രചന :- ബിനു ആർ.✍

ചിത്രപടത്തിലൊരു
കവിതപോലെ നീ
നിറഞ്ഞുനിൽപ്പൂ
ഈ കാനനവാടിയിൽ
കണ്ണ്വാശ്രമത്തിലെ
കന്യകേ,ശകുന്തളേ,
കുശമുനപോൽ കടക്കണ്ണാൽ
തേടുവതാരെ നീ
പ്രിയതോഴിമാരാം
അനസൂയയെങ്ങുപോയ്,
പ്രിയംവദയും…!
കാലിൽ മുള്ളുകൊണ്ടെന്നു
നടിച്ചു തിരിഞ്ഞു
നോക്കീടവേ,കണ്ടുവോ
കൺകോണുകളി-
ലെവിടെയെങ്കിലും
കല്യാണകോമളനാകും
യുഗപുരുഷൻ
ദുഷ്യന്തയുവരാജനെ!
വശ്യമനോമോഹനമാകും
കാനനമധ്യത്തിൽ
പ്രിയമൃഗം പേടമാനെയും
മറന്നു നീ ചിന്തിച്ചിരിപ്പതും
കാടായകാടെല്ലാം
കണ്മുനകൊണ്ടു
തിരയുമ്പോഴും വിരഹത്താൽ
നിൻ മനം
മിടിക്കുന്നതറിയുന്നൂ
കാനനപത്രങ്ങളും
വള്ളിചെടികളും
പൂങ്കാവനങ്ങളും….

By ivayana