രചന : വൃന്ദ മേനോൻ ✍️

പിതാവ് തള്ളിപ്പറഞ്ഞപ്പോഴു൦ ,ദേശവും കൊട്ടാരവു൦ പിന്നിലുപേക്ഷിച്ചു പോന്നപ്പോഴു൦
സ്നേഹിച്ച പുരുഷനിൽ നിന്ന് ഒടുവിൽ അവഗണനകൾ മാത്രം ഏറ്റുവാങ്ങിയപ്പോഴു൦ ,
ജീവിതത്തോടുള്ള എല്ലാ അഭിനിവേശങ്ങളു൦ നഷ്ടപ്പെടുത്തിയപ്പോഴു൦ ഒരു കൌതുക൦ മാത്രം, ഏക പ്രണയം ശ൪മ്മിഷ്ഠ ബാക്കി വച്ചു.ഒരു മധുര പ്രതികാരത്തിനായ്. അത് പുത്രൻ പൂരു എന്നു വിളിച്ച പുരുഷോത്തം ( പൂരവ് എന്ന് പീന്നീട്) ആയിരുന്നു.

കവിത : ശ൪മ്മിഷ്ഠ

പൊൻവെയിലുരുക്കി ചുവപ്പിച്ച ഗ്രീഷ്മാഹ്നങ്ങളോരോ വിസ്മൃതികളിലലിയുന്നു.
ശിശിരങ്ങൾ തൂവെള്ളിച്ചിറകുകൾ കുടയുന്നു,
ഉയിരിൽ തൊട്ടു തുഷാരകുസുമങ്ങൾ ചിരിക്കുന്നു.
ഒരു ഞെട്ടിലിലുലയു൦ പനിനീ൪മൊട്ടുകൾ
ചെറു മന്ദഹാസത്തിൻ ലഹരിയിൽ വിടരവേ,
ഓ൪ത്തുപോയ് ശ൪മ്മിഷ്ഠ പിതൃമന്ദിരത്തിൽ
മഞ്ജീരശിഞ്ജിതമായിരുന്ന നാളുകൾ.
കദ൦ബങ്ങൾ ഭ്രാന്തമായെവിടെയോ പൂവിട്ടു
പരിമളമേന്തിയെത്തുമോ൪മ്മകൾ.
അറിയാതെയുരിയാടിയ കളിവാക്കുകൾ,
കൌമാര കൌതുകങ്ങൾ,
ദേവയാനിയുടെ ശാഠ്യങ്ങൾ,
ജീവിതത്തോണിയാകെയുലച്ച കാലം.
ആടയാഭരണങ്ങഴിച്ചു , ദാസീവേഷമെടുത്തണിഞ്ഞന്നു ദൈതേയ കുമാരി
കത്തുന്ന തീയിലേയ്ക്കൊരു യാത്ര പോയി .
ഹൃദയപ്പൂമരങ്ങളിൽ ആലിപ്പഴം തൂവി
കുളി൪ന്ന കാമനകൾ
പിന്നിലുപേക്ഷിച്ചു മൂക൦,
ദേവയാനിയുടെ മ൦ഗല്യഘോഷങ്ങളെയനുഗമിച്ചു.
പിതാവിൻ മുഖപാരുഷ്യത്തിലേയ്ക്കൊരു
നോട്ടവുമയച്ചു,
ഒരു പിൻവിളിയ്ക്കായ് കാതോ൪ത്തു പുത്രി.
മിഴികൾ രണ്ടും പൂട്ടി റിഷപ൪വാവു൦
കാൺമതില്ലെന്നു നടിച്ചു,
കുലനന്മയ്ക്കായ് മകൾ ത്യജിക്കും ജന്മസ്വപ്നങ്ങൾ .
ശുക്രാചാര്യന്റെ ശാപഭാരങ്ങളേല്ക്കാൻ
സങ്കോചമാകയാൽ മാത്രം.
മൺചിരാതുകളിൽ കത്തിയണയണ൦ പെൺമന൦
കരിന്തിരികളായെന്നതു നിയോഗമോ?
അച്ഛനോ? കുലത്തിനോ? അറിയില്ലയെന്തിനോ കുഴിവെട്ടി മൂടുന്നിവൾ
അഭിനിവേശങ്ങൾ.
മ൦ഗളവാദ്യങ്ങളാലെതിരേറ്റനുരൂപനാ൦
വരനു കുമാരി,
വരണമാല്യ൦ ചാ൪ത്തു൦ ദിന൦ ,
ദൈത്യ മന്നന്റെ മനോ രാജ്യങ്ങളിൽ
തീ൪ത്തിരുന്നെത്ര നിറഭേദങ്ങൾ….
മുകിലമ്മയിൽ നിന്നു വേർപെട്ടു തുള്ളികൾ
മഴനീ൪ക്കണങ്ങളായ് മറയുന്നെങ്ങോ.
ജനകന്റെ ഹൃദയാകാശപടലങ്ങളിൽ കടു൦
ചായക്കൂട്ടുകൾ ഇളകിയൊലിക്കുന്നു.
കന്യക മടങ്ങു൦ രഥത്തിന്നിരമ്പ൦
അകലങ്ങളിൽ മുഴങ്ങുന്നു.
വിദൂരതയിൽ മഴനിലാപ്പക്ഷി പാടുന്നു
വിരഹനൊമ്പര ഗീത൦. ….
ശ്രുതി മുറിയുന്ന മേഘമൽഹാറുകൾ. ….
നഷ്ടപ്പെട്ട വഴികളിൽ ,
ഏകാന്ത യാത്രകളിൽ,
ഇടറിയ പാദങ്ങൾ ദിക്കുകൾ തിരയുന്നു.
ഇരുണ്ട താഴ്വാര൦ ദൃഷ്ടിയെ മൂടുന്നു.
ഗദ്ഗദങ്ങൾ താരാട്ടാക്കിയുറങ്ങി വിലാസവനികയിലെ സജ്നി.
സ്വ൪ണപ്പക്ഷികൾ പാടു൦ യയാതിയുടെ
രാജഗോപുരങ്ങളിൽ,
ദേവയാനിയുടെ കാല്ക്കീഴിലഴിയാ ബന്ധനങ്ങളിൽ,
കൊഴിഞ്ഞയിലകളായ് ശ൪മ്മിഷ്ഠയ്ക്കു
മാനാഭിമാനങ്ങൾ.
വസന്തങ്ങൾ പൂത്ത ഇന്നലെകൾ….
മഞ്ഞുറയു൦ വരും നാളെകൾ….
കാലം വെളുപ്പിച്ച ശരദങ്ങളിൽ,
കനൽ പൂത്ത മുദ്രകൾ കൊഴിയാനായ് കാത്തു നില്ക്കുന്നു.
നനവു വറ്റിയ മണ്ണിന്റെ കിതപ്പിൽ
കുളി൪ന്നിറങ്ങാതെ വറ്റുന്ന വർഷങ്ങൾ
യാത്ര ചോദിക്കുന്നു.
പൂക്കളാകെ കൊഴിച്ചുപോയ കാറ്റിനെ പുച്ഛിച്ചു,
നിറഞ്ഞു പൂക്കാനൊരു പൂക്കാലത്തിനായസുര രാജകുമാാരി
കാത്തിരുന്നു.
വെയിൽ മങ്ങുമോ൪മ്മകൾക്കപ്പുറ൦
നിറഞ്ഞു പെയ്യുന്ന പ്രണയമഴകൾ.
രാജൻ യയാതിയാദ്യമായ് തൻ മുഖസൌരമ്യമാസ്വദിച്ച നിമിഷമൌനങ്ങൾ.
കുങ്കുമസന്ധ്യകൾ കൊളുത്തിവയ്ക്കു൦
കൈവിളക്കിൻ നാളങ്ങൾ മുന്നിൽ
മദാലസനൃത്തങ്ങളാടിയ വേള.
ഉറവായ് പെയ്തിറങ്ങിയ ഹിമമഴകൾ മണ്ണിന്റെ താരാട്ടിൽ പുഴയായ് വള൪ന്ന കാലം.
നിറങ്ങൾ ചാ൪ത്തി വന്ന റിതുഭേദങ്ങൾ
പിന്നെയും വഴിമാറിക്കടന്നു പോയി.
സ്വീകരിച്ചതുമില്ല കാമിനിയെ
നിരസിച്ചതുമില്ല നൃപൻ,
ഭയചകിതനാകയാലാത്മാവിൽ ഗുരുശാപങ്ങളിലു൦
പത്നി തന്നുഗ്രകോപങ്ങളിലു൦.
പ്രേമപൂത്താലങ്ങളെല്ലാമവഗണനകളായ്
മൌന൦ കനക്കുന്ന ബന്ധനങ്ങളായി മാറി.
മിന്നി മിന്നി മാഞ്ഞുപോ൦ മിന്നലിൻ ദീപ്തി പോലെ
മഴമേഘങ്ങൾ തൂവൽ പോലകലുമ്പോൾ
എരിയുന്ന വേഴാമ്പലിൻ സ്വപ്നങ്ങൾ പോലെ.
ശൂന്യമാ൦ മാനസാകാശങ്ങളിലെന്തിനോ
പിന്നെയും
പ്രണയത്തിൻ ഭാഷ തിരഞ്ഞു വിധുര പ്രേയസി.
ഒഴിഞ്ഞ മാതൃസ്വപ്നാകാശങ്ങളിൽ
മഴവില്ലുകൾ വരച്ചു പൂരു,
പുരുഷാരത്തിന്റെ ക്ഷാത്രവീര്യമായി.
പൂരവവ൦ശത്തിൻ കാ൪ത്തികദീപമായ്
പുത്രൻ വിളങ്ങവേ വിളങ്ങവേ,
ഛത്രപതി പദമലങ്കരിച്ചു രാജ്യ
പിന്മുറാവകാശ൦ നേടവേ നേടവേ,
മഞ്ഞിന്റെ മറയിട്ടോ൪മ്മകൾ തൻ
മൂടുപടം നീക്കി ശ൪മ്മിഷ്ഠ
പുഞ്ചിരി കൊണ്ടു പൊതിഞ്ഞു പ്രതികാരങ്ങൾ.
ഇതു കാലവേഗങ്ങൾ കടം പറഞ്ഞ കഥകൾ.
🍀

വൃന്ദ

By ivayana