രചന : മംഗളൻ ✍

മണ്ണിൽപ്പിറന്നു വളർന്നവൾ ഞാൻ
മണ്ണിൻ മകളായി ജീവിച്ചവൾ ഞാൻ
മണ്ണിതിൽ മക്കളെപ്പെറ്റുവളർത്തിയ
മണ്ണിതിൽ മക്കൾ മറന്ന കിളവി ഞാൻ!

മക്കൾ പഠിക്കണം ജോലി നേടീടണം
മക്കടെ ജീവിതം ഭാസുരമാക്കണം
മക്കൾക്കായ് ജീവിതംഹോമിച്ചൊരമ്മേ
മക്കളറിഞ്ഞില്ലേലാരറിഞ്ഞീടുവാൻ!

മക്കളെപ്പെറ്റന്നുതൊട്ടെന്റെ മോഹങ്ങൾ
മക്കൾക്ക് വേണ്ടി ത്യജിച്ചവൾ ഞാൻ
മക്കളാം സ്വപ്നങ്ങൾ ചിറകുവിരിച്ചതും
മക്കളാച്ചിറകാൽപ്പറന്നകന്നെന്തിനോ!

വാർദ്ധക്യം ദാനം തന്നൊരു മറവിയെൻ
വാതിൽപ്പടിയിങ്കൽ വന്നു നിൽക്കേ..
വാതോരാതാരോ ശകാരം ചൊരിയുന്നു
വാക്കുകളൊട്ടെനിക്കോർമ്മ വരുന്നില്ല!


വാർദ്ധക്യനാളിൽ മനോബലം മങ്ങി
വായിനോക്കികൾ കളിയാക്കുതുടങ്ങി
“വട്ടേപറമ്പിലെ കിളവിക്ക് വട്ടാണ്
വാടാ കളിയാക്കിപ്പോരാം” എന്നായ്!

വാർദ്ധക്യം വന്നു ജരാനര ബാധിച്ചു
വന്നൂ മറവിയും കൂടെപ്പിറപ്പായി
നേരവും കാലവുമേതെന്നറിയില്ല
നേരറിയാനോ നിവർത്തിയേതുമില്ല!

പണ്ടെന്റെ മുന്നിലോച്ഛാനിച്ചു നിന്നവർ
പല്ലിറുക്കിയെന്നെ പേടിപ്പെടുത്തുന്നു
പണമെന്റെ പെട്ടിയിലുണ്ടെന്നിരിക്കിലും
പണ്ടത്തെ വിലയുമൊട്ടില്ലാതെയായ്!

ഓടിയോടിപ്പണി ചെയ്തു ക്ഷീണിച്ചു
ഓർമ്മതന്നോളങ്ങൾ കെട്ടടങ്ങിപ്പോയ്
ഒരു പുനർജന്മമിനിയെനിക്കേകല്ലേ
ഒടുവിലെന്നോർമ്മകൾ കെട്ടടങ്ങാൻ!


കൂടെപ്പടിച്ചോർക്കോർമ്മയുണ്ടെന്നാൽ
കുട്ടിക്കാലമെനിക്കോർമ്മവരുന്നില്ല
കൂടെക്കൂടെ ചിലതോർമ്മ വന്നീടും
കൂട്ടുകാർ ചൊല്ലീയൽഷിമേഴ്സാണ്!

വാർദ്ധക്യം വന്നു ഭവിച്ചു മറവിയായ്
വായിക്കാനൊട്ടുമെഴുതുവാനാകാതെ
വായിച്ചതൊന്നുമേയോർമ്മയുമില്ലാതെ
വായടക്കിയൊരു മൂലയ്ക്കിരിപ്പുമായ് !

മക്കൾക്ക് നോക്കുവാൻ വയ്യെന്നായി
മരുമക്കളാണേൽ പുച്ഛിച്ചുതള്ളലായ്
മക്കടെ മക്കളോ കളിയാക്കലുമായി
മറവിയെപ്പുൽകിയ വാർദ്ധക്യനാൾ!

വൃദ്ധസദനങ്ങൾ തിരയുന്നുമക്കൾ
വൃത്തികേടാണുഞാൻ വീട്ടിനുള്ളിൽ
വൃത്തിയും ബുദ്ധിയുമില്ലാക്കിളവിയെ
വൃദ്ധ സദനത്തിലാക്കണം പോൽ!

മറവിതൻ വാതായനം തുറന്നെത്തുന്നു
മനസ്സിൽ നിറയുന്നു രക്ത ബന്ധങ്ങൾ
മറവിരോഗത്തിന് മായ്ക്കുവാനാകുമോ
മനസ്സിലെ ഗർഭപാത്രത്തിന്റനക്കങ്ങൾ !

മനസ്സിലെച്ചുവരിൽ വീണ്ടും തെളിയുന്നു
മക്കളും ചെറുമക്കളും ചേർന്ന ചിത്രം
മരണംവരിക്കുമ്മുമ്പൊരു മോഹമായി
മക്കളെച്ചേർത്ത് പിടിക്കണമെന്നായ്!

മറവിയെന്നിൽ രോഗമായ് വീണ മീട്ടവേ
മക്കളോടൊത്തത് ചിലരാസ്വദിച്ചീടവേ
മനോവീണത്തന്ത്രികളപശ്രുതി മീട്ടവേ
മക്കളാ തമ്പുരു പൊട്ടിച്ചെറിഞ്ഞിതോ!

മക്കളും മരുമക്കളുമൊത്തിരിക്കണം
മക്കടെ മക്കളെൻ മടിയിലിരിക്കണം
മനസ്സറിഞ്ഞവരെച്ചേർത്തുപിടിക്കണം
മനമറിഞ്ഞവരെനിക്കുമ്മ നൽകേണം!

മക്കൾ മനസ്സുവെച്ചനുവാദമേകിയാൽ
മക്കൾക്കിടാങ്ങക്ക് പൊന്നുമ്മയേകാം
മക്കൾക്കൊരല്പം കനിവില്ലാതാകുമോ
മക്കളെപ്പോറ്റിവളർത്തിയോളല്ലേഞാൻ!


മണ്ണിൽപ്പിറന്ന ഞാൻ മണ്ണോട് ചേരണം
മണ്ണിവൾ ദശകങ്ങളെന്നെച്ചുമന്നവൾ
മണ്ണോട് ചേരണം മണ്ണിൽ ലയിക്കണം
മറവിയുമായിനിയെത്രനാൾ ഭൂമിയിൽ!

ഒടുവിൽ സ്ഥലകാലബോധം ലഭിക്കേ..
ഒരു വൃദ്ധസദനത്തിലാണെന്നറിഞ്ഞു !!
“ഒരുകലവും മക്കൾക്കീഗതിയേകല്ലേ”
ഒരു വൃദ്ധ ‘മനസ്താപം’ അസ്തമിച്ചു !

By ivayana