രചന : പ്രദീപ് രാമനാട്ടുകര ✍

നൂറു ഗ്രാം പരിപ്പ് ചോദിച്ചാൽ
ഗോപ്യേട്ടൻ ഒരു കീറ് പത്രമെടുക്കും.
പിന്നെ,
അച്ഛൻറെ ഒടിഞ്ഞ കാലിന് പ്ലാസ്റ്ററിട്ടത്,
അമ്മയുടെ കൈവിറയ്ക്ക്
മരുന്ന് കഴിക്കുന്നത്,
പെങ്ങളുടെ രണ്ടാമത്തെ കുട്ടിക്ക് ചോറൂണ്,
അയൽക്കാരൻ അറുമുഖേട്ടൻറെ വീട്ടിൽ കല്യാണം,
ഇക്കുറി അമ്പലത്തിൽ അവതരിപ്പിക്കുന്ന നാടകം,
മൊയ്തക്കാൻറെ മോളെ നിക്കാഹ്…
എല്ലാംകൂടി പൊതിഞ്ഞുകെട്ടി
പരിപ്പിനൊപ്പം തരും.
വെന്ത് പാകാവുമ്പോൾ സാമ്പാറിന്
ബന്ധങ്ങളുടെ രുചി,
പാരസ്പര്യത്തിൻറെ ഗന്ധം!
പക്ഷേ,
സൂപ്പർ മാർക്കറ്റീന്ന്
ഒരു കിലോൻറെ പാക്കറ്റെടുത്താൽ
കലർപ്പില്ലാത്ത പരിപ്പ്
ബന്ധങ്ങളുടെ മായമില്ലാത്ത പ്ലാസ്റ്റിക്കിൽ
സുരക്ഷിതമായി പൊതിഞ്ഞുകിട്ടുമ്പോൾ…
ഗോപ്യേട്ടൻറെ പരിപ്പുവാങ്ങാൻ
ഞാനെന്തിനു പോകണം?

വാക്കനൽ

പ്രദീപ് രാമനാട്ടുകര

By ivayana