അന്വേഷണത്തിന്റെ രാജപാതകളെല്ലാം ആദർശത്തിന്റെ വിശുദ്ധിയിലേക്കുള്ളതാണ്.

ഉണർവ്വില്ലാത്ത അന്വേഷണങ്ങളൊന്നും മൂല്യമുള്ള ഉത്തരങ്ങൾ കണ്ടെത്തിത്തരുന്നില്ല.

യുക്തിപൂർവ്വമായ ചിന്തകൾ,
യോഗ്യമായ പ്രവൃത്തികൾ എന്നിവയ്ക്ക്
ഓരോ വ്യക്തിക്കും കാലം ഉചിതമായ സ്ഥാനംതന്നെ നൽകിവരുന്നുണ്ട്.

മാറ്റം എങ്ങിനെയാണ് ഉണ്ടാകുകയെന്ന അന്വേഷണംപോലും നമ്മെ മാറ്റത്തിലേക്കുള്ള ഒരു ഉത്തരത്തിന്റെ അരികിലെത്തിക്കുന്നുണ്ട്.

ഇന്നത്തെ അന്വേഷണവിഷയമായി നമുക്ക് പുനർജ്ജന്മം തിരഞ്ഞെടുക്കാം.

മനുഷ്യമനസ്സിൽനിന്ന് ഉടലെടുത്ത് മനുഷ്യനായിത്തന്നെ പറഞ്ഞുപെരുപ്പിച്ച ഒരു മിഥ്യാസങ്കൽപ്പമാണ് പുനർജ്ജന്മം.

എന്താണു പുനർജ്ജന്മം.?
അതു സംഭവ്യമോ.?

അല്ല എന്ന് നമുക്ക് ഉറപ്പിച്ചുപറയാം.

തീർച്ചയായും ശാസ്ത്രം വേണ്ടത്ര വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും ഇത്തരമൊരു വിശ്വാസത്തിൽ പലരും കടിച്ചുതൂങ്ങുന്നു എന്നത് ആശ്ചര്യകരംതന്നെ.

ആത്മാവ്, മരണം, പ്രേതം, പുനർജ്ജന്മം……

നാം ചെറുതായെങ്കിലും ഒരന്വേഷണം നടത്തിയേ പറ്റൂ.

ഉത്തരമില്ലാത്ത ചോദ്യങ്ങളില്ല,
കണ്ടെത്താൻ പ്രയാസമുള്ള ഉത്തരങ്ങളേയുള്ളൂ.

ചെറുതായെങ്കിലുമുള്ള ഒരന്വേഷണം നടത്തേണ്ടത് വിശേഷബുദ്ധിക്കുടമസ്ഥനായ മനുഷ്യന്റെ ബാധ്യതയാണ്.

മരണശേഷം മോക്ഷം കിട്ടാതെ ചില ആത്മാക്കൾ അലഞ്ഞുനടക്കുന്നുവെന്ന രസകരമായ കഥകൾ കേൾക്കാറുണ്ട്.

എന്നാൽ, എന്താണ് ആത്മാവ്
എന്നുചോദിച്ചാൽ അത്തരം കഥകൾ പടച്ചുവിടുന്ന പലരും കൈമലർത്തുന്നത് കാണാം.

സത്യത്തിൽ എന്താണ് ആത്മാവ്.?

വിശ്വാസികളുടെ ഉള്ളറയിലേക്ക് പലപ്പോഴും കടന്നുകയറിയിട്ടില്ലാത്ത ഒരു വാസ്തവമാണ് ആത്മാവെന്ന പദം.

ആത്മാവെന്നാൽ പ്രാണൻ എന്നുമാത്രമേ അർത്ഥം വരുന്നുള്ളൂ.
പ്രാണനെന്നാൽ ജീവൻ തന്നെ.

ജീവശാസ്ത്രപരമായി നിരന്തരം ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രകൃയയേയാണ് നാം ജീവൻ എന്നു വിളിക്കുന്നത്.

ശ്വസനംവഴി നിരന്തരമായി ഉൽപ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ജീവൻ.
ആ പ്രകൃയയുടെ അവസാനത്തിനാണ് നാം മരണമെന്നു പറയുന്നത്.
മരണം സംഭവിച്ച ശരീരത്തെയാണ് ജഡമെന്നും പ്രേതമെന്നും പറയുന്നതും.
രണ്ടും ഒന്നുതന്നെ.

ശരീരത്തിൽനിന്ന് നഷ്ടമാകുന്ന ആ ജീവോൽപ്പാദനപ്രകൃയ പിന്നെ എവിടെപോകുന്നു എന്ന ചോദ്യം ഇവിടെ അപ്രസക്തമാകുന്നു.
വിളക്കിലേക്കു കൊളുത്തപ്പെടുന്ന അഗ്നി ഊതിക്കെടുത്തിയാൽ ആ അഗ്നി പിന്നീട് എവിടെപോകുന്നു എന്നതുപോലെയാകും അത്.

ഉൽപ്പാദനപ്രകൃയക്കുവേണ്ട ഊർജ്ജം നിലനിൽക്കുന്നിടത്ത് അനുകൂല സാഹചര്യത്തിനൊത്താണ് അവയുടെ പിറവി.

മേൽപറഞ്ഞ സത്യം ഇതാണെന്നിരിക്കേ,
പ്രേതം (ജഡം) മോക്ഷമില്ലാതെ അലയുന്നുവെന്ന വിഡ്ഢിത്തത്തോട് ഇനിയും നമ്മളെന്താണ് പറയുക.?

പ്രേതങ്ങളെക്കുറിച്ച് വിശ്വാസികൾക്കിടയിൽ മറ്റൊരു കഥകൂടിയുണ്ട്.!

മോക്ഷമില്ലാതെ അലയുന്നത് ദുർമ്മരണപ്പെട്ട ആത്മാക്കളാണത്രേ.!!!

ജീവൻ എന്നത് ദൈവസന്നിധിയിൽ എല്ലാ ജീവജാലങ്ങൾക്കും ഒന്നാണെന്നു പറയുന്നതും ഇതേ വിശ്വാസികൾതന്നെ.

അപ്പോൾ ഒരു ചോദ്യം ഉയർന്നുവരുന്നു.

ജീവൻ എല്ലാം ഒന്നാണെങ്കിൽ,
ദുർമരണപ്പെട്ടവയുടെ ആത്മാവാണ് പ്രേതങ്ങളായി മോക്ഷത്തിനും പ്രതികാരത്തിനുമായി അലയുന്നതെങ്കിൽ,
ലോകത്തിലിന്നേവരെ ഏതെങ്കിലുമൊരു അറവുശാലക്കാരനോട് പോത്തിന്റേയോ ആടിന്റേയോ കോഴിയുടേയോ ആത്മാക്കൾ പ്രതികാരം ചെയ്യാത്തത് എന്തുകൊണ്ടാണ്.?

കോടിക്കണക്കിന് മൃഗങ്ങളാണ് ദിനംപ്രതി അറവുകത്തിക്കു ഇരയാകുന്നത്.
അതൊന്നും ദുർമരണമല്ലേ.??

ലക്ഷക്കണക്കിന് കൊതുകുകളെ നാം അടിച്ചുകൊല്ലുന്നു..
അതൊന്നും ദുർമരണമല്ലേ.?

എന്തുകൊണ്ട് ഒരു കൊതുകിന്റെപോലും ആത്മാവ് മോക്ഷം കിട്ടാതെ അലയുന്നുണ്ടെന്ന് ഒരു ജ്യോത്സ്യനും ഇന്നേവരെ പറഞ്ഞുകേട്ടില്ല.??

ഇവിടെ, മനുഷ്യമനസ്സ് വ്യത്യസ്ഥതലത്തിലൂടെ പോകുന്നതിനാൽ അർത്ഥശൂന്യമായ ചില സങ്കൽപ്പങ്ങൾ ചിലയിടങ്ങളിൽ ഇരിപ്പിടമുറപ്പിക്കുന്നുവെന്നേ പറയാനാകൂ.

എന്തായാലും, പുനർജ്ജന്മമെന്ന ആരോ പടച്ചുണ്ടാക്കിയ കഥയ്ക്ക് ഒരു ശാസ്ത്രീയാടിസ്ഥാനവുമില്ല.

ശാസ്ത്രത്തിനപ്പുറം ചില വാസ്തവങ്ങളുണ്ടെന്നും,
അത്തരത്തിലൊന്നായി പുനർജ്ജന്മത്തിൽ വിശ്വസിക്കണമെന്നും പറയുന്നവരോട് നമുക്കു ധൈര്യപൂർവ്വം ചോദിക്കാം,
പുനർജ്ജന്മം സത്യമാണെങ്കിൽ,
മരിച്ചുപോയ സ്നേഹസമ്പന്നനായ ഒരു പിതാവ് പുനർജ്ജന്മശേഷം എന്തേ തന്റെ കുടുംബത്തെ തിരിച്ചറിയുന്നില്ല.??

മകൻ,മകൾ, അമ്മ, അച്ഛൻ എന്നിങ്ങിനെ ആരും ഇന്നേവരെ എന്തേ തന്റെ ബന്ധുക്കളെ തേടിവരികയോ, ബന്ധുക്കൾ അവരെ കണ്ടെത്തുകയോ ചെയ്യുന്നില്ല.???

അത് അസാധ്യമെന്നുമാത്രം മറുപടി പറയുന്നവർ ന്യായീകരണമില്ലാത്ത സങ്കൽപ്പങ്ങൾക്ക് കുടപിടിക്കുകമാത്രമാണ്‌ ചെയ്യുന്നത്.

മാറ്റം മനസ്സിൽനിന്നുതുടങ്ങുമ്പോഴാണ്‌ മനുഷ്യനുണ്ടാകുന്നത്.
മനുഷ്യൻ മനുഷ്യനാകുമ്പോഴാണ്‌
കുടുംബവും,
കുടുംബമായി മാറുന്നതിലുടെയാണ്‌
നല്ല സമൂഹവും,
സമൂഹത്തിലുടെയാണ്‌ രാജ്യമഹത്വവും, രാജ്യമഹത്വത്തിലൂടെയാണ്‌ ലോകവും നന്മയിലേക്ക് മാറുകയുള്ളൂ.

മാറ്റം അനിവാര്യമാണ്…
യുക്തിപൂർവ്വമായ നല്ല ചിന്തകൾ നല്ല മാറ്റത്തിന് വഴിയൊരുക്കട്ടെ.
(പള്ളിയിൽ മണികണ്ഠൻ)

By ivayana