രചന : വിക്രമൻ പട്ടാഴി. ✍
മാധവയമുനാതീരം നിനവിൽ മന്ത്രവിപഞ്ചിക മീട്ടുന്നു
കാർവർണ്ണൻ കളിയാടും നേരം ഈണത്തിൽ ശ്രുതി മീട്ടുന്നു.
ചന്തമെഴും തിരുരൂപം നിത്യം കനവിൽ ചേർത്തൊരു കാളിന്ദി,
തൂമണി മുത്തുകൾ അലതല്ലി തവ ചരിതം പാടി ഒഴുകുന്നു.
പണ്ടു കുചേലൻ നൽകിയൊരവിലും അമൃതായ് സേവിച്ചീടുന്ന,
അനുപമ കരുണാവാരിധി കൃഷ്ണാ അവിരാമം കൃപ ചൊരിയേണം.
കരളിൽ തെളിയും ഹൃത്തിൽ നിറയും പുണ്യം പകരും മണിവർണ്ണാ,
അവനിയിൽ വന്നവതാരം ചെയ്തൊരു ദ്വാരക പുൽകിയ ശ്രീകൃഷ്ണാ.
കാതിൽ സുഖമാർന്നനവരദം തവ നിനവിൽ യമുനയൊഴുകുന്നു,
ഉണ്ണിക്കൊഞ്ചലുമൊന്നിനി കേൽക്കാൻ കൃപയരുളേണം ഭഗവാനെ.
ശ്യാമമണിഞ്ഞൊരു മേഘം വാനിൽ പനിനീരിറ്റാൻ വെമ്പുന്നു,
ഉണ്ണിക്കാലിണ തൊട്ടു നമിച്ചാൽ നിറയും തേൻ കണമാകുന്നു.
താമരയിതളിൽ വീണുവിളങ്ങും തുള്ളിയിലും തവ നൈർമ്മല്യം,
നിറയെ ചൊരിയും കൃഷ്ണാ നിന്നുടെ ശുഭരൂപം ഒളിതൂകുന്നു.
അരമണി കെട്ടി ചന്തം ചാർത്തിയ തുകിലിൻ ചാരുത മമ ഹൃത്തിൽ,
ശ്രിതജന വന്ദിത നിർമ്മലമാനസ രാധാരമണാ ശ്രീകൃഷ്ണാ.
നിശയിൽ വിരിയും ആതിര വാനിൽ പൂവായ് നിറയും നേരത്ത്,
മതികല പാലഭിഷേകം ചെയ്തതുപോലെ കൗമുദി ചാരത്തു്.
രാധേകൃഷ്ണാ ഹരിഗോവിന്ദാ ഗുരുപവനേശ്വര ശ്രീകൃഷ്ണാ..
മുരഹര സുന്ദര മംഗളപാലാ ജയ ജയ പാഹി മുകുന്ദ ഹരേ…•

