രചന : രാജു കാഞ്ഞിരങ്ങാട്✍

മിന്നൽ പിണർ പോലെ പുളയുന്നു
ജീവബിന്ദുക്കളിൽ അഗ്നിജ്വാലകളുയരുന്നു
വെളിച്ചം പൊട്ടിച്ചിതറി ഇരുട്ട് ഘനീഭവിക്കുന്നു
കാലാഗ്നിയിൽ കത്തിയമരുന്നതുപോലെ

വേദനയുടെ വേരുകൾ വരിഞ്ഞുമുറുക്കുമ്പോൾ
ശ്വാസ കണികകൾ പോലും നൂറായ് മുറിയുന്നു
നിമിഷങ്ങൾ മഹാവനമായ് വളരുന്നു
വേദനയുടെ മഹാവനം നിന്നെരിയുന്നു

പ്രാണനിൽ അടങ്ങാത്ത പ്രളയം
നിശ്ശബ്ദ നിലവിളിയുടെ ഒടുങ്ങാത്ത പ്രണവം
ഉരിയാട്ടമില്ലാത്ത ഓർമകൾ വറ്റിയ
ചുറ്റുപാടില്ലാത്ത ശൂന്യ നിമിഷങ്ങൾ

മൗനം പിളർന്നെൻ്റെ അകം വെളിവാകുന്നു
കാറ്റിൻ്റെ പ്രാർത്ഥന മെല്ലെ തഴുകുന്നു
വെളിച്ചത്തിൻ തെളിച്ചമായ് തമസ്സകന്നീടുന്നു
ജീവൻ്റെ തുള്ളികൾ കൈഞരമ്പിലൂടൊഴുകുന്നു.

രാജു കാഞ്ഞിരങ്ങാട്

By ivayana