രചന : ഷാജു കെ കടമേരി✍

കീഴ്മേൽ മറിയുന്ന ഭൂമിയെ
വരയ്ക്കാനൊരുങ്ങുമ്പോൾ
ആകാശത്തിന്റെ
ചിറകുകൾക്കുള്ളിൽ നിന്നും
പൊള്ളിയടർന്നൊരു
ദുഃസ്വപ്നം പോലെ അവ
വഴുതി പോകുന്നു.
വട്ടം ചുഴറ്റിയ
ദുരിതപ്പടർപ്പിനിടയിലൂടെ
തിളച്ച് മറിയുന്ന ഭൂമിയുടെ
നെഞ്ചിൽ കത്തിതീരാറായ
സൂര്യന്റെ അവസാന പിടച്ചിലും
മണ്ണിലേക്കാഴ്ന്നിറങ്ങാൻ
പോകുന്ന പ്രളയമുറിവുകളിൽ
അഗ്നിവസന്തം കൊത്തുന്നു.
ഭൂമിയുടെ അറ്റത്ത് തൂക്കിയിട്ട
താക്കോൽ പഴുതിലൂടെ
തീക്കാറ്റും, പേമാരിയും
നമ്മുടെ ഉൾക്കണ്ണുകളിൽ
തീക്കനൽ വിതറും.
ഉള്ളറ കുത്തിതുറന്നൊരു
തീക്കണ്ണ് പുറത്തേക്ക്
ചാടിയിറങ്ങി
ഭൂമിയെ വിഴുങ്ങാൻ
വായ പിളർക്കും.
അന്ന് ജീവരാശിയുടെ
അവസാന തുടിപ്പും
അഹങ്കാരവും
വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങ
ളൊക്കെയും
തലതല്ലി പിടഞ്ഞ് വീഴും.
നിഗുഡതകൾ മാത്രം
ഉള്ളിലൊളിപ്പിച്ച
ഭ്രമണപഥങ്ങളിൽ നിന്നും
ഉൽക്കകൾ തീകോരിയിട്ട്
ചുവട് വയ്ക്കും.
വെള്ളചുഴിയിൽ നിന്നും
അവസാന നിലവിളികളും
പിടഞ്ഞ് തീരുന്നതിന് മുമ്പേ
ചക്രവാളത്തെ നെടുകെ
പിളർന്നൊരു ഇടിമുഴക്കം
ഭൂമിയുടെ നെറുകയിൽ
ലോകാവസാനത്തിന്റെ
വരികൾ കൊത്തും……..

ഷാജു കെ കടമേരി

By ivayana