രചന : സുദേവ് ബാണത്തൂർ✍

നിറപാതിര നേർത്തു, മഞ്ഞു വീണു
കുരലാർത്തു വിയർത്തു കാളി വീണു
ഉടലേറ്റിയകത്തു കൊണ്ടുവന്നു
കവിളത്തു കുരിപ്പുപൊന്തി വന്നു.
നടവാതിലു തള്ളി നീക്കിയപ്പോ –
ളവിടേയ്ക്കു വരുന്ന ദീർഘഗാത്രൻ
തലമൂടിയിരിന്നു ദീപനാള-
ക്കരിമാറ്റി,യടുത്തിരിക്കയായി.
ഇളവേറ്റവളേറിപീഠ,മദ്ധ്യേ
മുടി ചിക്കി,യുടുത്തുകെട്ടി വീണ്ടും
കുരലാർത്തു തിമർത്തു കൂരിരുട്ടായ്
ഉടവാളുമെടുത്തു പോയിരിപ്പൂ.
നടയിൽ പടിമേലിരിപ്പുകാളി
കലിയോടെപിതാവു തൻ്റെ മുന്നിൽ
അവിടുന്നവളെ പിടിച്ചു വീണ്ടും
തിരികേ,രണഭൂവിലാക്കിടേണം
അവിടേയ്ക്കണയുന്നതാപ്പിതാവാ
ണൊരു വേള തിരിഞ്ഞു നോക്കിടുന്നൂ
തല മൂടിയതോർത്തുമുണ്ടു,കൈയ്യിൽ
മകളുണ്ടു പിടിപ്പു പിച്ചവെക്കാൻ
നടവാതിലു തള്ളി നോക്കി കാളി
ഭയമോടതുകണ്ടു ഭക്തരെല്ലാം….
പിടിവിട്ടവിടുന്നു പോയിരിപ്പൂ
ചുമരിന്നരികത്തു ശാന്തനായി
ഒരു ചീന്തുമെടഞ്ഞ പച്ചയോല
ഉടയോനതിലായ് തനിച്ചു ചാഞ്ഞു….
“കതിനയ്ക്കടി പോര, പാണ്ടി നന്നായ്
അടിയന്തരമൊക്കെ നോക്കിടേണം”
പടഹാദിമുഴക്കിയുത്സവങ്ങൾ
ഇനിയില്ലകമേനടുങ്ങി, വീണ്ടും
നടയിൽ പടിമേലിരിപ്പു കാളി
എവിടേ ?വലിയച്ഛനേത്തിരഞ്ഞൂ..
അവളാർത്തു വിളിച്ചുകൂവിടുന്നൂ
ചിതലാക്കെ തരിച്ചു വീണിടുന്നു
കരവാളു പിടഞ്ഞു കാരിരുമ്പിൽ
നിണവും മിഴിനീരുമിറ്റിടുന്നൂ..


സുദേവ് ബാണത്തൂർ
പ്രിയപ്പെട്ട വല്യച്ഛൻ!
എൻ ബി കൃഷ്ണൻ നമ്പൂതിരിപ്പാട്
ദാരികവധത്തിനിടേ
കുരിപ്പുപൊന്തി ക്ഷീണിതയായ കാളി,
ക്ഷീണം മാറ്റി സർവ്വാഭരണ വിഭൂഷിതയായി
മണ്ഡപത്തിൻ്റെ പടിമേൽ
കയറി ശിവനേ നോക്കി അമർന്നിരിക്കും.
അവിടുന്നടരാടാൻ ഊരാളൻ കൈ പിടിച്ചു കൊണ്ടു പോകണം.
എത്രയോ കാലമായി വല്യച്ഛനായിരുന്നു
എല്ലാത്തിനും മുന്നിൽ.
കാളി ആ കരങ്ങളിൽ അതീവ ശാന്തയും.
നേരത്തോടുനേരമായി.

സുദേവ് ബാണത്തൂർ

By ivayana