രചന : കൃഷ്ണമോഹൻ കെ പി ✍

ഇണ്ടലാർന്നിരിക്കുന്ന ഇന്നിൻ്റെ മനോഭാവം
ഇന്നുമിന്നലെയുമീ ഭൂലോകം ദർശിച്ചില്ലാ…
ഇന്നലേകൾ തൻ്റെ തല്പത്തിൽ മയങ്ങുന്നൂ
ഇന്നുമീ വിഭ്രാന്തി തൻ തീരത്തു വസിക്കുന്നോർ
ഇന്നിൻ്റെയാതങ്കത്തിൽ, നിമിഷമാത്രകളെണ്ണി
ഇന്നും ഞാൻ വസിക്കുന്നു, ചൊല്ലുന്നു മന:സാക്ഷി
ഇത്ര നാൾ കണ്ടിട്ടുള്ള കാഴ്ചകളെല്ലാം, തവ
ഇന്ദ്രിയ, ചോദനകൾ കാട്ടിയ മായാ ഭാവം
ഇന്നിപ്പോൾ കുറിക്കുമീ വരികൾ പോലും, പക്ഷേ
ഇന്നലേകൾ തൻ്റെ ബാക്കിപത്രവുമാകാം
ഇന്നലെയുദിച്ചൊരു സൂര്യനോ മറഞ്ഞു പോയ്
ഇന്നിങ്ങുദിച്ചുള്ള, അർക്കനും വ്യത്യസ്ഥനാം
ഇന്നലെയിറങ്ങിയ നദിയിൽ അഭിരമി-
ച്ചിന്നിങ്ങിറങ്ങാനും, കഴിയില്ലാർക്കും തന്നെ
ഇന്നലെകളെ സ്വന്തം ഹൃദയത്തിൽ സൂക്ഷിച്ചിട്ടീ
ഇന്നിനെ മറന്നങ്ങു ജീവിച്ചു രസിക്കുന്നോർ
ഇരയാകുന്നൂ സ്വയം, വത്മീക മനസ്സിങ്കൽ
ഇന്ദ്രജാലങ്ങൾ കണ്ടു മയങ്ങും സ്വത്വങ്ങൾ പോൽ
ഇച്ചെറു ജീവിതത്തിന്നിന്ദ്രിയ സാക്ഷാത്ക്കാരം
ഇന്നൊന്നു മറന്നീടിൽ ഇന്ദ്ര ലോകത്തെക്കാണാം
ഇല്ലയീനിമിഷത്തെ വീണ്ടുമങ്ങെടുക്കാനായ്
ഇന്ദ്രനും കഴിയില്ല, സമയമതൊഴുകിപ്പോം
ഇന്നലെച്ചെയ്തുള്ളൊരാ, അബദ്ധങ്ങൾ മറക്കണം
ഇന്നിൻ്റെ പ്രഭാവത്തെ യുൾക്കൊണ്ടു വസിക്കണം
ഇച്ഛകൾ പലതുണ്ടാം, ഈർഷ്യകളുണ്ടായീടാം
ഇപ്രപഞ്ചത്തിൻ മുന്നിൽ നശ്വരർ, മനുഷ്യർ നാം
ഇലകൾ ഇളകുന്ന മൃദുമർമ്മരത്താലും
ഇരവിന്നുന്മാദമാം, രാപ്പുഷ്പഗന്ധത്താലും
ഇനിയ്ക്കും മനസ്സിൻ്റെ, ഓർമ്മയായ് മാറീടട്ടേ
ഇനിയോ ഇന്നിൻ ശ്രുതി, മനതാരിലുണരട്ടേ…⏰

കൃഷ്ണമോഹൻ കെ പി

By ivayana