മഴയുടെ നനവും ഓര്‍മകളുടെ സുഗന്ധവും…..

ജൂണ്‍ മാസം.
നല്ല തണുപ്പ്,പുറത്തു മഴ നന്നായി പെയ്യുന്നുണ്ട്.
അമ്മേടെ ചൂടു പറ്റി കിടക്കുമ്പോള്‍ നല്ല സുഖം.
പതിവിലും നേരത്തെ എണീറ്റ്‌ ചുമ്മാ കിടപ്പാണ്.
അമ്പലത്തില്‍ വെച്ച പാട്ടിന്‍റെ ഇരമ്പം ചെറുതായി കേള്‍ക്കുന്നുണ്ട്‌. ഇന്നാണ് ഞാന്‍ ആദ്യമായി സ്കൂളില്‍ പോവേണ്ടത്,
അതിന്റെ ആകാംക്ഷ കാരണം നേരത്തെ ഉണര്‍ന്നു.
അടുത്ത് തന്നെയാണ് സ്കൂള്‍. ഒരുപാടു യാത്ര ചെയ്യാനോ ഒന്നുമില്ല .
ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്,ചേരാന്‍ പോയപ്പോ..
അമ്മയും അച്ഛനും ഉണ്ടായിരുന്നു കൂടെ,ഉണ്ട കണ്ണട വച്ച ടീച്ചര്‍ പേരു ചോദിച്ചു,ടീച്ചറുടെ കണ്ണടയില്‍ കാണുന്ന
പച്ച ഉടുപ്പിട്ട എന്‍റെ രണ്ടു പ്രതിബിംബം നോക്കി നില്ക്കുന്ന തിരക്കിലായത് കൊണ്ടു എന്താ ചോധിച്ചതെന്നു കേട്ടില്ല.അച്ഛനും അമ്മയും എന്നെ നോക്കുന്ന കണ്ടപ്പോ
എന്തോ പന്തികേടുണ്ടെന്ന് തോന്നി. മിണ്ടാതെ നില്ക്കുന്നത് കണ്ടു അമ്മ പേരു പറയാന്‍
പറഞ്ഞു. അപ്പോഴും കണ്ണടയില്‍ ഉരുണ്ടു നില്ക്കുന്ന എന്നെ
നോക്കുകയായിരുന്നു ഞാന്‍. വീണ്ടും അമ്മ ഇടപെട്ടു,ഇത്തവണയും ഫലം നാസ്തി.
അതോടെ,അമ്മ സ്വതസിദ്ധമായ പരിപാടിയിലേക്ക് തിരിഞ്ഞു. ആരും കാണാതെ കയ്യിൽ ഒരു നുള്ളല്‍. എവിടെന്നാ ഉത്തരം ഇത്ര പെട്ടെന്ന് വന്നതെന്നറിയില്ല.ഞാന്‍ ഗായത്രി എന്നു പേരു പറഞ്ഞു .
അഡ്മിഷന്‍ ശെരിയായി.പോരുമ്പോള്‍ ആണ് കണ്ടത്,,ഇഷ്ട്ടം പോലെ പിള്ളേര് കളിക്കുന്നു. എനിക്ക് അമ്മവീട്ടിൽ കളിക്കാന്‍ കൂട്ട് വിനു മാത്രേ ഉള്ളു, അവിടാകുമ്പോ നിറയെ പേരുണ്ടല്ലോ, അത് മാത്രമാണ് ഏക പ്രതീക്ഷ. ഇന്നാണ് സ്കൂളില്‍ ചേരേണ്ടത്.
പുതിയ ബാഗ്‌,ബുക്ക്‌,കുട,uniform,ബെല്‍റ്റ്‌,ഷൂസ്,ക്ലിപ്പ് ,എല്ലാം ഉണ്ട് എല്ലാം ഇട്ടു പോണം ഇന്നു..
ആകെ സന്തോഷം തോന്നുന്നു. എന്തായാലും കളിക്കാന്‍ പോവാണല്ലോ ഒട്ടും കുറയ്ക്കണ്ട കരുതി പാവ,കോമിക്‌ ബുക്ക്‌,കളര്‍ ബുക്ക്‌ അതിനാവശ്യമായ സാധന സാമഗ്രികള്‍ എല്ലാം പായ്ക്ക് ചെയ്തെടുത്തു.
ഏതാണ്ട് ബാഗ്‌ ഒരു വീപ്പ പോലെ റെഡി ആക്കി വെച്ചിരിക്കയാണ്‌,ഇറങ്ങന നേരത്താണ് അച്ഛന്‍ കണ്ടത്,LKG പോണ കുട്ടി ഏതാണ്ട് മല കയറാന്‍ പോകുന്ന മാതിരി ബാഗ്‌ എടുത്തിരിക്കുന്നത്,കാര്യം മനസ്സിലായി ബാഗോടെ പൊക്കി,അനാവശ്യമായതു മുഴുവന്‍ പുറത്തേക്കിട്ടു,
എന്നിട്ടൊരു പറച്ചിലും ഇതൊക്കെ കൊണ്ടു എന്താ കളിക്കാന പോണത്,…………!!!
എന്‍റെ സകല പ്രതീക്ഷയും നശിച്ചു, എന്നെ ഏതോ ജെയിലില്‍ കൊണ്ടാക്കണ പ്ലാന്‍ എന്ന് തോന്നി… ഈശ്വരാ ഞാന്‍ എന്ത് ചെയ്യും…
scooter-ഇന്റെ മുന്നില്‍ കേറ്റി നിര്‍ത്തി,എല്ലാവരോടും ടാറ്റാ പറയാന്‍ പറഞ്ഞു.. കണ്ണ് നിറഞ്ഞത്‌ കാരണം ആരെയും കാണാന്‍ മേലാ,എന്നാലും കയ് വീശി കാണിച്ചു..മൂന്നു സ്റ്റോപ്പ്‌ ദൂരം ഉണ്ട് വീട്ടില്‍ ന്നു സ്കൂളിലേക്ക്.അച്ഛന്‍ സ്കൂളില്‍ പോയാല്‍ ഉണ്ടാവുന്ന നല്ല സംഗതികളൊക്കെ പറയുന്നുണ്ട്,scooter-ഇന്റെ ശബ്ധമല്ലാതെ വേറൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.. സ്കൂള്‍ എത്തി.എന്‍റെ അന്ജ് വിരലും അച്ഛന്റെ ചെറുവിരലില്‍ മുറുക്കി പിടിച്ചു നടന്നു ഉള്ളിലേക്ക്,കരയുന്ന പിള്ളേരെ മിട്ടായി കൊടുത്തും ,വടി കാണിച്ചു ഭീഷണിപ്പെടുത്തിയും അടക്കി ഇരിത്തിയിരിക്കുകയാണ്.ചെറുതായി പേടി തോന്നി തുടങ്ങി,അച്ഛന്‍ പോവണ്ട എന്ന് പറഞ്ഞു ശാട്യം പിടിച്ചു .
പുറത്തു തന്നെ ഉണ്ടാവും എന്ന് പറഞ്ഞു അച്ഛന്‍ പോയി.അവിടെ ആദ്യമായി ഞാന്‍ കണ്ട ടീച്ചര്‍ പിന്നീടെന്നെ മലയാളം പഠിപ്പിച്ച ദേവകി ടീച്ചര്‍ ആയിരുന്നു.അച്ഛന്റെ ക്ലാസ്സ് മേറ്റ്‌ ആയ അവര്‍ എന്നെ ഒരു ബെഞ്ചില്‍ കൊണ്ടിരുത്തി.അവസാനം എത്തിയത് കൊണ്ടു,സൈഡ് സീറ്റ് തന്നെ കിട്ടി. ആരോടും മിണ്ടാന്‍ തോന്നിയില്ല,ബാഗും പിടിച്ചു മിണ്ടാതിരുന്നു.എന്‍റെ അടുത്ത് ഇരുന്നിരുന്ന കുട്ടി ഞാന്‍ വരുമ്പോ തന്നെ നീങ്ങിയിരുന്നു സൌഹൃദം അറിയിച്ചിരുന്നു.അടുത്തിരുന്നപ്പോള്‍ എന്‍റെ പേരു,മറ്റു വിശേഷങ്ങള്‍ എല്ലാംചോധിച്ചരിഞ്ഞു.
അപ്പോഴും തിരിച്ചൊന്നും ചോദിച്ചില്ല.
ആ കുട്ടി തന്നെ സ്വയം പരിചയപ്പെടുത്തി,ജെസ്ന.ആദ്യ ദിവസം തന്നെ മുന്പേ പരിചയപ്പെട്ട പോലെയായിരുന്നുആ കുട്ടിയുടെ പെരുമാറ്റം,എന്‍റെ മാത്രമല്ല എന്‍റെ പുറകില്‍ ഇരിക്കുന്ന ഒരു കുട്ടിയെയും പരിചയപ്പെടുന്നത്‌ കണ്ടു.ഒന്നും ചോദിക്കാതെ ഞാനും ആ പരിചയപ്പെടല്‍ കണ്ടിരുന്നു.ചെറുതായി കണ്ണും നിറച്ചു,ചന്ദനം കൊണ്ടു ഗോപിക്കുറിയും തൊട്ടിരിക്കുന്ന ആ കുട്ടിയുടെ പേരു വൈശാഖ് എന്നായിരുന്നു..
ജെസ്ന ഒരു കുട്ടിയെ പരിചയപ്പെട്ടപ്പോള്‍ എനിക്കും അത് പോലെ ചോദിക്കണം എന്നുണ്ടായിരുന്നു.
ഞാന്‍ നോക്കി,തൊട്ടപ്പുറത്ത് ഒരു ഉണ്ടാപ്പി ഇരിക്കുന്നു,മുഖത്ത് വിഷാദം തന്നെ.. ഞാനും പോയി പരിചയപ്പെട്ടു,പേരു ലികിന്‍.എന്‍റെ പോലെ വ്യത്യസ്ഥമായ പേര് 😛
.ഞങ്ങള്‍ നാല് പേരും പിന്നീട് വളരെ നല്ല കൂട്ടുകാരായി,ഇന്നും പോറല്‍ ഏല്‍ക്കാതെ ഈ സൌഹൃദങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്..
ആദ്യത്തെ ദിവസമായത്‌ കൊണ്ടു നേരത്തെ തന്നെ സ്കൂള്‍ വിട്ടു,വരുമ്പോള്‍ ഉണ്ടായിരുന്ന വിഷമങ്ങള്‍ പാടെ മാറിയിരുന്നു..വരുന്ന വഴി മുഴുവന്‍ അച്ഛനോട് വിശേഷങ്ങള്‍ പറഞ്ഞു,വീട്ടിലെത്തി അമ്മയോടും….ഇപ്പോള്‍ നിങ്ങളോടും… വർഷങ്ങൾക്കു എന്തൊരു വേഗതയ.. എഴുത്തുകണ്ട അമ്മ പറയുവ സ്വന്തം മക്കളെ സ്കൂളിൽ വിടാനുള്ള പ്രായം കഴിഞ്ഞു നിനക്കു ഇപ്പോഴും കുട്ടികളി മാറിയട്ടില്ല എന്നു..
സത്യത്തിൽ ഈ മഹാമാരിയുടെ സമയം എനിക്കു ഏറെ ഇഷ്ടപ്പെട്ടതു ലോക്ഡൗൺ ആയിരുന്നു. അമ്മയും അച്ചനുമായി എന്തോ വല്ലാത്തൊരു ആത്മബന്ധം ആ പഴയ കുട്ടിക്കാലം പോലെ തിരിച്ചു കിട്ടി…
എന്തെങ്കിലും എഴുതണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട്. പക്ഷെ എന്തൊ അറിയില്ല ഈ ഇടയായി വല്ലാത്തൊരു ഏകാന്തത…
( ആ കല്യാണമൊക്കെ കഴിയുമ്പോൾ ശരിയാകും എന്ന കമന്റ് നിരോധിച്ചിരിക്കുന്നു )

വീണ്ടും ഒരു ജൂണ്‍ മാസം കൂടെ വരവായി..
ഇനി ഒരിക്കലും ആ നാളുകള്‍ തിരിച്ചു വരില്ലെന്ന സത്യം ഓരോ തുള്ളിയും ഓര്‍മിപ്പിക്കുന്നു…
നിങ്ങളും കമന്റുകളായി ആ നല്ല നാളുകളുടെ ഓർമ്മകൾ പങ്കിടുമെന്നു പ്രതീക്ഷിക്കുന്നു..


ഗായത്രി വേണുഗോപാൽ

By ivayana