രചന : ജലജ സുനീഷ് ✍

ഞാൻ വീണ്ടും കടന്നുവരികയാണ്.
നക്ഷത്രങ്ങളുദിക്കാത്ത
ആകാശത്തെ മന:പ്പൂർവ്വം
മറന്നുകൊണ്ട്.
ഇല പൊഴിയുന്ന ശിശിരങ്ങളേക്കാൾ
പ്രിയമായ് ഒരുവസന്തവും
എന്നിലൂടെകടന്നുപോയില്ലെ-
ന്നോർത്തുകൊണ്ട് .
ഒരു പുഞ്ചിരി മാത്രം തന്നുപോവുന്ന –
പ്രണയത്തേക്കാളപ്പുറം
ആരെയും ഓർത്തു വെക്കില്ലെന്ന്
മനസാക്ഷിക്കു വാക്കു കൊടുത്തി –
രിക്കുന്നതിനാൽ ,
ഈ കടൽ വറ്റിയ മൺതിരകളിൽ
എന്റെ കാൽപ്പാടുകൾ
മാത്രം മതിയെന്നുള്ളതും
എന്റെതുമാത്രമായ തീരുമാനമാണെ
ന്നിരിക്കെ,
ഞാൻ വീണ്ടും കടന്നുവരികയാണ്.
നക്ഷത്രമുദിക്കാത്ത ആകാശത്തിലേക്ക് ,
ഇലകൾപൊഴിക്കുന്ന ശിശിരത്തിലേക്ക്,
വാക്കു വരണ്ടു പോവുന്ന ഗ്രീഷ്മത്തിലേക്ക് ,
നിലക്കാത്ത മഴയും,
കലിയടങ്ങാത്ത കാറ്റും
പൊഴിച്ചിട്ട ഭൂമിയുടെ വേദനകളിലേക്ക് ,
ഇനിയും പ്രണയാർദ്രമായൊരു
പുഞ്ചിരി തന്നുകൊണ്ട്
നിറം വറ്റിയ സായന്തനങ്ങളുടെ
മങ്ങിയ വെയിൽ ചിരികളിലേക്ക്
ഞാനിനിയും കടന്നുവരികയാണ്.
(പ്രണയിക്കുമ്പോൾ
ഞാനൊരടങ്ങാത്ത പകയാണ്.
നിന്റെ ശിഖരങ്ങളിലേക്ക്,
തളിർപ്പുകളിലേക്ക് ,
വേരുകളിലേക്ക്
കേവലമൊരു
പുഞ്ചിരിയിലൂടെ മാത്രം
ആഴ്ന്നിറങ്ങുന്നതും …)

ജലജ സുനീഷ്

By ivayana