രചന : സുരേഷ് പൊൻകുന്നം✍

അവളിതാ പോർമുഖം തുറക്കുന്നു
അവളിതാ ഞാൺ വലിക്കുന്നു
ചേരുമോ…… നീയവളുടെ കൂടെ
നേരിനായ് പോരിനായി,
പോർക്കളത്തിൽ ചോര ചീന്തുവാൻ
ചേരുമോ…… നീയവളുടെ കൂടെ…
പോർക്കളമാണിത്
മാറ് കീറി മരിച്ച കന്യമാർ
നാണമൊക്കെ മറന്ന്
കീറിയ അംഗവസ്ത്രമുപേക്ഷിച്ച്
നന്നയായ് നിന്ന്
ശത്രുവിൻ കുന്തം തടുത്തവർ,
ചേരുമോ…… നീയവളുടെ കൂടെ
നേരിനായ് പോരിനായി,
പോർക്കളത്തിൽ ചോര ചീന്തുവാൻ
ചേരുമോ…… നീയവളുടെ കൂടെ
അഗ്നി തെളിക്കുന്നതവളാണ്
അക്ഷരം അഗ്നിയാക്കുന്നതും അവളാണ്,
രക്തത്തിൽ കുളിച്ച് കിടക്കുന്നതും
രക്തം ഛർദ്ദിച്ചു മരിച്ചതും
അവളാണ്,
രക്തനക്ഷത്രത്തെ പ്രസവിച്ചതും
അവളാണ്,
രക്ത തിലകക്കുറിയിൽ തെളിയുന്നതും
അവളുടെ മുഖമാണ്
അവളാണവൾ
സർവ്വം സഹ
അവളില്ലിനി നിന്റെ താലം
പൊലിപ്പിക്കുവാനും
അവളില്ലിനി
നാമജപ ഘോഷയാത്രയ്ക്കും,
ഒരു പോരാട്ട സൂര്യൻ
അവളെ പ്രണയിക്കട്ടെ,
അവൾ കത്തിക്കട്ടെ ഹിജാബുകൾ,
അവൾ ഒരു വെളിച്ചമാകട്ടെ
അവൾ…..
ഒരു വഴിയും ആകട്ടെ…..

By ivayana