തിരക്കേറിയ ഒരു ഹോട്ടലിലോ കല്ല്യാണത്തിനോ ഭക്ഷണം വിളമ്പിയാൽ മനുഷ്യർ അവർ പോലുമറിയാതെ ചെറു വെപ്രാളത്തോടെ തങ്ങളുടെ ഇടതും വലതും ഭാഗങ്ങളിലേക്ക് തലതിരിച്ച് നോക്കിയ ശേഷമാണ് ഭക്ഷണം കഴിച്ച് തുടങ്ങുക എന്നൊരു ശാസ്ത്രീയ നിരീക്ഷണം ഉണ്ട്.

ശിലയുഗത്തിൽ മനുഷ്യൻ വല്ല മാംസവും ലഭിച്ചാൽ അത് കഴിക്കുന്നതിന് മുൻപ് മറ്റ് മൃഗങ്ങൾ,അത് കൈക്കലാക്കാനായോ അക്രമിക്കാനായോ ചുറ്റിനും പതുങ്ങിയിരിപ്പുണ്ടോ എന്ന് ഒന്ന്ചുറ്റും നിരീക്ഷിച്ച ശേഷമാണത്രെ ഭക്ഷണം കഴിച്ച് തുടങ്ങുക. ഈ തലവെട്ടിക്കൽ പരിപാടി ശിലായുഗത്തിൽ നിന്ന് നമ്മുടെ കൂടെ പോന്നൊരു ശീലമാണത്രെ.
എന്തായാലും പരിണാമം കാലാനുസൃതമായി നടക്കുന്നുണ്ടന്ന് തോന്നുന്നു.

പച്ചമാംസം കഴിച്ചിരുന്ന കാലത്ത് മൃഗങ്ങളെ പോലെ നീണ്ട കോമ്പല്ലുണ്ടായിരുന്നത്രെ മനുഷ്യന്, മാംസം വേവിച്ച് കഴിച്ച് തുടങ്ങിയതോടെയാണ് അത് ചുരുങ്ങി ഇപ്പോഴുള്ളത് പോലെ വായിലൊതുങ്ങിയത്.

കെവിൻ കോസ്റ്റ്നറുടെ വാട്ടർവേൾഡ് എന്നൊരു ഹോളീവുഡ് സിനിമയുണ്ട്.ലോകം മുഴുവൻ വെള്ളംനിറയുകയും മനുഷ്യർ ജലജീവികളായി തീരുകയും ചെയ്യുന്ന സിനിമ അതിലെ നായകന് കാലക്രമത്തിൽ ചെവിക്ക് പിറകിൽ ചെകിളകൾ ഉണ്ടായിവരികയും, കാൽപാദങ്ങളിൽ വിരലുകൾക്കിടയിൽ താറാവുകളുടെ പാദംപോലെ പാടകളുണ്ടായി വന്ന് പതിയെ ജലജീവിതത്തിനനുസരിച്ച് ശരീരം പരിണമിച്ച് വരികയും ചെയ്യുന്നതായിട്ട് കാണിക്കുന്നുണ്ട്…

തൻെറ ഇരുപത്തിനാലാം വയസ്സിലാണ് 1983 ൽ കപിൽ ദേവ് ഇന്ത്യക്ക് വേൾഡ്കപ്പ് നേടത്തരുന്നത്. മൂപ്പരെ കണ്ടാൽ അന്നൊരു നാൽപത്തിയഞ്ച് മതിക്കും.
സഹതാരങ്ങൾക്കും സമാന പ്രയാമായിരു ന്നേലും മധ്യവയസ്കരെപ്പോലെയിരുന്നു കാഴ്ചയിൽ.

ബൗൾ ചെയ്യുമ്പോൾ പാതിവഴിയിൽ ഉറങ്ങിപ്പോവുന്ന മുപ്പത് വയസുള്ള മോഹീന്ദർ അമർനാഥിന് ചുരുങ്ങിയത് അമ്പത് വയസെങ്കിലും തോന്നിക്കുമായിരുന്നു.
അലസവൃദ്ധൻെറ ബോഡിലാംഗ്വേജുള്ള റോജർ ബിന്നി.നിലത്തുവീണ ബോൾ കുനിഞ്ഞെടു ക്കാൻ വയ്യായ്കയുള്ള യശ്പാൽ ശർമ്മ. സിക്സടിക്കാൻ പാകത്തിനുള്ള ബോൾ കിട്ടിയാൽ കോപ്പി ബുക്കിൽ പറഞ്ഞിട്ടില്ലാത്തതിനാൽ മാത്രം അടിക്കാതെ മുട്ടിയിടുന്ന വെഗ് സർക്കാർ, എല്ലാ ബോളിലും ഔട്ട് ദർശിച്ച് റിസ്ക്കെടുക്കാതെ പ്രതിരോധിരുന്ന ഗവാസ്കർ, ആകെ മൊത്തം മധ്യവയസ്കരുടെ ഒരു ടീമായിട്ടാ തോന്നിച്ചിരുന്നത്.

28 വർഷങ്ങൾക്ക് ശേഷം 2011ൽ ധോണി വേൾഡ്കപ്പ് നേടുമ്പോൾ അയാൾക്ക് വയസ് മുപ്പത്തൊന്ന്, സഹതാരങ്ങളും അതെ വയസൊക്കെ ഉള്ളവർ തന്നെ. പക്ഷെ അവർക്ക് പതിനേഴ് മുതൽ ഇരുപത്തിഅഞ്ച് വയസൊക്കെ മതിച്ചിരുന്നുള്ളൂ. സ്റ്റാമിനയിലും, ചിന്തകളിലും, മനോഭാവത്തിലും, രൂപത്തിലുമെല്ലാം യുവത്വം…
പഴയ താരങ്ങൾക്ക് പൊട്ടാസ്യത്തിൻെറയു കാൽസ്യത്തിൻെറയും കുറവുണ്ടായിരുന്നു എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പരിണാമമാണ്.

28 വർഷത്തിനിടയിലുണ്ടായ പരിണാമം.
പരിണാമം അത് സൂക്ഷ്മമായി കാലാനുസൃതമായി നടന്ന് കൊണ്ടേയിരിക്കു ന്നുണ്ട്.

അടുത്തിടെ മകന് പല്ലിലൊരു ക്ലിപ്പിടീക്കാനായി ദന്തഡോക്ടറെ കാണാൻ പോയി…
പല്ല് താഴോട്ട് അമർത്തുന്നതിനൊപ്പം താടിയെല്ല് മുന്നോട്ട് നീളം കൂട്ടുന്ന ഒരു യന്ത്രമാണ് അദ്ദേഹം അവന് വേണ്ടി സജസ്റ്റ് ചെയ്തത്. പുതിയ തലമുറക്ക് താടിയെല്ലിന് നീളം കുറവാണത്രെ !!
നീണ്ട താടിയെല്ലിൻെറ ആവശ്യകത ഇനിയങ്ങോട്ട് മനുഷ്യന് ആവശ്യമില്ലാത്ത രീതിയിൽ ശരീരത്തിൽ എന്തോ പരിണാമം നടക്കുന്നുണ്ട്, എന്താണാവോ?

ഭാവിയിൽ ബീഫ് നിരോധനം വരും.
ബീഫ് മലപ്പുറത്ത് പോലും കിട്ടാതെ വരും, വലുതായി ഒന്നും കടിച്ച് വലിക്കേണ്ടി വരില്ല,അതിന് പുറമെ കോവിഡ് കാലത്ത് അവിഞ്ഞ റേഷനരി തിന്നേണ്ടി വരും അതിനാൽ തന്നെ താടിയെല്ലിന് ചവച്ചരക്കൽ പ്രക്രിയകാര്യമായി ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞുള്ള ശരീരത്തിൻെറ പരിണാമമാ യിരിക്കുമോ …?

ഇന്നലെ ചെറിയ പയ്യനുമായി അവനൊരു മാസ്ക്ക് വാങ്ങിക്കാനായി പോയി. ഫിറ്റ്ചെയ്തപ്പോൾ എൻെറ ചെവിയിൽ നിൽക്കുന്നതിലും പെർഫെക്ടായി അവൻെറ ചെവിയിൽ അത് കൃത്യം ഫിറ്റായി നിന്നു, അവന് ഇരുവശത്തേക്കും മുറം പോലെ തെറിച്ച് നിൽക്കുന്ന ആനച്ചെവിയാണ്. പുതിയ കുഞ്ഞുങ്ങൾക്കെല്ലാം ആനച്ചെവിയുണ്ട്, സംശയിക്കേണ്ട പരിണാമമാണ്… കോവിഡ് കാലത്തേക്ക് മാസ്ക്ക് ഫിറ്റ് ചെയ്യാൻ പാകത്തിൽ അത് ക്രമീകരിക്കപ്പെട്ടതാണ്…

എല്ലാം പരിണാമവിധേയമാണ് …
കണ്ടോ എൻെറ ചിന്തകൾക്ക്പ്പോലും കാലത്തിനനുസരിച്ച് പരിണാമം സംഭവിച്ചിരിക്കുന്നത് ..?

By ivayana