രചന : കൃഷ്ണമോഹൻ കെ പി ✍

പുത്തൻ പൂക്കൾ നിരത്തിയൊരുക്കാം അത്തത്തിൻ നാളിൽ
പുഷ്പാഭരണം ചാർത്തിമിനുക്കാം സിംഹാസനമൊന്ന്
പൂമഴതൂകീ വരവേറ്റീടാം
മാബലി മന്നന്നേ
പൂരിതമാക്കാം മാനവഹൃത്തം
പുഞ്ചിരി തൂകട്ടേ
പൂമാലകളായ് പൂഞ്ചോലകളും മന്ദഹസിക്കട്ടേ
പേലവയാമീ ഭൂമിയുമങ്ങനെ ചാരുതയണിയട്ടേ
പഞ്ചമരാഗം പാടിപ്പൂങ്കുയിൽ
പാറി നടക്കട്ടേ
പഞ്ചാമൃതവും പേറി,പ്രകൃതി
വരമങ്ങരുളട്ടേ
പൂന്തേൻ ചൊരിയാൻ ചിത്തിരയങ്ങിനെ
പിന്നീടണയുമ്പോൾ
പാടലവർണ്ണപരത്തിയുമിന്നീ * ചോതിയിലെത്തട്ടേ
വൈഭവമുള്ളൊരു വൈശാഖത്തിൻ മേനി തുടുക്കട്ടേ
വല്ലീസുമരസമുള്ളിലൊതുക്കി
അനിഴവുമണയട്ടേ
തൃക്കൈ തന്നിൽ വെണ്ണയുമായി തൃക്കേട്ടയുമെത്തും
മൂല്യങ്ങൾ തൻ മൂലമതോതാൻ മൂലവുമെത്തീടും
പൂരിത ചിന്തകളുള്ളിലൊതുക്കിപ്പൂരാടവുമെത്തൂ
ഉത്തമ മോഹതരംഗാവലിയിൽ ഉത്രാടവുമെത്തും
തിരുവാഭരണം ചാർത്തിയൊരുങ്ങും തിരുവോണത്തിൻ നാൾ
തിരുമേനിയുമോ തേരിലതേറി തിരുമുറ്റത്തെത്തും
അവികലസുരഭിലമാകുമവിട്ടം
അവിടെയതെത്തീടും
ചതയമതിന്നുടെ പിന്നിലതെത്തീ
ചമയം തീർക്കുമ്പോൾ
ചിരകാലത്തിൻ മോഹപതംഗം
ചിത്തിൻ വിഹഗത്തിൽ
ചിന്തച്ചരടിൽ കോർത്തു പറത്തീട്ടോണം വിടവാങ്ങും…..
പത്തു ദിനങ്ങൾ
പത്മപരാഗദ്യുതിയതു നല്കീട്ടീ
പർണ്ണകുടീരംവിട്ടീടുമ്പോൾ
പലകുറി വീണ്ടും വരണേയെന്ന്
പ്രാർത്ഥിപ്പൂ നാമെല്ലാം….

കൃഷ്ണമോഹൻ കെ പി

By ivayana