയുന്നുണർവ്വിലും
കരുണാർദ്ര! സന്ധ്യാ സമാനമായ് വിണ്ണിലും.
പരിചിതയുലകിലാ,യോരോ നരനിലും;
പരിണാമ രൂപേണെയറിയുന്നുദാരമായ്!
ഹരിയെന്നയഭയമാ, യുണരുന്നയുദയമായ്
മഹിതാർദ്രമായി,ന്നലിവിൻ പ്രസാദമായ്.
പ്രഭാതമേ,യിരുഹൃദയങ്ങളിന്നീവിധം,
നുകരുന്നു പരിപൂർണ്ണ വിശ്വാസ സുസ്മിതം
സമയ കാലങ്ങളില്ലെങ്കിലും പുലരികൾ
പൂജിച്ചുണർത്തു,ന്നഴകാർന്നനുദിനം.
സവിധത്തിലണയുവാൻ കഴിയുമെന്നാശയാ-
ലിന്നുമീ, കാവ്യമനമൊഴുകു;ന്നുപരിയായ്
സഹനാർദ്ര രൂപത്തിലേകുന്നുഷസ്സുപോൽ
മന്ദസ്മിതത്താലുണർത്തും പ്രതീക്ഷകൾ.
പാർത്ഥനുപോലുമ,ന്നുദയമനമേകുവാൻ
നൽകിയോരുപദേശ വാക്യമുണർത്തിയും
പൊരുതുവാൻ പ്രാപ്തമാക്കീടുന്നു; മാനസം
തൃപ്തിയോടോർത്തു നമിക്കുന്നു സാദരം.
ഹൃത്തിലൊരു മന്ദസ്മിതമാർന്ന ചിത്രകം-
നൽകിയിന്നനുപമാനന്ദമാം കവിതപോൽ-
നുകരുവാൻ കാതിലോതുന്നുദയ മാരുതൻ;
നിൽപ്പകമെയായ് മഹിത!കമനീയരൂപനും🌷💖🙏🏻
