മോഹിനീ .. നിന്റെ മൂടുപടം അഴിച്ച്‌ നീ പുറത്ത് വരുക, എന്റെ അനുവാദമില്ലാതേയാണ് നീ എന്റെ ഉള്ളം കവർന്നത്

മയൂര നടനത്തിൻ വിസ്മയം പോലെ നിന്റെ വരവ്, എന്റെ മനസ്സിന്റെ ലോലതന്ത്രകളിൽ പുളകമേകിയിരുന്നു.

അരയന്നങ്ങൾ നടന്നു വരുന്നോരഴകിൽ വിരിയും നിന്റെ ആഗമനം എന്റെ ചിത്തം ഭ്രമപ്പെടുത്തി താളം തെറ്റിച്ചിരുന്നു.

നിന്റെ കാർകൂന്തലിൻ ഈറൻ മാറാത്ത പരിഭവം ആ തുളസീക്കതിരിന് നന്നേ ചാരുതയേകിയിരുന്നു.

നിന്റെ കരിമിഴിയിൽ നിന്നും കടം മേടിച്ച കാർമേഘത്തിന്റെ അഴകിനേ ഞാൻ എന്നും കളിയാക്കുമായിരുന്നു.

തോരാതെ പെയ്യുവാൻ വേണ്ടിയാണതെന്ന് , വേർപിരിയലിന് ശേഷമാണ് മേഘ പാളികൾ, മൃദുവായും കനമായും ചൊല്ലി അട്ടഹസിച്ചത്.

പല പല നിറങ്ങളിൽ നിന്റെ പൂവുടൽ മൂടാൻ വേണികൾ മത്സരിക്കുന്നതും , പരാജയം സമ്മതിച്ച് ഉഴറി വീഴുന്നതും എന്റെ സിരകളേ വല്ലാതെ ത്രസിപ്പിച്ചിരുന്നു.

നിന്റെ സാമീപ്യം കൊതിച്ചപ്പോഴൊക്കേയും ഒരു മാലാഖയേപ്പോലെ നീ വന്ന് എന്നേ മൃദുവായ് തലോടിപ്പോയിരുന്നു.

മരിക്കാത്ത ഓർമ്മകളെ താലോലിച്ചു കൊണ്ട് ഞാൻ നെയ്യുന്ന സ്വപ്നങ്ങൾക്ക് നീ എനിക്ക് കൂട്ടിരുന്നാൽ മാത്രം മതി,

അതാണ് നമുക്ക് സ്വതന്ത്രമായ് രമിക്കുവാനും ആനന്ദ നീർവൃതി പൂകുവാൻ അഭികാമ്യവും….!

Chibu K Kulangara.

By ivayana