രചന : കുറുങ്ങാട്ടു വിജയൻ ✍

വാടിയവാടാമുല്ലപ്പൂപോല്‍‍ വരണ്ടുണങ്ങാതെ
വടിയുടെ ബലതന്ത്രത്താലേ യാന്ത്രികമാകാതെ
വീടിനു മൂലയിലൊതുക്കിവയ്ക്കും ഭാണ്ഡവമാകാതെ
ഏകാന്തതയുടെ വിഷാദജീവിതദീനം പേറാതെ
പുത്രീപുത്രസ്വകാര്യജീവിത,മലോസരമാകാതെ‍
പുത്തന്‍‍തലമുറ വയോജനത്താല്‍ ദുഃഖിതരാകാതെ
കുടുംബഭാരമിറക്കാനുള്ളോരത്താണി തേടുമ്പോള്‍
എത്തിച്ചീടുക വയോജനത്തെ ശരണാലയ സമക്ഷം

വയോജനത്തേ സംരക്ഷിക്കും ശരണാലയകേന്ദ്രം
വന്ദ്യവയോധികജനത്തിനെന്നുമതാശാകേന്ദ്രങ്ങള്‍
വാര്‍ദ്ധക്യമതോ ബാല്യംപോലെ സുരക്ഷിതമായിടും
വൃത്തിച്ചീടും പരിചാരകരും പുത്രകളത്രകള്‍പോല്‍
ശൈശവകാലപ്പരിചരണംപോല്‍ വാര്‍ദ്ധക്യത്തിലുമേ
സ്നേഹാദരവിന്‍ നനവും‍സുഖവും ജാഗ്രതയും കിട്ടും
അസുഖം വന്നാലാദുരസേവനസാധ്യതയും തിട്ടം‍
സമയാസമയം‍ വിശന്നവയറിനു ഭക്ഷണവും കിട്ടും
മിണ്ടിപ്പറയാന്‍ സഹവാസികളനവധിപേരുണ്ടേല്‍
നന്മമരത്തിന്‍ വേരുകളാകും, സ്നേഹപ്പൂമഴയും
ജീവിതസായനത്തിലൊരിത്തിരിനല്ലനാളുകളേ
ജീവവായുവതാക്കാനുതുകും സദനവാസത്താല്‍!

കുറുങ്ങാട്ടു വിജയൻ

By ivayana